ചെറിയമുണ്ടം അബ്ദുല്‍ഹമീദ് ശബാബ് വാരിക 13 ആഗസ്ത് 2010
സ്ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും എവിടെ നടന്നാലും അത് ഏതെങ്കിലും മുസ്ലിം തീവ്രവാദി സംഘത്തിന്റെ വിക്രിയയായിരിക്കും എന്ന ധാരണയാണ് നമ്മുടെ നാട്ടിലെ പോലീസ് മേധാവികളും മാധ്യമ പ്രതിനിധികളും ഏതാനും വര്‍ഷങ്ങളായി പ്രചരിപ്പിച്ചുപോരുന്നത്. സ്ഫോടനം നടന്നത്
സര്‍ക്കാര്‍ ഓഫീസിന് മുമ്പിലായാലും മാര്‍ക്കറ്റിലായാലും ക്ഷേത്രനടയിലായാലും മസ്ജിദ് പരിസരത്തായാലും ദര്ഗയ്ക്കുള്ളിലായാലും എല്ലാം മുസ്ലിംഭീകരരുടെ കണക്കില്‍ ചേര്‍ക്കുക എന്നത് ഒരു അംഗീകൃത സമ്പ്രദായം പോലെ ആയിക്കഴിഞ്ഞിരുന്നു. മുസ്ലിം സമൂഹത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമായ തീവ്രവാദികള്‍ക്ക് ചില അക്രമങ്ങളിലുള്ള പങ്ക് തെളിയിക്കപ്പെട്ടതോടെ ഇസ്ലാം എന്നാല്‍ ഭീകരതയുടെ പര്യായമാണെന്ന് ധ്വനിപ്പിക്കുന്ന വിധത്തിലുള്ള പ്രോപഗാന്ഡയാണ് സംഘപരിവാറും മറ്റു ചില മുസ്ലിംവിരുദ്ധ വിഭാഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിംകളെ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊന്ന ശേഷം അവരെ കൊടുംഭീകരരായി ചിത്രീകരിക്കുന്ന തുല്യതയില്ലാത്ത ക്രൂരതയും നാട്ടിന്റെ ചില ഭാഗങ്ങളില്‍ അരങ്ങേറുകയുണ്ടായി.
നാടിന്റെ പല ഭാഗങ്ങളിലും നടന്ന ചെറുതും വലുതുമായ സ്ഫോടനങ്ങളെ തുടര്‍ന്ന് ചില മുസ്ലിം സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതപ്പെട്ട നൂറുകണക്കില്‍ ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവങ്ങള്‍ മുസ്ലിം ഉടമസ്ഥതയിലുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിടുകയുണ്ടായി. ചില സ്ഥലങ്ങളില്‍ നിരോധിക്കപ്പെട്ട ഒരു മുസ്ലിം വിദ്യാര്‍ഥി സംഘടനയുടെ മുന്‍ പ്രവര്‍ത്തകരാണ് വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയും കസ്റ്റഡിയിലെടുക്കപ്പെടുകയും ചെയ്തത്. ചില പ്രദേശങ്ങളില്‍ പള്ളി ഇമാമുകളെയും മദ്റസാ അധ്യാപകരെയുമാണ് പിടികൂടിയത്. 2008 മെയില്‍ ജയ്പൂരില്‍ അറുപത് പേര് കൊല്ലപ്പെടാന്‍ കാരണമായ സ്ഫോടനത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടത് ഏതാനും മുസ്ലിം ഡോക്ടര്‍മാരായിരുന്നു. തീവ്രവാദ ആക്രമണങ്ങളുടെ പേരില്‍ സംശയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ആയിരം യുവാക്കള്‍ ഇപ്പോള്‍ ഇന്ത്യയിലെ തടവറകളില്‍ കഴിയുന്നുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. പലര്‍ക്കും കുറ്റപത്രം നല്‍കിയിട്ടില്ല. പലരുടെയും വിചാരണ അനിശ്ചിതമായി നീണ്ടുപോകുന്നു. ജയ്പൂര്‍ സ്ഫോടനത്തെത്തുടര്‍ന്ന് ആയിരത്തിലധികം പേരെ ചോദ്യം ചെയ്യുകയും അമ്പതു പേരെ കസ്റ്റഡിയലെടുക്കുകയും ചെയ്തശേഷം പതിമൂന്ന് പേരുടെ മേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്ന കുറ്റം ചുമത്തുകയും ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റം ചെയ്യാതെ, ശിക്ഷ വിധിക്കപ്പെടാതെ, വിചാരണ പോലും നടക്കാതെ അഴികള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന ചെറുപ്പക്കാരുടെയും അവരുടെ മാതാപിതാക്കളുടെയും മനുഷ്യാവകാശങ്ങള്‍ ഇവിടത്തെ ഭരണാധികാരികളുടെയും നിയമജ്ഞരുടെയും പരിഗണനയ്ക്കു വരുന്നേയില്ല.
