അബൂബക്കര്‍ കാരക്കുന്ന് 12 FEB 2011 Saturday
മാന്യരെ,
അസ്സലാമു അലൈക്കും
ഐ എസ് എം മുന്‍ പ്രസിഡന്റ് അബൂബക്കര്‍ കാരക്കുന്ന് ഇഹലോകവാസം വെടിഞ്ഞ കാര്യം അറിഞ്ഞിരിക്കുമല്ലോ. സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്കി അനുഗ്രഹിക്കുമാറാകട്ടെ.
1992 മുതല്‍ ഒന്നര പതിറ്റാണ്ടുകാലം നീണ്ട അദ്ദേഹത്തിന്റെ നേതൃത്വം ഒരു കരുത്തുറ്റ യുവജന പ്രസ്ഥാനമാക്കി ഐ എസ് എമ്മിനെ വളർത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. പ്രതിസന്ധിഘട്ടത്തില്‍ പ്രസ്ഥാനത്തെ നയിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അവിസ്മരണീയമാണ്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞുകൊണ്ടുവേണം ഇസ്ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ രൂപീകരിക്കേണ്ടത് എന്നദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
അബൂബക്കര്‍ കാരക്കുന്ന് യാത്രയായി. അദ്ദേഹം വരച്ചിട്ട ദിശാരേഖ നമുക്ക് പ്രവര്‍ത്തന രംഗത്ത് കരുത്താകട്ടെ. ആവേശത്തോടെ പ്രവര്‍ത്തിക്കാനും അല്ലാഹുവിന്റെ പ്രീതിയില്‍ അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തില്‍ സംഗമിക്കാനും അല്ലാഹു നമുക്ക് അനുഗ്രഹം നല്കുമാറാകട്ടെ, ആമീന്‍
പ്രാര്‍ഥനയോടെ
മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ എന്‍ എം ജലീല്‍
പ്രസിഡന്റ്, ഐ എസ് എം കേരള. ജന. സെക്രട്ടറി, ഐ എസ് എം കേരള.
കോഴിക്കോട്
12-02-2011
http://www.mathrubhumi.com/online/malayalam/news/story/784534/2011-02-13/kerala
അബൂബക്കര്‍ കാരക്കുന്ന് അന്തരിച്ചു
Posted on: 13 Feb 2011
മലപ്പുറം: ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്റും 'വര്‍ത്തമാനം' ദിനപത്രം എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് (46) അന്തരിച്ചു. ജനശിക്ഷണ്‍ സന്സ്ഥാന് (ജെ.എസ്.എസ്) മലപ്പുറം ജില്ലാ ഡയറക്ടറുമായിരുന്നു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.പ്രഗത്ഭനായ ചിന്തകനും പ്രതിഭാശാലിയായ എഴുത്തുകാരനും ദീര്‍ഘദര്‍ശിയായ പരിഷ്കര്‍ത്താവുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് കട്ടക്കാടന്‍ ഹസന്റെയും മണ്ണില്‍കടവ് ആയിശുമ്മയുടെയും മകനായി മഞ്ചേരിക്കടുത്ത കാരക്കുന്ന് പുലത്ത് 1964 ലാണ് ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എടവണ്ണ ജാമിയ നദ്വിയ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജുകളില്‍ നിന്നായി അഫ്സലുല്‍ ഉലമ ബിരുദം നേടി. തുടര്‍ന്ന് മലയാളത്തില്‍ ബിരുദവും എം.ബി.എ, എം.എസ്.ഡബ്ല്യു ബിരുദങ്ങളും നേടിയിരുന്നു. 1992 മുതല്‍ 1997 വരെ ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയായും 1998 മുതല്‍ 2006 വരെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വര്‍ത്തമാനം പത്രത്തിന്റെ സ്ഥാപകരില്‍ ഒരാളായ അദ്ദേഹം ഡയറക്ടര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം 'ശബാബ്' വാരികയുടെ പത്രാധിപരും 'യുവത' ബുക്ക്ഹൗസ് ഡയറക്ടറുമായിരുന്നു. 'ഇസ്ലാം' അഞ്ച് വാള്യങ്ങളില്‍ എന്ന വിജ്ഞാനകോശത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ദിവ്യദീപ്തി ഖുര്‍ആന്‍ കാവ്യാവിഷ്കാരത്തിന്റെ എഡിറ്ററുമാണ്. പത്തോളം പുസ്തകങ്ങളും ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വീട്ടിനപ്പുറം ഒരു ലോകം', 'ലഘു ചിന്തകള്‍', 'സംഘടന സ്കൂള്‍', 'ഖുര്‍ആനിലെ പ്രാര്‍ഥനകള്‍' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഐ.എസ്.എം പഠന ഗവേഷണ വിഭാഗമായ അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കേരള ഇസ്ലാമിക് സെമിനാര്‍, ആശയ സമന്വയം ബുക്സ് തുടങ്ങിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിലും മുന്നോട്ട് നയിക്കുന്നതിലും പങ്കുവഹിച്ചു.
