ജപമാല
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിയ്ക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാന്‍ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ! അങ്ങ് സഹായം ചെയ്യണമേ!
വിശ്വാസപ്രമാണം
1 സ്വര്‍ഗ്ഗ.
പിതാവായ ദൈവത്തിൻ്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
1 നന്മ നിറഞ്ഞ.
പുത്രനായ ദൈവത്തിൻ്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
1 നന്മ നിറഞ്ഞ.
പരിശുദ്ധാത്മാവിൻ്റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
1 നന്മ നിറഞ്ഞ.
1 ത്രിത്വസ്തുതി.
ജപമാല സമര്‍പ്പണജപം
മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരയിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതവായ മാര്‍ തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും, ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിൻ്റെ തൃപ്പാദത്തിങ്കല്‍ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.