HOME പ്രഭാഷണങ്ങള്‍ ലേഖനങ്ങള്‍ ശബാബ് EBooks
ചെറിയമുണ്ടം അബ്ദുല്‍ഹമീദ് ശബാബ് വാരിക മാര്‍ച്ച് 12 , 2010
ഇസ്റാഈലും അമേരിക്കയും കൂട്ടാളികളും പ്രചരിപ്പിക്കുന്നപോലെ ഇറാന് ഒരു ആണവ ശക്തിയാകാനുള്ള ശ്രമങ്ങള്‍ തന്നെയാണോ നടത്തിക്കൊണ്ടിരിക്കുന്നത്? ഏത് സമയവും ഒരു അണ്വായുധം നിര്‍മിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ വികസിച്ചുകഴിഞ്ഞിട്ടുണ്ടോ? അന്താരാഷ്ട്ര ആണവ ഏജന്‍സിക്ക് ഈ കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്നാണ് അതിന്റെ ചെയര്‍മാന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. എങ്കിലും ഈ വിഷയത്തില്‍ പാശ്ചാത്യര്‍ക്കുള്ള ആശങ്ക ആണവ ഏജന്‍സിയും പങ്കുവെക്കുന്നതായി തോന്നുന്നു. തങ്ങള്‍ക്ക് അണുബോംബ് നിര്‍മിക്കുക എന്നൊരു ലക്ഷ്യമേ ഇല്ലെന്നും വൈദ്യുതോല്പാദനത്തിനും കാന്‍സര്‍ ചികിത്സക്കും വേണ്ടിയാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്നുമാണ് ഇറാന് പ്രസിഡന്റ് അഹ്മദി നെജാദും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നതരും ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്.
നെജാദും മറ്റും പറയുന്നത് തികച്ചും ശരിയാണെങ്കില്‍, അവരുടെ യാഥാര്‍ഥ്യബോധത്തെ അഭിനന്ദിക്കേണ്ടതുണ്ട്. കാരണം, ശതകോടികള്‍ ചെലവഴിച്ച് അണുബോംബുകള്‍ നിര്‍മിച്ച് സൂക്ഷിച്ചുവെച്ച രാഷ്ട്രങ്ങള്‍ക്കൊന്നും അതുകൊണ്ട് മൗലികമായ പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെക്കാലമായി യാതൊരു ആണവരാഷ്ട്രവും ശത്രുവിനെതിരില്‍ അണുബോംബ് പ്രയോഗിച്ചിട്ടില്ല. ചരിത്രത്തിലാകെ രണ്ടുതവണ മാത്രമാണ് അത് പ്രയോഗിക്കപ്പെട്ടത്. ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളില്‍ 1945ല്‍ അമേരിക്ക നടത്തിയ ആണവാക്രമണങ്ങളില്‍ ലക്ഷക്കണക്കില് മനുഷ്യര്‍ കൊല്ലപ്പെട്ടുവെങ്കിലും അതിനുശേഷം ജപ്പാന് അതിവേഗം ഉയിര്ത്തെഴുന്നേല്ക്കുകയും ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നായിത്തീരുകയും ചെയ്തു. ഒരു രാഷ്ട്രത്തെയോ സമൂഹത്തെയോ നിശ്ശേഷം തകര്‍ക്കുന്നതിന് വന്വിനാശകാരിയായ ബോംബ ്പോലും ഫലപ്രദമാവുകയില്ലെന്നാണ് ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്.
അമേരിക്ക അന്നും ഇന്നും ശാക്തികരാഷ്ട്രമാണെങ്കിലും ആറ്റം-ഹൈഡ്രജന്‍ ബോംബുകളാണ് ആ ശക്തിക്ക് നിദാനമെന്ന് കരുതുന്നത് ശരിയല്ല. റഷ്യയുടെ കൈവശം ഒട്ടേറെ അണുബോംബുകളുണ്ടെങ്കിലും അതിന്റെ പേരില്‍ ആ രാഷ്ട്രത്തെ ഇപ്പോള്‍ ആരും ഭയപ്പെടുന്നില്ല. പാകിസ്താന് അതിന്റെ അണുബോംബുകള്‍ ദുരന്തമായി പരിണമിക്കുമോ എന്നാണ് കിഴക്കും പടിഞ്ഞാറുമുള്ള പലരും ഇപ്പോള്‍ ആശങ്കിക്കുന്നത്.
