HOME പ്രഭാഷണങ്ങള്‍ ലേഖനങ്ങള്‍ EBooks
pdf version of this article is attached to bottom of this page. Scroll down and download from attachments.
തൌഹീദും നിയമനിര്‍മ്മാണാധികാരവും –
``നിര്‍ബന്ധമായും അല്ലാഹുവിനു മാത്രമായിരിക്കേണ്ടതും, അവന്റെ സൃഷ്ടികളില്‍ ആര്‍ക്കും അംഗീകരിച്ചുകൊടുക്കാന്‍ പാടില്ലാത്തതുമായ നിയമനിര്‍മ്മാണാധികാരം അത്യുന്നതവും നിരുപാധികവുമായ അധികാരമത്രെ. അതിനു യാതൊരു പരിധിയും പരിമിതിയും ഇല്ല. ഏകദൈവത്വത്തിന്റെ അനിവാര്യ താല്പര്യങ്ങളില് ഒന്നത്രേ അത്.
ഈ അര്‍ത്ഥത്തില്‍ നിയമനിര്‍മ്മാണാധികാരം അല്ലാഹുവിന്നായിരിക്കുക എന്നത് അല്ലാഹു അനുവദിച്ച അളവില്‍ മനുഷ്യര്‍ക്കു നിയമനിര്മ്മാണാധികാരമുണ്ടായിരിക്കുന്നതിനു എതിരല്ല. അല്ലാഹു അനുവദിച്ചതല്ലാത്ത നിയമനിര്‍മ്മാണത്തിനുള്ള സ്വാതന്ത്യത്തെ മാത്രമേ അത് നിഷേധിക്കുന്നുള്ളൂ. കേവലം മതപരമായ വിഷയത്തിലുള്ള നിയമനിര്‍മ്മാണം ഇത്തരത്തിലുള്ളതത്രെ.
സ്വന്തമായി ഇബാദത്തുകളും മതചിഹ്നങ്ങളും ചമച്ചുണ്ടാക്കുക, അല്ലാഹു നിര്‍മ്മിച്ച നിയമത്തില്‍ തന്നിഷ്ടപ്രകാരം എണ്ണത്തിലോ, വണ്ണത്തിലോ കൂട്ടുകയോ കുറക്കുകയോ ചെയ്യുക. അല്ലാഹു നിയമിച്ച കാര്യത്തിന്റെ സ്ഥലകാല രൂപങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുക.–ഇത്ത്ത്തില് ഇബാദത്തുകളുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നത് ഇതിനു(കേവലം മതപരമായ നിയമനിര്‍മ്മാണത്തിനു) ഉദാഹരണമെത്രെ. അല്ലാഹു ഹറാമാക്കിയത് ഹലാലാക്കിക്കൊണ്ടോ, അവന് ഹലാലാക്കിയത് ഹറമാക്കിക്കൊണ്ടോ ഹലാല്‍ ഹറാമുകളൂടെ കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതും ഇതുപോലെത്തന്നെ. അത്തരം നിയമനിര്മ്മാണാധികാരത്തെയാണ് നബി(സ)റുബൂബിയ്യത്തായി ഗണിക്കുകയും, വേദക്കാരെപറ്റി അല്ലാഹു പറഞ്ഞ
اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ9:31 എന്ന വാചകത്തിനു തദടിസ്ഥാനത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തത്.
വ്യക്തവും സ്ഥിരപ്പെട്ടതുമായ മതപ്രമാണങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മ്മാണവും അതുപോലെത്തന്നെ. നിഷിദ്ധമായ കാര്യങ്ങള്‍ക്ക് അംഗീകാരം നല്കുന്നതോ പ്രത്യക്ഷമോ, പരോക്ഷമോ ആയ നീചവൃത്തികള്‍ക്ക് പ്രചാരം നല്കുന്നതോ നിര്‍ബന്ധമായ മതബാധ്യതകള്ക്ക് മുടക്കം വരുത്തുന്നതോ ഖണ്ഡിതമായ ഇസ് ലാമിക ശിക്ഷാവിധികള്‍ റദ്ദ് ചെയ്യുന്നതോ അല്ലാഹുവിന്റെ നിശ്ചിത പരിധികള്‍ അതിലംഘിക്കുന്നതോ ആയ നിയമനിര്‍മ്മാണങ്ങള്‍ ഇതിനുദാഹരണമത്രെ.
