ഇബ്റാഹീം(അ) ആദര്ശദാര്ഢ്യത്തിന്റെ പ്രതീകം
Friday, 27 November 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
ലോകമെങ്ങുമുള്ള ദൈവവിശ്വാസികളില്‍ മഹാഭൂരിപക്ഷം ഇബ്റാഹീം നബി(അ)യെ, അബ്രഹാം പ്രവാചകനെ മാനവരാശിയുടെ നേതാവായും മാര്‍ഗദര്‍ശിയായും അംഗീകരിച്ച് ആദരിക്കുന്നവരത്രെ. ലോകരക്ഷിതാവായ അല്ലാഹു അദ്ദേഹത്തെ ലോകര്‍ക്ക് നേതാവായി നിശ്ചയിച്ചതിന്റെ ഫലമത്രെ അത്. ഒട്ടേറെ കടുത്ത പരീക്ഷകളിലൂടെ അല്ലാഹു അദ്ദേഹത്തെ ത്യാഗ സന്നദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും പാരമ്യത്തിലേക്ക് നയിച്ചിട്ടാണ് നേതൃപദവിയില്‍ അവരോധിച്ചത്. ``ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്പനകള് കൊണ്ട് പരീക്ഷിക്കുകയും അദ്ദേഹം അത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ ഓര്‍ക്കുക). അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്റാഹീം പറഞ്ഞു: എന്റെ സന്തതികളില്‍ പെട്ടവരെയും (നേതാക്കളാക്കേണമേ). അല്ലാഹു പറഞ്ഞു: എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല. (വി.ഖു. 2:124)
ഇബ്റാഹീം നബി(അ)യുടെ പുത്രന് ഇസ്ഹാഖിന്റെ മകനായ യഅ്ഖൂബിന്റെ(അ) മറ്റൊരു പേരാണ് ഇസ്റാഈല്‍. അദ്ദേഹത്തിന്റെ സന്തതിപരമ്പകള് മുഴുവന്‍ ഇസ്റാഈല്യര്‍ എന്ന് വിളിക്കപ്പെടുന്നു. യൂസുഫ്(അ) മുതല്‍ ഈസ(അ) വരെ അനേകം പ്രവാചകന്മാരെ ഇസ്റാഈല്യരില്‍ അല്ലാഹു നിയോഗിച്ചിരുന്നു. ഇവരില്‍ യൂസുഫ്, മൂസാ, ഹാറൂന്‍, ദാവൂദ്, സുലൈമാന്‍, സകരിയ്യ, യഹ്യാ എന്നീ പ്രവാചകന്മാരുടെ ചരിത്രം വിശുദ്ധഖുര്ആനില് വിവരിച്ചിട്ടുണ്ട്. ഇസ്റഈലി സമൂഹത്തിന്റെ നിമ്നോന്നതികളെയും ജയാപജയങ്ങളെയും സംബന്ധിച്ച ധാരാളം പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇബ്റാഹീം നബി(അ)യുടെ മറ്റൊരു പുത്രനായ ഇസ്മാഈലിന്റെ സന്തതിപരമ്പരകളില്‍ പെട്ടവരാണ് മിക്ക അറബിഗോത്രങ്ങളും. അവരിലെ പ്രമുഖരായ ഖുറൈശ് ഗോത്രത്തിലെ അംഗമത്രെ മുഹമ്മദ് നബി(സ). അതിനാല്‍ മുസ്ലിംകളും ക്രൈസ്തവരും യഹൂദരുമെല്ലാം ഇബ്റാഹീം നബി(അ)യെ ആദര്ശപിതാവായും ആദിമ ആചാര്യനായും അംഗീകരിച്ച് ആദരിക്കുന്നു. ``പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ (വി.ഖു. 26:84) എന്ന ഇബ്റാഹീം നബി(അ)യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചതിന്റെ ഫലമായി ഈ സാര്‍വത്രിക അംഗീകാരത്തെ നമുക്ക് മനസ്സിലാക്കാം.
അല്ലാഹുവിന്റെ പരീക്ഷകളെ അവന്റെ ശിക്ഷകളെന്നോണമാണ് ചിലര്‍ വിലയിരുത്താറുള്ളത്. അവന്റെ അപാരമായ കാരുണ്യത്തെ സംബന്ധിച്ച് ശരിയായ ധാരണയില്ലാത്തവരുടെ സമീപനമാണത്. ഉത്തമദാസന്മാരോട് അത്യന്തം കാരുണ്യമുള്ള അല്ലാഹു അവര്‍ക്ക് പ്രയാസകരമായ പരീക്ഷകള്‍ ഏര്‍പ്പെടുത്തുന്നത് മഹോന്നതമായ പദവിയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുപോകാനുള്ള ഏണിപ്പടികള്‍ എന്ന നിലയിലാണ്. ഇബ്റാഹീം നബി(അ) ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച് തികച്ചും ബോധവാനായിരുന്നു. അതുകൊണ്ടാണ് പ്രഥമ ദൃഷ്ട്യാ പ്രയാസകരമായി തോന്നാവുന്ന കാര്യങ്ങള്‍ അല്ലാഹു കല്പിച്ചപ്പോള് മടിച്ചുനില്ക്കുകയോ സംശയം പ്രകടിപ്പിക്കുയോ ചെയ്യാതെ ദൃഢമായി വിശ്വസിച്ചാല്‍, ഏത് വിഷയത്തിലും അവന്റെ മേല്‍ ഭരമേല്പിച്ചാല്, അവന്റെ ഏത് ആജ്ഞയും നിറവേറ്റിയാല്‍ ഇഹലോകത്തും പരലോകത്തും മഹത്തായ ഫലങ്ങളുണ്ടാകുമെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു.
