2010 Nov 05 SHABAB
ജനകീയ വികസനവും പ്രതിരോധ രാഷ്ട്രീയവും; കേരള ജനതയുടെ താക്കീത്
ഖാദര്‍ പി
കൈമാറാനാവില്ലെന്നുറപ്പുള്ള കീറിമുഷിഞ്ഞ നോട്ടുകള്‍ നല്ല നോട്ടുകളുടെ കൂടെ തിരുകി വെച്ച് തഞ്ചത്തില്‍ കൈമാറുന്ന വിരുതന്മാരുണ്ട്നമുക്കിടയില്. എണ്ണിനോക്കുന്നവനും വിരുതനാണെങ്കില്‍ `ഇതാ ഈ നോട്ട് മാറ്റിത്തരൂ' എന്നുപറഞ്ഞ് തിരികെ തരും. അല്ലെങ്കില്‍ അറിയാതെഅതങ്ങ്
കൈമാറ്റപ്പെടുകയും ചെയ്യും. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ തലേനാളായ ഒക്ടോബര്‍ 22നും നടന്നുസമാനമായ ഒരു വിനിമയശ്രമം. പിറ്റേ ദിവസവും ഒക്ടോബര്‍ 25നും നടക്കുന്ന തെരഞ്ഞെടുപ്പില്‍ `ജനകീയ കൂട്ടായ്മകളെ വിജയിപ്പിക്കണം: സാംസ്കാരിക പ്രവര്‍ത്തകര്‍' എന്ന തലക്കെട്ടില്‍ ഒരു പെട്ടിക്കോളം വാര്‍ത്ത വന്നു മാധ്യമത്തില്‍.
ജനപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരെ വിജയിപ്പിക്കണമെന്ന് കേരളത്തിലെ അന്‍പത്തൊന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആഹ്വാനംചെയ്യുന്നുവെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്.
കവി സച്ചിതാനന്ദന്, കെ ജി ശങ്കരപ്പിള്ള, പൊക്കുടന്, സിവിക് ചന്ദ്രന് തുടങ്ങി ഇരുപത്തിമൂന്ന് പേരുകളാണ് പത്രത്തില്‍ അച്ചടിച്ചുവന്നത്. ഈസാംസ്കാരിക പ്രമുഖരില്‍ അതാ കിടക്കുന്നു ഒ അബ്ദുര്‍റഹ്മാന്റെയും ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെയും പേരുകള്‍. ചില `പ്രമുഖരുടെ' പേരുകള്‍ കഴിഞ്ഞ് ബ്രാക്കറ്റ് കൊടുത്തിരിക്കുന്നു. അവര്‍ ആരെന്ന് പറഞ്ഞുതരികയായിരുന്നു ലക്ഷ്യം. അത്രക്ക് പ്രമുഖരായിരുന്നു അവര്‍. അതുകൊണ്ടാവാംഅവശേഷിക്കുന്ന ഇരുപത്തെട്ട് പ്രമുഖരുടെ പേരുകള്‍ കൊടുത്തിട്ടില്ല. ഹമീദ് വാണിമേല്‍ (ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി), വയലാര്‍ ഗോപകുമാര്‍ (മാധ്യമം തിരുവനന്തപുരം ലേഖകന്‍).... തുടങ്ങിയവരൊക്കെയാകാം അത്!
