Thaikkattu Ayyavu Swami

തൈക്കാടു് അയ്യാവുസ്വാമി (1813-1909)

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്തു് അദ്ദേഹത്തിനു ശിവരാജ യോഗത്തില്‍ ശിക്ഷണം കൊടുക്കാനായി ക്ഷണിച്ചതനുസരിച്ചു് അയ്യാവുസ്വാമി തിരുവനന്തപുരത്തെത്തി, അവിടെനിന്നു് അദ്ദേഹം പഴനിക്കുപോയി, കമലാംബാളെ വിവാഹം കഴിച്ചു. പിന്നീടു് കോഴിക്കോട്ടു താവളമടിച്ചിരുന്ന ബ്രിട്ടീഷുപട്ടാളക്കാരുടെ ഭക്ഷണശാലാ സെക്രട്ടറിയായി ബ്രിട്ടീഷ്ഗവണ്‍മെന്റു് സര്‍വ്വീസില്‍ കയറി, തിരുവിതാംകൂര്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ അതിഥികളെ സല്‍ക്കരിക്കുന്നതിനും പരിചരിക്കുന്നതിനും കഴിവുള്ള പരിചയസമ്പന്നനായ ഒരു ജീവനക്കാരനെ അയച്ചുതരണമെന്നു് തിരുവിതാംകൂര്‍ മഹാരാജാവു് അഭ്യര്‍ത്ഥിച്ചതനുസരിച്ചു് ബ്രിട്ടീഷു് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തിരുവനന്തപുരത്തേക്കയച്ചു. അദ്ദേഹം ഗവണ്മേന്റു റസിഡന്‍സിയുടെ മാനേജരായി 1873 മുതല്‍ 1909 വരെ തിരുവിതാംകൂര്‍ സര്‍ക്കാരിനെ സേവിച്ചുകൊണ്ടു് അന്നത്തെ ബ്രിട്ടീഷ് റസിഡന്റു താമസിച്ചിരുന്ന തിരുവനന്തപുരത്തു കഴിഞ്ഞു.

അക്കാലത്തു് അദ്ദേഹം ജ്ഞാനപ്രജാഗരത്തിലെ ഒരു പ്രധാന പ്രത്യുല്പന്നമതിയായ വ്യക്തിയായി പ്രവര്‍ത്തിക്കുകയും, ശൈവസിദ്ധാന്തസമ്പ്രദായം, യോഗം, വേദാന്തം, ധ്യാനം തുടങ്ങിയവയെപ്പറ്റി തുടര്‍ച്ചയായി പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുപോന്നു.

രാജകുമാരന്മാര്‍ തുടങ്ങി കര്‍ഷകത്തൊഴിലാളികള്‍ വരെ ജീവിതത്തിന്റെ വിവിധമേഖലകളിലും വിവിധമതങ്ങളിലുമുള്ള നൂറിലധികം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വാതിതിരുനാള്‍, ചട്ടമ്പിസ്വാമി, നാരായണഗുരു, അയ്യന്‍കാളി, പത്മനാഭന്‍വൈദ്യന്‍ കേരള വര്‍മ്മ, തക്കല പീര്‍മുഹമ്മദ്, പേട്ട ഫെര്‍ണാണ്ടസ്സു്, മാവേലിക്കര തിരുവാതിരനാള്‍ തമ്പുരാട്ടി, കൊല്ലത്തമ്മ, ചിത്രമെഴുത്തു് രവിവര്‍മ്മ, തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. രാജശാസനകള്‍ ധിക്കരിച്ചു എന്നാരോപിച്ചു് ജയിലില്‍ പാര്‍പ്പിച്ചിരുന്ന വൈകുണ്ഠസ്വാമിയെ അയ്യാവുസ്വാമി ആവശ്യപ്പെട്ടതനുസരിച്ചാണു് സ്വാതിതിരുനാള്‍ മോചിപ്പിച്ചതു്. തുടര്‍ന്നു് വൈകുണ്ഠസ്വാമി അയ്യാവുസ്വാമിയുടെ ശിഷ്യനായിത്തീര്‍ന്നു എന്നും പറയുന്നുണ്ടു്.