നിലമ്പൂര്‍ അമല്‍ കോളേജ് അടക്കമുള്ള സ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്ന നിലമ്പൂര്‍ യത്തീംഖാന കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കേരള എസ്റ്റേറ്റ് ജി.എല്‍.പി സ്കൂള്‍, ചേലക്കാട് ജി.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുലത്ത് മസ്ജിദുല്‍ മുജാഹിദീന്‍ ഖത്തീബുമാണ്.
ഭാര്യ: റബീബ അരീക്കോട്. മക്കള്‍: സഫ, മര്‍വ (ഇരുവരും മഞ്ചേരി എയ്സ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനികള്‍). സഹോദരങ്ങള്‍: മുഹമ്മദ്, അലി, നാസര്‍, നസീമ, ഫാത്തിമ, മുനീറ.
വിയോജിക്കുന്നവരുടെ വിലയിരുത്തലാണ് ഒരാളൂടെ വ്യക്തിത്വത്തിന് തിളക്കമാവുക.
അബൂബക്കര്‍ കാരക്കുന്നിനെക്കുറിച്ച് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അനുസ്മരണം
മാധ്യമം പത്രം Sun, 02/13/2011
Published on Sun, 02/13/2011 - 00:08 ( 9 hours 45 min ago)
ശൈഖ് മുഹമ്മദ് കാരകുന്ന്
സ്നേഹസമ്പന്നനായ ഒരു അയല്‍ക്കാരനെയും ഉറ്റസുഹൃത്തിനെയുമാണ് അബൂബക്കര്‍ കാരകുന്നിന്റെ മരണത്തിലൂടെ എനിക്ക് നഷ്ടപ്പെട്ടത്. വീട്ടില്‍നിന്ന് നോക്കിയാല്‍ കാണുകയും വിളിച്ചാല്‍ കേള്‍ക്കുകയും ചെയ്യുന്നത്ര അയല്‍വീട്ടിലാണ് അടുത്ത കാലംവരെ അദ്ദേഹം താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അടുത്തിടപഴകാനും സഹവസിക്കാനും ധാരാളമായി അവസരം ലഭിച്ചു. വ്യത്യസ്ത സംഘടനകളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അത് അയല്പക്ക ബന്ധത്തെയോ ഗാഢമായ സൗഹൃദത്തെയോ അല്പംപോലും ബാധിച്ചിരുന്നില്ല. കണ്ടുമുട്ടുമ്പോഴെല്ലാം ഉള്ളുതുറന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍േറത്. നാട്ടിലെ പല കൂട്ടായ്മകളിലും ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോഴും പ്രസംഗവേദികള്‍ പങ്കിട്ടപ്പോഴും അബൂബക്കര്‍ കാരകുന്നിന്റെ വിശാല മനസ്കതയും സമീപനത്തിലെ പ്രസാദാത്മകതയും അനുഭവിച്ചറിഞ്ഞതാണ്. പരന്ന വായനയും പഠനവും പ്രകൃതത്തിന്റെ ഭാഗമായിരുന്നതിനാല്‍ പല പ്രശ്നങ്ങളിലും വിശാല വീക്ഷണവും ഉള്‍ക്കാഴ്ചയും പുലര്‍ത്താന്‍ സാധിച്ചു.
