ചോ: അനുസരണ ശിര്‍ക്ക് എന്നാല്‍ എന്ത്? ഉദാഹരണസഹിതം വിശദീകരിക്കാമോ?
ഉ: "ഒട്ടുവളരെ ആളുകള്‍ക്ക് അവ്യക്തവും, സൂക്ഷ്മവുമായ മഹാശിര്ക്കില്പെട്ടതാണ് അല്ലാഹു അല്ലാത്തവരെ നിയമനിര്മാതാവായോ വിധികര്ത്താവായോ സ്വീകരിക്കുക എന്നുള്ളത്. തന്റെ സൃഷ്ടികള്‍ക്ക് നിയമം നിര്‍മിക്കാന്‍ അധികാരമുള്ള ഒരേയൊരാള്‍ അല്ലാഹു മാത്രമാകുന്നു. അവനാണ് അവരെ സൃഷ്ടിച്ചതും അവര്‍ക്ക് ആഹാരം നല്കിയതും പ്രത്യക്ഷവും പരോക്ഷവുമായ തന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക് ചൊരിഞ്ഞുകൊടുത്തതും. അതിനാല്‍, അവരെ നിര്‍ബന്ധിക്കാനും അവരോട് കല്പിക്കാനും നിരോധിക്കാനും, ഹലാലും ഹറാമും നിശ്ചയിച്ചുകൊടുക്കാനുമുള്ള അധികാരം അവനുമാത്രമാകുന്നു. കാരണം, അവനാണ് ജനങ്ങളുടെ നാഥനും അധിപതിയും ഇലാഹും. അവനല്ലാത്ത ആര്‍ക്കും അവനുള്ള രക്ഷാധികാരമോ ആധിപത്യമോ ഇബാദത്തിനുള്ള അര്‍ഹതയോ ഇല്ല; പിന്നെ എങ്ങനെ വിധികല്പിക്കാനും നിയമം നിര്‍മിക്കാനുള്ള അധികാരം ഉണ്ടാവും?''
"ലോകമാസകലം അല്ലാഹുവിന്റെ സാമ്രാജ്യമാകുന്നു. ഈ സാമ്രാജ്യത്തിലെ ജനങ്ങള്‍ അവന്റെ അടിമകളും പ്രജകളും ആകുന്നു. അവനാണ് ഈ സാമ്രാജ്യത്തിന്റെ യജമാനനും ഭരണാധിപനും; അവനു മാത്രമേ അത് ഭരിക്കാനും നിയമം നിര്‍മിക്കാനും അനുവദിക്കാനും നിരോധിക്കാനും അധികാരമുള്ളൂ. കേള്‍ക്കുകയും അനുസരിക്കുകയുമാണ് പ്രജകളുടെ ചുമതല.''
"ഈ സാമ്രാജ്യത്തില്‍, അതിന്റെ യജമാനനോ ഭരണാധിപനോ ആയ ശക്തിയുടെ അനുമതി കൂടാതെ കല്പിക്കാനും നിരോധിക്കാനും അനുവദിക്കാനും വിധിക്കാനും നിയമം നിര്‍മിക്കാനും ആര്‍ക്കെങ്കിലും അവകാശമുണ്െടന്ന് പ്രജകളില്‍ ആരെങ്കിലും വാദിച്ചാല്‍ ഭരണാധിപന്റെ അടിമകളില്‍ ചിലരെ, ആധിപത്യത്തില്‍ അവന്റെ പങ്കാളികളും, മേധാവിത്തത്തിലും ഭരിക്കാനും അധികാരം നടത്താനുമുള്ള അവന്റെ മാത്രമായ അധികാരത്തിലും അവന്റെ പ്രതിയോഗികളും ആക്കുകയാണ് അയാള്‍ ചെയ്യുന്നത്.''
