ഫിത±്വ്സകാത്തും സകാത്ത് വിതരണവുമെല്ലാം മഹല്ലില്‍ സംഘടിതമായി നടത്തുന്നതുപോലെ ഉദ്ഹിയത്തും സംഘടിതമായിട്ടല്ലേ നടത്തേണ്ടത്? മഹല്ല് സവിധാനം (കമ്മറ്റികള്‍) നിലവിലുള്ള സ്ഥലങ്ങളില്‍ പോലും വ്യക്തികള്‍ ഒറ്റക്ക് അറുത്ത് ബലിമാംസം വിതരണംചെയ്യുന്നത് കണ്ടുവരുന്നു. ഉദ്ഹിയ്യത്ത് സംഘടിതമായാണോ ഒറ്റക്കാണോ കൂടുതല്‍ ഉത്തമം?
അബ്ദുല്‍ഗഫൂര്‍, നല്ലളം
സകാത്തിന്റേതു പോലുള്ള ഒരു സംഘടിത ശേഖരണ വിതരണ സംവിധാനം ഉദ്വ്ഹിയ്യത്തിന്റെ കാര്യത്തില്‍ നബി(സ) ഏര്‍പ്പെടുത്തിയതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല. എന്നാല്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിരുന്ന മൈതാനത്താണ് നബി(സ) ഉദ്വ്ഹിയ്യത്ത് അറുത്തിരുന്നതെന്ന് ബുഖാരി, അബൂദാവൂദ്, നസാഈ, ഇബ്നുമാജ എന്നിവര്‍ ഇബ്നുഉമറി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബലിയര്‍പ്പിക്കുമ്പോള്‍ ``അല്ലാഹുവേ, മുഹമ്മദില്‍ നിന്നും മുഹമ്മദിന്റെ കുടുംബത്തില്‍ നിന്നും മുഹമ്മദിന്റെ സമുദായത്തില്‍ നിന്നും ഇത് സ്വീകരിക്കണമേ എന്ന് നബി(സ) പ്രാര്‍ഥിച്ചതായി ആഇശ(റ)യില്‍ നിന്ന് മുസ്ലിം, അഹ്മദ്, അബൂദാവൂദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബി(സ) വ്യക്തിപരമായി ബലിയര്‍പ്പിച്ചതിന് പുറമെ അനുചരന്മാരില് ചിലരും ഈദ്ഗാഹില്‍ വെച്ച് ബലിയറുത്തിട്ടുണ്ടാകാമെന്ന സൂചന ഈ ഹദീസിലുണ്ടെങ്കിലും അതിന് ഖണ്ഡിതമായ തെളിവുകളില്ല. സ്വന്തം വീട്ടില്‍ വെച്ച് ബലിയറുക്കാതെ പൊതുസ്ഥലത്ത് നബി(സ) അറുത്തതില്‍ നിന്ന് ഉദ്വ്ഹിയ്യത്ത് ഒരു സ്വകാര്യവിഷയമല്ലെന്ന സൂചന ലഭിക്കുന്നു. സംഘടിതമായി നടത്തുമ്പോള്‍ മൃഗങ്ങളെ ശേഖരിക്കാനും മാംസം വിതരണം ചെയ്യാനും കൂടുതല്‍ സൌകര്യം ലഭിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം നന്മകള് ഇസ്ലാമികദൃഷ്ട്യാ പ്രോത്സാഹനാര്ഹമാണെന്ന് ഉറപ്പാണ്. എന്തൊക്കെയാണെങ്കിലും ഒരു വ്യക്തി തനിച്ച് ഉദ്വ്ഹിയ്യത്ത് അറുത്താല്‍ അത് സ്വീകാര്യമാവില്ലെന്ന് പറയാന്‍ ന്യായമൊന്നും കാണുന്നില്ല.
