Manonmaniyam Sundharam Pillai

മനോന്മണീയം സുന്ദരംപിള്ള [1855-1897]

പ്രൊഫ. ഹാര്‍വി അവധിയെടുത്തു് നാട്ടിലേക്കുമടങ്ങിയപ്പോള്‍ സുന്ദരംപിള്ള മഹാരാജാസ് കോളേജിലേക്കു് ക്ഷണിക്കപ്പെട്ടു. ഒപ്പം ഹാര്‍വിയുടെ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ട്യൂട്ടര്‍സ്ഥാനവും അദ്ദേഹത്തിനു് ഏറ്റെടുക്കേണ്ടിവന്നു. വേദാന്തത്തിലും, ജ്യോതിഷത്തിലും തത്ത്വശാസ്ത്രത്തിലുമുള്ള പാണ്ഡിത്യം വിശാഖംതിരുനാളിന്റെയും ശ്രീമൂലംതിരുനാളിന്റെയും സൗഹൃദം നേടുവാന്‍ കാരണമായി. അങ്ങനെ അദ്ദേഹത്തിനു് കൊട്ടാരത്തില്‍നിന്നും കാടുംമലകളും കാട്ടുമൃഗങ്ങളും നിറഞ്ഞ പേരൂര്‍ക്കടയുള്ള എണ്ണൂറോളം ഏക്കര്‍ സ്ഥലം കരമൊഴിവായി ലഭിച്ചു. ആ പ്രദേശം ഇഷ്ടമായ അദ്ദേഹം അവിടത്തെ ഒരു കുന്നിനുമുകളില്‍ മനോഹരമായ ഒരു ബംഗ്ലാവു് നിര്‍മ്മിക്കുകയും നഗരത്തില്‍ നിന്നും അങ്ങോട്ടു് താമസംമാറുകയുംചെയ്തു. തന്റെ മാതൃകയായിരുന്ന ഹാര്‍വിയോടുള്ള ആദരസൂചകമായി ആ സ്ഥലത്തിനു് ഹാര്‍വിപുരം എന്നു് പേരുനല്‍കി. നൂറോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്കു് വീടുവയ്ക്കാന്‍ ആ കുന്നിനുചുറ്റും അദ്ദേഹം സ്ഥലംനല്‍കുകയും അവര്‍ക്കു് തൊഴില്‍ കൊടുക്കുകയും ചെയ്തു. പേരൂര്‍ക്കടച്ചന്തയ്ക്കു് തുടക്കമിട്ടു. തപാലാപ്പീസു് വരുത്തിച്ചു. ഇതായിരുന്നു പേരൂര്‍ക്കടയുടെ വികസനത്തിന്റെ തുടക്കം.

തൈക്കാട് അയ്യാവു സ്വാമിയോടൊപ്പംചേര്‍ന്നു് 1885ല്‍ അദ്ദേഹം ശൈവപ്രകാശസഭ സ്ഥാപിച്ചു. ചാലയിലെ തമിഴു് സ്കൂള്‍ തുടകൂന്നതിനും അദ്ദേഹമാണു് ശ്രമം തുടങ്ങിയതു്. ജ്ഞാനപ്രജാഗാരത്തിലെ ഒരു പ്രധാന പ്രാസംഗികനായിരുന്നു.

താമസിയാതെ ഹാര്‍വി ബംഗ്ലാവില്‍ ഒരു വലിയ ഗ്രന്ഥശേഖരമുണ്ടാവുകയും അവിടം പണ്ഡിതന്മാരുടെയും കലാകാരന്മാരുടെയും തത്വചിന്തകന്മാരുടെയും ഗവേഷകരുടെയും ഒരു സംഗമസ്ഥാനമാവുകയും ചെയ്തു. ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, ഡോ. വെങ്കയ്യ, സ്വാമിക്കണ്ണുപിള്ള, സി.വി. രാമന്‍പിള്ള, ആര്‍. ഈശ്വരപിള്ള, കെ.പി. ശങ്കരമേനോന്‍, ക്രൈസ്തവക്കമ്പര്‍ എച്ച് എ കൃഷ്ണശിവരാജപിള്ള, മറൈമലൈ അടികള്‍ എന്ന വേദാചലംപിള്ള തുടങ്ങിയവര്‍ ഇവിടത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു.