"അതുകൊണ്ടാണ് വേദക്കാര്‍ (യഹൂദരും ക്രൈസ്തവരും) ശിര്‍ക്ക് ചെയ്യുന്നവരായി വിശുദ്ധ ഖുര്‍ആന്‍ വിധികല്പിച്ചിരിക്കുന്നത്. കാരണം, അവര്‍ തങ്ങളുടെ പണ്ഡിതന്മാര്ക്കും പുരോഹിതന്മാര്ക്കും നിയമം നിര്‍മിക്കാനുള്ള അധികാരം വകവെച്ചു കൊടുക്കുകയും, അവര്‍ ഹലാലാക്കിയതിലും ഹറാമാക്കിയതിലും അവരെ അനുസരിക്കുകയും ചെയ്തു. മര്‍യമിന്റെ പുത്രന് മസീഹിനെ ആരാധിക്കുന്നതിന് തുല്യമായിട്ടാണ് ഖുര്‍ആന്‍ അതിനെ അവതരിപ്പിച്ചിരിക്കുന്നതും. 'അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനെക്കൂടാതെ റബ്ബുകളാക്കി; മര്‍യമിന്റെ പുത്രന് മസീഹിനെയും. ഒരേ ഇലാഹിന് ഇബാദത്ത് ചെയ്യാനല്ലാതെ അവര്‍ കല്പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ഒരു ഇലാഹുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് അവന് പരിശുദ്ധനത്രേ' (അത്തൌബ: 31). ഈ സൂക്തം അദിയ്യുബ്നു ഹാത്വിം ത്വാഈക്ക് നബി(സ) വ്യാഖ്യാനിച്ചു കൊടുത്തു . അദ്ദേഹം ഇസ്ലാമില്‍ വരുന്നതിനു മുമ്പ് ക്രിസ്ത്യാനി ആയിരുന്നു. അദ്ദേഹം മുസ്ലിമായി റസൂല്‍(സ) സവിധത്തില്‍ വന്നപ്പോള്‍ പ്രസ്തുത സൂക്തം തിരുമേനി ഓതിക്കൊടുത്തു. അന്നേരം അദിയ്യ് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, വേദക്കാര്‍ പണ്ഡിത-പുരോഹിതന്മാരെ ഇബാദത്ത് ചെയ്തിട്ടില്ലല്ലോ?'' റസൂല്‍(സ) പ്രതിവചിച്ചു: 'അതെ, ചെയ്തിട്ടുണ്ട്. അവര്‍ ഹലാല്‍ ഹറാമാക്കുകയും ഹറാം ഹലാലാക്കുകയും അനുയായികള്‍ അത് പിന്‍പറ്റുകയും ചെയ്തു. അതാണ് അവര്‍ക്കുള്ള ഇബാദത്ത്'' (തിര്‍മിദി, അഹ്മദ് മുതല്‍ പേര് ഉദ്ധരിച്ചത്).
"അപ്പോള്‍ ഉപര്യുക്ത സൂക്തവും അത് വ്യാഖ്യാനിക്കുന്ന റസൂലിന്റെ ഹദീസും തെളിയിക്കുന്നു, തെറ്റായ കാര്യത്തില്‍ അല്ലാഹു അല്ലാത്തവരെ അനുസരിക്കുകയോ അല്ലാഹു അനുമതി നല്‍കാത്ത കാര്യത്തിന് അവരെ പിന്‍പറ്റുകയോ ചെയ്തത് അവരെ റബ്ബും മഅ്ബൂദും അല്ലാഹുവില്‍ പങ്കാളികളും ആക്കുകതന്നെയാണ് ചെയ്യുന്നത്. അത് തൌഹീദിന് വിരുദ്ധമാണ്; തൌഹീദാണ് അല്ലാഹുവിന്റെ ദീന്. അല്ലാഹുവല്ലാതെ ഇബാദത്തിന് അര്‍ഹന്‍-ഇലാഹ്-ഇല്ല