ആരെയും തൊഴിക്കാന്‍ ഉപകരിക്കാത്ത ഒരു മന്തുകാലിന്റെ പേരില്‍ അഹങ്കരിക്കുക എന്ന മൗഢ്യം നെജാദിനും കൂട്ടുകാര്‍ക്കും ഇല്ലെങ്കില്‍ അത് വളരെ നല്ല കാര്യംതന്നെ. ഇനി ഏതാനും ആണവായുധങ്ങള്‍ നിര്‍മിച്ചിട്ട് ഇസ്രാഈലിനെയും മറ്റും വെല്ലാമെന്ന വ്യാമോഹം ഇറാനീ നേതാക്കളെ ബാധിച്ചിട്ടുണ്ടെങ്കില്പോലും യു എസും സഖ്യകക്ഷികളും അതിന്റെ പേരില്‍ ഉപരോധങ്ങളുടെ അഴിയാക്കുരുക്കുകൊണ്ട് ഇറാനെ ശ്വാസം മുട്ടിക്കേണ്ട കാര്യമൊന്നുമില്ല. പശ്ചിമേഷ്യയില്‍ എവിടെയും ആക്രമണം നടത്താന്‍ കഴിവുള്ള ആണവശക്തിയായി ഇസ്റാഈല്‍ വളര്‍ന്നപ്പോള്‍ ഒരക്ഷരം ഉരിയാടാത്ത വന്‍ശക്തികള്‍ക്കും ശിങ്കിടികള്‍ക്കും ഇറാന്റെ ആണവ സംരംഭങ്ങള്ക്കെതിരില് കോലാഹലം സൃഷ്ടിക്കാന്‍ ന്യായമേതുമില്ല. പശ്ചിമേഷ്യയില്‍ യഹൂദ ആണവായുധം മാത്രമേ ഉണ്ടാകാവൂ എന്ന ക്രൈസ്തവ രാഷ്ട്രങ്ങളുടെ ശാഠ്യത്തിന് മുമ്പില്‍ സകല മുസ്ലിം രാഷ്ട്രങ്ങളും മുട്ട്മടക്കിയേ തീരൂ എന്ന് പറയുന്നത് തികഞ്ഞ നെറികേടാണ്.
എന്നാല്‍ ഇറാനും മറ്റു മുസ്ലിം രാഷ്ട്രങ്ങളും ഒരുപോലെ ഗൗരവപൂര്‍വം വിലയിരുത്തേണ്ട വിഷയമാണ് ആയുധപ്പന്തയത്തിന്റെ ഗുണദോഷങ്ങള്‍. ഇസ്റാഈലിന്റെ ഭീഷണിക്കെതിരില്‍ അറബ്-മുസ്ലിം രാഷ്ട്രങ്ങള്‍ പ്രതിരോധ സജ്ജരാകേണ്ടത് ഒഴിച്ചുകൂടാത്ത ആവശ്യമാണെങ്കിലും മുസ്ലിം ഐക്യവും മേഖലാ ഐക്യവും ഉറപ്പുവരുത്താതെ ഏതെങ്കിലുമൊരു രാഷ്ട്രം ആയുധങ്ങള്‍ വാരിക്കൂട്ടുന്നത് വലിയ ആശങ്കകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കാന്‍ സാധ്യതയുണ്ട്. മുസ്ലിം സമൂഹങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുക എന്നത് സാമ്രാജ്യത്വശക്തികള്‍ എക്കാലത്തും പരീക്ഷിച്ചുപോന്നിട്ടുള്ള തന്ത്രമാണ്. ശീആ-സുന്നി, സലഫി-സൂഫി, ഭീകരവാദി-മിതവാദി എന്നിങ്ങനെ മുസ്ലിംകളെ കള്ളിതിരിച്ചു നിര്‍ത്തി അവര്‍ക്കിടയില്‍ വിരോധം വളര്‍ത്തിയാല്‍ ഇസ്റാഈലിനും സാമ്രാജ്യശക്തികള്‍ക്കും നേട്ടങ്ങളനവധിയുണ്ട്.
