Vaikunda Swami

വൈകുണ്ഠസ്വാമി (1809-1851)

സവര്‍ണ ജാതിക്കാരുടെ നിലപാടുകള്‍ക്കെതിരെ നടപടിയെടുക്കാത്ത മഹാരാജാവിനെ അനന്തപുരത്തു നീചന്‍ എന്നും തിരുവിതാംകൂര്‍ ജനങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷുകാരെ 'വെണ്ണീചന്‍' എന്നും സംബോധനചെയ്തു.

അദ്ദേഹം ഒരേസമയം വ്യത്യസ്ഥശക്തികളോടാണു് പൊരുതിയതു്. അധഃസ്ഥിതരെ നീചന്മാരും അടിമകളുമായി കണക്കാക്കിയിരുന്ന സവര്‍ണ മേധാവിത്വത്തോടും, അവര്‍ക്കു് സംരക്ഷണം നല്‍കിയിരുന്ന രാജാധികാരത്തോടും സ്വന്തം നാട്ടുകാരെ അടിമകളാക്കാന്‍ ശ്രമിച്ച വൈദേശികശക്തിയോടും മതപരിവര്‍ത്തനത്തിന്റെ സന്ദേശവുമായിവന്ന മിഷണറിപ്രവര്‍ത്തനത്തോടും അദ്ദേഹം ഒരേസമയം കലഹിച്ചു.

സാമൂഹ്യപരിഷ്കരണത്തിനു് ആത്മീയ മാര്‍ഗ്ഗമാണു് ഏറ്റവും ശക്തം എന്നു് സ്വാമികള്‍ ഉറച്ചുവിശ്വസിച്ചു. ആരാധനാലയങ്ങളില്‍ ജാതി നോക്കാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള ആദ്യത്തെ വിപ്ലവം നയിച്ചതു് വൈകുണ്ഠസ്വാമിയാണു്. അധഃസ്ഥിതസമുദായക്കാരെ അണിനിരത്തി ശുചീന്ദ്രം ക്ഷേത്രോത്സവത്തിനു് തോരോട്ടസമയത്തു് തേരിന്റെ കയര്‍പിടിച്ചു് ജാതിനിയമം ലംഘിച്ചു. അദ്ദേഹം ചാന്നാര്‍സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരത്തെ ശക്തമായ ജനകീയപ്രക്ഷോഭമാക്കി.

സാമൂഹ്യസമത്വത്തിനു് വേണ്ടി ശ്രമിക്കാന്‍ സമത്വസമാജം എന്ന സംഘടനയുണ്ടാക്കി. 'ഒന്റേ ജാതി, ഒന്റേ മതം, ഒന്റേ ദൈവം, ഒന്റേ കുലം, ഒന്റേ ഉലകം, ഒന്റേ അരശു്, ഒന്റേ മൊഴി, ഒന്റേ നീതി' (അഖിലത്തിരട്ടു് അമ്മാനെ) എന്ന ആശയം ആവിഷ്കരിച്ചു. അഖിലത്തിരട്ടു് അമ്മാനെയും അരുള്‍നൂലുമാണു് അദ്ദേഹത്തിന്റെ കൃതികള്‍. അദ്ദേഹത്തിന്റെ ശിഷ്യനായ ഷണ്‍മുഖ വടിവേല്‍, എന്നും കുമാരവടിവേലു എന്നും അറിയപ്പെടുന്ന ആത്മാനന്ദസ്വാമികള്‍ ചട്ടമ്പിസ്വാമികളുടെ ഗുരുക്കന്മാരില്‍ ഒരാളാണു്.