തീര്‍ച്ചയായും അവരില്‍ ചിലര്‍ സാംസ്കാരിക പ്രമുഖര്‍ തന്നെ. പക്ഷേ, ഒരു കാര്യം ഉറപ്പ്. അവരിലേറെ പേരും ഈ ഒപ്പിടലിന് പിന്നിലെ ഒളിയജണ്ടതിരിച്ചറിയാത്തവരാണ്. മറ്റു ചിലര്‍ സംഘടനയുടെയും പ്രസിദ്ധീകരണങ്ങളുടെയും ശീതളച്ഛായയിലുള്ളവര്. ഇനിയും ചിലര്‍ അടിയുറച്ചജമാഅത്തുകാര്. യഥാര്‍ഥ സാംസ്കാരിക പ്രവര്‍ത്തകര്‍ രാഷ്ട്രീയ-മത-ജാതി പക്ഷപാതിത്തങ്ങള്ക്കപ്പുറം ചിന്തിക്കുന്നവരും ലാഭനഷ്ടങ്ങള്‍ നോക്കാതെ അഭിപ്രായം പറയുന്നവരുമാണ്. ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയും കുഞ്ഞാലിക്കുട്ടിയെയും നാം സാംസ്കാരിക പ്രമുഖരില്‍ ഉള്‍പ്പെടുത്താറില്ല.
ഒ അബ്ദുര്‍റഹ്മാനും കാരക്കുന്നും കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ജമാഅത്തെ ഇസ്ലാമിയുടെ കുടിലമായ രാഷ്ട്രീയ തന്ത്ര കുതന്ത്രങ്ങളുടെബുദ്ധികേന്ദ്രമായിരുന്നു. സാംസ്കാരിക പ്രമുഖരുടെ കൂട്ടത്തില്‍ ഒളിച്ചുകടന്ന അവരിലൊരാളായിരുന്നു ഒക്ടോബര്‍ 13ന് മാധ്യമത്തില്‍ ജനകീയവികസന മുന്നണിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ലേഖനമെഴുതിയത്. അതേയാള്‍ തന്നെയായിരുന്നു പ്രബോധനത്തിലൂടെഅക്കാര്യം നമ്മെ അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജമാഅത്ത് മുന്നണി എഴുപത്തഞ്ചോളം വാര്‍ഡുകളില്‍ രണ്ടാംസ്ഥാനത്തെത്തുകയും ഒന്നരലക്ഷം വോട്ടുകള്‍ നേടുകയും ചെയ്തുവെന്ന് അവകാശപ്പെട്ടതും ഇദ്ദേഹം തന്നെ. എന്തിനധികം പറയുന്നു, സാധാരണജമാഅത്ത് വേദികളിലെ സാദാ പ്രസംഗികരായും ഇവരെ നാം കണ്ടുകൊണ്ടിരിക്കുന്നു.
ഈ കപടനാട്യങ്ങള്‍ പക്ഷെ മലയാളിയുടെ ഉയര്‍ന്ന സാംസ്കാരികബോധവും വിവേചനബുദ്ധിയും തിരിച്ചറിഞ്ഞുവെന്നതാണ് തെരഞ്ഞെടുപ്പിന്ശേഷമുള്ള ചര്‍ച്ചകളില്‍ ഒന്നാമത്തെ അജണ്ടയായി പരിഗണിക്കേണ്ടത്. ഒരു പത്രത്തിന്റെ ബ്യൂറോകളും ഡസ്കുകളും കൂട്ടായി നടത്തിയവാര്ത്തായുദ്ധം, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ വെല്ലുന്ന പോസ്റ്റര്‍-വാഹന പ്രചാരണങ്ങള്‍, ഖുതുബകള്‍, കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയായും ഭീഷണിയായും വോട്ട് ചോദിക്കല്‍, അവിശുദ്ധ-അവസരവാദ സഖ്യങ്ങളും അടവുനയങ്ങളും, മുത്തഫിഖ് മുതല്‍സംസ്ഥാന അമീര്‍ വരെ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ ഫിത്നയും ഫസാദും. എല്ലാമായിട്ടും കിട്ടിയത് ഒമ്പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍. അതും ഇരുട്ടിന്റെ മറവില്‍ നടന്നതും ഇരുകൂട്ടരും പരസ്യമാക്കാന്‍ മടിക്കുന്നതുമായ രഹസ്യബാന്ധവങ്ങളുടെ ബലത്തില്‍.
