ജനാധിപത്യം ഇസ്ലാമിനോട് ചേരില്ല– ജമാഅത്ത് അമീര്‍
Thu, 3 May 2012 THEJAS DAILY
സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: ജനാധിപത്യം അടിസ്ഥാനപരമായി ഇസ്ലാമിക വ്യവസ്ഥയോട് ഏറ്റുമുട്ടുന്നതാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ണിത അതിരുകളില്‍ നിന്നു പുറത്തുപോവുകയാണെങ്കില്‍ വെ ല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം വിച്ഛേദിക്കുമെന്നും അഖിലേന്ത്യാ അമീര്‍ മൌലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. ഉര്‍ദു രാഷ്ട്രീയ സഹാറയുമായി നടത്തിയ അഭിമുഖത്തിലാണ് ജമാഅത്ത് അമീര്‍ നിലപാടുകളെക്കുറിച്ച് പറഞ്ഞത്.
രാജ്യത്തിന്റെ അവസ്ഥയില്‍ ഫലപ്രദമായ രാഷ്ട്രീയ റോള്‍ നിര്‍വഹിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് സമ്മതിച്ചു. എന്നാല്‍, പാര്‍ട്ടി ജമാഅത്തിന്റെ നിര്‍ണിത അതിരുകളില്‍ നിന്നു പുറത്തുപോവുകയാണെങ്കില്‍ ധാര്‍മിക പിന്തുണ പിന്‍വലിക്കുന്നതും ബന്ധം വിച്ഛേദിക്കുന്നതുമാണ്.
നിലവിലുള്ള സംവിധാനത്തിന്റെ ഭാഗമാവേണ്ടത് അനിവാര്യമാണ്. എന്നാ ല്‍, ജമാഅത്ത് ഇന്നും ജനാധിപത്യത്തെ അടിസ്ഥാനപരമായി ഇസ്ലാമിക വ്യവസ്ഥയോട് ഏറ്റുമുട്ടുന്നതാണെന്നു മനസ്സിലാക്കുന്നു.
കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് നിലപാടുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടും ഈ സിസ്റ്റത്തില്‍ നിന്നുകൊണ്ടും അതിന്റെ ഭാഗമായിക്കൊണ്ടും ലക്ഷ്യം നേടാനാവുമെന്നാണ് പുതിയ തീരുമാനം. ഇതിനര്‍ഥം ജമാഅത്ത് വീക്ഷണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമെന്നല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാവും. ഞങ്ങള്‍ അടിസ്ഥാനങ്ങളില്‍ നിന്നു മാറിയിട്ടില്ല– ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നിട്ടില്ല. ആദ്യത്തെ ചര്‍ച്ച താത്ത്വികമായിരുന്നു. ഇപ്പോഴത്തേത് പ്രയോഗപരമാണ്. ഈ സംവിധാനം മാറ്റണമെങ്കില്‍ ഇതിന്റെ ഭാഗമാകേണ്ടതുണ്ട്. ജമാഅത്തില്‍ ആഭ്യന്തര കലഹമുണെ്ടന്നതും നോര്‍ത്ത്–സൌത്ത് വടംവലിയുണെ്ടന്നതും അദ്ദേഹം നിഷേധിച്ചു. എന്നാല്‍, ഒരു കാര്യം അദ്ദേഹം ശരിവച്ചു. കൌബെല്റ്റിലെ പ്രവര്‍ത്തകര്‍ പാരമ്പര്യത്തെ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം സൌത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ അഭിരുചി അല്‍പ്പം കൂടുതലാണ്.
ഒരു പാര്‍ട്ടിയും ആത്മാര്‍ഥതയുള്ളതല്ല. എല്ലാം അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. യു.പിയുടെ അതിരുവരെ മുലായം കൊള്ളാമെന്നു ഞങ്ങള്‍ കരുതുന്നു. കേന്ദ്രത്തില്‍ യു.പി.എക്കൊപ്പമാണ്. 2014 ലെ ലോക്സഭാ ഇലക്ഷനില്‍ യു.പി.എ (അതിന്റെ ഇപ്പോഴത്തെ രൂപത്തില്‍ നിലനില്ക്കണമെന്ന വ്യവസ്ഥയില്‍) പിന്തുണയ്ക്കാവുന്നതാണ്. എന്‍.ഡി.എയെ പിന്തുണയ്ക്കുന്ന ചോദ്യമേ ഉദ്ഭവിക്കുന്നില്ല. മൂന്നാം മുന്നണി രൂപീകരിക്കപ്പെടുകയാണെങ്കില്‍ അതേക്കുറിച്ചും ചിന്തിക്കുന്നതാണ്. നിലവില്‍ യു.പി.എ സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല.
സ്വഭാവം, ചിന്ത, തര്‍ബിയ്യത്ത് എന്നീ മേഖലകളില്‍ മുമ്പത്തെ അപേക്ഷിച്ചു ജമാഅത്തെ ഇസ്ലാമി ദുര്‍ബലമായിരിക്കുന്നു. ഇതേപ്പറ്റി അമീര്‍ പറഞ്ഞത് ഇങ്ങനെയാണ്: ഭൂതകാലം വളരെ നന്നായിരുന്നു. നാം ഭൂതകാലത്തോടൊപ്പം വര്‍ത്തമാനത്തില്‍ ജീവിക്കണം. തര്‍ബിയ്യത്ത് സംവിധാനത്തിന്റെ ഗുണമേന്മ അത്രതന്നെ ഉണ്ടാകുന്നില്ല. മേഖലകള്‍ വിപുലമാകുമ്പോള്‍ അല്‍പ്പം അപാകതകളും വന്നുചേരും. സംസ്കരണ–ഗുണമേന്മാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങള്‍ ഇന്നും തെറ്റുതിരുത്താനുള്ള അവസരം നല്കുന്നു. സൂക്ഷ്മതയില്ലാത്തവര്ക്കു പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു. ഇത് എല്ലാവര്ക്കും ബാധകമാണ്, ജമാഅത്ത് അമീറായാലും.
താങ്കളൊരു ദുര്‍ബലനായ, സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുന്ന അമീറാണെന്ന ധാരണയുണ്ടല്ലോ എന്ന ചോദ്യത്തിന് ഉറച്ച ശൈലിയില്‍ മറുപടി പറഞ്ഞു: ഒരു സമ്മര്ദ്ദത്തിലുമല്ല. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി തീരുമാനങ്ങളെടുക്കുന്നുവെന്ന പ്രതീതിയുണെ്ടങ്കില് അതു തെറ്റാണ്.
ദേശദ്രോഹക്കുറ്റം ആരോപിച്ച് തുറുങ്കില്‍ അടയ്ക്കപ്പെട്ട മുസ്ലിം യുവാക്കളെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ചെണ്ട കൊട്ടാറില്ല. നിശ്ശബ്ദമായി പണിയെടുക്കുന്ന ശീലക്കാരാണ്– അമീര്‍ വ്യക്തമാക്കി