ഗൃഹസ്ഥാശ്രമികള്‍ക്കും സന്യാസിമാര്‍ക്കും സ്വീകരിക്കാവുന്ന വളരെലളിതമായ ഒരു ശൈവസിദ്ധാന്തപദ്ധതിയാണ് അയ്യാവുസ്വാമി തന്റെ ശിഷ്യര്‍ക്കുപദേശിച്ചതു്. അതില്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം സാധനചെയ്തു് സര്‍വ്വവ്യാപിയായ ശിവന്റെ ചൈതന്യത്തെ ഉള്ളില്‍ പ്രകാശിപ്പിക്കുന്നതു് ക്രിയ, ഹഠയോഗത്തിലെയും രാജയോഗത്തിലെയും അഭ്യാസക്രമങ്ങളിലൂടെ സമാധിഅവസ്ഥ അനുഭവത്തില്‍ വരുന്നതു് ജഞാനം. ഭിക്ഷയാചിക്കരുതു്. അദ്ധ്വാനിച്ചു് ഭക്ഷണമുണ്ടാക്കിയാലേ അതു് ഭുജിപ്പാന്‍പാടുള്ളൂ എന്നൊക്കെ അദ്ദേഹം പഠിപ്പിച്ചു. തൊണ്ണൂറ്റിഅഞ്ചു വയസ്സുവരെ അദ്ദേഹം തൊഴിലെടുത്താണു് ജീവിച്ചതു്. സത്യസന്ധത, സേ്‌നഹം, ദയ, അഹിംസ, ഉത്സാഹം തുങ്ങിയ ഗുണങ്ങള്‍ പോഷിപ്പിച്ചാലേ ജ്ഞാനാന്വോഷണം സഫലമാകൂ എന്നദ്ദേഹം ഉപദേശിച്ചു

ഗാന്ധിജി പോലും അയിത്തേച്ചാടനത്തെക്കുറിച്ചു് ചിന്തിക്കുന്നതിനുമുമ്പു് അദ്ദേഹം സവര്‍ണ അവര്‍ണ പന്തിഭോജനം നടപ്പാക്കി. 1875 ല്‍ മകരമാസത്തിലെ തൈപ്പൂയസദ്യക്കു് അദ്ദേഹം തന്റെ സവര്‍ണശിഷ്യനോടും തന്നോടുമൊപ്പം അയ്യങ്കാളിയെയും മറ്റു് അവര്‍ണരെയുംകൂടിയിരുത്തി സദ്യനടത്തി. അതായിരുന്ന കേരളത്തിലെ ആദ്യത്തെ സവര്‍ണ അവര്‍ണ പന്തിഭോജനം. സഹോദരന്‍ അയ്യപ്പന്‍ 1917 ല്‍ ഇതാണ് ഒരു പ്രസ്ഥാനമാക്കി മാറ്റിയതു്. അയ്യാവുസ്വാമിയെ സവര്‍ണര്‍ പാണ്ഡിപ്പറയന്‍ എന്നുവിളിച്ചു് പരിഹസിച്ചു. അതിനു് അദ്ദേഹം ഇങ്ങനെയാണു് മറുപടിപറഞ്ഞതു്. 'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍'. രണ്ടായിരം കൊല്ലം മുമ്പെഴുതപ്പെട്ടു എന്നു കരുതുന്ന തിരുമൂലരുടെ തിരുമന്ത്രത്തിലെ മൂവായിരം ശ്ലോകങ്ങളില്‍ ഒന്നായ 'ഒന്റേകുലം ഒരുവനേ ദൈവം' എന്നതിന്റെ വിശദീകരണമായിരുന്നു ഈ അയ്യാമൊഴി. ചട്ടമ്പിസ്വാമിയും ഇതുതന്നെ ഉപയോഗിച്ചു. ഒരു ദശകത്തോളം കഴിഞ്ഞു് നാരായണഗുരു ഈ തത്വം കൂടുതല്‍ ശക്തിയോടെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്' എന്നുല്‍ഘോഷിച്ചു.

