Swaminatha Desikar

സ്വാമിനാഥ ദേശികര്‍

സ്വാമിനാഥ ദേശികര്‍ തിരുവനന്തപുരം മഹാരാജാസു് കോളജില്‍ തമിഴു് പ്രൊഫസറായിരുന്നു. തമിഴു് ഭാഷയിലെയും സാഹിത്യത്തിലെയും ഒരു പ്രാമാണിക പണ്ഡിതശ്രേഷ്ഠനായിരുന്ന അദ്ദേഹം തമിഴു് ശൈവസമയാചാര്യന്മാരുടെ മിക്കകൃതികളും വായിച്ചിരുന്നു. മഹാനായ മീനാക്ഷി സുന്ദരംപിള്ളയുടെ ശിഷ്യനുമായിരുന്നു. മഹാരാജാസില്‍ അദ്ദേഹം ജോലി നോക്കിയിരുന്നതു് 1886-1924 കാലത്തായിരുന്നു.

ജ്ഞാനപ്രജാഗരത്തിലെ അംഗമായിരുന്ന അദ്ദേഹം അതിന്റെ എല്ലാപരിപാടികളിലും ഭാഗഭാക്കായിരുന്നില്ലെങ്കിലും അതിനു ബുദ്ധിപരമായ എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്നു. തമിഴു്‌വ്യാകരണത്തില്‍ പ്രാമാണികനായിരുന്ന അദ്ദേഹമാണു് തമിഴു് ഭാഷയിലെ സുപ്രസിദ്ധമായ 'ഇലക്കണ വിളക്കം' എന്ന വ്യാകരണഗ്രന്ഥം എഴുതിയതു്. അതുപോലെ തന്നെ തമിഴു്‌സംസ്കാരം, ഭാഷ, സാഹിത്യം, ശൈവസിദ്ധാന്തം, ഇവയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍ ഇവയിലെല്ലാം അഗാധജ്ഞാനമുള്ള പണ്ഡിതശ്രേഷ്ഠനുമായിരുന്നു.

ജ്ഞാന പ്രജാഗരത്തിലെ സംവാദങ്ങളില്‍ സജീവപക്കൃവഹിച്ചിരുന്ന ചട്ടമ്പിസ്വാമി ദേശികരുടെ ശ്രദ്ധപിടിച്ചുപറ്റി. ഒരിക്കല്‍ അവിടെ ഇവര്‍ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്ന അവസരത്തില്‍ തനിക്കു തമിഴു് പഠിക്കണമെന്നുള്ള ആഗ്രഹം ദേശികരെ അറിയിച്ചു.

അദ്ദേഹത്തിനു ചട്ടമ്പിസ്വാമിയെ പഠിപ്പിക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ചട്ടമ്പിസ്വാമി ദേശികര്‍ക്കു ശിഷ്യപ്പെട്ടു. ഈ അസാധാരണ ശിഷ്യനുവേണ്ടി ദേശികര്‍ക്കു ചെലവഴിക്കാന്‍ കിട്ടുന്ന സമയങ്ങള്‍ ആ ശിഷ്യന്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തി തമിഴു് പഠിച്ചു. ആ യുവാവിന്റെ ആദ്ധ്യാത്മികതയിലേക്കുള്ള ചായ്‌വ് ആ യുവാവില്‍ ദേശികര്‍ക്കു കൂടുതല്‍ സേ്‌നഹമുളവാക്കി.

കോട്ടയ്ക്കകത്തുള്ള ദേശികരുടെ വീട്ടിലേക്കു ചട്ടമ്പിസ്വാമി ദിനം പ്രതിയെന്നോണം പോകാന്‍തുടങ്ങി. തുടക്കത്തില്‍ അദ്ദേഹം തമിഴു് വ്യാകരണമാണു പഠിപ്പിച്ചതു്. ശിഷ്യന്‍ അസാധാരണ ബുദ്ധിശാലിയായിരുന്നുവല്ലോ. അതുകൊണ്ടു് വേഗംതന്നെ അവര്‍ തമിഴു്പുരാണങ്ങള്‍, വേദാന്തം തുടങ്ങിയവയിലുള്ള മൗലികകൃതികളിലേക്കു കടന്നു.

