HOME പ്രഭാഷണങ്ങള്‍ ലേഖനങ്ങള്‍ ശബാബ് EBooks
Friday, 20 November 2009
മഹാന്മാരുടെയും പണ്ഡിതന്മാരുടെയും സ്മരണയ്ക്കായി കെട്ടിടങ്ങള്‍, പാലങ്ങള്‍, സ്തൂപങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങിയവ കക്ഷിഭേദമെന്യേ നിര്‍മിച്ചുവരുന്നു. എന്നാല്‍ സ്മരണാര്‍ഥം നിര്‍മിക്കപ്പെടുന്ന പ്രതിമകളെ മുസ്ലിംകള് എതിര്‍ക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിമാ നിര്‍മാണം മാത്രമാണോ ആക്ഷേപാര്‍ഹമായിട്ടുള്ളത്?
കെ ഉമര്‍, ആമയൂര്‍, മഞ്ചേരി
പ്രവാചകന്മാര് ഉള്‍പ്പെടെയുള്ള മഹാന്മാരും മാതൃകാപുരുഷന്‍മാരുമായ വ്യക്തികളെ ഓര്‍മിക്കാനും ഓര്‍മിപ്പിക്കാനുമുള്ള ആഹ്വാനം പല ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണം. എന്നാല്‍ ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റും പ്രവാചകന്മാരുടെയോ മഹാന്മാരുടെയോ പേരിടാന്‍ അല്ലാഹുവോ നബി(സ)യോ ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുന്നത് വിലക്കിയിട്ടുമില്ല. ഇസ്ലാമില്‍ ഏറ്റവും ശ്രേഷ്ഠതയുള്ള പള്ളി മക്കയിലെ മസ്ജിദുല്‍ ഹറാം ആണ്. അത് സ്ഥാപിച്ചത് ഇബ്റാഹീം നബി(അ)യും മകന് ഇസ്മാഈലും(അ) കൂടിയാണ്. എന്നാല്‍ ആ പള്ളിക്ക് അവരുടെയൊന്നും പേരു നല്‍കാതെ പവിത്രമായ ആരാധനാലയം എന്നര്‍ഥമുള്ള പേരാണ് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചത്. മുസ്ലിംലോകം ആ പേര് ഒരിക്കലും മാറ്റിയിട്ടില്ല. എന്നാല്‍ കഅ്ബാ നിര്‍മാണവേളയില്‍ ഇബ്റാഹീം(അ) ചവിട്ടിനിന്ന ഒരു കല്ലിനെ മഖാമു ഇബ്റാഹീം (ഇബ്റാഹീമിന്റെ സ്ഥാനം) എന്ന് വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്പോഴും അതേ പേരില്‍ അറിയപ്പെടുന്നു. രണ്ടാം സ്ഥാനമുള്ള മദീനയിലെ പള്ളി മസ്ജിദുന്നബി അഥവാ അല്‍മസ്ജിദുന്നബവി എന്ന പേരില്‍ അറിയപ്പെടുന്നു. പ്രവാചകന്റെ ആരാധനാ–പ്രബോധന കേന്ദ്രമായിരുന്നതുകൊണ്ടാണ് അങ്ങനെ പേരു വന്നത്. മസ്ജിദു മുഹമ്മദ് എന്ന് ആ പള്ളിക്ക് ഒരിക്കലും പേര് നല്കപ്പെട്ടിട്ടില്ല.