സുന്ദരംപിള്ള ശിലാലിഖിതങ്ങളുടെ പകര്‍പ്പുകള്‍ ശാസ്ത്രീയമായി തയ്യാറാക്കുകയും അവയെക്കുറിച്ചു് തുടര്‍ച്ചയായി ഗവേഷണപഠനങ്ങളില്‍ ഏര്‍പ്പെടുകയുംചെയ്തു. തിരുവിതാംകൂര്‍ ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തിന്റെഫലമാണു് 'വേണാട്ടുരാജക്കന്മാര്‍' എന്ന പുസ്തകം. അദ്ദേഹത്തിന്റെ സ്വാധീനമാണു് മഹാരാജാവു് ആര്‍ക്കിയോളജിവകുപ്പു് രൂപീകരിക്കാന്‍ കാരണമായതു്. സുന്ദരംപിള്ള ആ വകുപ്പിന്റെ മേധാവിയാകുകയും അതിന്റെ വികസനത്തിനു് ശക്തമായ ഒരടിത്തറപാകുകയുംചെയ്തു. 1896 ല്‍ അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യന്‍ പഠനങ്ങളെ ബഹുമാനിച്ചുകൊണ്ടു് ഇന്ത്യാഗവണ്മെന്റു് റാവു ബഹദൂര്‍ പദവിനല്‍കി. തുടര്‍ന്നു് മദ്രാസു് യൂണിവേഴ്‌സിറ്റി ഫെലോഷിപ്പു്, ലണ്ടന്‍ റിസര്‍ച്ചു് സൊസൈറ്റിയുടെ FRHA, ഏഷ്യാറ്റികു് സൊസൈറ്റിയുടെ MRCA ബഹുമതികളും ലഭിച്ചു.

മനോന്‍മണീയം, വേണാട്ടുരാജാക്കന്മാര്‍, തിരുവിതാംകൂറിലെ ശിലാലിഖിതങ്ങള്‍, തുടങ്ങിയ കൃതികളും പത്തുപ്പാട്ടു്, മധുരൈക്കാഞ്ചി തുടങ്ങി പലകൃതികളുടെയും ആംഗലപരിഭാഷയും നിരവധി ഗവേഷണപ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്.

മനോന്‍മണീയം എന്ന കാവ്യനാടകം ഭക്തിയിലും, സാഹിത്യത്തിലും, ഭാഷാചാതുര്യത്തിലും തമിഴിലെ ഒന്നാംകിട കൃതികളുടെ കൂട്ടത്തില്‍ ഗണിക്കപ്പെട്ടിരിക്കുന്നു. ആ രചനയിലൂടെയാണു് മനോന്‍മണീയം സുന്ദരംപിള്ള എന്നറിയപ്പെട്ടു തുടങ്ങിയതു്. ഇതിലെ പ്രാര്‍ത്ഥനാഗാനമാണു് തമിഴു്‌നാടിന്റെ ഔദ്യോഗികഗാനം. തമിഴ്‌നാട് സര്‍ക്കാര്‍ തിരുനെല്‍വേലിയില്‍ സ്ഥാപിച്ച സര്‍വ്വകലാശാലയ്ക്കു് മനോന്‍മണീയം സുന്ദരനാര്‍ സര്‍വ്വകലാശാല എന്ന പേരുനല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഹാര്‍വി ബംഗ്ലാവിലെ ഗ്രന്ഥശേഖരം നന്നായി ഉപയോഗപ്പെടുത്തിയവരില്‍ ഒരാള്‍ ചട്ടമ്പി സ്വാമിയായിരുന്നു. പ്രാചീനമലയാളം ആദിഭാഷ തുടങ്ങിയ കൃതികളുടെ രചനാകാലത്തു് അതിലെ പല കാര്യങ്ങളും സ്വാമി സുന്ദരംപിള്ളയുമായി ദീര്‍ഘമായി ചര്‍ച്ചചെയ്തിട്ടുണ്ടു്. സ്വാമി ഉപയോഗപ്പെടുത്തിയ കൃതികളില്‍ ചിലതൊക്കെ അദ്ദേഹത്തിന്റെ സഹായത്തോടെ ലഭിച്ചതാണു്.