എന്ന വാക്യത്തിനും അത് വിരുദ്ധമാകുന്നു. തങ്ങളുടെ പണ്ഡിതന്മാര്ക്കും പുരോഹിതന്മാര്‍ക്കുമുള്ള അനുസരണത്തിന് അവര്‍ക്കുള്ള ഇബാദത്ത് എന്നാണ് അല്ലാഹു പേരിട്ടിരിക്കുന്നത്. അവരെ റബ്ബുകളെന്നും വിളിച്ചു. അതായത് ഇബാദത്തില്‍ അല്ലാഹുവിന്റെ പങ്കാളികള്‍. ഇതാണ് വലിയ ശിര്‍ക്ക്. "നിങ്ങള്‍ അവരെ അനുസരിച്ചാല്‍ നിങ്ങള്‍ തീര്‍ച്ചയായും മുശ്രിക്കുകള്‍ തന്നെ'' (അല്‍അന്‍ആം 121). (ഡോ. യൂസുഫുല്‍ ഖറദാവി, ഡോ. മുഹമ്മദ് അല്‍മഹ്ദി, ഡോ. അലി ജമ്മാസ് എന്നിവര്‍ ചേര്‍ന്ന് ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനി, പ്രിപ്പറേറ്ററി ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കു വേണ്ടി തയാറാക്കിയ 'അത്തൌഹീദ്' എന്ന പുസ്തകത്തില്‍നിന്ന് ഉദ്ധരിച്ച ഭാഗമാണിത്, പേജ് 49-51). അനുസരണത്തിലെ ശിര്‍ക്ക് എന്താണെന്ന് ലളിതമായി മനസ്സിലാക്കാന്‍ ഇതുപകരിക്കും. തൌഹീദിനും ശിര്‍ക്കിനും ജമാഅത്തെ ഇസ്ലാമി നല്കുന്ന വിവക്ഷ മുസ്ലിംലോകം ആധികാരികമായി അംഗീകരിച്ചതാണെന്നും ഇത് വ്യക്തമാക്കുന്നു.
രാഷ്ട്രീയ ശിര്‍ക്ക്
Posted on 21-12-10, 2:46 pm
ചോ: മുസ്ലിം സമുദായത്തിലെ ആവാന്തര വിഭാഗങ്ങളില്‍ പലതും ശിര്‍ക്കിന്റെ വാഹകരാണെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വാദം. അങ്ങനെയിരിക്കെ അവരുമായുള്ള ജമാഅത്തിന്റെ ഇപ്പോഴത്തെ സമീപനം ശരിയാണോ?
മുജാഹിദ് സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ശിര്‍ക്ക് ആരോപിക്കുന്ന ജമാഅത്തിന് അതിന് ഒരര്‍ഹതയുമില്ല. പ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ ഇസ്ലാമിന്റെ സംസ്ഥാപനം ലക്ഷ്യംവെക്കുന്ന ജമാഅത്തുകാരും ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മുജാഹിദും ഒട്ടും വ്യത്യസ്തമല്ലതാനും. അതായത്, രണ്ടും ഭരണഘടനക്ക് വിധേയമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എന്നാല്‍ ജമാഅത്ത് അതിന്റെ ഗ്രന്ഥങ്ങളില്‍ പറയുന്നത് ദൈവികേതര നിയമങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്കാണെന്നും. ഇത് വൈരുധ്യമല്ലേ?