സദ്ദാമിന്റെ ശീആ വിരോധം മുതലെടുത്താണ് അമേരിക്കയും കൂട്ടാളികളുംകൂടി ഇറാഖ്-ഇറാന് യുദ്ധം കൊഴുപ്പിച്ചത്. കുവൈത്ത് കീഴടക്കാന്‍ സദ്ദാമിനെ പ്രേരിതനാക്കിയതില് സാമ്രാജ്യത്വത്തിന്റെ പങ്ക് എത്രത്തോളമെന്ന് വ്യക്തമല്ലെങ്കിലും കുവൈത്തിന്റെ മോചനത്തിനു വേണ്ടി ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്‍ബലത്തോടെ അമേരിക്ക നടത്തിയ യുദ്ധം അറബ് ലോകത്ത് ഗുരുതരമായ ചേരിതിരിവ് സൃഷ്ടിക്കുകയുണ്ടായി. അറബ്ലീഗിന്റെയോ, ലോക ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെയോ വേദികളില്‍ മുസ്ലിം രാഷ്ട്രത്തലവന്മാര്ക്ക് ഒന്നിച്ചിരുന്ന് കാര്യാലോചന നടത്താനുള്ള സാധ്യതപോലും ഇല്ലാതായി. മിഡില്‍ഈസ്റ്റില്‍ ഭിന്നത കൊടികുത്തി വാഴുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇറാഖില്‍ അധിനിവേശം നടത്താന്‍ ജോര്‍ജ് ബുഷിന് ധൈര്യം പകര്‍ന്നത്. പശ്ചിമേഷ്യയിലെ എല്ലാ രാഷ്ട്രങ്ങളുമായും മോശമല്ലാത്ത നയതന്ത്രബന്ധം നിലനിര്‍ത്താന്‍ സദ്ദാംഹുസൈന് സാധിച്ചിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ ഗതി എന്താകുമായിരുന്നുവെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. എന്നാല്‍ ഇറാന് പ്രസിഡന്റ് അഹ്മദി നെജാദിന് മുസ്ലിം ലോകത്തിന്റെ മൊത്തം ഭാവിയില്‍ താല്പര്യമുണ്ടെങ്കില് അമേരിക്കയ്ക്കെതിരില് കടുത്ത നിലപാട് സ്വീകരിക്കുന്നതോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളുമായും ഈജിപ്തുമായും മറ്റും സൗഹൃദം സുദൃഢമാക്കാനുള്ള പക്വമായ നീക്കങ്ങളും നടത്താവുന്നതാണ്.
ഇറാന് ആണവസാങ്കേതിക വിദ്യ വികസിപ്പിക്കുന്നതും മിസൈലുകള്‍ പരീക്ഷിക്കുന്നതും ഏതെങ്കിലും അറബ്-മുസ്ലിം രാഷ്ട്രത്തിനെതിരില്‍ പ്രയോഗിക്കാനല്ലെന്ന് അയല്‍രാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെടുന്നത് ഇരുവിഭാഗത്തിനും ഏറെ പ്രയോജനപ്രദമായിരിക്കും. മറിച്ച്, പ്രചരിപ്പിക്കാന്‍ പൊതുശത്രുക്കള്‍ കിണഞ്ഞ് ശ്രമിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് പരസ്പര സഹകരണം കൂടുതല്‍ ഈടുറ്റതാക്കാന്‍ കഴിഞ്ഞാല്‍ അവയില്‍ ചിലതിന് പാശ്ചാത്യരാഷ്ട്രങ്ങളോടുള്ള വിധേയത്വം ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും. ഇറാന് സിറിയയുമായി വളരെ അടുത്ത നയതന്ത്രബന്ധം സ്ഥാപിക്കുകയും ശീആ ഭൂരിപക്ഷരാഷ്ട്രമായ ഇറാഖില്‍ നിന്ന് അമേരിക്കയും സഖ്യകക്ഷികളും ആസന്നഭാവിയില്‍ പിന്‍വാങ്ങുമ്പോള്‍ അവിടെ ഇറാന് ഗണ്യമായ സ്വാധീനം ലഭിക്കാന്‍ സാധ്യതതെളിയുകയും ചെയ്ത സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ ആര്‍ക്കും അവഗണിക്കാനൊക്കാത്ത സ്ഥാനത്തേക്ക് ഇറാന് ഉയര്‍ന്നേക്കാന്‍ ഇടയുണ്ട്. ഇതിലൂടെ കൈവരുന്ന രാഷ്ട്രീയവും സാമ്പത്തികവും സാങ്കേതികവും മറ്റുമായ നേട്ടങ്ങള്‍ രചനാത്മകമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ മുസ്ലിം ലോകത്തിന്റെ മുഖച്ഛായ തന്നെമാറിയേക്കാം.