ഞങ്ങളുടെ മഹല്ലില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിന് മഹല്ല് കമ്മിറ്റിയുടെ കീഴില്‍ വ്യവസ്ഥാപിതമായി `നുസ്റത്ത് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബലിമൃഗത്തിന്റെ തോല് വിറ്റു ലഭിക്കുന്ന സംഖ്യ എല്ലാ വര്‍ഷവും `നുസ്റത്ത് ഫണ്ടിലേക്ക് നീക്കിവെക്കുകയാണ് പതിവ്. ബലിമൃഗത്തിന്റെ തോലിന്റെ വില അപ്പോള്‍ തന്നെ വിതരണം നടത്തണമെന്നും ആവശ്യവും സന്ദര്‍ഭവും നോക്കി ചെലവഴിച്ചാല്‍ മതിയെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. പാവങ്ങള്‍ക്ക് നല്കണമെന്നതിലാര്ക്കും അഭിപ്രായ വ്യത്യാസമില്ല. പെട്ടെന്ന് വിതരണം ചെയ്തു തീര്‍ക്കണമോ ആവശ്യാനുസൃതം ചെലവഴിച്ചാല്‍ മതിയോ ഇതാണ് അഭിപ്രായ വ്യത്യാസത്തിന്റെ പൊരുള്‍. ഇസ്ലാമിക കാഴ്ചപ്പാട് മുന്‍ഗണന നല്‍കുന്നത് ഏതഭിപ്രായത്തിനാണ്?
അബൂമുനീഫ്, പുത്തൂര്‍
അലി(റ)യില്‍ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``ഒരു ഒട്ടകത്തെ ബലിയറുക്കാനും അതിന്റെ മാംസവും തോലും സവാരിക്കുള്ള സാമഗ്രികളും ദാനംചെയ്യാനും റസൂല്‍(സ) എന്നോട് കല്പിച്ചു. കശാപ്പുകാരന് അതില്‍ നിന്ന് യാതൊന്നും (കൂലിയായി) ഞാന്‍ നല്‍കരുതെന്നും നിര്‍ദേശിച്ചു. അയാള്‍ക്ക് നാം നമ്മുടെ പക്കല്‍ നിന്ന് നല്‍കാം എന്നും അദ്ദേഹം പറഞ്ഞു.
ഖതാദ ബിന്‍ നുഅ്മാനി(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ) ഒരിക്കല്‍ എഴുന്നേറ്റു നിന്നു പറഞ്ഞു: ``ബലിമൃഗങ്ങളുടെ മാംസം മൂന്നു ദിവസത്തിലധികം ഭക്ഷിക്കരുതെന്ന് ഞാന്‍ നിങ്ങളോട് കല്പിച്ചിരുന്നു, നിങ്ങള്‍ക്കെല്ലാം അത് വ്യാപകമായി ലഭിക്കാന്‍ വേണ്ടിയാണ് അപ്രകാരം നിര്‍ദേശിച്ചത്. ഞാനിതാ നിങ്ങള്‍ക്ക് അത് അനുവദനീയമാക്കിത്തന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തോളം അത് തിന്നുകൊള്ളുക. ബലി, ഉദ്വ്ഹിയ്യത്ത് മാംസം നിങ്ങള്‍ വില്‍ക്കരുത്. നിങ്ങളത് തിന്നുകയും ദാനം നല്‍കുകയും ചെയ്യുക. അവയുടെ തോലുകള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. അത് വില്‍ക്കരുത്. അതില്‍ നിന്ന് ഒരു ഭാഗം നിങ്ങള്‍ ഭക്ഷിക്കാന്‍ നല്കിക്കഴിഞ്ഞാല് ബാക്കിയുള്ളത് നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തോളം ഭക്ഷിക്കാവുന്നതാണ്.
ഉദ്വ്ഹിയ്യത്തിന്റെ തോല് വില്‍ക്കുന്ന ഒരു സമ്പ്രദായം തന്നെ നബി(സ)യുടെയും സ്വഹാബികളുടെയും കാലത്ത് ഉണ്ടായിരുന്നില്ല. അത് പാവപ്പെട്ട മുസ്ലിംകള്ക്ക് നല്‍കുകയും അവര്‍ അത് പല ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയുമായിരുന്നു പതിവ്. വീട്ടിലും യാത്രയിലും അക്കാലത്ത് തോല് പല ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. നമ്മുടെ നാട്ടില്‍ ഇക്കാലത്ത് തോല് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത സാഹചര്യത്തില്‍ പാവങ്ങള്‍ക്ക് അത് വിറ്റ് കിട്ടുന്ന തുക ന്യായമായ ജീവിതാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തോല് തന്നെ പാവപ്പെട്ടവര്‍ക്ക് നല്‍കിയിട്ട് അവര്‍ അത് വില്‍ക്കുകയാണ് അഭികാമ്യം. ബലിയറുത്തവര് തുകല്‍ വില്ക്കരുതെന്നാണല്ലോ പ്രവാചകനിര്‍ദേശം. അതിന്റെ തുക പെട്ടെന്ന് ഉപയോഗപ്പെടുത്തണമോ അതല്ല പിന്നീട് വരുന്ന പ്രധാന ആവശ്യങ്ങള്‍ക്ക് നീക്കിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് തോല് ലഭിച്ച ദരിദ്രരാണ്. `നുസ്റത്ത് സെല്‍ എന്നത് പാവപ്പെട്ടവര്‍ക്ക് ഗണ്യമായ പ്രാതിനിധ്യമുള്ള സംവിധാനമാണെങ്കില്‍ സെല്ലിന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദേശമൊന്നും ഖുര്‍ആനിലോ പ്രബലമായ ഹദീസുകളിലോ ഇല്ല. ദാനത്തിന്റെ കാര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് അത് ഗുണകരമാവാക എന്നതാണ് പ്രധാനം.