സംഘടന ഇസ്ലാമിക രാഷ്ട്രം പരീക്ഷിക്കുന്ന ഗ്രാമങ്ങളിലൊന്നാണ് ശാന്തപുരം. ആ പ്രദേശമുള്‍ക്കൊള്ളുന്ന മുള്ള്യാകുര്‍ശി സൗത്ത് 12ല്‍ ജയിച്ചത് യു ഡി എഫ്. ജമാഅത്തിന് കിട്ടിയത് 157 വോട്ട്. മുള്ള്യാകുര്‍ശി നോര്‍ത്ത് 13ല്‍ ജയിച്ചത് ഇടതുപക്ഷക്കാരന്. പട്ടിക്കാട് ഹൈസ്കൂള്‍ 11-ാം വാര്‍ഡില്‍ ജമാഅത്തിന് കിട്ടിയത് 62 വോട്ട്. ഇവിടെ ജയിച്ച ലീഗുകാരിയുടെ ഭൂരിപക്ഷം 250ഉം.
വാഴക്കാട് പഞ്ചായത്തിലെ മുണ്ടുമുഴി ജമാഅത്ത് അമീര്‍ ടി ആരിഫലിയുടെ ജന്മനാടാണ്. അവിശുദ്ധ രാഷ്ട്രീയത്തിന്റെ പരിചേദവുംകൂടിയായിരുന്നു ഇന്ന് മുണ്ടുമുഴി. എല്‍ ഡി എഫും യു ഡി എഫും ജമാഅത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ പ്രദേശം. ആരിഫലി വീടുവീടാന്തരംകയറിയിറങ്ങി പറയേണ്ടതൊക്കെ പറഞ്ഞ വാര്‍ഡ്. വോട്ടെണ്ണിയപ്പോള്‍ എല്‍ ഡി എഫിന് കിട്ടിയ വോട്ട് അഞ്ച്. ജമാഅത്തിന് 360ഉം. എന്നാല്‍ ജയിച്ചത് ലീഗ് സ്ഥാനാര്‍ഥി. അതും 311 വോട്ടിന്റെ ഭൂരിപക്ഷത്തിന്. എല്‍ ഡി എഫ് വോട്ട് എങ്ങനെ ജമാഅത്ത് പെട്ടിയില്‍ വീണു? ചിലയിടങ്ങളില്‍ തിരിച്ചുംസഹായിക്കാമെന്ന രഹസ്യധാരണ പ്രകാരമായിരുന്നു ഇത്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ പഞ്ചായത്തിലൊരിടത്തും ജമാഅത്തിന് ജയിക്കാനായില്ല.എങ്ങനെയുണ്ട് അമീറിന്റെ സ്വന്തം നാട്ടില്‍ എല്‍ ഡി എഫ്-യു ഡി എഫ് മുന്നണികള്‍ക്കുള്ള ബദല്‍?
പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ നാട്ടില്‍ അധിക സീറ്റ് ചോദിച്ച കോണ്‍ഗ്രസ്സിനെതിരെ തനിച്ച് മത്സരിച്ച ലീഗിനെ തോല്പിക്കാന് സി പിഎം-ജമാഅത്ത് സഖ്യമുണ്ടാക്കി. അവിടെയും സി പി എം സഖ്യമുള്ള മറ്റു പലയിടങ്ങളിലും അരിവാള്‍ ചുറ്റികയില്‍ വോട്ടുചെയ്ത ജമാഅത്തുകാര്ഞെളിയന്പറമ്പ് മാലിന്യസമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ലീഗിന്റെ സി വി നജ്മയെ തോല്പിച്ച് മാലിന്യത്തിന് കാരണക്കാരായ സി പിഎമ്മുകാരിയെ വിജയിപ്പിക്കാന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി. നജ്മ ചെയ്ത കുറ്റം കോണി ചിഹ്നത്തില്‍ മത്സരിച്ചുവെന്നതായിരുന്നു. ഏതായാലുംവാണിമേലില് ജമാഅത്തിന് ഒരു സീറ്റും ലഭിച്ചില്ല. സി പി എം അഞ്ചു സീറ്റ് നേടുകയും ലീഗ് ഒറ്റക്ക് ഭൂരിപക്ഷംനേടുകയും ചെയ്തു.
