Subba Jatapatikal

സുബ്ബാജടാവല്ലഭര്‍

സുബ്ബ ജടാപാഠി എന്നുകൂടി അറിയപ്പെടുന്ന സുബ്ബാജടാവല്ലഭര്‍ തമിഴു് നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കല്ലടക്കുറിച്ചിഗ്രാമത്തില്‍ നിന്നാണു് . അദ്ദേഹത്തിന്റെ കുടുംബം ആന്ധ്രയില്‍ നിന്നു ബ്രാഹ്മണരുടെ പുരോഹിതരായിട്ടാണു തമിഴു് നാട്ടിലേക്കു വന്നതു്. ആ ഗ്രാമം പണ്ഡിതന്മാര്‍ക്കു പേരുകേട്ട സ്ഥലമായിരുന്നു. സുബ്ബാജടാവല്ലഭരും, വേദമന്ത്രങ്ങള്‍ വിധിപ്രകാരം ഉച്ചരിക്കുന്നതില്‍ അതിവിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ പേരിന്റെ അന്ത്യത്തില്‍ ചേര്‍ത്തിരിക്കുന്ന പ്രത്യയം 'ജടാപാഠ'ത്തിലുള്ള അദ്ദേഹത്തിന്റെ പ്രത്യേക വൈദഗ്ദ്യം മൂലമാണു്. ഇതു് വേദമന്ത്രങ്ങള്‍ ഉച്ചരിക്കുന്നതിനു ചിട്ടപ്പെടുത്തിയിരിക്കുന്ന നാലുരീതികളില്‍ ഒന്നത്രെ.

സുബ്ബജടാവല്ലഭര്‍ ഭക്ഷിണഭാരതം മുഴുവന്‍ അറിയപ്പെടുന്ന ആചാര്യനായിരുന്നു. തര്‍ക്കശാസ്ത്രം, വ്യാകരണം, ഭാരതീയ അദ്ധ്യാത്മിക നിഗൂഢശാസ്ത്രം, വേദാന്തം ഇവയില്‍ അദ്ദേഹത്തിനു തുല്യനായി മറ്റൊരാളില്ലായിരുന്നു.

അദ്ദേഹത്തിന്റെ വീടു് ഉപരിപഠനം നടക്കുന്ന പ്രാചീനഗുരുകുലങ്ങളെ അനുസ്മരിപ്പിച്ചു. അതു് ആ ഗ്രാമത്തിലെ കുറ്റിക്കല്‍ തെരുവിലായിരുന്നു. ഒരു വിശാലമായ ആശ്രമസ്ഥലിപോലെ ശാന്തസുന്ദരം. അതില്‍ പണ്ഡിതന്മാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യവും, ഹാളുകളും, പ്രാമാണികങ്ങളായ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരവുമുണ്ടായിരുന്നു. വിവിധവിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ ഇടവിട്ടുനടന്നിരുന്നു. അവിടെ പ്രസംഗംനടത്തിവന്ന പണ്ഡിതന്മാരോ ദക്ഷിണദേശങ്ങളിലെ പേരെടുത്ത ബുദ്ധിശാലികളിലെ തെരഞ്ഞെടുക്കപ്പെട്ടവരും. രാജ്യമൊട്ടുക്കുള്ള മഹാപണ്ഡിതന്മാര്‍ മുടങ്ങാതെ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ആ വീടു് നാടാകെ പ്രസിദ്ധിപെറ്റ ഒരു ജ്ഞാനക്ഷേത്രമായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബം വേണാട്ടു രാജാക്കന്മാരുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു. ആ കുടുംബാംഗങ്ങള്‍ അവിടുത്തെ ഭരണാധികാരികളെ ഇടയ്ക്കിടയ്ക്കു സന്ദര്‍ശിച്ചിരുന്നു. എല്ലാ വിശേഷാവസരങ്ങളിലും ശ്രീപത്മനാഭസ്വാമിക്ഷേത്രവും അവര്‍ സന്ദര്‍ശിച്ചിരുന്നു. തിരുവിതാംകൂറില്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന നവരാത്രി വിദ്വല്‍സദസ്സുകളില്‍ ഇദ്ദേഹം അദ്ധ്യക്ഷം വഹിക്കാറുണ്ടായിരുന്നു. രാജാതിഥിയായതുകൊണ്ടു് കോട്ടയ്ക്കകത്തെ കൊട്ടാര സമുച്ചയത്തിനകത്തായിരുന്നു അദ്ദേഹത്തിനും താമസമൊരുക്കിയിരുന്നതു്. നവരാത്രി ഉത്സവകാലസെമിനാറുകളിലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അത്യധികം വിജ്ഞാനപ്രദങ്ങളായിരുന്നു. ആ അഗാധജ്ഞാനം, ദുര്‍ഘടസമസ്യകളെ വിശകലനം ചെയ്തവതരിപ്പിക്കുന്നതിലെ വ്യക്തത, ആധികാരികസ്വരം, ന്യായശാസ്ത്രാധിഷ്ഠിതമായ വാദഗതികള്‍, എല്ലാം ശ്രോതാക്കളെ പിടിച്ചിരുത്തുന്നവയായിരുന്നു.