എന്നെപ്പോലെത്തന്നെ വളരെ ദരിദ്രമായ കുടുംബത്തിലാണ് അബൂബക്കറും ജനിച്ചുവളര്‍ന്നത്. അതിനാല്‍, ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് നിലമ്പൂരിനടുത്ത എരഞ്ഞമങ്ങാട് അനാഥശാലയില്‍നിന്നാണ്. തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബി കോളജില്‍നിന്ന് അഫ്ദലുല്‍ ഉലമ പാസായി. അല്പകാലം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട അബൂബക്കര്‍ ചെറിയ ഒരു ഇടവേളയില്‍ വിദേശത്തും ജോലിയില്‍ ഏര്‍പ്പെട്ടു. പഠനകാലത്തുതന്നെ എഴുത്തിലും പ്രസംഗത്തിലും കഴിവും മികവും തെളിയിച്ചു.
'ശബാബ്' വാരികയുടെ പത്രാധിപരായി ചുമതലയേറ്റതോടെ പത്രപ്രവര്‍ത്തനരംഗത്തും രചനാമേഖലയിലും തന്‍േറതായ മുദ്ര പതിപ്പിക്കാന്‍ സാധിച്ചു. കൊച്ചുകൊച്ചു വാചകങ്ങളില്‍ ലളിതമായ ഭാഷയില്‍ 'ശബാബി'ല്‍ എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളും കുറിപ്പുകളും വായനാസുഖമുള്ളവയായിരുന്നു. ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരില്‍നിന്നും വ്യത്യസ്തമായി ആകര്‍ഷകമായ ശൈലിയുടെ ഉടമയായിരുന്നു അബൂബക്കര്‍.
ഐ.എസ്.എമ്മിന്റെ പ്രസാധനാലയമായ 'യുവത'യുടെ വളര്‍ച്ചയിലും അബൂബക്കറിന് നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിഞ്ഞു. ഒരേസമയം ഇത്തിഹാദുശ്ശുബ്ബാനുല്‍ മുജാഹിദീന്റെ പ്രസിഡന്റും 'ശബാബി'ന്റെ പത്രാധിപരും 'യുവത'യുടെ ഡയറക്ടറുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നത് ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട നേട്ടംതന്നെയാണ്; അദ്ദേഹത്തിന്റെ കഴിവിനും സമര്‍പ്പണസന്നദ്ധതക്കും കര്‍മോത്സുകതക്കും സേവനമനസ്സിനും ലഭിച്ച അംഗീകാരവും.
ദീര്‍ഘമായ പതിനഞ്ചു വര്‍ഷം അബൂബക്കര്‍ ഐ.എസ്.എമ്മിന് നേതൃത്വംനല്കി; ആറു വര്‍ഷം സെക്രട്ടറിയായും ഒമ്പതു വര്‍ഷം പ്രസിഡന്റായും. ഐ.എസ്.എം സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടാനും പൊതുകാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്താനും തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. പരമ്പരാഗത മതപണ്ഡിതരില്‍നിന്ന് വ്യത്യസ്തമായി പൊതുവായനയിലും പഠനത്തിലും അബൂബക്കര്‍ നന്നായി ശ്രദ്ധിച്ചു.
2003ല്‍ 'വര്‍ത്തമാനം' ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായി ചുമതല ഏല്‍ക്കുന്നതുവരെ അദ്ദേഹം 'ശബാബ്' വാരികയുടെ പത്രാധിപരായി തുടര്‍ന്നു. 'വര്‍ത്തമാനം' പത്രം സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി.