1892 ല്‍ ചട്ടമ്പിസ്വാമിയെ എറണാകുളത്തുവച്ചു കണ്ടതിനു്‌ശേഷം തിരുവനന്തപുരത്തെത്തിയ സ്വാമി വിവേകാനന്ദന്‍ സുന്ദരംപിള്ളയെ കാണാന്‍ ഹാര്‍വിപുരം ബംഗ്ലാവിലെത്തി. ഒന്നുരണ്ടു ദിവസം ചര്‍ച്ചകളില്‍ മുഴുകി. അവിടത്തെ പ്രകൃതി ദൃശ്യങ്ങളിലാകൃഷ്ടനായ സ്വാമി വിവേകാനന്ദന്‍ സമീപത്തുള്ള അടുപ്പുകൂട്ടാന്‍പാറയുമായി ഭീമനെ ബന്ധിപ്പിക്കുന്ന ഐതിഹ്യങ്ങള്‍ മനസ്സിലാക്കുകയും സുന്ദരംപിള്ളയുടെ ഒരശ്രിതനെയും കൂട്ടി ദുഷ്കരമായ ആ പാറപ്പുറത്തേക്കു് കയറിച്ചെന്നു് മുകളില്‍ ഏറെ സമയം ചിലവഴിക്കുകയുംചെയ്തു.

അന്നു് ആ പാറപ്പുറത്തു് നിന്നാല്‍ മൂന്നുവശത്തും ഹരിതാഭമായപ്രകൃതിദൃശ്യങ്ങളും പടിഞ്ഞാറു് കടലും കാണാമായിരുന്നു. ചട്ടമ്പിസ്വാമിയും നാരായണഗുരുവും സുന്ദരംപിള്ളയെ സന്ദര്‍ശിക്കുമ്പോഴൊക്കെ ഈ പാറപ്പുറത്തു് വളരെനേരം ചിലവിടാറുണ്ടെന്നു് ധ്യാനത്തിനായി ആ സ്ഥലം ഉപയോഗിച്ചിരുന്നു എന്നു് വിളപ്പില്‍ പത്മനാഭപിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും മനസ്സിലാക്കാം.

അദ്ദേഹത്തിനു ഭാരതീയ അതീന്ദ്രിയജ്ഞാനശാസ്ത്രത്തില്‍ അഗാധമായ അറിവുണ്ടായിരുന്നു. ഇംഗ്ലീഷുഭാഷയും അദ്ദേഹം അനായാസം കൈകാര്യംചെയ്തിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദം ഇംഗ്ലീഷിലെ തത്ത്വശാസ്ത്ര പ്രമാണഗ്രന്ഥങ്ങള്‍ മനസ്സിലാക്കാന്‍ കുഞ്ഞന്‍പിള്ളയ്ക്കു തുണയായി. കുഞ്ഞന്‍പിള്ളയുടെ ബൈബിള്‍പഠനത്തിലും, പാശ്ചാത്യ തത്ത്വശാസ്ത്രശിക്ഷണത്തിലും, അദ്ദേഹം മാര്‍ഗ്ഗദര്‍ശിയായി. പാശ്ചാത്യതത്ത്വശാസ്ത്രത്തിലെയും മറ്റുമതങ്ങളിലെയും പല വശങ്ങളെയുംപറ്റിയുള്ള സംശയങ്ങളുമായി കുഞ്ഞന്‍പിള്ള സമീപിച്ചതു് അദ്ദേഹത്തെയായിരുന്നു. കുഞ്ഞന്‍പിള്ളയുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹം സദാ സന്നദ്ധനുമായിരുന്നു. ആ വിഷയങ്ങളിലെ പ്രമാണങ്ങളുടെ ഉറവിടങ്ങളൊക്കെ അദ്ദേഹത്തിനറിയുമായിരുന്നു. അവയെല്ലാം വായിച്ചു് കുഞ്ഞന്‍പിള്ളയ്ക്കു് മലയാളത്തിലും തമിഴിലും വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു.

