Home‎ > ‎Poems Malayalam.‎ > ‎

തിരികെ വിളിക്കുക. Thirike Vilikkuka.

8 October 2013 Time Upon My Window Sill

തിരികെ വിളിക്കുക

 

പി. എസ്സ്. രമേഷ് ചന്ദ്ര൯

 

ഒന്ന്

 

കൈയ്യുംകെട്ടി നടന്നവ൪ പലരും

വിദേശ ജോലിയ്ക്കായ്,

വയലും പുരയും പണയം വെ,ച്ചവ൪

വിമാനമേറുന്നു.

 

ചുട്ടുപഴുത്ത മണല്ക്കാറ്റുകളുടെ

ചൂടില്ച്ചൂളാതെ,

ചെക്കുകളായവ൪ പണമെത്തിച്ചൂ

കടങ്ങള് കൈവീട്ടാന്. 

 

നാട്ടിലെയവരുടെ ബന്ധുഗൃഹത്തിലെ

വാല്യക്കാരന്മാ൪,

വിദേശ നി൪മ്മിത വാച്ചും കെട്ടി

വാറ്റി നടക്കുന്നു.

 

കോട്ടിലു,മിറുകിയ കാല്സ്രായികളിലു-

മവരുടെ പൊങ്ങച്ചം,

വിളിച്ചു ഘോഷിച്ചവരുടെ പരമ

ദരിദ്ര കുലീനത്വം.

 

അറിയാഭാഷയിലാരോ പാടു-

ന്നതുകേട്ടവരെല്ലാം,

ആഹ്ലാദത്താലാടുന്നിരവിലു –

മാളെയുറക്കാതെ.

 

അപൂ൪വ്വമൊന്നോ രണ്ടോ നി൪ദ്ധന

ഗൃഹങ്ങളില് നിന്നും,

അന്യൂനം പല തലമുറ ചൊല്ലിയ

മന്ത്രം കേള്ക്കുന്നു. 

 

ഒന്നും പാടാനില്ലാത്തവരുടെ

പേ൪ഷൃ൯ വീണകളില്,

രാപകലൊഴുകുന്നശ്ലീലാവൃത

സിനിമാ ഗാനങ്ങള്.

 

ഓണപ്പുല്ലുകള് പൂത്തൂ, ക്ഷണികം

കവിത കിനിഞ്ഞത്രേ,

ഒന്നും പറയാനില്ലാത്തവരുടെ

നാവി൯ തുമ്പുകളില്.

 

എന്നും വൈകുന്നേരം വായന

ശാലയിലില്ലിപ്പോള്,

ഇല്ലായ്മകളുടെ നിവാരണത്തിനു

യുവജന സംവാദം.

 

ഗ്രന്ഥപ്പുരയുടെ മൂലയില് മുരളും

വനമക്ഷികകള് പോല്,

ഗാനം കേട്ടു മുഴുക്കാത്തവരൊരു

കൂട്ടം വാഴുന്നു.

 

ഇല്ലാനേരം തെല്ലുമവ൪ക്കൊരു

ഗ്രന്ഥം വായിക്കാ൯, 

ഇന്ദ്രിയ തുരഗാതുരതയിലുരുകു-

'ന്നിരുളം' ഗ്രാമക്കാ൪.

 

കണ്ണിന്ടെ കറുപ്പിനു വീണ്ടും

കാളിമ കൂട്ടാനായ്,

കരളിന്ടെ നെരിപ്പോടുകളില്

കനവുകള്  നീറ്റിയവ൪.

 

ചുണ്ടിന്ടെ ചുവപ്പിനു മീതേ

ചോപ്പു ചുരത്താനായ്,

ചതിയിലവ൪ ചങ്ങാതികളുടെ

ഹൃദയം വിലവെച്ചു.

 

മറഞ്ഞു പോയവ൪ മുഖത്തു ചൂടിയ

മഹത്വ ഭാവങ്ങള്,

താമരയിലയില് താളംതുള്ളും

നീ൪ത്തുള്ളികള് പോലെ.

 

ഓരോ നൂറ്റാണ്ടിന്ടെയുമൊടുവിലൊ-

രല്പം നില്ക്കുക നാം,

നമ്മള് പോന്ന നടപ്പാതകളുടെ

നാണം കാണാനായ്.  

 

രണ്ടു്  

 

ഒരിക്കല് നമ്മുടെ മു൯ഗാമികളുടെ

വിശ്രമ ഗേഹങ്ങള്

-മുറിച്ചു നഗരമുയമുയ൪ത്താ൯ നമ്മള്

വിജനാരണ്യങ്ങള്.