വയനാട്ടലെ വെങ്ങപ്പള്ളിയില്‍ എല്‍ ഡി എഫ്-യു ഡി എഫ് മുന്നണിക്കെതിരെ ജമാഅത്ത് ബദല്‍ വിജയിച്ചിട്ടുണ്ട്. തോല്പിച്ചത് മുസ്ലിംലീഗുകാരിയെ. എന്നാലിവിടെ ഇടതുപക്ഷത്തിന് കിട്ടിയത് വെറും 49 വോട്ടാണ്. പതിനൊന്നാം മണിക്കൂറില്‍ നടന്ന വോട്ടുകച്ചവടമായിരുന്നു ജയത്തിന് പിന്നില്‍.ജയിക്കുമെങ്കില്‍ `വലതുപക്ഷ'ക്കാരുമായും കൂട്ടുകൂടുമെന്നതിന്റെ തെളിവാണ് വെട്ടത്തൂര്‍ പഞ്ചായത്ത്. അവിടെ യു ഡി എഫിനൊപ്പം ചേര്‍ന്ന് ജയിച്ചആര്യാട്ടില് ഫാത്തിമ ജമാഅത്ത് സംസ്ഥാന സമിതി അംഗം ഹൈദരലി ശാന്തപുരത്തിന്റെ ഭാര്യയാണെന്നത് അടിവരയിട്ട് മനസ്സിലാക്കണം. അങ്ങാടിപ്പുറം പഞ്ചായത്തിലെത്തുമ്പോള്‍ ബാന്ധവം എല്‍ ഡി എഫുമായാണ്. അങ്ങനെ മേലെ അരിപ്ര രണ്ടാം വാര്‍ഡില്‍ അവരുടെ സാബിറവിജയിച്ചു. പൂക്കോട്ടൂര്‍, മങ്കട തുടങ്ങി ഒട്ടനവധി പഞ്ചായത്തുകളില്‍ ജമാഅത്ത്-എല്‍ ഡി എഫ് ധാരണയുണ്ടായിരുന്നെങ്കിലും ജമാഅത്തിനോ എല്‍ ഡി എഫിനോ അതിന്റെ ഗുണം കിട്ടിയില്ല. അതിശക്തമായ യു ഡി എഫ് തരംഗമായിരുന്നു കാരണം.
ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തിനെ ഒരു ധാര്‍മികതയും തൊട്ടുതീണ്ടിയിരുന്നില്ല എന്നതിന് തെളിവാണ് ചെറുവായൂരിലെ അവരുടെസ്ഥാനാര്ഥിത്വം. ബി ജെ പി ശക്തികേന്ദ്രമായ അവിടെ എല്‍ ഡി എഫിനെയോ യു ഡി എഫിനെയോ പിന്തുണക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. അവിടെ യു ഡി എഫിന് 382ഉം എല്‍ ഡി എഫിന് 322 ഉം വോട്ട് കിട്ടിയപ്പോള്‍ ബി ജെ പിക്ക് കിട്ടിയത് 321 വോട്ട്. ജമാഅത്ത് പിടിച്ചതാവട്ടെ 69 വോട്ടും.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നമ്മുടെ സാംസ്കാരിക നായകന് ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതാക്കള്‍ പറഞ്ഞുപരത്തിയപച്ചക്കള്ളങ്ങളിലൊന്നായിരുന്നു കിട്ടിയ സീറ്റും രണ്ടാം സ്ഥാനവും എല്‍ ഡി എഫ്-യു ഡി എഫ് മുന്നണികളോട് പൊരുതി നേടിയതാണെന്ന്. സ്വന്തംമനസ്സാക്ഷിയോടെങ്കിലും കൂറുണ്ടെങ്കില്‍ അവര്‍ ഈ വാര്‍ഡുകളില്‍ ഓരോ സ്ഥാനാര്‍ഥിക്കും മുന്നണിക്കും കിട്ടിയ വോട്ടുകള്‍ പ്രസിദ്ധപ്പെടുത്തണം. ഒരുപുതിയ പരീക്ഷണമെന്ന നിലയില്‍ ഈ വിജയം തന്നെ മഹത്തരമാണെന്നതാണ് അവര്‍ പറഞ്ഞുപരത്തുന്ന മറ്റൊരു കള്ളം. യഥാര്‍ഥത്തില്‍ കഴിഞ്ഞഅറുപത്തിരണ്ടു വര്‍ഷം നടത്തിക്കൊണ്ടുവരുന്ന അതേ സംഘടനയല്ലാതെ മറ്റൊന്നുമായിരുന്നില്ല ഈ ജനകീയ വികസന മുന്നണി.
