സി.പി. ശാന്തിപ്രസാദ്
കാടും മേടും താവളമാക്കി പ്രകൃതിയോടിണങ്ങിക്കഴിയുന്ന ആദിവാസിഗോത്രസമൂഹത്തിന്റെ ഉണര്‍ച്ചയുടെയും വളര്‍ച്ചയുടെയും കഥയാണു് 'പച്ചത്താഴ്വര'. ഭാരതീയസങ്കല്പമനുസരിച്ചു് കൃഷി ഭൂമിപൂജയാണു്; ഭക്ഷണം പ്രാണപൂജയും. കൃഷിയാണു് മനുഷ്യസംസ്കാരത്തിന്റെ പ്രഭവകേന്ദ്രം. മഴയ്ക്കും മികച്ച വിളവിനും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ഋഗ്വേദം മുതല്‍ തന്നെ ആരംഭിക്കുന്നു. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ കര്ഷകരാണെന്നു് ചരിത്രം പഠിപ്പിക്കുന്നു. ഉഴുതുണ്ടു വാഴുന്നവരാണു്, തൊഴുതുണ്ടു വാഴുന്നവരല്ല ഉത്തമജീവിതം നയിക്കുന്നവര്‍ എന്നു് തിരുക്കുറള്‍ ഉദ്ബോധിപ്പിക്കുന്നു. തൊഴിലുകളില്‍ ശ്രേഷ്ഠമായ കൃഷിയിലേക്കുള്ള മര്ത്ത്യയാത്രയുടെ കഥയാണു് 'പച്ചത്താഴ്വര'. പ്രളയജലത്തില്‍ മുങ്ങിത്താഴുമ്പോഴും അണക്കെട്ടിലെ വെള്ളത്തിനുവേണ്ടി വഴക്കുണ്ടാക്കുകയും കൃഷിയിടങ്ങളെല്ലാം നികത്തി പ്ലാസ്റ്റിക് അരി തിന്നു മരിക്കുകയും ചെയ്യുന്ന ഇക്കാലത്തു് ഗോത്രാചാരങ്ങള്ക്കും അനുഷ്ഠാനങ്ങള്‍ക്കും പാട്ടുകള്‍ക്കും വേഷഭൂഷാദികള്‍ക്കും പ്രകൃതിക്കും എല്ലാം കഥാപാത്രങ്ങളെക്കാള്‍ പ്രാധാന്യമുള്ള ഈ നാടകം കൃഷിയുടെ സങ്കീര്‍ത്തനമാകുന്നു, ഒരു ഭൂമിഗീതമാകുന്നു.
Malayalam. 2017. Hard Bound. Pages 68. PB: ISBN 978-93-83763-33 7