 

ഞാറ്റടി വയലു നികത്തീ നമ്മളൊ-

രുദ്യാനത്തിന്നായ്,

മുറിച്ചു കല്പ്പകമരങ്ങള് പുതിയൊരു

മൃഗാലയം പൊങ്ങാ൯.

 

നഗരത്തിന്ടെ നടുക്കാ നാറിയ

നാഗരികത നോക്കി,

നാണം പൂണ്ടവ നിന്നൂ നവമൊരു

നാശം കൈചൂണ്ടി.

 

മനുഷ്യ൪ കൊഞ്ചുന്നതുമവ൪ കുഞ്ഞു-

ങ്ങള്പോല്ക്കുഴയുവതും,

ഞരമ്പു രോഗികളവരുടെ പ്രണയ-

ച്ചേഷ്ടകള് കാട്ടുവതും,

 

മദിരാശ്  നഗരിയിലടിഞ്ഞു കയറിയ

മിമിക്രി വിദ്വാന്മാ൪

-ചലച്ചിത്രങ്ങളിലൊരുക്കിയവയുടെ

ദ൪ശന ദൗ൪ഭാഗൃം.

 

ചഞ്ചലചിത്തകള് ഗ്രാമസ്ത്രീകള്

സന്ധ്യാവേളകളില്,

ചമഞ്ഞിരുന്നവ൪ കാറ്റേല്ക്കുന്നൂ

പുഴയുടെ പടവുകളില്.

 

കാസെറ്റ്കാമുകരൊരുങ്ങി സ്വരസുര-

തോല്സവസുഖമറിയാന്,

കാമിനിമാരേക്കാളും കാമിത-

മോരോ കാസെറ്റും.

 

'മ്യൂസിക്ക് മാനിയ' രോഗം ബാധിത൪

നിരവധി മനുജന്മാ൪,

ടേപ്പ് റെക്കാറ്ഡറില് രഹസ്യരതികളില്

മുങ്ങിപ്പൊങ്ങുന്നു.

 

യൌവ്വന വിഹ്വലതയ്ക്കും കടുത്ത

കാമോല്സുകതയ്ക്കും,

കാവ്യാവിഷ്ക്കരണം നല്കുന്നൂ

കപട കവീന്ദ്രന്മാ൪.

 

'കാലം മാറിപ്പോയ്‌, നി൪വ്വികാര

കച്ചവടത്ത്വരയില്,

ക൪ഷക൪ ഭൂമികള് കൈവിട്ടാവഴി

പലായനം ചെയ്തു.'

 

പൊഴിഞ്ഞുപോയ്പ്പല പൂക്കുല, പറവകള്

ചിത്രച്ചിറകുകളില്

ശിരസ്സു താഴ്ത്തിയിരുന്നൂ, കരിയും

കാനനഭംഗികളില്.

 

പാട്ടിനു പുറകേ പായുന്നവരുടെ

യാന്ത്രിക ശബ്ദങ്ങള്,

ജൈവാവിഷ്ക്കരണങ്ങളിലുണ്മയെ-

യാദേശം ചെയ്തൂ.

 

പവിത്രമാം പല പാരമ്പര്യങ്ങള്

പരിണാമോദ്ധതിയില്,

വിശുദ്ധമാം ചില വിശ്വാസങ്ങള്

വിഷയാസക്തിയതില്,

 

വിസ്മൃതി പൂകി;യവിശ്വാസികളുടെ

വിഹ്വല നിലവിളിയില്,

വിലീനമായ്പ്പോയ് വിശ്വാസികളുടെ

നിഗൂഢ ദ൪ശനവും.            

 

പുല൪ച്ച മുതലേ പെയ്യാനുയ൪ന്നു

മേഘങ്ങള് നിന്നൂ,

ഉയ൪ച്ച കുറയും മലയുടെ മുകളിലൊ-

രുടഞ്ഞ സ്വപ്നം പോല്.

 

മൂന്നു്

 

ആദിമനാമൊരു കുരങ്ങനിനിയൊരു

ചുവടും ചാടാതെ,

മുട്ടും കെട്ടി, മരങ്ങളില് മടുത്തു-

മിരുന്നിരുന്നെങ്കില്,

 

ആലോചിക്കുക പരിണാമത്തിന്

പടവുകള് പിന്നിട്ടു

പൂ൪വ്വികനാമാക്കുരങ്ങനെങ്ങനെ

മനുഷ്യനായ് മാറും?

 

ഉറച്ച ശിഖരവുമതിദൂരത്തിലെ

ചില്ലക്കൊമ്പുകളും,

ചുവടും ലക്ഷൃവു,മവയ്ക്കു നടുവിലെ-

യറിയാച്ചുവടുകളും,

 

അനിശ്ചിതത്വവുമതിജീവിച്ചവ-

രിച്ഛാശക്തിയതാല്;

കുതിച്ചു ചാടിയ കുരങ്ങു മാനവ

കുലങ്ങള് സൃഷ്ടിച്ചൂ.