എന്തുകൊണ്ടാണ് 69 വര്‍ഷം പഴക്കമുള്ള ഒരാശയം ഇത്രമേല്‍ തിരസ്കരിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് വിശുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്ന ഒരുസംഘടനയ്ക്ക് ഏതാനും സീറ്റുകള്‍ നേടുമെന്ന വ്യാമോഹത്തില്‍ കന്നിയങ്കത്തില്‍ പോലും അവിശുദ്ധ ബാന്ധവങ്ങളും കൂട്ടിക്കൊടുപ്പുകളുംനടത്തേണ്ടിവന്നത്? രാഷ്ട്രീയ വിദ്യാര്‍ഥികള്‍ ഗൗരവപൂര്‍വം നടത്തേണ്ട അന്വേഷണങ്ങളാണിത്. സജീവ രാഷ്ട്രീയത്തിന് മണ്ണ് പാകപ്പെടുത്താനായിഅവര് ചെയ്തുകൂട്ടിയ ഒരുക്കങ്ങള്‍ നാം മറന്നുകൂടാ. 1987ല്‍ പത്രം തുടങ്ങിയതു മുതലാണ് അതിന്റെ രണ്ടാം തുടക്കം കുറിച്ചത്. ഇന്ത്യക്കാകെമാതൃകയായ കേരളത്തിലെ മുസ്ലിം രാഷ്ട്രീയക്കൂട്ടായ്മയെ തകര്‍ക്കുക എന്നതായിരുന്നു പരിപാടികളിലെ മുഖ്യ ഇനം. മുന്കാലങ്ങളിലെനേതാക്കള് ഗംഭീരമായിരുന്നു; ഇപ്പോള്‍ മോശക്കാരാണെന്ന് വരുത്തിത്തീര്‍ക്കുക, സമുദായത്തിന്റെ താല്പര്യമല്ല സ്വന്തം കാര്യങ്ങളാണ് നേതാക്കള്‍ക്ക് വലുതെന്ന് കാണിക്കുക, നേതാക്കള്‍ക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും നല്കി അണികളില്‍ അവിശ്വാസംവളര്ത്തുക തുടങ്ങി നാലാംകിട മുറകളെല്ലാം നടത്തിയ ശേഷം നടത്തിയ പരീക്ഷണമാണ് ജനങ്ങള്‍ തള്ളിക്കളഞ്ഞത്.