തന്റെ ശിഷ്യന്റെ അര്‍പ്പണബോധം, ബുദ്ധിസാമര്‍ത്ഥ്യം, താന്‍ പഠിപ്പിച്ച പല കാര്യങ്ങളെപറ്റിയും പ്രകടിപ്പിച്ച നൂതനാശയങ്ങള്‍ എന്നിവ മനസ്സിലാക്കിയ ദേശികര്‍ക്കു് കുഞ്ഞനോടുള്ള വാത്സല്യം വര്‍ദ്ധിപ്പിച്ചു.

ദേശികര്‍ തന്റെ പഠനമുറിയില്‍ പഴയ തമിഴു്കൃതികളുടെ ഒരു വമ്പിച്ച ശേഖരം ശാസ്ത്രീയമായി തരംതിരിച്ചു് ഭംഗിയായി അടുക്കിവച്ചിരുന്നു. ദേശികരുടെ സ്വന്തം ഗ്രന്ഥശാലയിലൂടെ ചട്ടമ്പിസ്വാമി പഴയ തമിഴു്‌സാഹിത്യത്തിലെ പ്രധാനകൃതികളെല്ലാം വായിച്ചു്ഹൃദിസ്ഥമാക്കി.

അതുപോലെ ദേശികരുടെ നിര്‍ദ്ദേശപ്രകാരം വളരെ നീണ്ട സമയം തനിക്കു താല്പര്യമുള്ള തമിഴു്കൃതികള്‍ മറ്റിടങ്ങളില്‍ നിന്നു കണ്ടെത്തി വായിക്കുന്നതില്‍ കുഞ്ഞന്‍ ദത്തശ്രദ്ധനായി. പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടയ്ക്കകം ഭാഗങ്ങളില്‍ താമസിക്കുന്ന പല തമിഴു്ബ്രാഹ്മണപണ്ഡിതന്മാരുമായി പരിചയപ്പെടാനും ദേശികരുമായുള്ള സൗഹൃദം ചട്ടമ്പിസ്വാമിയെ പ്രാപ്തനാക്കി. അത്തരക്കാരെ സമീപിക്കുക എന്നതുതന്നെ അവരാചരിച്ചുവന്നിരുന്ന കടുത്ത ജാതിവ്യവസ്ഥയും സങ്കീര്‍ണ്ണതകളുംമൂലം ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. എന്നാല്‍ അവരെല്ലാം ചട്ടമ്പിസ്വാമിയെ ദേശികരുടെ ഒരനുചരനായി കരുതിയതിനാല്‍ അവരെ കാണാനും, അവരില്‍ നിന്നു ദേശികര്‍ക്കു വേണ്ടി പുസ്തകങ്ങളും മറ്റു വസ്തുക്കളും സമ്പാദിക്കാനും സ്വാമിക്കു സാദ്ധ്യമായി.അചിരേണ ചട്ടമ്പിസ്വാമി തമിഴില്‍ അഗാധജ്ഞാനം നേടി. തിരുമൂലര്‍, തിരുവള്ളുവര്‍, കമ്പര്‍, പട്ടണത്തുപിള്ളയാര്‍, നക്കീരര്‍ ഇവരുടെ കൃതികള്‍ ചട്ടമ്പിസ്വാമി പഠിച്ചു. തന്റെ ശിഷ്യന്റെ താല്പര്യവും കഴിവുകളും മനസ്സിലാക്കിയ ദേശികര്‍ സുബ്ബ ജടാവല്ലഭരുചെ കീഴില്‍ ഉപരിപഠനം നടത്തുന്നതിനു ചട്ടമ്പിസ്വാമിക്കു് അവസരവും നേടിക്കൊടുത്തു.