ഉ: വ്യത്യസ്ത മത-സാംസ്കാരിക സംഘടനകളെയോ ഇസ്ലാമിക പ്രസ്ഥാനത്തെയോ സമുദായത്തിലെ അവാന്തരവിഭാഗങ്ങളായി കരുതുന്നത് ശരിയല്ല. സുന്നി-ശിയാ വിഭാഗങ്ങളെക്കുറിച്ചേ അല്പമെങ്കിലും അങ്ങനെ പറയാന്‍ പറ്റൂ. സഹോദരസംഘടനകളുമായി പരമാവധി സഹകരണമാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിതനയം. ആശയപരമായ ഭിന്നതകളാല് സ്വാഭാവികമായി വേണ്ടിവരുന്ന വിമര്‍ശനങ്ങള്‍ സൌഹൃദത്തിനോ സഹകരണത്തിനോ എതിരല്ല. ആ സ്വാതന്ത്യ്രം ജമാഅത്തിന്റെ കാര്യത്തില്‍ ഇതര സംഘടനകള്‍ക്കും ഉണ്ടുതാനും. മുജാഹിദ് സംഘടനകളെയോ സുന്നിസംഘടനകളെയോ ജമാഅത്തെ ഇസ്ലാമി ഒരിക്കലും മുശ്രിക്കുകളാക്കിയിട്ടില്ല. ജമാഅത്തിനെ അകാരണ മായി എതിര്‍ക്കാനും സ്വന്തം അണികളെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന പ്രോപഗണ്ട മാത്രമാണ് രാഷ്ട്രീയശിര്ക്കിനെക്കുറിച്ച കോലാഹലങ്ങള്‍. അല്ലാഹു ഏകനായ സ്രഷ്ടാവും നാഥനും ആരാധ്യനുമെന്നപോലെ, ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരിയുമാണെന്ന് വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ജമാഅത്ത് വാദിക്കുന്നു. അല്ലാഹുവിന്റെ ഹാകിമിയ്യത്ത് അഥവാ പരമാധികാരം വിവാദവിധേയമായ ഒന്നല്ല. അത് നിരോധിക്കുന്നത് ശിര്‍ക്കാവും. അല്ലാഹു അല്ലാത്ത ശക്തികള്‍ക്ക് പരമാധികാരമോ നിയമനിര്‍മാണത്തിനുള്ള നിരുപാധികമായ അവകാശമോ ബോധപൂര്‍വം വകവച്ചുകൊടുക്കുന്ന വ്യക്തികളോ സംഘടനകളോ ഉണ്െടങ്കില്‍ തീര്‍ച്ചയായും അവര്‍ ശിര്‍ക്കാണ് ചെയ്യുന്നത്. മുജാഹിദുകള്‍ ഉള്‍പ്പെടെ മുസ്ലിം സംഘടനകള്‍ അത് ചെയ്യുന്നു എന്ന് ജമാഅത്ത് ആരോപിക്കുന്നില്ല. അതേസമയം, അല്ലാഹുവിന്റെ പരമാധികാരത്തിലും മനുഷ്യരുടെ പ്രാതിനിധ്യത്തിലും അധിഷ്ഠിതമായ ഒരു സമ്പൂര്ണവ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനു വേണ്ടി നിലകൊള്ളുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമാണ്. മറ്റു മതസംഘടനകളില്പ്പെട്ടവര്, രാഷ്ട്രീയ-ഭരണകാര്യങ്ങളില്‍, അനിസ്ലാമിക പാര്‍ട്ടികളില്‍ അംഗത്വവും നേതൃത്വവും നേടി അവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍, ഈ സെക്യുലര്‍ സോഷ്യലിസ്റ് ഭരണഘടന ഇസ്ലാമിക വീക്ഷണപ്രകാരം കുറ്റമറ്റതോ അതേപടി അംഗീകരിക്കാവുന്നതോ ആണെന്ന് ജമാഅത്തിന് അഭിപ്രായമില്ല. ജനാഭിപ്രായം അനുകൂലമാവുമ്പോള്‍ ഭരണഘടനയില്‍ സാരമായ ഭേദഗതികള്‍ വേണ്ടിവരും. ദൈവികേതര നിയമങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്ലാമി എവിടെയും പറഞ്ഞിട്ടില്ല. അനുസരണം, പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുത്തുകൊണ്ടാണെങ്കിലേ ശിര്‍ക്കാവൂ.