2008 സപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലെഗാവില്‍ ഒരു മസ്ജിദിന് സമീപം നടന്ന സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോഴും മുസ്ലിം തീവ്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ തന്നെയായിരുന്നു സംശയത്തിന്റെ നിഴലില്‍. കുറെ മുസ്ലിം ചെറുപ്പക്കാര്‍ ചോദ്യംചെയ്യപ്പെടുകയുമുണ്ടായി. അവിടെ 2006ല്‍ നടന്ന ഒരു ആക്രമണത്തില്‍ സിമി പ്രവര്‍ത്തകരുടെ മേല്‍ കുറ്റം ചുമത്തപ്പെട്ടിരുന്നതിനാല്‍ ഈ സ്ഫോടനത്തിന്റെ കുറ്റവും അവരുടെ മേല്‍ തന്നെ കെട്ടിയേല്പിക്കാന് ഹിന്ദുത്വ ശക്തികള്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. അന്വേഷണോദ്യോഗസ്ഥരെ വഴിതെറ്റിക്കാനോ സ്വാധീനിക്കാനോ പ്രയാസമുണ്ടാവില്ലെന്നാണ് അവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ മുസ്ലിംകള്ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെച്ച സ്ഫോടനം സിമിയെപ്പോലുള്ള ഒരു സംഘടന നടത്തിയതാകാനുള്ള സാധ്യത സംശയാസ്പദമായതിനാല്‍ മഹാരാഷ്ട്രയിലെ എ ടി എസ്സിന്റെ (ഭീകരതാവിരുദ്ധ സ്ക്വാഡ്) അന്വേഷണം അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദി ഗ്രൂപ്പിന്റെ നേര്‍ക്ക് തിരിയുകയായിരുന്നു.
സ്ഫോടനം നടന്ന് ഏതാനും ആഴ്ചകള്‍ക്കകം തന്നെ വിപുലമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയിരുന്ന പതിനൊന്ന് ഹിന്ദുത്വ തീവ്രവാദികളെ എ ടി എസ് അറസ്റ്റ് ചെയ്തു. സാധ്വി പ്രഗ്യാസിംഗ് ഠാക്കൂര്‍ (മുന്‍ വി എച്ച് പി മെമ്പര്‍), ലെഫ്റ്റനന്റ് കേണല്‍ പ്രശാന്ത് പുരോഹിത്, സ്വാമി ദയാനന്ദ പാണ്ഡെ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍വീസിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥന് ഭീകരാക്രമണത്തില്‍ പ്രതിയായ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. മഹാരാഷ്ട്രയിലെത്തന്നെ മറ്റു ചില സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. പക്ഷെ, പോലീസ് ഇതുവരെയും അത് സ്ഥിരീകരിച്ചിട്ടില്ല. സ്വാമി ദയാനന്ദ് പാണ്ഡെയുടെ ലാപ്ടോപ്പില്‍ രേഖപ്പെടുത്തിയ വിവരങ്ങളാണ് നിര്‍ണായക തെളിവായത്. മാലേഗാവ് സ്ഫോടന പദ്ധതി മാത്രമല്ല, ഒരു `ശുദ്ധ ഹിന്ദുരാഷ്ട്രം' എന്ന ലക്ഷ്യം നേടാന്‍ വേണ്ടി അഭിനവ് ഭാരത് സംഘടനയുടെ നേതൃത്വം നേപ്പാളിലെയും ഇസ്റാഈലിലെയും ചില ഗ്രൂപ്പുകളുമായി നടത്തിയ സംഭാഷണം സംബന്ധിച്ച വിവരവും ആ ലാപ്ടോപ്പിലുണ്ടായിരുന്നത്രെ. മഹാരാഷ്ട്രക്കു പുറത്ത് നടന്ന ചില സ്ഫോടനങ്ങളിലും അഭിനവ് ഭാരതിനോ അതുപോലുള്ള തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കോ പങ്കുണ്ടായിരിക്കാനുള്ള സാധ്യത പല മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിരവധി യാത്രക്കാര്‍ കൊല്ലപ്പെട്ട സംഝോതാ എക്സ്പ്രസ് സ്ഫോടനം, ജയ്പൂരിലും അജ്മീര്‍ ദര്‍ഗയിലും ഹൈദരാബാദിലെ മക്കാ മസ്ജിദിലും നടന്ന സ്ഫോടനങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് സംശയം പ്രബലമായിട്ടുള്ളത്.