സമാധിക്കും ഒരു മാസത്തിനുമുമ്പു് അദ്ദേഹം രാജാവിനെ മുഖംകാണിച്ചപ്പോള്‍ അതു് തങ്ങളുടെ അവസാന കൂടിക്കാഴ്ചയാണെന്നറിയിച്ചു. അദ്ദേഹം അന്നു കുറേ പ്രവചനങ്ങളും നടത്തി. 'ഇളയ തമ്പുരാട്ടി നാലുവര്‍ഷത്തിനു് ശേഷം ഒരു പുത്രനു് ജന്മംനല്‍കും. അദ്ദേഹം നല്ല ഭരണാധികാരിയായിരിക്കും. എന്നാല്‍ അതു് ഒടുവിലത്തെ രാജാവായിരിക്കും. രാജകുമാരനു് പന്ത്രണ്ടു വയസ്സാകുമ്പോള്‍ മഹാരാജാവു് നാടുനീകൂം' എന്നൊക്കെ അറിയിച്ച അദ്ദേഹം കുറേപ്രവചനങ്ങള്‍ കൂടി നടത്തി. ഭാരതത്തില്‍ കറ്റാഴനാര്‍ പട്ടെന്നപേരില്‍ പ്രചരിക്കും. കന്യകകള്‍ വാസനയില്ലാത്ത കാട്ടു പൂക്കള്‍ ചൂടും. വന്മാരി പെയ്താലും മണ്ണിനു പുഷ്ടിയുണ്ടാകില്ല. മഴകോപിക്കും. വലിയ തോതില്‍ കൊലപാതകങ്ങള്‍ നടക്കും. വഴികളില്‍ പിടിച്ചുപറി സാധാരണമാകും. ഉടുതുണിക്കും കഞ്ഞിക്കും ജനങ്ങള്‍ യാചിക്കും. ഉത്തരഭാരതം വേര്‍പെട്ടു് പോകും എന്നൊക്കെയാണവ. ആയിടക്കു് അയ്യങ്കാളിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നിന്റെ ചിത്രം രാജാക്കന്മാര്‍ വയ്ക്കും. നീ രാജസഭയിലും പോയിരിക്കും.' പില്‍ക്കാലത്തു് അയ്യങ്കാളി ശ്രീമൂലം പ്രജാസഭാംഗമായി.

അദ്ദേഹത്തിന്റെ പ്രധാനകൃതികളില്‍ ബ്രഹ്മോത്തരഖണ്ഡം, പഴനിവൈഭവം, കുമാരകോവില്‍ കുറവന്‍, ഉള്ളൂരമര്‍ന്തഗുഹന്‍, തിരുപ്പൊരുള്‍ മുരുകന്‍, കേദാരേശ്വരവ്രതം, ഹനുമാന്‍ പാമാലൈ, ഉഃജ്ജയിനി മഹാകാളിപഞ്ചരത്‌നം ഇവ ഉള്‍പ്പെടുന്നു.

അദ്ദേഹം പ്രാണായാമം, ഹഠയോഗം, കുണ്ഡലിനിയോഗം ഇവയില്‍ വിദഗ്ദ്ധനായിരുന്നു. ഇവ ദീര്‍ഘകാലം തുടര്‍ച്ചയായി പരിശീലിച്ചതിന്റെ ഫലമായി നിഗൂഢശക്തികള്‍ നേടിയിരുന്നു. തന്റെ യോഗശാസ്ത്രാദ്ധ്യാപകനായി ചട്ടമ്പിസ്വാമി അയ്യാവുസ്വാമിയെ സ്വീകരിച്ചു. 1909 ജൂലൈയില്‍ അദ്ദേഹം സമാധിയടഞ്ഞു. തൈക്കാട്ടെ ശ്മശാനത്തില്‍ അയ്യാസ്വാമിയുടെ സമാധിസ്ഥലത്തു് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സഹായത്തോടെ ഒരു ശിവശക്തി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