ഒരു നവരാത്രി ഉത്സവകാലത്തു് ചട്ടമ്പിസ്വാമിയുമായുള്ള സംഭാഷണങ്ങളില്‍ നിന്നു് ആ യുവാവു് വേദങ്ങള്‍, വേദാന്തം, ദൈ്വതം, വിശിഷ്ടാദൈ്വതം തുടങ്ങിയവയുടെ അടിസ്ഥാനതത്ത്വങ്ങള്‍ അറിഞ്ഞിരിക്കുന്നു എന്നും, അവയിലെല്ലാം ഉപരിജ്ഞാനം നേടാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും ജടാവല്ലഭര്‍ മനസ്സിലാക്കി. ശൂദ്രജാതിയില്‍പ്പെട്ട കുഞ്ഞന്‍പിള്ളയെ വേദങ്ങള്‍ പഠിപ്പിക്കാന്‍ കേരളത്തിലെ ഒരു ബ്രാഹ്മണനും തയാറാവുമായിരുന്നില്ല. ചട്ടമ്പിസ്വാമിയുടെ തമിഴു്ഭാഷാ പ്രാവീണ്യവും, തമിഴു് വേദപ്രമാണഗ്രന്ഥങ്ങളില്‍ നിന്നും നേടിയ വേദാന്താവബോധവും അദ്ദേഹത്തെ വിസ്മയിപ്പിച്ചു.

നവരാത്രി ഉത്സവക്കാലത്തെ, കുഞ്ഞന്‍പിള്ളയുമായുള്ള അല്പമാത്രമായ ചര്‍ച്ചകളില്‍നിന്നുതന്നെ ആ മഹാപണ്ഡിതനു് തന്നെ സമീപിച്ച ആ ജ്ഞാനഭിക്ഷു ഒരു സാധാരണ യുവാവല്ലെന്നറിയാനും, അവന്റെ തുടര്‍ന്നുള്ള ജ്ഞാനവികാസത്തിനു് തന്റെ മാര്‍ഗ്ഗദര്‍ശനം അവന്‍ സര്‍വഥാ അര്‍ഹിക്കുന്നുണ്ടെന്നു കണ്ടെത്താനും ഒരു പ്രയാസവുമുണ്ടായില്ല. ആ പരമദരിദ്രനായ യുവാവിന്റെ ഭക്തി, ജ്ഞാനം, വിനയം, ഉപരിപഠനത്തിനുള്ള അപ്രതിരോധ്യമായ അഭിവാഞ്ഛ ഇതെല്ലാം ജടാവല്ലഭരെ അതിയായി സ്വാധീനിച്ചു. നവരാത്രി ഉത്സവ സമാപനവേളയില്‍ ആ തമിഴു് പണ്ഡിതരത്‌നം, ഉപരിപഠനങ്ങള്‍ക്കായി കല്ലടക്കുറിച്ചിയിലേക്കു, തന്നെ അനുഗമിക്കാന്‍, ആ യുവാവിനെ ക്ഷണിച്ചു. അന്നത്തെ ബ്രാഹ്മണര്‍ക്കുപോലും യഥേഷ്ടം സമീപിക്കാനാവാത്തത്ര ഉന്നതസ്ഥാനീയനായ ബ്രാഹ്മണപണ്ഡിതനായിരുന്നു ജടാവല്ലഭര്‍. അതു് ചട്ടമ്പിസ്വാമിയുടെ ജീവിതത്തിലെ ഒരു വമ്പിച്ച നേട്ടവും വഴിത്തിരിവുമായി. അവന്‍ ദക്ഷിണഭാരതത്തിലെ ഏറ്റവും വിശ്രുതമായ ഗുരുകുലങ്ങളിലൊന്നിലേക്കു് ഉപരിപഠനത്തിനായുള്ള പ്രവേശനപരീക്ഷയില്‍ ജയിച്ചു.