ജന്‍ശിക്ഷണ്‍ സംസ്ഥാനിന്റെ മലപ്പുറം റീജനല്‍ ഡയറക്ടറായതോടെയാണ് സംഘടനാ ഭാരവാഹിത്വത്തില്‍നിന്ന് പൂര്‍ണമായും ഒഴിവായത്. ഹൃദ്യമായ പെരുമാറ്റവും തികഞ്ഞ വിനയവും മാന്യമായ സമീപനവും അബൂബക്കറിന്റെ മുഖമുദ്രകളായിരുന്നു. മുഖത്തുനിന്ന് മന്ദഹാസം മായുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു. സ്റ്റേജുകളിലും താളുകളിലും ഞങ്ങള്‍ക്ക് പരസ്പരം വിമര്‍ശിക്കേണ്ടിവന്നപ്പോഴും മാന്യതയും പരസ്പര ബഹുമാനവും പുലര്‍ത്താന്‍ സാധിച്ചു. ചടുലമായ ജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹം നിറയൗവനത്തില്‍ വിടപറയുമെന്ന് പ്രതീക്ഷിച്ച തായിരുന്നില്ല -അടുത്ത കാലത്ത് രോഗശയ്യയിലാകുംവരെ.
അര്‍ബുദ രോഗത്തിനടിപ്പെട്ട് കാലുകള്‍ തളര്‍ന്ന് കഠിനമായ പ്രയാസം അനുഭവിച്ചപ്പോഴും മുഖത്തെ പ്രസാദാത്മകത്വം ഒട്ടും നഷ്ടപ്പെടാതിരിക്കുമാറ് അസാധാരണമായ ഇച്ഛാശക്തിയും സഹനവും പ്രകടിപ്പിച്ചു. രോഗശയ്യയിലായിരിക്കെ ചെന്നുകണ്ടപ്പോഴെല്ലാം രോഗത്തെ സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ വളരെ നിസ്സാരമാണ് അതെന്ന നിലയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.
വ്യത്യസ്ത സംഘടനകളിലായിരിക്കെ ഹൃദ്യമായ സ്നേഹവും ആദരവും അടുപ്പവും പുലര്‍ത്തുന്ന അപൂര്‍വം നേതാക്കളിലും പണ്ഡിതരിലും മുന്നണിയിലുള്ള ആത്മസുഹൃത്താണ് അബൂബക്കര്‍ കാരകുന്നിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്; കേരള മുസ്ലിംകള്ക്ക് കഴിവുറ്റ ഒരു യുവപണ്ഡിതനെയും എഴുത്തുകാരനെയും. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം അനുഗ്രഹപൂര്ണമാക്കിത്തീര്ക്കു മാറാകട്ടെ.
അനാശ്രിതരുടെ സഹചാരി
By P.V. Abdul Wahab (Chandrika Daily 13-02-2011)
ഉദാരഹസ്തനായ നാലകത്ത് ബീരാന് ഹാജി അനാഥ മക്കള്‍ക്കു വേണ്ടി സംഭാവന നല്കിയ മുപ്പത് ഏക്കര്‍ സ്ഥലത്താണ് നിലമ്പൂര്‍ മുസ്ലിം ഓര്‍ഫനേജ് നിലകൊള്ളുന്നത്. 1969ല്‍, ആദരണീയനായ സി.എച്ച്, അവിടെ ഒരു അനാഥമന്ദിരത്തിനു തറക്കല്ലിട്ടു. നാലകത്തു ബീരാന് സാഹിബും ഡോ. എം. ഉസ്മാന് സാഹിബുമായിരുന്നു ഈ സ്ഥാപനത്തിന്റെ നേതൃത്വം വഹിച്ചിരുന്നത്. ഉസ്മാന് സാഹിബിന്റെ അഭിലാഷമനുസരിച്ചാണ് ഈ കുറിപ്പുകാരന്റെ കൈകളിലേക്ക് നിലമ്പൂര്‍ അനാഥശാലാ സമുച്ചയത്തിന്റെ അമരസ്ഥാനമെത്തുന്നത്.