1897 ഏപ്രില്‍ 26 നു് അദ്ദേഹം അന്തരിച്ചു. കേരള നവോത്ഥാന ശില്‍പികളില്‍ പലരെയും രൂപപ്പെടുത്തിയതില്‍ അദ്ദേഹം പ്രധാനപക്കൃ വഹിച്ചിട്ടുണ്ടു്.

മനോന്മണീയം പി. സുന്ദരംപിള്ള തിരുവനന്തപുരത്തുവന്നു സ്ഥിരതാമസമാക്കിയ ഒരു സമ്പന്നകുടുംബത്തില്‍പെട്ട ആളായിരുന്നു

സുന്ദരംപിള്ള. ശൈശവത്തിലേതന്നെ തന്റെ പിതാവിന്റെ മേല്‍നോട്ടത്തില്‍ തമിഴ് ക്ലാസിക്കുകളായ തേവാരം, തിരുക്കുറള്‍, തിരുവാചകം തുടങ്ങിയ കൃതികള്‍ അദ്ദേഹം പഠിച്ചുതുടങ്ങി. അവയില്‍ 'തിരുവാചകം' അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ പ്രഭാവം ചെലുത്തിയ വിശുദ്ധഗ്രന്ഥമായിരുന്നു. തിരുവനന്തപുരത്തുവച്ച് അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.

ദിവാന്‍ സര്‍, ടി. മാധവറാവുവിന്റെ പുത്രനായ രംഗറാവു ഇദ്ദേഹത്തിന്റെ ചങ്ങാതിയായിരുന്നു. അദ്ദേഹം അനിതരസാധാരണമായ യോഗ്യതയോടെ തത്ത്വ ശാസ്ത്രത്തില്‍ ബി.എ പഠനം മുഴുമിക്കുകയും തിരുവനന്തപുരം മഹാരാജാസു് കോളജില്‍ ട്യൂട്ടറായി ചേരുകയും ചെയ്തു. പ്രശസ്തനായ പ്രൊഫ. ഹെന്‍ട്രി ഹാര്‍വിയുടെ പ്രത്യേക വാത്സല്യത്തിനുപാത്രമായ വിദ്യാര്‍ത്ഥിയായിരുന്നു.

മഹാരാജാസില്‍ ഒരു തത്ത്വശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ അദ്ദേഹം ജ്ഞാനപ്രജാഗരത്തിലെ അംഗവുമായി.

മഹാരാജാവു് അദ്ദേഹത്തെ ശിരസ്താദാര്‍ ആയി നിയമിച്ചെങ്കിലും പഠനത്തിനുവേണ്ടി ജോലിയുപേക്ഷിച്ച അദ്ദേഹം 1880 ല്‍ തത്ത്വശാസ്ത്രത്തില്‍ എം. എ. ബിരുദവും നേടി. തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യത്തെ എം. എ. ബിരുദം.

വീണ്ടും അദ്ധ്യാപകവൃത്തിയിലേക്കുമടങ്ങിയ അദ്ദേഹം തിരുനെല്‍വേലിയില്‍ ഒരു ഹൈസ്കൂളിന്റെ ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമം അതിനെ കോളേജായി ഉയര്‍ത്തി. അതാണു് പ്രശസ്തമായ എം.ഡി.ടി ഹിന്ദു കോളേജ്.

തിരുനെല്‍വേലിയിലെവര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ മഹത്തായ ഒരു കാലഘട്ടമായിരുന്നു. അവിടെ അദ്ദേഹം വേദാന്തപണ്ഡിതനായ കൊടകനല്ലൂര്‍ സുന്ദരസ്വാമികളെ പരിചയപ്പെടുകയും ശിഷ്യത്വം സ്വീകരിക്കുകയുംചെയ്തു. വേദാന്തത്തിന്റെയും ശൈവസിദ്ധാന്തത്തിന്റെയും അഗാധതകളിലേക്കു് ആഴ്ന്നിറങ്ങാന്‍ ഈ ബന്ധം അദ്ദേഹത്തെ പ്രാപ്തനാക്കി. സുന്ദരസ്വാമികളുടെ നിജാനന്ദവിലാസം അദ്ദേഹമാണു് ആദ്യമായി പ്രസിദ്ധീകരിച്ചതു്