അദ്ദേഹത്തിന്റെ ആദ്ധ്യാത്മികദര്‍ശനത്തിന്റെ ഭാഗമാണു് അദ്ദേഹം സ്ഥാപിച്ച പതികള്‍. അവ വെറും ആരാധനാലയങ്ങളല്ല. മറിച്ചു് വ്യത്യസ്ഥജനവിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന സാംസ്കാരികകേന്ദ്രങ്ങളാണു്. താമരപ്പൂവിനു് മുകളില്‍ ദീപംകത്തിച്ചു് അതു് ഒരു കണ്ണാടിയുടെ മുന്നില്‍ പ്രതിഷ്ഠിച്ചാണു് ആരാധന. അദ്ദേഹം തന്നെ വ്യവസ്ഥചെയ്ത രീതിയാണിതു്. താമരയും അഗ്നിയും വിശുദ്ധിയുടെ അടയാളങ്ങളാണു്. അതു് കണ്ണാടിയുടെമുന്നില്‍ വയ്ക്കുമ്പോള്‍ ആത്മാവിന്റെ വെളിച്ചത്തില്‍ മനുഷ്യന്‍ അവനവനെത്തന്നെ കാണുന്നു. ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയുടെ പൂര്‍വരൂപം നമുക്കിവിടെ കാണാം. ഈശ്വരന്‍ സര്‍വവ്യാപിയാണെന്നു് പ്രഖ്യാപിച്ചുകൊണ്ടു് അനേകം നിഴല്‍തങ്കലുകളും അദ്ദേഹം സ്ഥാപിച്ചു. അനാഥര്‍ക്കും നിസ്വര്‍ക്കും ആശ്രയമായ നിഴല്‍തങ്കലുകളില്‍ അവര്‍ക്കു് താമസം, പ്രാര്‍ത്ഥന, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, ഭക്ഷണം തുടങ്ങിയവയെ്ക്കാക്കെ സൗകര്യമുണ്ടു്. സവര്‍ണ അവര്‍ണ ഭേദമില്ലാതെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പൊതുകിണറുകള്‍ കുഴിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രവൃത്തി. ഇവയുടെ പരിസരത്തു് നാനാജാതിമതസ്ഥരെ ഒരുമിച്ചുചേര്‍ത്തു് പന്തിഭോജനംനടത്തി അദ്ദേഹം അയിത്തവ്യവസ്ഥയെ വെല്ലുവിളിച്ചു. ബുദ്ധഭിക്ഷുക്കളുടെ സംഘത്തിന്റെ രീതിയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു് പോകാന്‍ തെരഞ്ഞെടുത്ത സംഘാടകരെയും ഏര്‍പ്പെടുത്തി.

1852 ജൂണ്‍ 2നു് സമാധിയടഞ്ഞു. വൈകുണ്ഠസ്വാമിയുടെ ദര്‍ശനം പില്‍ക്കാലത്തു് കേരളത്തിന്റെ സാമൂഹികപരിഷ്കരണ രംഗത്തു കടന്നുവന്ന അയ്യാവുസ്വാമിയെയും ചട്ടമ്പിസ്വാമിയെയും നാരായണഗുരുവിനെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നതു് വ്യക്തമാണു്. ഈ മൂന്നുപേരും തപസ്സുചെയ്തിരുന്ന മരുത്വാമലയുടെ ചുവട്ടില്‍ വൈകുണ്ഠന്റെയും, സ്വാമിയുടെയും ഗുരുവിന്റെയും ആശ്രമങ്ങളുണ്ടു്.

കേരളത്തിലെ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയവരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ഒരു വ്യക്തിയാണു് വൈകുണ്ഠസ്വാമി. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇന്നത്തെ കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പു് എന്ന സ്ഥലത്തു 1809 മാര്‍ച്ചു് 29 നു് ജനിച്ചു. അച്ഛന്‍ പൊന്നുമാടനും അമ്മ വെയിലാളിയും. ബാലനായിരുന്ന കാലത്തു തന്നെ സഹജീവികളോടു്, സേ്‌നഹത്തോടെയും സമത്വത്തോടെയും പെരുമാറി. തിരുക്കുറള്‍, മുട്ടുരൈ, നാള്‍വഴി തുടങ്ങിയ മഹാഗ്രന്ഥങ്ങളും ഇസ്ലാം, ക്രിസ്തുമതങ്ങളുടെ തത്ത്വങ്ങളും പഠിച്ചു. ദ്രാവിഡ വേദത്തില്‍ പണ്ഡിതനായിത്തീര്‍ന്നു. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വച്ചു് വിഷ്ണുവിന്റെ അവതാരമാണെന്നു് സ്വയംപ്രഖ്യാപിച്ചു് വൈകുണ്ഠസ്വാമികള്‍ എന്നപേരു് സ്വീകരിച്ചു.

കന്യാകുമാരിജില്ല കേന്ദ്രീകരിച്ചായിരുന്നു വൈകുണ്ഠസ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ അധഃസ്ഥിതജാതിക്കാരെയും ഒരുമിച്ചുനിര്‍ത്തിക്കൊണ്ടു് അദ്ദേഹം അവരുടെ ദു:സ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തി. സവര്‍ണരുടെ ക്രൂരതകള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച അദ്ദേഹം ഹിന്ദുമതത്തിലെ ജീര്‍ണതകള്‍ക്കു് പരിഹാരം മതിപരിവര്‍ത്തനമാണെന്ന ആശയത്തോടു് യോജിച്ചില്ല.