ദിവ്യമാം ശാന്തിതൻ ദൂതനായ് എന്നെ നീ
നിത്യം അയക്കേണമേ
ദിവ്യ സന്ദേശങ്ങളെങ്ങും പരത്തുവാൻ
എന്നെ അയക്കേണമേ
വിദ്വേഷത്തിനിരുൾ നീക്കുവാൻ സ്നേഹത്തിൻ
ദീപം കൊളുത്തീടുവാൻ
സത്യം പുലർത്തി അനീതിയകറ്റുവാൻ
എന്നെ അയക്കേണമേ
ദ്രോഹികളായോർക്കു മാപ്പു നൽകീടുവാൻ
സൗഹൃദം കാട്ടീടുവാൻ
ആശയറ്റുള്ളവർക്കാശ നൽകീടുവാൻ
എന്നെ അയക്കേണമേ
സംശയാലുക്കൾതൻ ശങ്കയകറ്റുവാൻ
വിശ്വാസം ചിന്തിടുവാൻ
കൂരിരുൾ തന്നിൽ പ്രകാശം പരത്തുവാൻ
എന്നെ അയക്കേണമേ
ദുഖിത മാനസർക്കാശ്വാസമേകുവാൻ
വേദന മാറ്റിടുവാൻ
ഭാരം വഹിപ്പവർക്കത്താണിയാകുവാൻ
എന്നെ അയക്കേണമേ
ആശ്വാസം തേടാതെ ആശ്വസിപ്പിക്കുവാൻ
ആശയുണർത്തേണമേ
സ്നേഹം തേടാതെന്നും സ്നേഹം കൊടുക്കുവാൻ
എന്നെ അയക്കേണമേ
നൽകിയാലത്രേ ലഭിപ്പതെന്നോർക്കുവാൻ
നൽവരം നൽകണമേ
കാരുണ്യം കാട്ടിയാൽ കാരുണ്യം കിട്ടീടും
ഇപ്പോഴും ഓർത്തിടുവാൻ
മൃത്യുവിലൂടെ താൻ നിത്യമാം ജീവിതം
കൈവരിച്ചീടും ദൃഢം
നിസ്തുല കാന്തിയിൽ സൗഭഗ ശാന്തിയിൽ
ശാശ്വതം വാഴും മുദാ