ചുരുങ്ങിയത് 200 സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു അണികള്‍ക്കിടയിലെ സംസാരം. അത്രത്തോളമിടങ്ങളില് രണ്ടോ മൂന്നോ സ്ഥാനംനേടാനാവുമെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഒന്നും സംഭവിക്കുകയുണ്ടായില്ല. രഹസ്യധാരണയില്ലെങ്കില് ഇപ്പോഴുള്ള ഒറ്റക്ക നമ്പറിന്റെസ്ഥിതിപോലും ദയനീയമാവുമായിരുന്നു. പുറമേക്ക് എത്ര വിപ്ലവം പറഞ്ഞാലും കൃത്യമായ ഒളിയജണ്ടയുമായാണ് അവര്‍ മുന്നോട്ടുപോവുന്നതെന്നതിരിച്ചറിവാണ് ജനത്തിന് അവര്‍ അസ്വീകാര്യമാവുന്നത്. അത്തരം അവബോധമുണ്ടാക്കുന്നതില്‍ ഇവിടത്തെ മുസ്ലിം സംഘടനകളും സാംസ്കാരികപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഈ കൂട്ടായ്മയെ പ്രതിരോധിക്കാന്‍ സ്വന്തം ആചാര്യനെപ്പോലും തള്ളിപ്പറയാന്‍ ജമാഅത്ത് തയ്യാറായി രംഗത്തുവന്നിട്ടും ജനം അതിലെ ആത്മാര്‍ഥതയെ സംശയിച്ചുതന്നെ നില്‍ക്കുകയാണ്. അത്രയും നല്ലത്!
നിങ്ങള്‍ കോണ്‍ഗ്രസ്സോ ലീഗോ മാര്‍ക്സിസ്റ്റോ ആവുമ്പോള്‍ തന്നെ എന്‍ ഡി എഫിലും അംഗമാകാമെന്ന ചതി പ്രയോഗിച്ചാണ് 1993ല്‍ എന്‍ ഡി എഫ് ആളെക്കൂട്ടിയത്. പിന്നീടത് പോപ്പുലര്‍ ഫ്രണ്ടും തുടര്‍ന്ന് രഷ്ട്രീയരൂപമായ എസ് ഡി പി ഐയും ആയി മാറി. അങ്ങനെ നോക്കുമ്പോള്‍ എസ് ഡി പിഐ അവകാശപ്പെടും പോലെ ഇന്നലെ പിറന്ന ഒരു പാര്‍ട്ടിയല്ല അത്. 17 വര്‍ഷങ്ങളെങ്കിലും പഴക്കമുണ്ട് അതിന്റെ ബുദ്ധി രൂപീകരിച്ചിട്ട്. നിലവിലുള്ളമുസ്ലിം രാഷ്ട്രീയവേദികളെ ദുര്‍ബലപ്പെടുത്തുന്ന യതൊന്നും തന്നെ തങ്ങളടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് അവര്‍ പറഞ്ഞുപരത്തിയിരുന്നെങ്കിലുംകാര്യത്തോടടുത്തപ്പോള് ഒരേ കുളത്തില്‍ നിന്ന് തന്നെയാണ് അവരും മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതെന്നത് മറ്റൊരു സമുദായ വഞ്ചനയാണെന്നു വേണംപറയാന്‍. അവര്‍ നേടിയ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, അഞ്ച് നഗരസഭാ വാര്‍ഡ്, ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളില്‍ ഏറെയുംഇങ്ങനെ ലഭിച്ചവയാണെന്ന് കാണാനാവും.