ജുമുഅയ്ക്കുള്ളതു പോലെ പെരുന്നാളിനും രണ്ടു ഖുത്വ്ബ വേണമെന്നും അതിന് തെളിവുണ്ടെന്നും സുന്നീ പണ്ഡിതന്മാര് പറയുന്നു. മുജാഹിദുകള്‍ ഒരു ഖുത്വ്ബ മാത്രം നടത്തുന്നതായാണ് കാണുന്നത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
നദീര്‍, കോഴിക്കോട്
ഇത് സംബന്ധമായി അബൂസഈദില്‍(റ) നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``നബി(സ) ഈദുല്ഫിത±്വ്, ഈദുല്‍അദ്ഹാ ദിനങ്ങളില്‍ മുസ്വല്ലയിലേക്ക് (നമസ്കാരസ്ഥലത്തേക്ക്) പുറപ്പെട്ടിട്ട് ഒന്നാമതായി നമസ്കരിക്കാന്‍ തുടങ്ങുകയാണ് ചെയ്തിരുന്നത്. അത് കഴിഞ്ഞിട്ട് അദ്ദേഹം ജനങ്ങള്‍ക്ക് അഭിമുഖമായി നില്ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെ ഇരിക്കുകയാകും. തുടര്‍ന്ന് അനുശാസനങ്ങളും കല്പനകളും നല്‍കിക്കൊണ്ട് അദ്ദേഹം അവരെ ഉപദേശിക്കും. ഒരു സൈന്യസംഘത്തെ നിയോഗിക്കാനോ വല്ല കല്പനകളും നല്‍കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹം ആജ്ഞാപിക്കും. പിന്നീട് അദ്ദേഹം തിരിച്ചുപോകും.
ജാബിറി(റ)ല്‍ നിന്ന് മുസ്ലിമും നസാഈയും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: ``ഞാന്‍ നബി(സ)യോടൊപ്പം പെരുന്നാളിന് സന്നിഹിതനായിട്ടുണ്ട്. അദ്ദേഹം ഖുത്വ്ബയ്ക്ക് മുമ്പായി നമസ്കാരമാണ് ആരംഭിച്ചത്; ബാങ്കോ ഇഖാമത്തോ കൂടാതെ. പിന്നീട് അദ്ദേഹം ബിലാലി(റ)ന്റെ മേല്‍ചാരി നിന്നിട്ട് അല്ലാഹുവെ സൂക്ഷിക്കാന്‍ കല്പിക്കുകയും അനുസരണത്തിന് പ്രേരിപ്പിക്കുകയും ജനങ്ങളെ ഉപദേശിക്കുകയും ഉദ്ബോധനം നടത്തുകയും ചെയ്തു. പിന്നെ അദ്ദേഹം മുന്നോട്ടുനീങ്ങി സ്ത്രീകളുടെ അടുത്തുചെന്ന് അവരെ ഉപദേശിക്കുകയും ബോധവത്കരിക്കുകയും ചെയ്തു.
