എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നി-
ലെന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു
അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതല്ക്കിന്നെവരെ
യെന്നെ പോറ്റി പുലർത്തിയ ദൈവം മതി
ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ
പിതാവില്ലത്തോർക്കവൻ നല്ലോരു താതനും
പെറ്റമ്മയെ ക്കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിനപ്പവും
എല്ലവർക്കുമെല്ലാമെൻ കർത്താവത്രെ
കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ -
ളെല്ലാം സർവെശ്വനെ നോക്കിടുന്നു
കോടാകോടി ഗോളമെല്ലാം പടച്ചവ -
നെല്ലാറ്റിലും വേണ്ടതെല്ലാം നല്കി
സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
കല്യാണശാലയിലെന്നെ വിളിച്ചെൻ്റെ
സന്താപമൊക്കെയും തീർത്തിടുന്നാൾ
ശീഘ്രം വരുന്നെൻ്റെ കാന്തൻ വരുന്നെന്നി -
ലുല്ലാസമായ് ബഹുകാലം വാഴാൻ
ലോകം വെടിഞ്ഞെൻ്റെ സ്വർഗീയ നാടിനെ
കാണാൻ കൊതിച്ചു ഞാൻ പാർത്തീടുന്നു
അന്യൻ പരദേശി യെന്നെൻ്റെ മേലെഴു-
ത്തെന്നാൽ സർവസ്വവും എൻ്റെതത്രേ