Elathur Ramaswani Sasthrikal

ഇലത്തൂര്‍ രാമസ്വാമിശാസ്ത്രികള്‍ (1823-1887)

1849ല്‍ തിരുവനന്തപുരത്തു് ഉത്രംതിരുനാളിന്റെ ആസ്ഥാനപണ്ഡിതനായി. ഉത്രംതിരുനാള്‍, ആയില്യംതിരുനാള്‍, വിശാഖംതിരുനാള്‍, ശ്രീമൂലംതിരുനാള്‍ തുടങ്ങിയ നാലു രാജാക്കന്മാരുടെ സൗഹൃദംസമ്പാദിക്കുവാനുള്ള സൗഭാഗ്യം സിദ്ധിച്ചു. ഇവര്‍ക്കു് വന്നുകൊണ്ടിരുന്ന സംസ്കൃതപത്രമാസികകള്‍ക്കു് മറുപടി തയാറാക്കല്‍ ശാസ്ത്രികളുടെ കൃത്യമായിരുന്നു. സകലശാസ്ത്രങ്ങളിലും പാരങ്ഗതത്വം നേടിയവരുമായി സഹവസിച്ചു് വൈദുഷ്യം വികസിപ്പിച്ചു. വ്യാകരണവും സാഹിത്യവുമാണു് കൂടുതല്‍ ആകര്‍ഷിച്ചതു്.

ഇലത്തൂര്‍ഗ്രാമത്തിനടുത്തുള്ള ക്ഷേത്രത്തിലെ ഗോമത്യംബ (പാര്‍വതി) ആയിരുന്നു ഇഷ്ടദേവത. അതുകൊണ്ടു് കൃതികളില്‍ ഗോമതീദാസന്‍ എന്ന പേരു സ്വീകരിച്ചു.

ഒരിക്കല്‍ ആയില്യംതിരുനാള്‍ മഹാരാജാവു്, തന്നെ പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം രചിക്കാന്‍ ശാസ്ത്രികളോടു് ആവശ്യപ്പെട്ടു. അതിനു മറുപടിയായി തനിക്കു് അത്തരം ഒരു ഗാനരചനയിലൂടെ വിദ്യാദേവതയായ മൂകാംബികയെ അപകീര്‍ത്തിപ്പെടുത്താനാവില്ലെന്നു് - 'വിസ്ത്രീര്‍ണാപൃഥിവി, ജനാശ്ച ബഹവഃ കിം കിം ന സംഭാവ്യതേ' എന്നു പറഞ്ഞുകൊണ്ടു് കാശി തുടങ്ങിയ സ്ഥലങ്ങളിലേക്കു് യാത്രയായി. ഒടുവില്‍ ആയില്യംതിരുനാള്‍തന്നെ ശാസ്ത്രികളെ സമാധാനിപ്പിച്ചു് തിരികെവരുത്തി തന്റെ സദസ്സിലെ പണ്ഡിതസാര്‍വ്വഭൗമനായി അവരോധിച്ചു.

ഗോമത്യംബയെ ആരാധിക്കുക, ശിഷ്യരെ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുക പണ്ഡിതന്മാരുമായി വാക്യാര്‍ത്ഥവിചാരംചെയ്യുക ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കുക ഇവയായിരുന്നു ശാസ്ത്രികളുടെ പ്രവര്‍ത്തനങ്ങള്‍.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, ജ്യേഷ്ഠന്‍ രാജരാജവര്‍മ്മ, ചട്ടമ്പിസ്വാമി, ആറ്റുകാല്‍ ശങ്കരപ്പിള്ള, വെളുത്തേരി കേശവന്‍ വൈദ്യന്‍ തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഗണപതിശാസ്ത്രയിലെ പ്രതിഭയെ ബാല്യത്തിലേ കണ്ടെത്തി ഗവേഷണരംഗത്തേക്കു കൊണ്ടുവന്നതു് അദ്ദേഹമാണു്. വ്യാകരണ, തര്‍ക്ക ശാസ്ത്ര സംബന്ധികളായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചട്ടമ്പിസ്വാമികള്‍ ശാസ്ത്രികളെ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു.

ശാസ്ത്രികള്‍ സംസ്കൃതത്തില്‍ നിരവധി ശാസ്ത്രഗ്രന്ഥങ്ങള്‍, കാവ്യങ്ങള്‍, സേ്ത്രാത്രങ്ങള്‍, വ്യാഖ്യാനങ്ങള്‍ തുടങ്ങിയവ രചിച്ചിട്ടുണ്ടു്. അന്യാപദേശസപ്തതി, കാശിയാത്രാനുവര്‍ത്തനം, സുരൂപരാഘവം തുടങ്ങിയ കാവ്യങ്ങളും ക്ഷേത്രതത്ത്വദീപിക, രാമോദയം തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങളും, ത്രിപുരസുന്ദരീ കേശാദിപാദസ്തവം, ദുര്‍ഗാഷ്ടപ്രാസശതകം, ദേവീ വര്‍ണമുക്താവലി, ശിവാഷ്ടപ്രാസശതകം, ശ്രീകൃഷ്ണദണ്ഡകം, ശ്രീലളിതാ പ്രാതഃസ്മരണ സേ്ത്രാത്രം, കീര്‍ത്തിവിലാസം, പാര്‍വതീപരിണയം തുടങ്ങിയ കൃതികളും പ്രസിദ്ധമാണു്.

സംസ്കൃതവ്യാകരണപഠനത്തിനായി ചട്ടമ്പിസ്വാമി, രാമസ്വാമി ശാസ്തികളുടെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ സംസ്കൃതാദ്ധ്യാപകനായി കഴിയുകയായിരുന്നു. കേരളവര്‍മ്മ, സ്വാമി തുടങ്ങി പലരും അദ്ദേഹത്തില്‍ നിന്നു സംസ്കൃതം പഠിച്ചവരാണു്.

സ്വാമി ഇലത്തൂര്‍ രാമസ്വാമിശാസ്ത്രികള്‍ക്കു കീഴില്‍ സംസ്കൃതവും വ്യാകരണവും പഠിച്ചു. രാമസ്വാമിശാസ്ത്രികള്‍ 1823 നവംബര്‍ 3 നു് ചെങ്കോട്ടത്താലൂക്കില്‍ ഇലത്തൂര്‍ദേശത്തു് ജനിച്ചു. പിതാവു് പണ്ഡിതനായ ശങ്കരനാരായണ ശാസ്ത്രികള്‍.

ബാല്യത്തില്‍തന്നെ കൃഷ്ണപുരം നാരായണ ശാസ്ത്രികളില്‍നിന്നും കാവ്യനാടകങ്ങള്‍ പഠിച്ചശേഷം ഉപരിപഠനത്തിനായി പന്തളത്തേക്കു് പോയി. അന്നു് ഇലത്തൂര്‍ ദേശം പന്തളം രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. നീരാഴിക്കോട്ട് കൊട്ടാരത്തിലെ കേരളവര്‍മ്മത്തമ്പുരാനില്‍നിന്നും വ്യാകരണവും തര്‍ക്കവും പഠിച്ചു. വേദാന്തശാസ്ത്രവും മന്ത്രശാസ്ത്രവും അഭ്യസിച്ചു. പിന്നെ കാശി, കുംഭകോണം തുടങ്ങിയ പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ആ നീണ്ട തീര്‍ത്ഥയാത്രയ്ക്കുശേഷം ശാസ്ത്രികള്‍ കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ ഭജനത്തിനായി പല മാസങ്ങള്‍ ചെലവഴിച്ചു.