തിരുവനന്തപുരത്തു തൈക്കാട്ടു താമസിച്ചിരുന്ന ഒരു വലിയ പണ്ഡിതനും സന്ന്യാസിയുമായിരുന്നു തൈക്കാടു് അയ്യാവുസ്വാമി. അദ്ദേഹം ശൈവസമ്പ്രദായത്തിന്റെ അനുയായി ആയിരുന്നു. ശിവരാജയോഗവിദ്യ വിശദീകരിക്കുന്നതില്‍ വിദഗ്ദ്ധനുമായിരുന്നു. അദ്ദേഹത്തിനു ചട്ടമ്പിസ്വാമി, നാരായണഗുരു, പത്മനാഭന്‍ വൈദ്യന്‍ തുടങ്ങി പല മഹത്തുക്കളായ ശിഷ്യരുമുണ്ടായിരുന്നു. ഏതാനുംചില മതസാമൂഹിക പരിഷ്കര്‍ത്താക്കളെ രൂപപ്പെടുത്തിയതില്‍ കവിഞ്ഞു് അദ്ദേഹം ഏതെങ്കിലും രേഖകള്‍ സൂക്ഷിക്കുകയോ, എന്തെങ്കിലും അടയാളം അവശേഷിപ്പിക്കുകയോ ചെയ്തില്ല. ആ ശിഷ്യരില്‍ അദ്ദേഹത്തിന്റെ അമൂല്യവിദ്യാദാനത്തെപ്പറ്റിയുള്ള വിശുദ്ധസ്മരണകള്‍ നിലനിന്നു. അവരും ആ വിദ്യകളിലൊന്നിലും വല്ലഭത്വമോ ശിഷ്യത്വമോ ഒരിക്കലും അവകാശപ്പെട്ടില്ല. പക്ഷേ അവരെല്ലാം ബോധത്തിന്റെ ഈ നിഗൂഢകല ആവശ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു കൊടുത്തതിലൂടെ അവയെ നിലനിര്‍ത്തി.

അദ്ദേഹത്തിന്റെ പൂര്‍വീകര്‍ മലബാറിലെ പാമ്പുങ്കാടു് എന്ന ഗ്രാമത്തില്‍നിന്നുള്ളവരായിരുന്നു. പിന്നീടു് അവര്‍ മദിരാശിക്കു താമസം മാറ്റി. അവിടെയാണു് 1813 ല്‍ അയ്യാവു ജനിച്ചതു്. അദ്ദേഹത്തിന്റെ ആദ്യനാമം സുബ്ബരായര്‍ എന്നായിരുന്നു. പിതാവായ മുത്തുകുമാരന്‍ ഒരു തമിഴ് പണ്ഡിതനായിരുന്നു. അദ്ദേഹത്തില്‍ നിന്നും തമിഴു് പഠിച്ചു.

ചെറുപ്പത്തില്‍ത്തന്നെ, പിതാവിനെ ഇടയ്ക്കിടയ്ക്കു സന്ദര്‍ശിച്ചിരുന്ന സച്ചിദാനന്ദന്‍, ചട്ടിപരദേശി എന്നീ രണ്ടു സിദ്ധന്മാരുടെകൂടെ, പതിനാറാമത്തെ വയസ്സില്‍ അദ്ദേഹം ഒരു നീണ്ട തീര്‍ത്ഥയാത്രപോയി. മൂന്നു് വര്‍ഷത്തോളം നീണ്ടുനിന്ന ഈ സഞ്ചാരത്തിനിടയില്‍ ബര്‍മ, സിംഗപൂര്‍, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ ദേശങ്ങളില്‍ പോയി. ആംഗലഭാഷയും യോഗവിദ്യയും പഠിച്ചു. സിദ്ധര്‍ പരീക്ഷിച്ചിരുന്ന ലോഹസംസ്കാര ശാസ്ത്രത്തിലെ ഉപരിപാഠങ്ങളും പഠിച്ചു. അതിലൂടെ ഓടും മറ്റും ലോഹങ്ങളും സംസ്കരിച്ചു സ്വര്‍ണ്ണമാക്കാനുള്ള സാങ്കേതികവിദ്യയും അറിഞ്ഞിരുന്നു എന്നു കരുതപ്പെടുന്നു.