പോപ്പുലര്‍ ഫ്രണ്ട് പിതൃത്വം ഏറ്റെടുക്കാന്‍ മടികാണിക്കുന്ന കൈവെട്ട് സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോ. അനസ് ജയിലില്‍ കിടന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുന്നുണ്ട്. 1902 വോട്ടുകള്ക്ക്അദ്ദേഹം പരാജയപ്പെടുത്തിയത് മുസ്ലിംലീഗിലെ എ എം കുഞ്ഞുമുഹമ്മദിനെയാണ്. ഇവിടെ എല്‍ ഡി എഫ് 1665 വോട്ടുകളോടെ മൂന്നാംസ്ഥാനത്തേക്ക് മാറ്റപ്പെട്ടു. എസ് ഡി പി ഐ ജയിച്ച തൊടുപുഴ നഗരസഭയിലെ 19-ാം വാര്‍ഡ്, പത്തനംതിട്ട കുലശേഖരപതി, മഞ്ചേശ്വരം മച്ചമ്പാടി, കാസര്‍കോട് നഗരസഭയിലെ കൊല്ലമ്പാടി, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര, കണ്ണൂര്‍ കമ്പാനക്കാട്ട സൗത്ത് എന്നിവിടങ്ങളിലെല്ലാം എസ് ഡി പി ഐ ജയിച്ചപ്പോള്‍ തോറ്റത് മുസ്ലിംലീഗാണ്.
തൊടുപുഴ കീരിക്കോട്, ഷൊര്‍ണൂര്‍ നഗരസഭാ വാര്‍ഡ്, വേങ്ങര പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സായിരുന്നു രണ്ടാം സ്ഥാനത്ത്. എസ് ഡി പി ഐ ജയിച്ച ഏതാണ്ടെല്ലാ സ്ഥലങ്ങളിലും എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടുവെന്നത് മറ്റൊരു അവിശുദ്ധബാന്ധവത്തിന്റെ സൂചന നല്‍കുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമിയെ പോലെ മൗദൂദിയെന്ന താത്വികാചാര്യനും ഖുത്ബാത് പോലുള്ള `വേദഗ്രന്ഥ'വും ഇല്ലാത്തതിനാല്‍ എസ് ഡി പി ഐയെആദര്ശമോ ഭൂതകാലമോ വേട്ടയാടുന്നില്ല. അവര്‍ക്ക് സ്വന്തമായി പള്ളിയില്ല. അതിനാല്‍ മുസ്ലിം സമൂഹത്തിലേക്ക് പല ദിക്കുകളിലൂടെയുംകടന്നുകയറാനും അവര്‍ക്ക് അവസരമുണ്ട്. ജമാഅത്തുകാരെ അപേക്ഷിച്ച് കപടനാട്യങ്ങള്‍ കുറവാണ്. വൈകാരികതയെകൂട്ടുപിടിക്കുന്നതുകൊണ്ട് അതിത്തിരി കൂടുതലുള്ള തെക്കന്‍ കേരളത്തിലേക്ക് അവര്‍ക്ക് കടന്നുചെല്ലാനാവുന്നു. ചില മാധ്യമനിരൂപകരൊക്കെഭയപ്പെട്ടതുപോലെ അവരുടെ സാന്നിധ്യം അപകടകരമായ ഒരു ഭാവിക്കൊന്നും സൂചന നല്‍കുന്നില്ല. എന്നാല്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയായമുസ്ലിം വോട്ട്ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ അവര്‍ക്ക് കഴിയും. അന്നംമുടക്കുന്ന നീര്ക്കോലികളാവാന് ജമാഅത്തുകാര്‍ക്കും സാധിച്ചുകൂടായ്കയില്ല. ഒപ്പം ബി ജെ പിയെപ്പോലുള്ളവരുടെ വളര്‍ച്ചയ്ക്ക് സഹായത്വരകമാകാനും അവരുടെ സാന്നിധ്യം കൊണ്ട് സാധിേച്ചക്കും.
