Thudarcha

തുടര്‍ച്ച എന്ന ആത്മാരാമന്റെ കവിതാപുസ്തകം സുഗതകുമാരി ആദ്യപ്രതി ജിജി തോംസണ് നല്‍കി തിരുവനന്തപരത്തു് വഴുതക്കാട്ടു്

ഓപ്പണ്‍ സേ്പസില്‍ ദക്ഷിണേന്ത്യാ പഠനകേന്ദ്രം സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിദ്ധീകരിച്ചു (08.02.2016). തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജി ശങ്കര്‍, ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, ആര്യാംബിക തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ച്ചയെപ്പറ്റി -ആത്മാരാമന്‍

വലിയ കവികളെ വായിച്ചും നേരില്കണ്ടുമാണു് ഞാന്‍ വളര്‍ന്നതു്. സുഗതച്ചേച്ചിയെ പരിചയപ്പെടുമ്പോള്‍ എനിയ്ക്കു വയസ്സു് പന്ത്രണ്ടു്. എന്റെ ഒന്നരപ്പേജ് കേകയ്ക്ക് അതിലും നീണ്ട ഒരു കത്തായിരുന്നു മറുപടി; ആശാനെയും വൈലോപ്പിള്ളിയെയും ശ്രദ്ധിച്ചുവായിക്കണമെന്നായിരുന്നു ഉപദേശം. നാലുകൊല്ലം കഴിഞ്ഞാണു് ഞാന്‍ ബന്ധുവായ വൈലോപ്പിള്ളി മാസ്റ്ററെ പരിചയപ്പെടുന്നതു്. മാസ്റ്റര്‍ബോധമറ്റുവീഴുന്നതുവരെയുള്ള പത്തുപന്തീരാണ്ടു് എനിയ്ക്ക് ഉഞ്ഛവൃത്തിയുടെ കാലമായിരുന്നു.

പിറ്റേക്കൊല്ലമാണു് ഈ സമാഹാരത്തിലെ 'തുടര്‍ച്ച' എന്ന കവിത വായിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നെ അന്വേഷിച്ചുവന്നതും 'അപരാജിത' യിലേയ്ക്ക് ക്ഷണിച്ചതും. അപരാജിത ഒരു ബൃഹത്സാഹിത്യപഠനകേന്ദ്രമായിരുന്നു. എന്‍. വി. കക്കാട്, അയ്യപ്പത്തു്, പാലൂരു്, കെ.വി. രാമകൃഷ്ണന്‍, എന്‍. കെ ദേശം, കെ.പി. ശങ്കരന്‍ ഇവരെയൊക്കെ അടുത്തറിയാന്‍ കഴിഞ്ഞതു് അദ്ദേഹത്തിന്റെ ശിഷ്യത്വം ഒന്നുകൊണ്ടുമാത്രമാണു്. അതൊന്നു കൊണ്ടുമാത്രമാണു് ഞാന്‍ സംസ്കൃതകാവ്യങ്ങളും ഇങ്ഗ്ലീഷ് റൊമാന്റിക് കവിതകളും വി.കെ.ഗോവിന്ദന്‍ നായരുടെ ശ്ലോകങ്ങളും പുലാക്കാട്ട് രവീന്ദ്രന്റെ രചനകളും വള്ളത്തോളിന്റെ 'ഗ്രന്ഥവിഹാര'വും പടിഞ്ഞിരുന്നു് പഠിച്ചതു്.

എന്‍. കൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, എം. ലീലാവതി, അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി. ഇവരെയെല്ലാം പരിചയപ്പെട്ടതും അക്കാലത്തുതന്നെ. പത്തുകൊല്ലംകഴിഞ്ഞാണു് ഒളപ്പമണ്ണയെ പരിചയപ്പെടുന്നതു്. അന്നുമുതല്‍ ഞാന്‍ ഒളപ്പമണ്ണക്കുടുംബത്തിലെ അംഗമാണു്. മൂന്നുപന്തീരാണ്ടിലേറെ പഴക്കമുണ്ടു് അക്കിത്തവുമായുള്ള എന്റെ ഗാഢപ്രേമത്തിന്നു്.

ഈ ഗുരുകാരണവന്മാരുടെ അതിവാത്സല്യംകോലും അഭിനന്ദനങ്ങളും, തോഴര്‍ തന്‍ സ്‌നേഹോദാരപ്രേരണകളും തോനെത്തോനെ ഉണ്ടായിട്ടും ഞാന്‍ ഏറെയൊന്നും എഴുതിയില്ല. എഴുതിയതല്‍ മിക്കതും പ്രസിദ്ധീകരിച്ചുമില്ല. പരിചയപ്പെട്ട കവികളുടെ തലപ്പൊക്കവും വൈലോപ്പിള്ളിയുടെയും കക്കാടിന്റെയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും കര്‍ക്കശമാനദണ്ഡങ്ങളുമാവാം കാരണം; സഹജമായ അലസതയും ആകാം. സമസ്തം വൈകിച്ചെയ്യലാണു് നിന്‍ പരാജയം എന്ന് വൈലോപ്പിള്ളി ഇടയ്ക്കിടയ്ക്ക് അകത്തിരുന്നു കുറുകുന്നു. വൈകിയാലും ചെയ്യണമെന്നാണല്ലോ, ചെയ്യേണ്ടെന്നല്ലല്ലോ. അതിനാല്‍ ഇതാ എന്റെ ചില പ്രിയ രചനകളുടെ ഒരു ചെറുസമാഹാരം.

"കവിതകള്‍ക്കു് ഞാന്‍ മുഖക്കുറിപ്പെഴുതണമോ? ലക്ഷ്മിയുടെ കവിതകള്‍ക്കു് എഴുതുന്നതുപോലിരിയ്ക്കും," എന്നു പറഞ്ഞുകൊണ്ടാണ് സുഗതച്ചേച്ചി പ്രാര്‍ത്ഥന എഴുതിത്തന്നതു്. നിറകണ്ണുകളോടെ ഞാനതുവാങ്ങി ഇതില്‍ ചേര്‍ത്തുവെച്ചു. നമ്പൂതിരിമാസ്റ്റര്‍ ദീര്‍ഘമായി എഴുതിയിരുന്ന കാലത്തു് ഈ പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍ എനിയ്ക്കു തോന്നിയില്ല. എങ്കിലും ആ ഒറ്റവരി ആശംസ എനിയ്ക്ക് സര്‍വ്വധനാത് പ്രധാനം തന്നെ. -ആത്മാരാമന്‍