HOME പ്രഭാഷണങ്ങള്‍ ലേഖനങ്ങള്‍ ശബാബ് EBooks
ജനാധിപത്യവും മനുഷ്യാവകാശങ്ങളും
Friday, 16 October 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
അധികാരം ആത്യന്തികമായി ജനഹസ്തങ്ങളില്‍ നിക്ഷിപ്തമാകുന്നു എന്നതാണല്ലോ ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ എത്രമാത്രം പണവും സ്വാധീനവും ഉണ്ടായാലും ജനങ്ങളുടെ വോട്ട് ലഭിച്ചില്ലെങ്കില്‍ അധികാരം അപ്രാപ്യമായിരിക്കും എന്ന അര്‍ഥത്തില്‍ ജനങ്ങളുടെ പരമാധികാരം അജയ്യമായി തുടരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തിയവര്‍ പ്രത്യക്ഷമായോ പരോക്ഷമായോ പലര്‍ക്കും നീതി നിഷേധിക്കുന്ന പ്രവണത അവിരാമം തുടരുന്നതിനാല്‍ ചിലപ്പോഴെങ്കിലും ഏകാധിപത്യ വ്യവസ്ഥകളല്ലേ ജനാധിപത്യത്തെക്കാള്‍ ഭേദമെന്ന് തോന്നിപ്പോകാറുണ്ട്.
ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഭരണകൂടത്തിന്റെയും ഭരിക്കുന്ന കക്ഷികളുടെയും നീതിനിഷേധത്തെ സംബന്ധിച്ച് വാചാലരാകാറുണ്ട്. പ്രതിപക്ഷങ്ങള്‍ നടത്തുന്ന മിക്ക പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ഭരണത്തിലെ നീതിനിഷേധം ഉയര്‍ത്തിക്കാണിച്ചായിരിക്കും. കസ്റ്റഡിമരണങ്ങള്, വ്യാജഏറ്റുമുട്ടല്‍, കൊലപാതകങ്ങള്‍ തുടങ്ങിയ പോലീസിന്റെ അതിക്രമങ്ങളെ പ്രതിപക്ഷകക്ഷികള്‍ എപ്പോഴും ഭരണകൂടത്തിനെതിരില്‍ ശക്തമായ പ്രചാരണോപാധികളാക്കുന്നു. കേരളത്തില്‍ ചില പോലീസ് വെടിവെപ്പുകള്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തന്നെ വഴിവെച്ചിട്ടുണ്ട്. രാജന്‍സംഭവം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച പ്രഭാവം അഭൂതപൂര്‍വമായിരുന്നു. അതുപോലെ ഉദ്യോഗസ്ഥതലത്തിലെ അഴിമതിക്കെതിരിലും പണക്കൊതിയരായ ഉദ്യോഗസ്ഥര്‍ പൌരന്മാരുടെ ന്യായമായ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരിലും മിക്ക രാഷ്ട്രീയ കക്ഷികളും പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഉറക്കെ ശബ്ദിക്കാറുണ്ട്. ഗുണ്ടകളും രാഷ്ട്രീയക്കാരും പൊലീസും തമ്മിലുള്ള ബന്ധത്തെ അതീവ ഗൌരവത്തോടെയാണ് പ്രതിപക്ഷം വിമര്‍ശിക്കാറുള്ളത്.
എന്നാല്‍ നീതിനിഷേധത്തിനെതിരില്‍ പോരാടിയവര്‍ അധികാരത്തിലെത്തുമ്പോള്‍ പാട് മാറുകയാണ് പതിവ്. പൊലീസിന്റെ അതിക്രമങ്ങളുടെ നേരെ പലപ്പോഴും അവര്‍ നിസ്സംഗത പുലര്‍ത്തും. ചിലപ്പോള്‍ ന്യായീകരിക്കാനും അവര്‍ മുതിരും. ഉദ്യോഗസ്ഥരുടെ നീതിനിഷേധത്തിന്റെയും അഴിമതിയുടെയും കാര്യത്തിലും ഭരിക്കുന്നവരുടെ പക്ഷപാതം പ്രകടമായിരിക്കും.