ഇഹലോകത്തോ പരലോകത്തോ അല്ലാഹുവിന്റെ ഹിതത്തിന്നെതിരായി ആര്‍ക്കും യാതൊന്നും ചെയ്യാന്‍ കഴിയില്ല എന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമാവുകയും വാഗ്വിചാര കര്‍മങ്ങള്‍ മുഴുക്കെ അതിന്റെ വെളിച്ചത്തിലാവുകയും ചെയ്യുക എന്നത് പറയാനെളുപ്പമുള്ള കാര്യമാണെങ്കിലും ഒട്ടും ചാഞ്ചല്യം കൂടാതെ ആ നിലപാടില്‍ ഉറച്ചുനില്ക്കാന് എക്കാലത്തും വളരെക്കുറിച്ചു പേര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. മറ്റുള്ളവരൊക്കെ ഏതെങ്കിലും വിധത്തിലുള്ള ഭയത്തിന്റെയും ആശങ്കയുടെയും പിടിയിലായിരിക്കും. ദിവ്യശക്തിയും അഭൌതിക സിദ്ധികളും അവകാശപ്പെടുന്നവരോ ആരോപിക്കപ്പെടുന്നവരോ ആയ ദേവീദേവന്മാര്, സിദ്ധന്മാര്, പുണ്യാത്മാക്കള്‍, മന്ത്രവാദികള്‍, ഭൂതങ്ങള്‍, പ്രേതങ്ങള്‍, പിശാചുക്കള്‍, മൂര്‍ത്തികള്‍, അവതാരങ്ങള്‍, ആകാശഗോളങ്ങള്‍ എന്നിങ്ങനെ പലരെയും പലതിനെയും സംബന്ധിച്ച അഭൌതിക ഭയമാണ് കണിശമായ ഏകദൈവവിശ്വാസമില്ലാത്തവരുടെ മനസ്സുകളെ എക്കാലത്തും ഭരിച്ചുപോരുന്നത്. രാജാക്കന്മാര്, മന്ത്രിമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, നാട്ടുപ്രമാണിമാര്‍, പുരോഹിതന്മാര്, ഗുണ്ടാത്തലവന്മാര്, കള്ളന്മാര്, കവര്‍ച്ചക്കാര്‍ എന്നിങ്ങനെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്താന്‍ കഴിയുന്ന വ്യക്തികളെയും ശക്തികളെയും സംബന്ധിച്ച ഭൌതികഭയം അന്ധവിശ്വാസികളെയും ദൈവനിഷേധികളെയും ഒരുപോലെ വേട്ടയാടുന്നു. ഭൂകമ്പം, കൊടുങ്കാറ്റ്, പ്രളയം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ ഭയപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും. ഇത്തരം ഭയാശങ്കകള്‍ പ്രാചീന മനുഷ്യരെയും ആധുനിക മനുഷ്യരെയും ഒരുപോലെ അസ്വസ്ഥരും അരക്ഷിതരുമാക്കുന്നു.