മഹാരാഷ്ട്രയിലെ പര്‍ഭാനി (2003), ജല്‍ന (2004), പര്‍ന (2004) എന്നീ സ്ഥലങ്ങളിലെ മസ്ജിദുകള്ക്കടുത്ത് ബോംബ് സ്ഫോടനമുണ്ടായത് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കുള്ള പങ്ക് സംബന്ധിച്ച് സംശയമുയര്‍ന്നിരുന്നു. 2006ല്‍ നാന്ദെഡില്‍ ഒരു ആര് എസ് എസ്് മെമ്പറുടെ വീട്ടില്‍ ബോംബിന്റെ ഘടകങ്ങള്‍ കൂട്ടിയിണക്കുന്നതിനിടയില് സ്ഫോടനമുണ്ടായതോടെ സംശയം ബലപ്പെടുകയും ചെയ്തു. അത്യന്തം ശ്രദ്ധേയമായ ഒരു കാര്യം, മാലെഗാവ് സ്ഫോടനത്തിലെ പ്രതികളായി പ്രഗ്യാസിംഗും കൂട്ടുകാരും അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം മഹാരാഷ്ട്രയിലോ ഗോവ ഒഴികെയുള്ള സമീപ സംസ്ഥാനങ്ങളിലോ ഭീകരാക്രമണങ്ങളൊന്നും നടക്കുകയുണ്ടായില്ല എന്നതാണ്. 2009ല്‍ ഗോവയിലെ മഡ്ഗാവില്‍ സനാതന്‍ സന്‍സ്ഥ എന്ന ഹിന്ദുത്വ ഗ്രൂപ്പിന്റെ ആളുകള്‍ ചുമന്നുകൊണ്ടുപോവുകയായിരുന്ന ഒരു ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ച സംഭവവും ഹിന്ദുത്വഭീകരതയുടെ സാന്നിധ്യം തന്നെയാണ് തെളിയിക്കുന്നത്.
എന്നാല്‍ സംഘപരിവാറിന് ഭീകരാക്രമണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, ബി ജെ പിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടത്തുന്ന ഉപജാപങ്ങളുടെ ഭാഗമാണ് പ്രഗ്യാസിംഗിന്റെയും മറ്റും അറസ്റ്റ് എന്നുമായിരുന്നു ആര് എസ് എസ്സ് നേതാക്കളുടെ ആദ്യ പ്രതികരണം. എന്നാല്‍ മാലെഗാവ് സ്ഫോടനത്തില്‍ കുറ്റം ചുമത്തപ്പെട്ട പലരും ആര് എസ് എസ്സിലോ ബി ജെ പിയിലോ അംഗത്വമുള്ളവരായിരുന്നുവെന്ന് തെളിഞ്ഞപ്പോള്‍ സംഘപരിവാര്‍ സ്വരംമാറ്റി. `സംഘടനകളില്‍ പലരും വരുകയും പോവുകയും ചെയ്യും. ഇപ്പോള്‍ ബി ജെ പിയിലോ ആര് എസ് എസ്സിലോ അംഗത്വമുള്ള ആര്‍ക്കും ഭീകരസ്ഫോടനങ്ങളുമായി യാതൊരു ബന്ധവുമില്ല' എന്നായി അവരുടെ ഭാഷ്യം. അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളില്‍ സംഘപരിവാറിലെ മിതവാദികള്‍ (?) ഹിന്ദുത്വ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഊര്‍ജിതശ്രമം നടത്താത്തതില്‍ പ്രതിഷേധമുള്ള ചിലരാണ് അഭിനവ് ഭാരത് പോലുള്ള ഗ്രൂപ്പുകളുണ്ടാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ഒരു പ്രമുഖ വി എച്ച് പി നേതാവ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഹിന്ദുത്വ ഭീകരത എന്നത് കെട്ടുകഥയല്ലെന്ന് തെളിഞ്ഞത് സംഘപരിവാറില്‍ വലിയ ആശയക്കുഴപ്പത്തിന്നിടയാക്കിയിട്ടുണ്ട് എന്നത്രെ ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നത്. ഏതായാലും ഹിന്ദുത്വ ഭീകരര്‍ അഴികള്‍ക്കുള്ളിലായതോടെ ഭീകരസ്ഫോടനങ്ങള്ക്ക് ഗണ്യമായ കുറവുണ്ടായി എന്നത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കു മാത്രമല്ല മുസ്ലിം സമൂഹത്തിനും ഏറെ ആശ്വാസമുളവാക്കുന്നു. എവിടെ സ്ഫോടനം നടന്നാലും മുസ്ലിം ചെറുപ്പക്കാരെ പിടികൂടി പീഡിപ്പിക്കുന്ന അവസ്ഥക്ക് അല്പമെങ്കിലും മാറ്റം വരുന്നത് ചില്ലറക്കാര്യമല്ലല്ലോ.