പ്രമുഖ രാഷ്ട്രീയകക്ഷികളില്‍ പെട്ടവര്‍ ഒരു പരിധിവരെ മാത്രമേ കടുത്ത അതിക്രമങ്ങള്‍ക്കും നീതിനിഷേധത്തിനും ഇരയാകാറുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ അധികാരത്തിലെത്താന്‍ സാധ്യതയുള്ളവരെ തുടച്ചുനീക്കിയാല്‍ കനത്ത തിരിച്ചടികള്‍ ഉണ്ടായേക്കുമെന്ന ആശങ്ക പല ഉന്നതരെയും സംയമനം പാലിക്കാന്‍ നിര്‍ബന്ധിതരാക്കും. എന്നാല്‍ ന്യൂനപക്ഷങ്ങളുടെയും സാമൂഹ്യമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരുടെയും അവസ്ഥ ഇതുപോലെയല്ല. ഭീകരവാദികള്‍, തീവ്രവാദികള്‍, അധോലോകനായകര്‍ തുടങ്ങിയ ഏതെങ്കിലും ലിസ്റ്റില്‍ പെടുത്തി ഏറ്റുമുട്ടല്‍കഥ ചമച്ചു അവരെ കൊന്നുകളഞ്ഞാല്‍ ഉറക്കെ പ്രതിഷേധിക്കാന്‍ ആരും മുതിരുകയില്ല. ഏറ്റുമുട്ടല്‍ വീരന്മാര്, ഭീകര–തീവ്രവാദികളുടെ അന്തകര്‍ എന്നീ നിലകളില്‍ പോലീസുകാര്‍ക്കും സൈനികര്‍ക്കും അവാര്‍ഡുകളോ സ്ഥാനക്കയറ്റമോ ലഭിക്കുകയും ചെയ്യും. സ്ഥിരം ശല്യക്കാരെ പൊലീസ് ബോധപൂര്‍വം കൊന്നുകളഞ്ഞാല്‍ പോലും പൌരന്മാരില് ഗണ്യമായ ഒരു വിഭാഗം സന്തുഷ്ടരാകുന്ന സാഹചര്യം ഇവിടെ സംജാതമായിക്കൊണ്ടിരിക്കുന്നുമുണ്ട്. മുസ്ലിം ഭീകരവാദികള്‍ എന്ന് വിളിക്കപ്പെടുന്നവരെയും മാവോയിസ്റ്റുകളെയും സംബന്ധിച്ച് മാധ്യമങ്ങളും രാഷ്ട്രീയക്കാരും സൃഷ്ടിക്കുന്ന ഭയം ജനങ്ങളുടെ മനോഭാവത്തെ ആ വിധത്തില്‍ മാറ്റിമറിക്കുകയാണ് ചെയ്യുന്നത്.
കണ്ണില്‍ കാണുന്നവരെയൊക്കെ വെടിവെച്ചു വീഴ്ത്തുന്ന കൊടും ഭീകരരോടും പൊലീസുകാരെ നിരന്തരം വേട്ടയാടുന്ന നക്സലൈറ്റുകളോടും സഹതാപമുണ്ടാക്കാന്‍ വേണ്ടിയല്ല ഇതെഴുതുന്നത്. കൊല്ലനായി ഒരുങ്ങി ഇറങ്ങിയവര്‍ കൊല്ലപ്പെട്ടാല്‍ നീതിബോധമുള്ളവര്‍ സന്തോഷിക്കുകയേയുള്ളൂ. എന്നാല്‍ ആക്രമണകാരികളെ അടിച്ചൊതുക്കുകയോ പിടികൂടുകയോ ചെയ്യുന്നതില്‍ പൊലീസ് അഥവാ സൈന്യം പരാജയപ്പെട്ടാല്‍ ഏതെങ്കിലും മുസ്ലിമിനെയോ ആദിവാസിയെയോ ബലിയാടാക്കുന്ന സമ്പ്രദായം നിലവിലുണ്ടെന്നാണ് പലപ്പോഴും നിഷ്പക്ഷ മാധ്യമങ്ങളും പൌരാവകാശ പ്രസ്ഥാനങ്ങളും തെളിയിച്ചിട്ടുള്ളത്. പക്ഷെ, പ്രമുഖ രാഷ്ട്രീയകക്ഷികളും മുഖ്യധാരാ മാധ്യമങ്ങളും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുകയോ അവയുടെ നേര്‍ക്ക് നിസ്സംഗത പുലര്‍ത്തുകയോ ആണ് പതിവ്. ഭീകരതയെയും തീവ്രവാദത്തെയും അടിച്ചൊതുക്കേണ്ടത് രാഷ്ട്രസുരക്ഷയ്ക്ക് അനുപേക്ഷ്യമായിരിക്കെ പൊലീസിന്റെയും സൈന്യത്തിന്റെയും മനോവീര്യം കെടുത്തുന്ന യാതൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ പാടില്ല എന്ന നിലപാടാണ് പല മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും സ്വീകരിക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെയുള്ള ആരെയെങ്കിലും വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട `ഭീകരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഓഫീസര്‍മാര്‍ അവകാശപ്പെട്ടാല്‍ മാധ്യമങ്ങള്‍ അവരെ മുക്തകണ്ഠം വാഴ്ത്തുകയും ഭരണകൂടം അവര്‍ക്ക് ബഹുമതികള്‍ നല്കാന് നീക്കമാരംഭിക്കുകയും ചെയ്യും.