പില്ക്കാലത്ത് മുസ്ലിംലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവാചകന്മാരുടെയും സ്വഹാബികളുടെയും ചില മുസ്ലിം ഭരണാധികാരികളുടെയും പേരുള്ള പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവില്‍ വന്നിട്ടുണ്ട്. വിലക്കപ്പെട്ടതല്ലാത്ത ഒരു പ്രവണതയായതിനാല്‍ പണ്ഡിതലോകം ഇതിനെ ആക്ഷേപിച്ചിട്ടില്ല. ഈ പള്ളികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ മഹാന്മാരെ ആരാധിക്കാനോ അവരോട് പ്രാര്‍ഥിക്കാനോ വേണ്ടി സ്ഥാപിക്കപ്പെട്ടവയല്ല എന്ന കാര്യം ശ്രദ്ധേയമാകുന്നു. എന്നാല്‍ മഹാന്മാരുടെ ശവകുടീരങ്ങള്‍ കെട്ടിപ്പൊക്കി ആരാധനാലയങ്ങളാക്കുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അതിനെ അല്ലാഹുവിന്റെ ശാപത്തിന്നിടയാക്കുന്ന നടപടി എന്ന നിലയിലാണ് നബി(സ) വിലയിരുത്തിയത്. പ്രമുഖ പണ്ഡിതന്മാരെല്ലാം അത് നിഷിദ്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. മുസ്ലിംകളിലെ വഴിതെറ്റിയ ചില വിഭാഗങ്ങള്‍ മാത്രമാണ് ശവകുടീര ആരാധനകള്‍ നടത്തുകയും പരേതാത്മാക്കളോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത്.
ജനങ്ങള്‍ക്ക് യഥാര്‍ഥ പ്രയോജനമില്ലാത്ത സ്തൂപങ്ങള്‍ സ്ഥാപിക്കുന്നതിനോ അവ മഹാന്മാരുടെ സ്മാരകമാക്കുന്നതിനോ ഇസ്ലാമികമായി സാധുതയില്ല. ``വൃഥാ പൊങ്ങച്ചം കാണിക്കാന്‍ എല്ലാ കുന്നിന്‍പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ? എന്ന് ആദ് സമൂഹത്തോട് ഹൂദ്നബി(അ) ചോദിച്ചത് വിശുദ്ധ ഖുര്‍ആനില്‍ (26:128) ഉദ്ധരിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെയോ സമൂഹങ്ങളുടെയോ പ്രൌഢി കാണിക്കുക എന്നതല്ലാതെ അടിസ്ഥാനപ്രയോജനങ്ങളൊന്നുമില്ലാത്ത സ്തൂപങ്ങളും ഗോപുരങ്ങളും കെട്ടിപ്പൊക്കുന്നത്, ആരുടെയെങ്കിലും സ്മാരകം എന്ന നിലയിലായാലും അല്ലെങ്കിലും നിഷിദ്ധമാണെന്നത്രെ ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്.
മനുഷ്യരുടെയും ജന്തുക്കളുടെയും പ്രതിമകളും ത്രിമാന രൂപങ്ങളും നിര്‍മിക്കുന്നത് നബി(സ) കര്‍ശനമായി വിലക്കിയതായി ബുഖാരിയും മുസ്ലിമും മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. കുട്ടികള്‍ക്ക് കളിക്കാനുള്ള പാവകള്‍ ഈ വിലക്കില്‍ നിന്ന് ഒഴിവാണെന്ന് തെളിയിക്കുന്ന മറ്റു ചില ഹദീസുകളുണ്ട്. ജീവികളുടെ പ്രതിമകള്‍/ത്രിമാന രൂപങ്ങള്‍ നിര്‍മിക്കരുതെന്ന് വിലക്കിയത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ അനുകരിക്കാനുള്ള പ്രവണതയുടെ പേരിലാണെന്ന് ഒരു പ്രാമാണികമായ ഹദീസില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. വിഗ്രഹങ്ങള്‍ അഥവാ ആരാധ്യപ്രതിമകള് നിര്‍മിക്കുന്നത് കൂടുതല്‍ ഗുരുതരമായ കുറ്റമാണ്. സകല പ്രതിമകളും തുടച്ചുനീക്കാനും പൊങ്ങിനില്ക്കുന്ന എല്ലാ ഖബ്റുകളും തട്ടിനിരപ്പാക്കാനും നബി(സ) അലി(റ)യോട് കല്പിച്ചതായി പ്രബലമായ ഹദീസിലുണ്ട്. സ്മരണയല്ല പ്രശ്നം. അല്ലാഹു അല്ലാത്തവരെ ആരാധിക്കാനോ പ്രാര്‍ഥിക്കാനോ വഴിവെക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും വര്‍ജിക്കുക എന്നതാണ് നിര്‍ണായക വിഷയം.