ആദ്യം കഴിക്കേണ്ടത് കാരയ്ക്കയോ വെള്ളമോ? (നോമ്പ് തുറക്കുമ്പോള്‍. ലേ.)
SHABAB Friday, 21 August 2009
മുഖാമുഖം - മുസ്ലിം
നോമ്പു തുറക്കുമ്പോള്‍ വെള്ളമാണോ കാരയ്ക്കയാണോ കൂടുതല്‍ പുണ്യകരം?
പി അന്‍വര്‍ സാദത്ത്, വയനാട്
സുലൈമാനുബ്നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: ``നിങ്ങളോരോരുത്തരും നോമ്പ് തുറക്കുന്നത് ഈത്തപ്പഴം കൊണ്ടായിരിക്കണം. അത് കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട് നോമ്പ് തുറക്കാം. അത് ശുദ്ധീകരണക്ഷമമത്രെ (അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്നുമാജ, അഹ്മദ്). നോമ്പ് തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നത്രെ ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്. ഈ ഹദീസില്‍ തംറ് എന്ന അറബി പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഇതിന് പലരും കാരയ്ക്ക എന്നാണ് അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതിന് മാത്രമല്ല ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായ പഴത്തിനും അറബികള്‍ തംറ് എന്നുതന്നെയാണ് പറയുന്നത്. നോമ്പ് തുറക്കാന്‍ അതും ഉപയോഗിക്കാവുന്നതാണ്. കടിച്ചു ചവയ്ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരയ്ക്ക നോമ്പ് തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന് പ്രത്യേക തെളിവൊന്നുമില്ല.