 

ചരിത്ര നായക൪ നായാടികളുടെ

ഗുഹാമുഖം തോറും,

ഋതുക്കളവയുടെ വരവും പോക്കും

കുറിച്ചു സൂക്ഷിച്ചു.

 

വസന്തകാല മരന്ദം തെരയാ൯

വനമേഘല തോറും

വലഞ്ഞ വാല്നര,രവരാണാദിയില്

വാക്കുകള് സൃഷ്ടിച്ചൂ.

 

പ്രകാശമൊഴുകിപ്പടരും പകലി൯

പ്രഭാത ശാന്തതയില്,

പ്രസാദ വദന൪ പൂ൪വ്വമനുഷ്യ൪

തോണികള് തുഴയുന്നു.

 

രാത്രിയിലനവധി താരങ്ങള്ത൯

പവിഴപ്രഭനോക്കി,

വാനനിരീക്ഷണ ശൈലത്തിന്ടെ

നിറുകയിലവ൪ നിന്നു.

 

ജഢചേതനകള് ഗോളങ്ങളില്നി-

ന്നനവരതം പൊഴിയും

രജതപ്രഭയില്, രഹസ്യമായാ

പറുദീസയുയ൪ന്നു.

 

അതുവരെയുള്ള സമസ്ത ഗുണങ്ങളു-

മുള് വാഹം ചെയ്തു,

അറിവി൯ തരുവിലൊരപൂ൪വ്വമധുഫല-

മുദയം ചെയ്യുന്നു.    

 

യുഗങ്ങള് പൊഴിയുന്നവയുടെ പദരവ-

മുയ൪ന്നു കേട്ടില്ല,

യശസ്സു തേടിയ സേനാനികളുടെ

രണരവമിനിയില്ല.

 

നേരേനീണ്ടൊരു നേ൪രേഖയിലൂ-

ടരൂപിയാം കാലം

പുരോഗമിക്കു,ന്നൊരൊറ്റ ബിന്ദുവു-

മാവ൪ത്തിക്കാതെ.    

 

ചുവരിലിരുന്നു ചിലയ്ക്കും പല്ലികള്

ദിനസാറുകളത്രേ,

ചരിത്രമറിയാക്കാലത്താഴ്ന്നവ

ചതുപ്പു വയലുകളില്.

 

കടന്നു പോവതു മ൪ത്തൃനുമവനുടെ     

കരാളയാതനത൯

കരിമഷി പുരണ്ട ശാസ്ത്രത്തിണ്ടെ

കലികയിലേയ്ക്കല്ലോ.

 

നിശബ്ദ നിശ്ശൂനൃതയുടെ സ്വസ്ഥത

സ്ഫോടന ശബ്ദത്തില്,

നടുങ്ങിനില്ക്കും ന്യൂട്ട്റോണുകളുടെ

ഹിമയുഗമണയുന്നു.

  

കോളണികൂട്ടിക്കഴിയും കറുത്ത

കൂനനുറുമ്പുകള്ത൯,

കിടക്കമുറിയില് കുളിമുറിമുകളില്

മനുഷ്യ൪ കുടിയേറും.

 

കാണുക കടന്നു പോവതു മിമിക്രി-

യുഗത്തിലൂടേ നാം,

ഓ൪ക്കുക ഓ൪മ്മയില് മിന്നിത്തെളിയും

പ്രവചനവചനങ്ങള്.

 

'ജനനംപോലതു കരുതുക, നി൯ഗതി

മരണംപൂകുമ്പോള്;

ഹസിക്ക നീയൊരു ഹംസം പോ,ലാ-

നന്ദം പൂകുംപോല്!'  

 

കണ്ണീ൪ വീഴ്ത്തി നനയ്ക്കരുതിനിയൊരു

കുഴിമാടം പോലും,

ക൪ത്തവൃത്തിന്നുശിരിന്നാലവ-

യൂക്ഷ്മളമാകട്ടേ.

 

തിരികെ വിളിക്കുക ചിറകുകള് വീശി-

പ്പറന്ന പറവകളെ!

താഴ്മയിലമരുക താരുണ്യത്തി൯

തളിരില നിനവുകളേ!!

 

 

‘തിരികെ വിളിക്കുക’ എന്ന ഗ്രന്ഥത്തിലെ മുഖ്യ കവിത.

1994 ജൂണ്‍ 7 നു രചന പൂറ്ത്തിയായത്.

 

 

 


Comments