Pettayil Raman Pillai Asan

പേട്ടയില്‍ രാമന്‍പിള്ള (1841-1937)

ദക്ഷിണ കേരളത്തിന്റെ സാംസ്കാരികവളര്‍ച്ചയില്‍ രാമന്‍പിള്ള ആശാനു് ഒരു പ്രധാനസ്ഥാനമുണ്ടു്. രാമന്‍പിള്ള സംസ്കൃതപണ്ഡിതനും, കവിയും, അദൈ്വതവേദാന്തിയുമായിരുന്നു. 1841 ല്‍ ആറ്റിങ്ങള്‍ മേവര്‍ക്കല്‍ ദേശത്തു് പട്ടിളക്കൈപ്പള്ളി വീട്ടില്‍ ജനിച്ചു. മാതാപിതാക്കള്‍ പാര്‍വതിയമ്മയും അനന്തന്‍പിള്ളയും. ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കുടുംബമായിരുന്നു അതു്.

പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം തിരുവനന്തപുരം സദര്‍ കോര്‍ട്ടിലെ ഗുമസ്തനായിചേര്‍ന്നു. അച്ഛന്റെ വകയായ പേട്ടയില്‍ ഈഴവിളാകത്തുവീടും ആശാനു കിട്ടി. പിന്നീട് സ്വന്തം വിദ്യാലയം തുടകൂന്നതിനായി സര്‍ക്കാരുദ്യോഗം ഉപേക്ഷിച്ചു.

അദ്ദേഹത്തിന്റെ മലയാളം പള്ളിക്കൂടം 1865 ല്‍ തുടങ്ങി. അതു് പേട്ട കൈതമുക്കു റോഡിന്റെ അരികില്‍ ഇന്നത്തെ പേട്ട റയില്‍വേസ്‌റ്റേഷന്റെ പടിഞ്ഞാറുഭാഗത്തായിരുന്നു.

അദ്ദേഹം നല്ല കഴിവുള്ള സംഗീതജ്ഞനും, കഥകളിപ്പദങ്ങള്‍ പാടുന്നതില്‍ നിപുണനുമായിരുന്നു. സ്കൂള്‍ ആരംഭിച്ചതിനുശേഷം അദ്ദേഹം മലയാളത്തില്‍ 'ആശാന്‍' എന്നു വിളിക്കപ്പെടുന്ന അദ്ധ്യാപകനായി അറിയപ്പെടാന്‍ തുടങ്ങി.

തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ ആദ്യത്തെ അഞ്ചു ക്ലാസ്സുകളിലേക്കുള്ള പകര്‍ത്തെഴുത്തുബുക്കു് ആദ്യമായി തയാറാക്കിയതു് അദ്ദേഹമാണു്.

ഭാഷാഭൂഷണം' മുദ്രാലയം സ്ഥാപിച്ചു. 1886ല്‍ 'മലയാളി' എന്ന പേരില്‍ ഒരു വാര്‍ത്താപത്രികയും പിന്നീടു് 'കഥാവാദിനി' എന്ന ഒരു മാസികയും തുടങ്ങി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമായിച്ചേര്‍ന്നു് 'വഞ്ചിഭൂപഞ്ചിക' എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിക്കാന്‍വേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുശേഷം അതിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

ഏതാനും സാഹിത്യകൃതികളും അദ്ദേഹത്തിന്റേതായുണ്ടു്. അതുപോലെ 'ജ്ഞാനപ്രജാഗരം' എന്ന സംഘടനയ്ക്കു് അദ്ദേഹം രൂപംകൊടുത്തു. അതില്‍ കാലാകാലങ്ങളില്‍ പണ്ഡിതന്മാര്‍ സമ്മേളിച്ചു് സാഹിത്യപരവും, കലാസംബന്ധിയും, സാമൂഹ്യവും, തത്ത്വശാസ്ത്രപരവും, രാഷ്ട്രമീമാംസാപരവുമായ വിഷയങ്ങളെ മുന്‍നിര്‍ത്തി സംവാദങ്ങളും പ്രസംഗങ്ങളും നടത്തിയിരുന്നു. ഹ്രസ്വകാല ക്ലാസ്സുകളും, സെമിനാറുകളും, ചര്‍ച്ചാക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു.

'കേരളസാഹിത്യചരിത്ര'മെന്ന ശ്രദ്ധേയകൃതിയുടെ കര്‍ത്താവായ ആര്‍. നാരായണപ്പണിക്കര്‍ 1924 ല്‍ താന്‍ ആശാനുമായി സന്ധിച്ച വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. 83 വയസ്സിലെത്തിനിന്നിരുന്ന ആ പ്രായത്തിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിനോ ഓര്‍മ്മ ശക്തിക്കോ ഒരു കോട്ടവും തട്ടിയിരുന്നില്ല. അദ്ദേഹം പണിക്കരെ നളചരിതം ആട്ടക്കഥയിലെ ഏതാനും പദങ്ങള്‍ പാടികേള്‍പ്പിച്ചുവത്രെ. സോപാനശൈലിയില്‍ പാടുന്നതില്‍ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.

അദ്ദേഹത്തിന്റെ പാഠശാലയില്‍ പ്രധാനമായി പഠിപ്പിച്ചു വന്നതു് കണക്കു്, തമിഴു്, സംഗീതം ഇവയായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കു് ഭക്ഷണവും താമസസൗകര്യവും സൗജന്യമായിരുന്നു. പേട്ടയിലും പരിസരത്തുമുള്ളവരും, നഗരത്തിന്റെ ഇതരഭാഗങ്ങളില്‍നിന്നുള്ളവരും, വിവിധ ജാതിമതസ്ഥരുമായ ധാരാളം ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ കീഴില്‍ പഠിച്ചിരുന്നു. ചട്ടമ്പിസ്വാമികള്‍, പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. പല്‍പു, അദ്ദേഹത്തിന്റെ സഹോദരന്‍ റാവു ബഹദൂര്‍ പി. വേലായുധന്‍, പി. പരമേശ്വരന്‍ തുടങ്ങി പിന്നീടു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തരായിത്തീര്‍ന്ന പല ശ്രേഷ്ഠവ്യക്തികളും തുടക്കത്തില്‍ ഇദ്ദേഹത്തിന്റെ പാഠശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു.