യൂസുഫ്നബിയുടെ ഉദ്യോഗം
Posted on 22-12-10, 10:10 am
"വിവിധങ്ങളായ കുറേ ദൈവങ്ങളാണോ അതല്ല സര്‍വാധിപതിയും ഏകനുമായ അല്ലാഹുവാണോ നല്ലത്'' എന്നു ചോദിച്ചുകൊണ്ട് ഈജിപ്തിലെ രാജാവും ജനങ്ങളുടെ കൃത്രിമ ദൈവങ്ങളിലൊന്നാണെന്നും അനുസരിക്കപ്പെടാനുള്ള അര്‍ഹത ഏകനായ അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കുമില്ലെന്നും പല പ്രാവശ്യം തന്റെ ദൌത്യത്തിന്റെ അടിസ്ഥാനാദര്‍ശമായി പ്രഖ്യാപിച്ച യൂസുഫ് നബി(അ) ഈജിപ്തിലെ രാജാവിന്റെ കീഴില്‍ ഉദ്യോഗം വഹിച്ചതിനെപ്പറ്റി എന്തുപറയുന്നു?
ചോദ്യത്തിലുദ്ധരിച്ച യൂസുഫി(അ)ന്റെ വാക്കുകള്‍തന്നെ ഒരു അനിസ്ലാമിക ഭരണവ്യവസ്ഥ കൊണ്ടുനടത്തുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു വൈരുധ്യം ഒരു പ്രവാചകനില്‍നിന്ന് ഉണ്ടാവുകയുമില്ലല്ലോ. "നാട്ടിലെ ഭണ്ഡാരങ്ങളുടെ ഉത്തരവാദിത്വം എന്നെ ഏല്പിക്കുക; നിശ്ചയം, ഞാന്‍ സൂക്ഷ്മതയുള്ളവനും അറിയുന്നവനുമാകുന്നു'' എന്ന യൂസുഫി(അ)ന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ അനിസ്ലാമിക വ്യവസ്ഥയുടെ സുഖകരമായ നടത്തിപ്പില്‍ സഹകരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു ചിലര്‍ വാദിക്കാറുണ്ട്. "ഭൂമിയിലെ ഭണ്ഡാരങ്ങള്‍'' എന്ന പദവും ശേഷം വരുന്ന ധാന്യങ്ങളുടെ വിതരണം സംബന്ധിച്ച പരാമര്‍ശവും കണ്ടിട്ട് അദ്ദേഹം ട്രഷറി ഓഫീസറോ, ധനകാര്യമന്ത്രിയോ മറ്റോ ആയിരുന്നുവെന്നാണ് ഇവര്‍ ധരിക്കുന്നത്. എന്നാല്‍ യൂസുഫ്(അ) ഈജിപ്തിലെ ഉദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ അധികാരമുള്ള സര്വാധികാരിയായിരുന്നുവെന്ന് ഖുര്‍ആനും ബൈബിളും തല്മൂദും തെളിയിക്കുന്നുണ്ട്. പിതാവായ യഅ്ഖൂബ്(അ) ഈജിപ്തിലെത്തുമ്പോള്‍ യൂസുഫ്(അ) സിംഹാസനാരൂഢനായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. "നാഥാ, നീ എനിക്ക് ആധിപത്യം നല്കി'' എന്ന് യൂസുഫ് നബി പറയുന്നതായി ഖുര്‍ആനില്‍ മറ്റൊരിടത്തും പറയുന്നുണ്ട്. പാനപാത്രം കളവുപോയപ്പോള്‍ യൂസുഫിന്റെ പാനപാത്രത്തെപ്പറ്റി "രാജാവിന്റെ പാനപാത്രം'' എന്നാണ് ഉദ്യോഗസ്ഥന്മാര് വിശേഷിപ്പിക്കുന്നത് (സൂറതു യൂസുഫ്: 72). അതുപോലെത്തന്നെ ഈജിപ്തില്‍ അദ്ദേഹത്തിനു കൈവന്ന അധികാരത്തെ സംബന്ധിച്ച് ഖുര്‍ആന്‍ വിവരിക്കുന്നത് "ഭൂമിയില്‍ ഇഛിക്കുന്നേടത്ത് താമസിക്കാന്‍ നാം അദ്ദേഹത്തിനു സൌകര്യം നല്കി'' (യൂസുഫ്: 56) എന്നാണ്. ബൈബിളിന്റെ സൂചനയും മറ്റൊന്നല്ല. ഫറോവ യൂസുഫിനോട് പറഞ്ഞതായി ബൈബിള്‍ ഉദ്ധരിക്കുന്നു: "നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും. നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും. സിംഹാസനംകൊണ്ടുമാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്ന് പറഞ്ഞു. ഇതാ, മിസ്രയീം ദേശത്തിനൊക്കെയും ഞാന്‍ നിന്നെ മേലധികാരിയാക്കിയിരിക്കുന്നു... നിന്റെ കല്പന കൂടാതെ മിസ്രയീം ദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല എന്ന് പറഞ്ഞു. ഫറവോന് യോസേഫിന് സാപ്നത്ത് പനേഹ് (ലോകത്തിന്റെ മുക്തി) എന്ന് പേരിട്ടു'' (ഉല്പത്തി 41:39-45). യൂസുഫിന്റെ സഹോദരന്മാര് ഈജിപ്തില്‍നിന്ന് തിരിച്ചുപോയി തങ്ങളുടെ പിതാവിനോട് യൂസുഫി(അ)നെപ്പറ്റി പുകഴ്ത്തി പറയുന്നത് ഇങ്ങനെ വിവരിച്ചിരിക്കുന്നു: "തന്റെ രാജ്യത്തിലെ പ്രജകളുടെ മേല്‍ അദ്ദേഹത്തിന്റെ കല്പനക്കൊത്ത് അവര്‍ പുറത്തുപോകുന്നു. അദ്ദേഹത്തിന്റെ കല്പനക്കൊത്ത് അവര്‍ അകത്ത് പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ വാക്ക് രാജ്യം മുഴുവന്‍ അനുസരിക്കുന്നു. ഒരു കാര്യത്തിനും ഫറവോന്റെ അനുവാദം ആവശ്യമില്ല.''
സത്യനിഷേധത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥ തദടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ചലിപ്പിക്കാനോ അതല്ല, സത്യത്തിലധിഷ്ഠിതമായ ദൈവിക വ്യവസ്ഥയുടെ പുനഃപ്രതിഷ്ഠ ലക്ഷ്യമാക്കിയാണോ എന്ന ചോദ്യത്തിന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അല്ലാമാ സമഖ്ശരി(റ) തഫിസീര് കശ്ശാഫില്‍ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: "നാട്ടിലെ ഭണ്ഡാരങ്ങളുടെ ഉത്തരവാദിത്വം എന്നെ ഏല്പിച്ചാലും'' എന്ന് യൂസുഫ് ആവശ്യപ്പെട്ടത് അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പാക്കുകയും സത്യം സുസ്ഥാപിക്കുകയും നീതി പ്രചരിപ്പിക്കുകയും ചെയ്യാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടിയും ഏതൊരു കാര്യം നിര്‍വഹിക്കുന്നതിനുവേണ്ടി പ്രവാചകന്മാര് നിയുക്തരായോ അതിന്നാവശ്യമായ ശക്തി ലഭിക്കുന്നതിനു വേണ്ടിയും മാത്രമായിരുന്നു. രാജാവിന്റെ പ്രീതിക്ക് വേണ്ടിയോ ഭൌതിക താല്പര്യങ്ങള്ക്കു വേണ്ടിയോ ആയിരുന്നില്ല; മറിച്ച്, ഈ കാര്യം നിര്‍വഹിക്കാന്‍ തന്നെക്കൂടാതെ മറ്റൊരാള്‍ ഇല്ല എന്നറിയാവുന്നതു കൊണ്ടാണ് അദ്ദേഹം അതാവശ്യപ്പെട്ടത്.
അഥവാ, വാദത്തിന് യൂസുഫ് നബി രാജാവിന്റെ കീഴില്‍ ഉദ്യോഗമോ മന്ത്രിസ്ഥാനമോ ആണ് വഹിച്ചതെന്ന് അംഗീകരിച്ചാലും അദ്ദേഹം അനിസ്ലാമിക നിയമവും വ്യവസ്ഥയും നടപ്പാക്കാനായിരുന്നു അതേറ്റെടുത്തതെന്ന് ആരെങ്കിലും വാദിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍, നമ്മുടെ നാട്ടിലെ വ്യവസ്ഥ കൊണ്ടുനടത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് യൂസുഫ് നബിയില്‍ ഒരു തെളിവും കണ്െടത്താനാവില്ല.