ഭീകരവാദത്തെയും തീവ്രവാദത്തെയും തളര്ത്താനാണോ വളര്‍ത്താനാണോ ഈ സമ്പ്രദായം സഹായകമായിട്ടുള്ളതെന്ന് പൊലീസ് മേധാവികളോ അവരെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങളോ പലപ്പോഴും വിലയിരുത്താറില്ല. എന്നാല്‍ പത്രവാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്, പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ ആക്രമണ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ്. വ്യാജ ഏറ്റുമുട്ടലുകളില്‍ നിരപരാധികള്‍ ധാരാളമായി കൊല്ലപ്പെടുന്നത് ദലിതര്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ക്കുള്ള പിന്തുണ വര്‍ധിക്കാന്‍ സഹായകമാകുന്നു എന്നതാണ് ഇതിന്റെ കാരണം. ദല്‍ഹിയിലും ഗുജറാത്തിലും മറ്റും നിരപരാധരായ മുസ്ലിം ചെറുപ്പക്കാര്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ മുസ്ലിം സാധാരണക്കാര്‍ക്കിടയില്‍ അരക്ഷിതബോധവും തീവ്രവാദത്തോട് അനുഭാവവും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബഹുകോണ മത്സരങ്ങള്‍ നടക്കുമ്പോള്‍ പോള്‍ ചെയ്ത വോട്ടുകളുടെ പതിനഞ്ചോ ഇരുപതോ ശതമാനം നേടിയാലും ജയിക്കാന്‍ സാധ്യതയുള്ളതിനാലാണ് പല പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും, ന്യൂനപക്ഷ അധസ്ഥിത വിഭാഗങ്ങളിലെ ഇരകളെയും അവരുടെ ഉറ്റവരെയും അവഗണിച്ചു തള്ളാന്‍ കഴിയുന്നത്. അമ്പത് ശതമാനത്തിലധികം വോട്ട് നേടിയവര്‍ക്കേ അധികാരം ലഭിക്കൂ എന്ന് നിഷ്കര്‍ഷിക്കപ്പെട്ടാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരും. അപ്പോഴേ ജനാധിപത്യം സാര്‍ഥകമാകൂ, അത് ജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതാകൂ. പക്ഷെ, നിലവിലുള്ള സാഹചര്യത്തില്‍ ഇവിടത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഇത്തരമൊരു മാറ്റത്തെ അനുകൂലിക്കാനുള്ള സാധ്യത തീരെ കുറവാകുന്നു.
പൊലീസിന്റെ മൂന്നാംമുറ, കസ്റ്റഡി മരണം, പൊലീസോ സൈനികരോ നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍ എന്നിവ തീര്‍ത്തും അവസാനിപ്പിക്കുന്നതിനുതകുന്ന ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ഇതുവരെയും കേന്ദ്ര–സംസ്ഥാന ഭരണകൂടങ്ങള്‍ സന്നദ്ധമായിട്ടില്ല. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും മറ്റും വേണ്ടി പ്രതിപക്ഷ കക്ഷികള്‍ ചില സംഭവങ്ങള്‍ സജീവ ചര്‍ച്ചയാക്കാറുണ്ടെങ്കിലും, ദുര്‍ബലരായ പൌരന്മാര്ക്ക് നീതി നിഷേധിച്ചുകൊണ്ട് ജനാധിപത്യത്തെ പ്രഹസനമാക്കിത്തീര്‍ക്കുന്ന ദുരവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന നിര്‍ബന്ധ ബുദ്ധി അവര്‍ പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായം കാണുന്നില്ല. തങ്ങള്‍ക്ക് ഭരണം കൈവന്നാലും അല്പം അമിതാധികാര പ്രയോഗവും പൌരാവകാശ നിഷേധവും വേണ്ടിവരും എന്നായിരിക്കാം അവരുടെ മനസ്സിലിരിപ്പ്.