പ്രബലമായ ഹദീസുകളിലൊന്നും പെരുന്നാളിന് നബി(സ) രണ്ട് ഖുത്വ്ബ നിര്‍വഹിച്ചതായി പറയുന്നില്ല. രണ്ട് പെരുന്നാളിനും രണ്ട് ഖുത്വ്ബ നിര്‍വഹിക്കുകയും അവയ്ക്കിടയില്‍ ഇരിക്കുകയുമാണ് നബിചര്യ എന്ന് ഉബൈദുല്ലാഹിബ്നു അബ്ദില്ലാഹിബ്നി ഉത്ബ പറഞ്ഞതായി ഇമാം ശാഫിഈ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഉബൈദുല്ല നബി(സ)യെ നേരില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്ത ആളല്ലാത്തതിനാല്‍ അതിന് പ്രാമാണികതയില്ല. ജാബിറി(റ)ല്‍ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഒരു ഹദീസില്‍ രണ്ട് ഖുത്വ്ബയെ സംബന്ധിച്ച് പരാമര്‍ശമുണ്ടെങ്കിലും അതിന്റെ നിവേദകപരമ്പരയില്‍ വിശ്വസ്തനല്ലാത്ത ഒരു വ്യക്തിയുണ്ട്.
പെരുന്നാള്‍ ഖുത്വ്ബ തുടങ്ങേണ്ടത് തക്ബീര്‍ ചൊല്ലിക്കൊണ്ടാണോ? ഖുത്വ്ബക്കിടയില്‍ തക്ബീര്‍ ചൊല്ലുന്നത് സുന്നത്താണോ?
മുശ്താഖ്, കണ്ണൂര്‍
രണ്ട് പെരുന്നാള്‍ ഖുത്വ്ബകളില്‍ നബി(സ) ധാരാളം തക്ബീര്‍ ചൊല്ലാറുണ്ടായിരുന്നു എന്ന് ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ നിവേദക പരമ്പരയില്‍ വിശ്വസ്തനല്ലാത്ത അബ്ദുര്‍റഹ്മാന്‍ എന്നൊരു വ്യക്തിയുണ്ട്. പെരുന്നാളില്‍ ഒന്നാം ഖുത്വ്ബ തുടര്‍ച്ചയായ ഒമ്പത് തക്ബീറുകള്കൊണ്ടും രണ്ടാം ഖുത്വ്ബ തുടര്‍ച്ചയായ ഏഴ് തക്ബീറുകള്‍ കൊണ്ടും തുടങ്ങുന്നതാണ് സുന്നത്തെന്ന് ഉബൈദുല്ലാഹിബ്നു അബ്ദില്ലാഹിബ്നു ഉത്ബ പറഞ്ഞതായി ബൈഹഖി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ, ഈ ഉബൈദുല്ല നബി(സ)യെ നേരില്‍ കണ്ട ആളല്ലാത്തതിനാല്‍ നബി(സ)യുടെ നടപടി അങ്ങനെയാണെന്നതിന് അദ്ദേഹത്തിന്റെ വാക്ക് മതിയായ തെളിവല്ല. വിവിധ സന്ദര്‍ഭങ്ങളില്‍ അല്‍ഹംദുലില്ലാഹ് എന്ന് പറഞ്ഞുകൊണ്ടാണ് നബി(സ) ഖുത്വ്ബ തുടങ്ങിയിരുന്നതെന്ന് വ്യക്തമാക്കുന്ന പ്രബലമായ ഹദീസുകള്‍ക്ക് വിരുദ്ധമാണ് ഈ റിപ്പോര്‍ട്ട് എന്നതും ഒരു പ്രശ്നമാണ്. എന്നാല്‍ ധാരാളമായി തക്ബീര്‍ ചൊല്ലുന്നത് പുണ്യകരമായിട്ടുള്ള ദിവസമാണ് പെരുന്നാള്‍ എന്നതിനാല്‍ അന്നത്തെ ഉല്ബോധനത്തിനിടയില് തക്ബീര്‍ ചൊല്ലുന്നത് അനാചാരമാണെന്ന് പറയാവുന്നതല്ല.
പെരുന്നാളില്‍ അല്ലാഹു അക്ബര്‍ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞശേഷം ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് ചൊല്ലുന്ന രീതിയാണല്ലോ നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. ഇത് ശരിയല്ലെന്നും അല്ലാഹു അക്ബര്‍ രണ്ട് പ്രാവശ്യം മാത്രം ചൊല്ലിയിട്ട് `ലാഇലാഹ ഇല്ലല്ലാഹ്..... ചൊല്ലുകയാണ് വേണ്ടതെന്നും ചിലര്‍ പറയുന്നു. ഒരാള്‍ ചൊല്ലിക്കൊടുത്തിട്ട് മറ്റുള്ളവര്‍ ഏറ്റുചൊല്ലുന്ന രീതിക്ക് തെളിവില്ലെന്നും ചിലര്‍ പറയുന്നുണ്ട്. ബലിപെരുന്നാളിന് നാലുദിവസം തകബീര്‍ സുന്നത്താണെന്ന് പലരും പറയുന്നു. ഈ വിഷയകമായി ഖുര്‍ആനിലും പ്രബലമായ ഹദീസിലും തെളിവുള്ള രീതി ഏതാണ്?