പാശ്ചാത്യ വ്യാവസായിക രാഷ്ട്രങ്ങളെല്ലാം ആഗ്രഹിക്കുന്നത് മുസ്ലിംലോകം എക്കാലത്തും ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ പിന്നാക്കാവസ്ഥയില്‍ തന്നെ കഴിയണമെന്നാണ്. എന്നാലേ മുസ്ലിംലോകം പാശ്ചാത്യവ്യാവസായിക ഉല്പന്നങ്ങളുടെ മികച്ച കമ്പോളമായിരിക്കുകയുള്ളൂ. മുസ്ലിം ലോകത്ത് ഓടുന്ന വാഹനങ്ങളെല്ലാം പാശ്ചാത്യരാജ്യങ്ങളിലോ ജപ്പാനിലോ കൊറിയയിലോ നിര്‍മിക്കപ്പെട്ടവയാണ്. മികച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെയെല്ലാം അവസ്ഥയും ഇതുതന്നെ. പെട്രോ കെമിക്കല്‍ വ്യവസായങ്ങളും വൈദ്യുതോല്പാദന സമുദ്രജലനിര്ലവണീകരണ നിലയങ്ങളുമെല്ലാം വിദേശ സാങ്കേതിക വിദഗ്ധര്‍ സ്ഥാപിച്ചുനടത്തുന്നതുതന്നെ. വിദേശ രാഷ്ട്രങ്ങളെ ഈ മേഖലകളിലൊക്കെ ഏറെക്കുറെ പൂര്‍ണമായി ആശ്രയിക്കേണ്ടിവരുന്നതുകൊണ്ടാണ് മുസ്ലിം രാഷ്ട്രങ്ങള്‍ എന്നും അവികസിതാവസ്ഥയില്‍ കഴിയുന്നത്. സാമ്പത്തിക സാങ്കേതികരംഗങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ഫലപ്രദമായി സഹകരിക്കാന്‍ കഴിഞ്ഞാല്‍ ഈ ദുസ്ഥിതി മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
ഈജിപ്തും സുഊദി അറേബ്യയും ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനും ഇറാഖും സിറിയയും ലബനാനും തുര്‍ക്കിയും മറ്റും സാമ്പത്തിക സാങ്കേതിക മേഖലകളില്‍ മുന്‍വിധികള്‍ കൂടാതെ സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു വികസിത മുസ്ലിം ലോകത്തിന്റെ പിറവിയായിരിക്കും ഫലം. അത് തടസ്സപ്പെടുത്താന്‍ പാശ്ചാത്യശക്തികള്‍ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്. അവരുടെ ഉല്പന്നവിറ്റുവരവില് ഒരുകോടി ഡോളറിന്റെ കമ്മിവന്നാല് പോലും അത് നികത്താനുള്ള തന്ത്രങ്ങള്‍ അവര്‍ പയറ്റും. പക്ഷെ, ഒന്നിച്ചു നില്ക്കുകയാണെങ്കില് ആ തന്ത്രങ്ങളെ വിദഗ്ധമായി മറികടക്കാനും, റഷ്യയും ചീനയും മറ്റു ഏഷ്യനാഫ്രിക്കന്‍ ശക്തികളും ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പിംഗിലൂടെ ആഗോള ശാക്തിക സമവാക്യങ്ങള്‍ തന്നെ തിരുത്തിക്കുറിക്കാനും മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചുകൂടായ്കയില്ല.
അതിന് ശീആ-സുന്നി, സലഫീ-സൂഫി, ശാഫീ-ഹനഫീ വ്യത്യാസങ്ങളെ ആശയതലത്തില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ട്, കക്ഷിത്വങ്ങള്‍ക്ക് അതീതമായ ഇസ്ലാമിക ഐക്യത്തിന്റെ പ്രാധാന്യം മുസ്ലിം രാഷ്ട്രസാരഥികള് യഥോചിതം പരിഗണിക്കുക തന്നെവേണം. ശീആ വിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ സുന്നികളോ, സുന്നി വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശീആക്കളോ ശ്രമിക്കുകയാണെങ്കില്‍ അത് കൊളോണിയല്‍ കുടിലതയുടെ അന്ധമായ അനുകരണം മാത്രമായിരിക്കും. അത്തരം ചെളിക്കുണ്ടുകളില്‍ നിന്ന് കരകയറാനുള്ള ആര്‍ജവം എല്ലാ വിഭാഗങ്ങളിലുമുള്ള മുസ്ലിം നേതാക്കള്‍ പ്രകടിപ്പിക്കേണ്ട ചരിത്ര ദശാസന്ധിയാണിത്. l