ചട്ടമ്പി സ്വാമി പഠനങ്ങൾ: പി. കെ. പരമേശ്വരൻ നായർ ട്രസ്റ്റിന്റെ മഹാസമ്മേളനം

ചട്ടമ്പി സ്വാമി പഠനങ്ങൾ: പി. കെ. പരമേശ്വരൻ നായർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ചട്ടമ്പി സ്വാമിയും ശിഷ്യന്മാരും തുടങ്ങി വച്ച ജ്ഞാനപ്രജാഗരം, സഹൃദയ സഭ, അദ്വൈത സഭ തുടങ്ങിയ നിരവധി ചെറു സംഘങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം സജീവമായിരുന്നു. സാഹിത്യം , ചരിത്രം, മതം, ദർശനം, സാമൂഹ്യ പരിഷ്കരണം തുടങ്ങിയവയൊക്കെ ഇവയിൽ ആർജവത്തോടെ ചർച്ച ചെയ്യപ്പെട്ടു. നവോത്ഥാനത്തിനു പ്രേരകമായ ഗ്രന്ഥങ്ങളുടെയും ആശയങ്ങളുടെയും ആദ്യാവതരണവും ചർച്ചകളും ഇവയിലാണ് നടന്നത്. അദ്വൈത സഭയാണ് അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ തുടർച്ചയായി ചർച്ചകൾക്ക് വിധേയമാക്കിയതും ഉത്തരകേരളത്തിൽ അതിനു പ്രചാരം നൽകിയതും. എല്ലാ കീഴ് ജാതിക്കാരെയും ഒരുകുടക്കീഴിലാക്കി അവരുടെ അഭ്യുന്നതിക്കു വേണ്ടി പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ള (എസ് എൻ ഡി പി) ഒരു സംഘടന എന്ന ആശയം ഗുരു ആദ്യമായി അവതരിപ്പിക്കുന്നത് അദ്വൈത സഭയുമായി ബന്ധപ്പെട്ടാണ്. വിവിധ പ്രദേശങ്ങളിലെ നിരവധി നവോത്ഥാന നായകരെ സംഭാവന ചെയ്തത് ഈ സംഘ സമ്മേളനങ്ങളാണ്.

ചട്ടമ്പി സ്വാമിയുടെ സമാധിക്ക് ശേഷം അദ്ദേഹത്തിന്റെ പേരിൽ നിരവധി ആഘോഷങ്ങളും, സമ്മേളനങ്ങളും സ്മാരക നിർമാണ ശ്രമങ്ങളും ഒക്കെ നടന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്കു അദ്ദേഹം നൽകിയ സംഭാവനകളെ അടയാളപ്പെടുത്തുന്നതിനു അവയൊന്നും ശ്രമിച്ചിട്ടില്ല.

ഈയൊരു സന്ദർഭത്തിലാണ് പി കെ പരമേശ്വരൻ നായർ ട്രസ്റ്റിന്റെ 'ചട്ടമ്പി സ്വാമി പഠനങ്ങൾ' എന്ന ദ്വിദിന സമ്മേളനം പ്രസക്തമാവുന്നത്. ചട്ടമ്പി സ്വാമി എന്ന മഹാനുഭാവന്റെ സംഭാവനകളെ നിരൂപണാത്മകമായി വിശകലനം ചെയ്യുന്ന പ്രൗഢമായ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ട ആദ്യ സമ്മേളനം. നവോത്ഥാനകാലത്തെക്കുറിച്ചുള്ള വസ്തു നിഷ്ഠമായ പഠനങ്ങൾ.

മീഡിയയുടെയും സ്വാമിയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ അഭാവം സ്വാമി കേരള ചരിത്രത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടതിന്റെ കരണം തന്നെയാണ് വ്യക്തമാക്കുന്നത്. അർത്ഥമില്ലാത്ത ആഘോഷങ്ങളും സ്‌മാരകങ്ങളുമല്ല, അദ്ദേഹം നൽകിയ ബൗദ്ധിക സമ്പത്തുകൾ പഠനവിധേയമാക്കി സമൂഹ പുരോഗതിക്കുപയോഗിക്കുകയാണ്, പഠനഗവേഷണങ്ങളിൽ അദ്ദേഹം കാട്ടിത്തന്ന മാതൃക തുടരുകയാണ് പ്രധാനം എന്ന ദൃഢനിശ്ചയം പ്രകടമാക്കിയ മഹാസമ്മേളനങ്ങളുടെ നാന്ദി കുറിക്കൽ .

പി. കെ. പരമേശ്വരൻ നായർ ട്രസ്റ്റി ന്റെ പേരിൽ 'ചട്ടമ്പി സ്വാമി പഠനങ്ങൾ' എന്ന സമ്മേളനത്തിൽ അവതരിക്കപ്പെട്ട പ്രബന്ധങ്ങൾ ആ മഹാനുഭാവന്റെ പാദങ്ങളിൽ അർപ്പിക്കപ്പെട്ട അമൂല്യങ്ങളായ പൂജാ പുഷ്പങ്ങളാണ്