സലീല്‍, തിരൂര്‍
തക്ബീര്‍ ചൊല്ലാനും എണ്ണപ്പെട്ട ദിവസങ്ങളില്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാനുമുള്ള നിര്‍ദേശം വിശുദ്ധ ഖുര്‍ആനിലുണ്ട് (2:185, 2:203). നബി(സ)യും സ്വഹാബികളും തക്ബീര്‍ ചൊല്ലിയിരുന്നുവെന്ന് പ്രബലമായ ഹദീസുകളിലും കാണാം. എന്നാല്‍ അല്ലാഹു അക്ബര്‍ എന്ന വാക്യം രണ്ട് പ്രാവശ്യം വീതമാണോ അതല്ല മൂന്നു പ്രാവശ്യം വീതമാണോ ചൊല്ലേണ്ടതെന്ന് ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ നിര്‍ണയിച്ചിട്ടില്ല. ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ – അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്ന കീര്‍ത്തന രൂപവും പ്രബലമായ ഹദീസില്‍ നിര്‍ദേശിച്ചതല്ല. അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദുലില്ലാഹ് (അല്ലെങ്കില്‍ ലില്ലാഹില്‍ ഹംദ്) എന്നീ വാക്യങ്ങള്‍ ദിക്റിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപങ്ങളാണ്. അവ എത്ര പ്രാവശ്യം വീതം ചൊല്ലുന്നതിലും അപാകതയില്ല. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ കബീറന് എന്ന് തക്ബീര്‍ ചൊല്ലാന്‍ സല്മാന്(റ) നിര്‍ദേശിച്ചതായി അബ്ദുര്‍റസ്സാഖ് ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹു അക്ബര്‍ എന്ന് രണ്ട് പ്രാവശ്യം ചൊല്ലിയശേഷം ലാഇലാഹ... വലില്ലാഹില്‍ ഹംദ് എന്ന് ചൊല്ലുന്ന രീതി ഉമര്‍, ഇബ്നുമസ്ഊദ്(റ) എന്നിവരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒരാള്‍ തക്ബീര്‍ ചൊല്ലിക്കൊടുത്തിട്ട് മറ്റുള്ളവര്‍ ഏറ്റു ചൊല്ലണമെന്ന് ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ ഇബ്നുഉമറും അബൂഹുറയ്റ(റ)യും അങ്ങാടിയില്‍വെച്ച് തക്ബീര്‍ ചൊല്ലുമ്പോള്‍ അവരുടെ തക്ബീര്‍ കേട്ട് ജനങ്ങളും ചൊല്ലിയിരുന്നുവെന്നും, ഖലീഫ ഉമര്‍(റ) മിനായിലെ കൂടാരത്തില്‍ തക്ബീര്‍ ചൊല്ലുമ്പോള്‍ അത് കേട്ട് പള്ളിയിലുള്ളവര്‍ ചൊല്ലിയിരുന്നുവെന്നും ബുഖാരി പറഞ്ഞിട്ടുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ച് ഏത് സമയത്ത് തക്ബീര്‍ തുടങ്ങണമെന്നോ എപ്പോള്‍ തക്ബീര്‍ അവസാനിപ്പിക്കണമെന്നോ നബി(സ) നിര്‍ദേശിച്ചതായി സ്ഥിരപ്പെട്ടിട്ടില്ലെന്ന് നൈലുല്‍ ഔത്വാറില്‍ ശൌക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്. അറഫാ ദിനത്തിന്റെ സ്വുബ്ഹ് മുതല്‍ അയ്യാമുത്തശ്രീഖിന്റെ അവസാനം (ദുല്‍ഹിജ്ജ 13) വരെയാണ് തക്ബീര്‍ ചൊല്ലേണ്ടതെന്ന് അലി(റ), ഇബ്നുമസ്ഊദി(റ) എന്നീ സ്വഹാബികള്‍ പറഞ്ഞതായി വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.