ഇബ്റാഹീം(അ) എന്ന മഹാവ്യക്തിത്വത്തിന്റെ ഏറെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ലോകരക്ഷിതാവല്ലാത്ത ആരെയും, യാതൊന്നിനെയും ഒട്ടും ഭയപ്പെട്ടില്ല എന്നതാകുന്നു. ബഹുദൈവവാദിയായ ഒരു സ്വേച്ഛാധിപതിയെ ഏകദൈവവിശ്വാസത്തിലേക്ക് ഒറ്റയ്ക്ക് ചെന്ന് ക്ഷണിക്കുക എന്നത് വലിയ സാഹസമാണ്. എന്നാല്‍ യാതൊരു അങ്കലാപ്പും കൂടാതെയാണ് ഇബ്റാഹീം നബി(അ) നംറൂദ് (അഥവാ നിംറോദ്) ചക്രവര്‍ത്തിയുടെ രാജധാനിയില്‍ ചെന്ന് സത്യപ്രബോധനം നടത്തിയത്. അധികാര പ്രമത്തനായ ആ ചക്രവര്‍ത്തി ഇബ്റാഹീംനബി(അ)യെ കുതര്‍ക്കവുമായി നേരിടുകയാണ് ചെയ്തത്. ജനിമൃതികളുടെ അധിപനാണ് എന്റെ രക്ഷിതാവ് എന്ന് ഇബ്റാഹീം(അ) സമര്‍ഥിച്ചപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും എന്നായിരുന്നു ആ സ്വേച്ഛാധിപതിയുടെ പ്രതികരണം. ചിലര്‍ക്ക് വധശിക്ഷ നല്‍കാനും ചിലരെ വെറുതെ വിടാനുമുള്ള തന്റെ അധികാരത്തെയാണ് നംറൂദ് സൂചിപ്പിച്ചത്. ഒരു കുതര്‍ക്കം എന്നതിന് പുറമെ കടുത്ത ഭീഷണി കൂടി ധ്വനിപ്പിക്കുന്നതായിരുന്നു അയാളുടെ വാക്ക്. ഇബ്റാഹീം വധിക്കപ്പെടണമോ ജീവനോടെ വിട്ടയക്കപ്പെടണമോ എന്നത് തന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും എന്നായിരുന്നു ആ വാക്കിന്റെ ധ്വനി. തന്റെ ജീവിതവും മരണവും അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാത്രമാണെന്ന് അടിയുറച്ചു വിശ്വസിച്ച ഇബ്റാഹീം(അ) ഒട്ടും പതറാതെ ആ സ്വേച്ഛാധിപതിക്ക് മറുപടി നല്കി: ``എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്ക് നിന്ന് കൊണ്ടുവരുന്നു, നീ അതിനെ പടിഞ്ഞാറു നിന്ന് കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. (വി.ഖു. 2:258).
പിതാവും നാട്ടുകാരും ഭക്തിപൂര്‍വം ആരാധിക്കുന്ന വിഗ്രഹങ്ങള്‍ക്ക് യാതൊരു വിധ ദിവ്യശക്തിയുമില്ലെന്ന് തെളിയിക്കാന്‍ വേണ്ടി അവയെ വെട്ടിമുറിച്ചപ്പോഴും അത് സംബന്ധിച്ച് നാട്ടുകാര്‍ വിചാരണ ചെയ്തപ്പോഴും അസാമാന്യമായ നിര്‍ഭയത്വമാണ് ഇബ്റാഹീം നബി(അ) പ്രകടിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് നാട്ടുകാര്‍ ഒരുക്കിയ ഭീമന് അഗ്നികുണ്ഡത്തില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. അല്ലാഹുവിന്റെ ഹിതപ്രകാരം ഭയങ്കരമായ അഗ്നി ശീതളവും ശാന്തിദായകവുമായി മാറി.
പ്രപഞ്ചനാഥനിലുള്ള അചഞ്ചലമായ വിശ്വാസം നിമിത്തം താന്‍ തികഞ്ഞ നിര്‍ഭയത്വം അനുഭവിക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹം ബഹുദൈവാരാധകരായ നാട്ടുകാരോട് പറഞ്ഞ വാക്കുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുണ്ട്. ``അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവന് പങ്കാളികളാക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല). എന്റെ രക്ഷിതാവിന്റെ ജ്ഞാനം സര്‍വ കാര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ:) നിങ്ങള്‍ക്ക് അറിയാമെങ്കില്‍. (വി.ഖു. 6:80,81)
പലതിനും പലര്‍ക്കും ദിവ്യത്വം കല്പിച്ച് ആരാധിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഭയപ്പെടേണ്ടത്; പ്രപഞ്ചനാഥന് ഇഷ്ടപ്പെടാത്ത ആ നടപടിയുടെ പേരില്‍ അവന് ശിക്ഷിക്കുന്നതിനെ സംബന്ധിച്ച്. പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുന്ന യഥാര്‍ഥ ഏകദൈവവിശ്വാസികള്‍ക്ക് യാതൊരു വ്യാജദൈവത്തെയും അതിന്റെ ആരാധകരെയും ഭയപ്പെടേണ്ടതില്ല. കാരണം, വ്യാജദൈവങ്ങള്ക്കൊന്നും ഇഹത്തിലോ പരത്തിലോ യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാനുള്ള കഴിവില്ല. ഈ യാഥാര്‍ഥ്യബോധമാണ് അല്ലാഹുവിന്റെ എല്ലാ പരീക്ഷകളിലും വിജയിക്കാന്‍ ഇബ്റാഹീമിനെ(അ) പ്രാപ്തനാക്കിയത്. അങ്ങനെയാണ് അദ്ദേഹം മാനവരാശിയുടെ നേതാവും അല്ലാഹുവിന്റെ മിത്രവുമായിത്തീര്ന്നത്. അദ്ദേഹത്തിന്റെ ബലിദാനത്തെ അനുസ്മരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആദര്ശദാര്ഢ്യത്തിന്റെ അനിതരമൂല്യത്തെക്കുറിച്ച് നാം കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്.