എന്നാല്‍ ഇതൊന്നുമല്ലാത്ത കാര്യങ്ങളില്‍ മനുഷ്യര്‍ക്ക് സ്വയം നിയമം നിര്മ്മിക്കുവാനവകാശമുണ്ട്. ഖണ്ഡിതമായ മതവിധികളില്ലാത്ത മേഖലയിലത്രെ അത്. അങ്ങനെയുള്ള വിഷയങ്ങള്‍ ധാരാളമുണ്ട്. 'ഞാന്‍ ഏതൊന്നിനെ പറ്റി മൌനവലംബിച്ചിരിക്കുവോ അത് വിട്ടുവീഴ്ചയുള്ളതാകുന്നു' എന്ന ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട, മതം മൌനവലംബിച്ച കാര്യങ്ങളത്രെ അവ. ജീവിതത്തിന്റെ വിശാലമായ ഒരു മേഖലയെ അതുള്‍ക്കൊള്ളുന്നു.
സൂക്ഷ്മവും വിശദവുമായ വിധികള്‍ വിവരിക്കാതെ മൂലതത്വങ്ങളും പൊതുനിയമങ്ങളും മാത്രം പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളൂം അതുപോലെ തന്നെ. അത്തരം കാര്യങ്ങളില്‍ ഇജ് തിഹാദിനു അര്ഹതയുള്ളവന് അടിസ്ഥാനതത്വങ്ങള്‍ക്കും നിശ്ചിതനിയമങ്ങള്ക്കുമനുസരിച്ച് ഇജ് തിഹാദ് നടത്തുകയാണ് വേണ്ടത്.
അതിനാല്‍ അല്പം മുമ്പ് നാം പറഞ്ഞ പദ്ധതിക്കുള്ളില്‍ നിന്നുകൊണ്ട് മതത്തിന്റെ അനുവാദത്തോടെ തന്നെ മുസ് ലിങ്ങള്‍ക്ക് തങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിന്റെ വിശാലമായ മേഖലകളില്‍ സ്വന്തമായി നിയമം നിര്‍മ്മിക്കാന്‍ സാധിക്കുന്നു. വ്യക്തികളെന്ന നിലക്കും സമൂഹങ്ങളെന്ന നിലയ്ക്കും ജനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കുക, കുഴപ്പങ്ങള്‍ തടയുക, ആവശ്യങ്ങള്‍ കണക്കിലെടുക്കുക–ഇതാണ് അതിലെല്ലാം പരിഗണിക്കപ്പെടേണ്ടത്.
സൂക്ഷ്മമായ സമകാലീന നിയമങ്ങളുടെ മിക്കവശങ്ങളൂം ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങള്ക്കോ, മതവിധികളുടെ വിശദാംശങ്ങള്‍ക്കോ വിരുദ്ധമാകുന്നില്ല. കാരണം, പ്രയോജനങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുക, വിഷമതകള്‍ ദൂരീകരിക്കുക, അംഗീകൃത സമ്പ്രദായങ്ങള്‍ പരിഗണിക്കുക എന്നീ തത്വങ്ങളിലാണ് അവ അധിഷ്ഠിതമായിട്ടുള്ളത്. ട്രാഫിക് നിയമങ്ങള്‍, നാവികവ്യോമയാന നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, ആരോഗ്യകാര്‍ഷിക രംഗങ്ങളിലെ നിയമങ്ങള്‍, നിയമാധിഷ്ഠിത ഭരണത്തിന്റെ ഭാഗമായി വരുന്ന മറ്റു നിയമങ്ങള്‍ – ഇവയെല്ലാം ഇതിനുദാഹരണമാണ്. അതു വളരെ വിപുലമായ ഒരിനമത്രെ``. (ഡോ: യൂസുഫുല്‍ ഖര്ദ്വാവി.മനാറുല്‍ ഇസ് ലാം 1988 മാര്‍ച്ച് 19)
(ഉദ്ദരണം : ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം – ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി)
"......ഉസ്താദ് മൌദൂദിയുടെ അഭിപ്രായത്തില്‍ – ഹാകിമിയ്യത്ത് വാദികളില്‍ ഏറ്റവും പ്രസിദ്ധനും അതില്‍ വളരെ ശക്തമായി നിലകൊണ്ടവനുമാണദ്ദേഹം. –ജനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താവുന്ന ഒരു രംഗം അവശേഷിക്കുന്നുണ്ട്. ഖണ്ഡിതമായി വന്ന നസ്സുകള്ക്കും സ്ഥിരപ്പെട്ട വിധികള്‍ക്കും അംഗീകരിക്കപ്പെട്ട ഹുദൂദുകള്ക്കും അപ്പുറമുള്ള മേഖലയാണത്. നസ്സുകളെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ടും ഖിയാസ് വഴിക്കും ഇസ്തിഹ്സാന് വഴിക്കുമാണ് ആ നിയമനിര്‍മ്മാണം നടത്തേണ്ടത്.
..............