മനസ്സ് നിറയെ ആശങ്കകളായിരുന്നു. ബിസിനസ്സ് പോലെ നടത്തിക്കൊണ്ടുപോകാവുന്ന ഒന്നല്ല പൊതു സ്ഥാപനം. വിശേഷിച്ച് അനാഥമക്കളുടെ അവകാശങ്ങളാല്‍ പൊള്ളുന്ന സ്ഥാപനം. പക്ഷേ, ദൈവാനുഗ്രഹം പോലെയാണ് ആ സമയത്ത് എനിക്കൊരാളെ കിട്ടുന്നത്. അബൂബക്കര്‍ കാരക്കുന്ന്.
അധികാര സ്ഥാനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഇക്കാലത്ത്, ഒരു അനാഥശാലയും അനുബന്ധസ്ഥാപനങ്ങളും ഒട്ടും ചീത്തപ്പേരില്ലാതെ, എങ്ങനെയാണ് നടത്തിക്കൊണ്ടു പോകുക എന്നതിന് തികഞ്ഞ മാതൃകയായിരുന്നു ആ സുഹൃത്തെന്ന് ആത്മാഭിമാനത്തോടെ എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നു. പലതരം ആദര്‍ശ വൈരുധ്യങ്ങളുള്ള ഒരു സമുദായത്തില്‍, ഭിന്നാഭിപ്രായമുള്ള ഒരാളെയും പിണക്കാതെ ഐ.എസ്.എം പ്രവര്ത്തകനായികൊണ്ടു തന്നെ തന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്നതാണ് നിലമ്പൂര്‍ മുസ്ലിംയതീംഖാനാസ്ഥാപനങ്ങളുടെ കാര്യത്തില്‍ അബൂബക്കര്‍ കാരക്കുന്നിന്റെ വിജയം. ഇതൊരു ദൈവീക വിഷയവും പരലോക കാംക്ഷയുമുള്ള ദൗത്യമായി ഏറ്റെടുക്കുകയായിരുന്നു ആ സുഹൃത്ത്. സ്വയം പ്രശംസയില്‍ നിന്നും പ്രവര്‍ത്തനങ്ങളുടെ പ്രകടനപരതയില്‍ നിന്നും തീര്‍ത്തും മാറിനിന്ന് എങ്ങനെയാണ് സമുദായ സേവനം നടത്താന്‍ കഴിയുക എന്നതിന് ബീരാന് ഹാജി നല്കിയ 30 ഏക്കര്‍ ഭൂമിയില്‍ അബൂബക്കര്‍ മാഷ് വരച്ചിട്ട അസൂയാവഹമായചിത്രങ്ങളുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തില്‍ അഭിപ്രായഭിന്നതകള്‍ മുളപൊട്ടിയ കാലമായിരുന്നു അത്. അദ്ദേഹത്തിന് അതിലൊരു പക്ഷത്തോട് താല്പര്യമുള്ളകാര്യം വൈകിയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഞാനദ്ദേഹത്തോട് പറഞ്ഞു: “നമുക്ക് ഒരു പക്ഷമാവാം. വളരെ വൈയക്തികമായ ഒരു നിലപാടാണത്. എന്നാല്‍, സ്ഥാപനത്തെഅതിലേക്കു വലിച്ചിഴക്കരുത്.” ഈ നിലപാടില്‍ തീര്‍ത്തും ഉറച്ചു നിന്നു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനങ്ങള്‍.
മുജാഹിദ് വിഭാഗങ്ങളിലെ അസ്വാരസ്യങ്ങളില്‍ ആഴത്തില്‍ വേദനിച്ച വ്യക്തിയായിരുന്നു അബൂബക്കര്‍ മാഷ്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെക്കണ്ട് പ്രാസ്ഥാനിക ഐക്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും വിലകുറച്ചുകാണാനാവാത്തതാണ്. ഇന്നലെ ആ ജനാസ ഖബര്സ്ഥാനിലേക്കെടുക്കുമ്പോഴും അതിനുമുമ്പും തടിച്ചു കൂടിയ ജനാവലി, അദ്ദേഹം ജീവിത കാലത്ത് ആര്‍ജിച്ച പൊതു സമ്മിതിയുടെ നിഷേധിക്കാനാകാത്ത ഉദാഹരണമായിരുന്നു.
