ചട്ടമ്പി സ്വാമികളും ത്രിവിക്രമൻ തമ്പിയും - എസ്. വിമൽകുമാർ

ശ്രീ. ത്രിവിക്രമൻ തമ്പി 1869 നും 1871 നും ഇടയ്ക്കു് ദിവാനായിരുന്ന സര്‍ ടി. മാധവറാവുവിന്റെ കീഴിലെ തിരുവിതാംകൂർ ഹജൂർ കച്ചേരിയിലെ (ഇന്നത്തെ ഗവണ്മെന്റ് സെക്രെട്ടറിയേറ്) ഒരു ഉന്നത ഉദ്യോഗസ്ഥാനായിരുന്നു. ത്രിവിക്രമന്‍ തമ്പി അധികാരപ്രമത്തനായ ഉദ്യോഗസ്ഥനും രാജാവിനോടും ദിവാനോടും വളരെ അടുപ്പമുള്ള ആളുമായിരുന്നു. ഇദ്ദേഹമാണ് രാജകല്പനയനുസരിച്ചു് തിരുമുമ്പില്‍ ഹാജരാക്കി ചോദ്യം ചെയ്യാനായിട്ടു് പ്രസിദ്ധകവിയായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ അറസ്റ്റു ചെയ്തു കയ്യാമംവച്ചു് കൊണ്ടു ചെന്നതു്.തമ്പി ധീരനും കർക്കശക്കാരനുമായിരുന്നു. തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം കൃത്യസമയത്തു ജോലിക്കു ഹാജരാകുന്നതിലും അന്നന്നത്തെ ജോലികൾ അതാതു ദിവസം തന്നെ തീർക്കുന്നതിലും നിർബന്ധ ബുദ്ധി കാണിച്ചിരുന്നു, തന്റെ കീഴ് ജീവനക്കരും അങ്ങനെ തന്നെയാ യിരിക്കണമെനും ശടിച്ചു . ചട്ടമ്പി സ്വാമികൾ സര്‍ക്കാര്‍ജീവനക്കാരനായി അദ്ദേഹത്തിന്റെ കീഴിലായിരുന്നു ജോലിക്കു ചേർന്നത്.

അന്നത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ കര്‍ക്കശമായ വ്യവസ്ഥകളും, കീഴ്ജീവനക്കാരില്‍ നിന്നു ത്രിവിക്രമൻ

തമ്പിയെ പ്പോലുള്ള മേലധികാരികള്‍ പ്രതീക്ഷിക്കുന്ന പെരുമാറ്റവും, ഓഫീസിലെ സമ്പ്രദായങ്ങളും, അവിടെ കൈകാര്യം ചെയ്തുവന്നിരുന്ന വിഷയങ്ങളും എല്ലാം സ്വാമികൾക്കു തീരെ അനാകര്‍ഷകങ്ങളും വിരസങ്ങളുമായിരുന്നു. മാത്രമല്ല തന്റെ അപ്പോഴപ്പോഴായുള്ള ദേശാടനത്തിനു നിയന്ത്രണങ്ങളുണ്ടെന്നും സ്വാമി കണ്ടു.

ഒരിക്കല്‍ തന്റെ ആദ്ധ്യാത്മിക ജ്ഞാനസംബന്ധമായ അന്വേഷണങ്ങളുടെ ഭാഗമായി ചില സുഹൃത്തുക്കളെയും

പണ്ഡിതന്മാരെയും കാണാന്‍ വേണ്ടിയുള്ള ഒരു യാത്രയ്ക്കു് സ്വാമി ഏതാനും ദിവസത്തെ അവധിക്കു് അപേക്ഷകൊടുത്തു.

തമ്പിക്ക് കുഞ്ഞന്‍പിള്ളയോടു് യാതൊരു ബഹുമാനവുമുണ്ടായിരുന്നില്ല. അയാള്‍ കുഞ്ഞന്‍പിള്ളയുടെ വസ്ത്രധാരണത്തെയും ലാളിത്യത്തെയും കളിയാക്കിയിരുന്നു. മാത്രവുമല്ല കുഞ്ഞന്‍പിള്ളയുടെ കഴിവുകളെ ദിവാന്‍ ഒരിക്കൽ തന്റെ മുന്നിൽ വച്ച് അഭിനന്ദിച്ചതില്‍ കടുത്തഅസൂയാലുവുമായിരുന്നു. അതുകൊണ്ടു് തമ്പി അവധി അനുവദിച്ചില്ല.

'തന്റെ സീറ്റില്‍ നാളെ താനുണ്ടാവണം'. നേരിട്ടു വീണ്ടും അവധി ചോദിച്ചപ്പോള്‍ കുഞ്ഞന്‍പിള്ളയോടു് അദ്ദേഹം ആജ്ഞാപിച്ചു.

'ഞാന്‍ അവിടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന അന്നു് എന്നെ അവിടെ കണ്ടുകൊള്ളണം' കുഞ്ഞന്‍പിള്ള ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുത്തു.

പിന്നെ ആരും കുഞ്ഞന്‍പിള്ളയെ സെക്രട്ടറിയറ്റില്‍ കണ്ടില്ല. അതായിരുന്നു അദ്ധ്യാത്മികജീവിതം സ്വീകരിക്കാനായി കുഞ്ഞന്‍പിള്ള കൈക്കൊണ്ട ആദ്യത്തെ ധീരമായ കാല്‍വയ്പ്പ്.

എന്നാൽ സ്വാമി ഉള്ളിൽ തമ്പിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. തമ്പിയുടെ കീഴിലുള്ള ജോലിയുപേക്ഷിച്ചെങ്കിലും അവർ തമ്മിൽ പിന്നീട് നല്ല സൗഹൃദ് ബന്ധം ഉണ്ടായി.

(കുറിപ്പിനു കടപ്പാട്: ചട്ടമ്പി സ്വാമികൾ: ഒരു ധൈ ഷണിക ജീവചരിത്രം)