ആര് എസ് എസ് രാഷ്ട്ര പുനര്‍നിര്‍മാണത്തിനു വേണ്ടി സമര്‍പ്പിതമായ സംഘടനയാണെന്നും അക്രമപ്രവര്‍ത്തനങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും അതിന്റെ പരമോന്നത നേതാവ് മോഹന്‍ മധുകര്‍ ഭഗവത് മാധ്യമ പ്രതിനിധികളോടും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില് തന്നെയാണ് എഴുപത് ആര് എസ് എസ് അംഗങ്ങള്‍ വലിയൊരു ആള്‍ക്കൂട്ടത്തോടൊപ്പം ജൂലൈ 16 ന് ഡല്‍ഹിയിലെ ഹെഡ്ലൈന്‍സ് ടുഡേ എന്ന ദേശീയ ന്യൂസ് ചാനലിന്റെ ഓഫീസ് ആക്രമിച്ചു തകര്‍ത്തത്. അജ്മീര്‍ ദര്‍ഗാ സ്ഫോടനക്കേസിലെ മുഖ്യപ്രതി സുനില്‍ ജോഷി ആര് എസ് എസ്സിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാറിന് സ്ഫോടനം സംബന്ധിച്ച് വിവരം നല്‍കിയിരുന്നുവെന്ന് ഈ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതും മാലെഗാവ് സ്ഫോടന കേസിലെ മുഖ്യപ്രതികളായ ദയാനന്ദ് പാണ്ഡെയും ലെഫ്. കേണല്‍ എസ് പി പുരോഹിതും ഒരു മുന്‍ ബി ജെ പി എം പിയായ ശര്‍മാ പ്രേമുമായി ഭീകരാക്രമണത്തെപ്പറ്റി സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചതും ദയാനന്ദ് പാണ്ഡെയും ഒരു ഡോക്ടറും തമ്മില്‍ ഫോണില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വധിക്കുന്നതിനെ സംബന്ധിച്ച് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതുമായിരുന്നു ആക്രമണത്തിന്റെ ഹേതു.
മാലെഗാവ് സ്ഫോടനക്കേസില്‍ ഹിന്ദുത്വശക്തികള്‍ക്ക് നേരിട്ട ചരിത്രപരമായ ഒരു തിരിച്ചടി ഈ കേസിലെ പതിനൊന്ന് പ്രതികളുടെ വിചാരണ സംഘടിത കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിക്ക് വിട്ടുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ വിധിയാണ്. മഹാരാഷ്ട്രയില്‍ ശിവസേനാ-ബി ജെ പി സഖ്യം ഭരിക്കുമ്പോഴാണ് `ഭീകര'രെ ഒതുക്കാന്‍ വേണ്ടി എം സി ഒ സി എ എന്ന സംഘടിത കുറ്റകൃത്യ വിരുദ്ധ നിയമം നടപ്പാക്കിയത്. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കടുത്ത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്‍ ഡി എ കേന്ദ്രഭരണം കയ്യാളുമ്പോഴാണ്.
ദാക്ഷിണ്യമില്ലാത്ത ഈ നിയമപ്രകാരമുള്ള കുറ്റവിചാരണയ്ക്ക് ഏതെങ്കിലും കാലത്ത് തങ്ങളുടെ ആളുകള്‍ തന്നെ വിധേയരാകാനുള്ള സാധ്യതയെക്കുറിച്ച് സംഘപരിവാറിലെ നിയമ വിദഗ്ധര്‍ അന്ന് ആലോചിച്ചിട്ടുണ്ടാവില്ല. തങ്ങള്‍ നടത്തുന്ന ഏത് അതിക്രമവും ദേശസ്നേഹത്തിന്റെയും രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെയും കണക്കില്‍ ചേര്‍ക്കപ്പെടും എന്ന് അവര്‍ ധരിച്ചിട്ടുണ്ടാകും. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഹിന്ദുത്വവാദികളെ ഭയന്നാലും നീതിപീഠങ്ങള്‍ മുട്ടുമടക്കാത്തത് പ്രത്യാശക്ക് വക നല്കുന്നു. l