ഞാന്‍ പാര്‍ലമെന്റ് മെമ്പറായകാലത്ത്, മലപ്പുറം ജില്ലയിലെ പല വികസന സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കിയത് അബൂബക്കര്‍ കാരക്കുന്നായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ജനശിക്ഷന്‍ സംസ്ഥാന് (ജെ.എസ്.എസ്) പദ്ധതി മുസ്ലിം യതീംഖാനയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ മുന്‍ കൈയെടുത്തതും അത് മാതൃകാപരമായി വിജയിപ്പിച്ചെടുത്തതും അദ്ദേഹമായിരുന്നു.
മുസ്ലിം യതീംഖാനക്ക് സംവരണമുള്ള കേരളത്തിലെ ആദ്യത്തെ കോളജാണ് നിലമ്പൂരിലെ അമല്‍ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്. അബൂബക്കര്‍ കാരക്കുന്നിന്റെ പദ്ധതിയാണിത്. അനാഥരുടെയും അശരണരുടെയും വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി ഒരു ജീവിതം തന്നെ ഉഴിഞ്ഞു മാറ്റപ്പെട്ടതോടെ ഐ.എസ്.എം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹം ഉള്‍വലിയുകയും ജെ.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവപ്പെടുകയും ചെയ്തു. യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ നേടിയെടുത്ത യതീംഖാന സമുച്ചയത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് എല്‍.ഡി.എഫ് ഭരണത്തിലെ ആനുകൂല്യങ്ങളും പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം കൊണ്ട് സാധിച്ചു. ജെ.എസ്.എസ് പദ്ധതികളിലുള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് സ്ത്രീകള്ക്ക്തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ അദ്ദേഹം നല്കി. മുവ്വായിരം മുതല്‍ പതിനായിരം രൂപവരെ മാസവരുമാനമുള്ള സ്ത്രീ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഓരോ തെരഞ്ഞെടുപ്പിലും മുസ്ലിംലീഗിന്റെ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു അദ്ദേഹം. പൊതുരംഗം എങ്ങനെ നിസ്വാര്‍ത്ഥമായ സേവനൗത്സുക്യംകൊണ്ട് മാതൃകാപരമാക്കാം എന്നതിന്റെ അതുല്യ ഉദാഹരണമാണ് അബൂബക്കര്‍ മാഷ്.
സേവന മേഖലയില്‍ നിറഞ്ഞുനില്ക്കുമ്പോള് പിടഞ്ഞു വീഴുന്നവന് രക്തസാക്ഷിയാണ്. എന്റെ ഹൃദയത്തിന്റെയും ചിന്തയുടെയും വഴിനിര്ണ്ണയത്തിന്റെയും പ്രതിരൂപമായി വര്‍ത്തിച്ച അബൂബക്കര്‍ മാഷ്, ഒരിക്കലും വ്യക്തിപരമായ ഒരാവശ്യവും ഉന്നയിച്ചില്ലല്ലോ എന്ന സങ്കടം ഇപ്പോള്‍ എന്നെ വേട്ടയാടുന്നു. ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യുന്നു, ഒന്നിച്ചു ഭക്ഷിക്കുന്നു, വീട്ടിലെ ഇടവേളകള്‍ ഒന്നിച്ചു ചെലവിടുന്നു, ഇതിനിടയിലൊന്നും “ഇങ്ങനെയൊരാവശ്യമുണ്ട് എനിക്ക്”എന്ന് പറയാതെ കൂടെ നടന്ന് എന്നെ തോല്പിക്കുകയായിരുന്നു ആ വിനീത സുഹൃത്ത്.
വര്‍ത്തമാനം പത്രത്തിലെ പേജുകള്‍ അറ്റാച്ച് ചെയ്തിരിക്കുന്നു.