എസ് ഡി പി ഐ ആയാലും ജമാഅത്ത് ആയാലും അവര്‍ക്ക് കടന്നുചെല്ലാനാവുന്ന സാഹചര്യമൊരുക്കുന്നത് മതരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളമുസ്ലിം സംഘടനകളുടെ വീഴ്ചകളാണ്. കേരളമെന്നാല്‍ മലബാറാണെന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. അവിടങ്ങളിലെന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അവര്‍ അമ്പേ പരാജയമാണ്. പുതിയ മുസ്ലിം കൂട്ടായ്മകള്‍ ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങളുംആകര്ഷകമായ പദാവലികളും പുതിയ തലമുറയെ ഹരംകൊള്ളിക്കുന്നതാണ്. അവരുടെ ബുദ്ധിജീവി നാട്യങ്ങള്‍ അഭ്യസ്തവിദ്യരായ ബഹുജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്നുണ്ട്. എല്ലാറ്റിനുമുപരി നാമമാത്രമാണെങ്കിലും രാജ്യത്തെമ്പാടുമുള്ള ആ പാര്‍ട്ടികളുടെ ശൃംഖല അവരുടെ വളര്ച്ചയെഅനുകൂലമയി സ്വാധീനിക്കാവുന്നതാണ്. മുസ്ലിംലീഗ് പോലുള്ള കക്ഷികള്‍ കേരളത്തിനും തമിഴ്നാട്ടിനുമപ്പുറം കടക്കാന്‍ ആത്മാര്ഥമായിശ്രമിക്കുന്നില്ല. ഈയിടെ കോഴിക്കോട് നടത്തിയ നാഷണല്‍ മുസ്ലിം യൂത്ത്മീറ്റില്‍ പങ്കെടുപ്പിച്ച ചിലരെങ്കിലും ഇപ്പോള്‍ എസ് ഡി പി ഐയില്‍ അണിനിരന്നിട്ടുണ്ടെന്നാണ് അറിയുന്നത്. അതിന് മലയാളികളായ അഖിലേന്ത്യാ സെക്രട്ടറിമാരുണ്ടെങ്കിലും അവര്‍ കോട്ടക്കലിനപ്പുറംകണ്ണുകാണാത്തവരാണ്. പ്രസിഡന്റിന്നാവട്ടെ, പാര്‍ട്ടി വളര്‍ന്നാല്‍ അന്യസംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം പിണങ്ങുമോ എന്ന ഭയമുണ്ട്.സ്വാതന്ത്ര്യലബ്ധി മുതല്‍ ആ പാര്‍ട്ടിക്ക് കേരളത്തില്‍ നിന്ന് നിരവധി എം പിമാരുണ്ടായിട്ടും രാജ്യ തലസ്ഥാനത്ത് ഒരു ഓഫീസ് സംഘടിപ്പിക്കാന്‍ പോലുംശേഷിയുണ്ടായില്ല. അതിനെക്കാള്‍ ചെറിയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു കാര്യം ഉറപ്പാണ്. ഇരുപത് കോടിയോളം മുസ്ലിം ജനസംഖ്യയുള്ള ഈ രാജ്യത്ത് മുസ്ലിംരാഷ്ട്രീയം നന്നായി വേരുപിടിപ്പിക്കാനാവുമെന്ന് പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും തിരിച്ചറിഞ്ഞ കാലമാണിത്. മറ്റൊരു ബദലില്ലാത്ത അവസ്ഥയില്‍ അവര്‍ തമ്മില്‍ ഭേദമുള്ളതൊമ്മന്മാരെ സ്വീകരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഒരു പാര്‍ട്ടിയില്‍ ഒരാള്‍ ആകൃഷ്ടനാകുന്നത് അതിന്റെ പ്രത്യയശാസ്ത്രം നോക്കി മാത്രമല്ല,നിത്യജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളോട് ആ പാര്‍ട്ടികള്‍ എത്ര സജീവമായി ഇടപെടുന്നുവെന്നു കൂടി നോക്കിയാണ്. അങ്ങനെനോക്കുമ്പോള്‍ കേരളത്തില്‍ ഈ പുതുകക്ഷികള്ക്കുണ്ടായ വന്‍തിരിച്ചടികളെ അതിജയിച്ച് മുന്നോട്ടുപോകാന്‍ ഈ കക്ഷികള്‍ക്ക് സാധിച്ചുകൂടെന്നില്ല.