കൂടുതല്‍ വ്യക്തതക്ക് വേണ്ടി മൌദൂദിയുടെ മറ്റൊരു പ്രസ്താവന കൂടി ഇവിടെ കൊടുക്കുകയാണ്.
"സ്വതന്ത്ര നിയമനിര്‍മ്മാണത്തിനുള്ള വകുപ്പ്
ഇവക്കെല്ലാം പുറമെ ശരീഅത്ത് പൂര്‍ണ്ണമായി മൌനമവലംബിച്ച, മാനവിക കാര്യങ്ങളുടെ വിശാലമായൊരു മേഖല വേറെയുണ്ട്. ഇക്കാര്യങ്ങളില്‍ ശരീഅത്ത് നേര്‍ക്കുനേരെ ഒരു ചട്ടം ഏര്‍പ്പെടുത്തുകയോ, നമുക്ക് നിയമനിര്‍മ്മാണം സാധിക്കത്തക്കവിധം സമാനമോ സദൃശമോ ആയ സാഹചര്യങ്ങളില്‍ യുക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയോ ചെയ്തിട്ടില്ല. ഇത്തരം വിഷയങ്ങളെ വിവേചനവും വിധിന്യായവുമനുസരിച്ച് തീരുമാനിക്കാന്‍ മനുഷ്യരെ പരമോന്നത വിധികര്‍ത്താവ് അനുവദിച്ചിരിക്കുന്നു എന്ന യാഥര്‍ത്ഥ്യമാണ് ഈ മൌനം സ്വയം തന്നെ സൂചിപ്പിക്കുന്നത്. പക്ഷേ, അത് ഇസ്ലാമിന്റെ യഥാര്‍ത്ഥ ചൈതന്യത്തിനും സാമാന്യതത്വങ്ങള്ക്കും അനുഗുണമായിരിക്കണം. ഏറെ പ്രാധാന്യം അതൊരിക്കലും ഇസ്ലാമിന്റെ പ്രകൃതിക്കും രീതിക്കും വിരുദ്ധമായിരിക്കരുത് എന്നുള്ളതാണ്. അതു സ്വാഭാവികവും ഉചിതവുമായ രീതിയില്‍ ഇസ്ലാമിന്റെ പൊതുവ്യവസ്ഥക്കു ചേര്‍ന്നതാവണം"
(ഇബാദത്ത് ഒരു സമഗ്രപഠനം, പേജ് 58)
``സ്വതന്ത്രമായ നിയമനിര്‍മ്മാണം എന്നാല്‍ എന്താണ്? അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമാണോ, അല്ലേ എന്ന പരിഗണന കൂടാതെ ഏത് തരത്തില്‍ നിയമം നിര്‍മ്മിക്കാനും തനിക്ക് അധികാരമുണ്ടെന്ന് ഒരാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ ദൈവത്തിന്റെ പരമാധികാരം നിഷേധിക്കുന്നതിനാല്‍ അവിശ്വാസിയാണ്. സ്വന്തത്തെ അല്ലാഹുവിന് സമാന്തരമായ ഒരു അധികാരശക്തിയായി ഉയര്‍ത്തിനിര്‍ത്തുന്നതിനാല്‍ അല്ലാഹുവിന് പങ്കാളിയെ സ്ഥാപിക്കുക എന്ന നിലയില്‍ അയാളുടെ നിലപാടിനെ ശിര്‍ക്ക് എന്നും വിശേഷിപ്പിക്കാവുന്നതാണ്. ഏതായാലും അയാള്‍ ഈമാനിന്റേയും തൌഹീദിന്റേയും പരിധിക്ക് പുറത്താണെന്ന കാര്യത്തില്‍ മുജാഹിദുകള്‍ക്ക് സംശയമില്ല. മറിച്ചൊരു അഭിപ്രായം മുജാഹിദ് പ്രസംഗകരോ, എഴുത്തുകാരോ ഉന്നയിച്ചിട്ടുമില്ല.
അല്ലാഹു ഹലാലായി നിശ്ചയിച്ച കാര്യം ഹറാമാണെന്ന് വിധിക്കുവാനോ ഹറാമായി നിശ്ചയിച്ച കാര്യം ഹലാലാണെന്ന് പറയാനോ സൃഷ്ടികളില്‍ ആര്‍ക്കും അവകാശമില്ലെന്ന കാര്യം അനേകം ലേഖനങ്ങളിലും പുസ്തകങ്ങളിലും മുജാഹിദുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും ജമാഅത്ത് – മുജാഹിദ് സംവാദത്തിന്റെ തര്‍ക്കവിഷയമല്ല. ഇവര്‍ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്``.( മതം രാഷ്ട്രീയം ഇസ്ലാഹീ പ്രസ്ഥാനം ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി –പേജ് 103)