നമസ്കാരത്തിനിടെ മൊബൈല്‍ ശബ്ദിച്ചാല്‍
ഇന്ന് മിക്കവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണല്ലോ. ചിലര്‍ ഇത് സ്വിച്ച്ഓഫ് ചെയ്യാതെ ജമാഅത്തില്‍ പങ്കെടുക്കുന്നു. ചിലര്‍ മറന്നതിനാലും മറ്റു ചിലര്‍ അതിന്റെ ഗൗരവം മനസ്സിലാക്കാത്തതിനാലുമായിരിക്കാം ഓഫ് ചെയ്യാതിരുന്നത്. നമസ്കാരത്തിന്നിടയില്‍ ഫോണ്‍ ശബ്ദിച്ചാല്‍ അത് എല്ലാവര്ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്യുന്നത് നമസ്കാരം അസാധുവാക്കുമോ? ഇനി ഫോണ്‍കാരന്റെ നമസ്കാരം മുറിഞ്ഞാല്‍ തന്നെ അത് ഓഫ് ചെയ്യലല്ലേ ഉചിതം?
എസ് ആര് അജ്വദ് കോഴിക്കോട്
നമസ്കാരത്തിന്നിടയില്‍ ശ്രദ്ധ തിരിച്ചുകളയുന്ന വസ്തുക്കളും പ്രവൃത്തികളും ഒഴിവാക്കേണ്ടത് ഭക്തിക്കും മനസ്സാന്നിധ്യത്തിനും അനുപേക്ഷ്യമാകുന്നു. ഭക്തിയോടെ നമസ്കരിക്കണമെന്നും ആലസ്യം ഒഴിവാക്കണമെന്നും 2:238, 4:142 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഭക്തിക്ക് വിഘ്നമുണ്ടാക്കുന്ന ഒരു കാര്യം അബദ്ധവശാല്‍ സംഭവിച്ചാല്‍ അത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നതും ഈ ആയത്തുകളുടെ താല്പര്യമാകുന്നു. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരിക്കുന്നത് നമസ്കാരത്തിലെ മനസ്സാന്നിധ്യം നഷ്ടപ്പെടുത്തുമെന്നതിനാല്‍ അത് കഴിയും വേഗം ഓഫാക്കുകയാണ് വേണ്ടത്. നമസ്കാരത്തിനിടയില്‍ നബി(സ) ചെറിയ കുട്ടിയെ എടുക്കുകയും താഴെ വെക്കുകയും ചെയ്തതായി പ്രബലമായ ഹദീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഫോണ്‍ കൈയിലെടുത്ത് ഓഫാക്കുന്നത് നമസ്കാരത്തിന്റെ സാധുതയെ ബാധിക്കില്ലെന്ന് മനസ്സിലാക്കാം. മറവി നിമിത്തമോ അബദ്ധവശാലോ സംഭവിക്കുന്ന വീഴ്ചകളുടെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ് വിശുദ്ധഖുര്ആനില് നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത്.