താഗൂത്തിനെപ്പറ്റി
Posted on 22-12-10, 9:58 am
താഗൂത്തീ ഗവണ്മെന്റിനെ അനുസരിക്കല്‍ ശിര്‍ക്കും കുറ്റകരവുമാണെന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നു. നാം ജീവിക്കുന്നത് അമുസ്ലിം രാഷ്ട്രമായ ഇന്ത്യയിലാണ്. ഇന്ത്യ താഗൂത്തീ ഭരണത്തില്‍ ഉള്‍പ്പെടുമോ? ഉള്‍പ്പെടുമെങ്കില്‍ ഇന്ത്യാ ഗവണ്മെന്റിനെ അനുസരിക്കുന്നതിന്റെ വിധിയെന്ത്
താഗൂത്ത് എന്നാല്‍ ദൈവേതരശക്തികള്‍ എന്നാണര്‍ഥം. ദൈവമല്ലാത്ത ആരുടെയും പരമാധികാരത്തിന് നിരുപാധികം വഴങ്ങാന്‍ വിശ്വാസിക്ക് പാടില്ല. നിര്‍ബന്ധിതനായി വഴങ്ങിയാല്‍ കുറ്റമില്ല. വഴങ്ങുന്നത് തെറ്റാണെന്നംഗീകരിച്ചുകൊണ്ടുതന്നെ താഗൂത്തിനെ അനുസരിച്ചാല്‍ കുറ്റമാണ്; ശിര്‍ക്കല്ല. എന്നാല്‍, അല്ലാഹുവിന്റെ പരമാധികാരമേ അംഗീകരിക്കാതെ, പകരം അവന്റെ സൃഷ്ടികളുടെ പരമാധികാരത്തില്‍ വിധേയത്വം അര്‍പ്പിച്ചാല്‍ അത് ശിര്‍ക്ക് തന്നെ. ഇതാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞുവന്നിട്ടുള്ളത്. ഈ മൂന്നു രൂപത്തില്‍ അനിസ്ലാമിക ഗവണ്മെന്റിനെ അനുസരിക്കുന്നവരും ഈ രാജ്യത്തുണ്ട്. ഓരോരുത്തരുടെയും വിധിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏതായാലും അല്ലാഹുവിന്റെ പരമാധികാരം മനസാ അംഗീകരിക്കുന്ന മുസ്ലിം പ്രായോഗികതലത്തില്‍ അനിസ്ലാമിക ഗവണ്മെന്റിനെ അനുസരിച്ചാല്‍ ശിര്‍ക്കാവുമെന്ന് ജമാഅത്തെ ഇസ്ലാമി വാദിച്ചിട്ടില്ല. അത് ദുഷ്പ്രചാരണമാണ്.
ദേഹേച്ഛയും ശിര്‍ക്കും
Posted on 22-12-10, 10:01 am
ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം പറയുമ്പോള്‍ ഒരു കുഴപ്പമുണ്ട്. ഒരു മനുഷ്യന് തെറ്റു ചെയ്യുമ്പോള്‍ അവന് ദേഹേച്ഛയെയോ പിശാചിനെയോ അനുസരിക്കുകയല്ലേ! ദേഹേച്ഛയെയും പിശാചിനെയും അനുസരിക്കുക വഴി അയാള്‍ മുശ്രിക്കായിത്തീരുകയില്ലേ? അപ്പോള്‍ തെറ്റു ചെയ്യുന്നവരെല്ലാം മുശ്രിക്കുകളായിത്തീരുകയില്ലേ?
കേവലമായ അനുസരണമല്ല, നിരുപാധികമായ അനുസരണമാണ് ഇബാദത്തിന്റെ വിവക്ഷയില്‍ ഉള്‍പ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ദേഹേച്ഛയെയോ പിശാചിനെയോ അനുസരിച്ചാല്‍ അത് ശിര്‍ക്ക് തന്നെ. എന്നാല്‍, ധിക്കാരപൂര്വമല്ലാതെ തെറ്റുകളും അബദ്ധങ്ങളും ചെയ്താല്‍ അത് ശിര്ക്കാവില്ല; കുറ്റമേ ആവൂ. തിന്നരുതെന്ന് അല്ലാഹു കല്പിച്ച പഴം തിന്നുപോയ ആദം ചെയ്തത് തെറ്റായിരുന്നു; ശിര്‍ക്കായിരുന്നില്ല. സുജൂദ് ചെയ്യാനുള്ള കല്പന ധിക്കരിച്ച ഇബ്ലീസിന്റെ നടപടി തെറ്റും ശിര്‍ക്കുമായിരുന്നു. കാരണം, ആദം അല്ലാഹുവിന്റെ കല്പന ധിക്കരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇബ്ലീസിന്റെ മനഃസ്ഥിതിയോടെ ആര് തെറ്റു ചെയ്താലും അത് ശിര്‍ക്കാവും.