അല്പമെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളത് നീതിപീഠങ്ങളില്‍ നിന്നാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന മഹാതത്വം മുറുകെ പിടിക്കുന്നവരോ മുറുകെ പിടിക്കേണ്ടവരോ ആണല്ലോ ന്യായാധിപന്മാര്. നിയമസഭകളും പാര്‍ലമെന്റും പാസ്സാക്കുന്ന നിമയങ്ങളുടെ പരിധിക്കുള്ളിലേ കോടതികള്‍ നിയമനടപടികള്‍ സ്വീകരിക്കാനിടയുള്ളൂ എന്നത് ഒരു പരിമിതിയാണെങ്കിലും മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് തടയാന്‍ നീതിപീഠങ്ങള്‍ ചിലപ്പോള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ, സംഘടനകളോ വ്യക്തികളോ പ്രഗത്ഭ അഭിഭാഷകരുടെ പിന്‍ബലത്തോടെ ദീര്‍ഘകാലം കേസ് നടത്തിയാലേ അടഞ്ഞുകിടക്കുന്ന നിയമകവാടങ്ങള് തുറന്നുകിട്ടൂ. ഗുജറാത്ത് കൂട്ടക്കൊലകള്‍ സംബന്ധിച്ച്, പോലീസും പ്രോസിക്യൂട്ടര്‍മാരും ഒത്തുകളിച്ച് തുമ്പില്ലാതാക്കിയ പല കേസുകളും വീണ്ടും വിചാരണയ്ക്ക് വിധേയമാക്കാന്‍ ഉന്നത നീതിപീഠം നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലം മാധ്യമങ്ങളില്‍ നിന്ന് നാം മനസ്സിലാക്കിയതാണല്ലോ.
ഇരുളിന്റെ മറവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷികളുണ്ടാവില്ല. ആരെങ്കിലും കാണാന്‍ ഇടയായാല്‍ തന്നെ പോലീസിനെതിരില് സാക്ഷ്യംവഹിക്കാന്‍ അസാമാന്യ ചങ്കൂറ്റമുള്ളവരേ മുന്നോട്ടുവരൂ. വന്നാലും പോലീസ് അവരെ കൈകാര്യം ചെയ്തെന്നുവരും. ഇപ്പോള്‍ നിലവിലുള്ള രീതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവര്ക്കെതിരില് പോലീസ് ഒരു കുറ്റപത്രം തയ്യാറാക്കുക എന്നതാണ്. കൊല്ലപ്പെട്ട ആള്‍ക്ക് കുറ്റം നിഷേധിക്കാനോ എതിര് തെളിവ് ഹാജരാക്കാനോ സാധിക്കാത്തതിനാല്‍ ഇത് തികച്ചും അയുക്തികമായ ഒരു വൃഥാ വേലയാകുന്നു. ഇതിന് പകരം ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരില്‍ ഒരു എഫ് ഐ ആര് (പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്) കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിയമം വന്നാല്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച യാഥാര്‍ഥ്യത്തിന്റെ ചുരുളഴിയാന്‍ സാധിച്ചേക്കും. ഇയ്യിടെ ആന്ധ്ര ഹൈക്കോടതി ഈ വിഷയകമായി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഏതൊരു ഏറ്റുമുട്ടല്‍ കൊലപാതകത്തിനും ഒരു എഫ് ഐ ആര് തയ്യാറാക്കി കേസെടുത്ത് അന്വേഷിക്കണമെന്ന്. ആന്ധ്രപ്രദേശ് പോലീസ് അസോസിഷേയന്‍ ഈ വിധിക്കെതിരില്‍ സൂപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. കേസ് കോടതിയിലെത്തിക്കാതെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ അവസാനിപ്പിക്കാനുള്ള പോലീസിന്റെ അമിതാധികാരം വകവെച്ചുകൊടുക്കാന്‍ ഉന്നതനീതിപീഠം തയ്യാറാകുന്നില്ലെങ്കില്‍ വിചാരണയും ശിക്ഷയും ഒരു വെടിയുണ്ടയില്‍ ഒതുക്കുന്ന `ഇന്‍സ്റ്റന്റ് പോലീസിംഗ് മനുഷ്യാവകാശങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ടിവരും.