Long before sustainability, circular economy, and resource optimization became popular academic themes, these innovations demonstrated the core principles of Value Engineering—achieving the desired function at the lowest possible cost by intelligently utilizing discarded and underutilized resources.
The newspaper reports presented here document the early stages of a journey that transformed waste materials into productive technologies, proving that innovation depends more on creativity and vision than on expensive resources. These newspaper reports are not merely media records; they are early case studies in practical Value Engineering.
May these experiences inspire students, researchers, and innovators to discover value where others see only waste.
മൂല്യവർധിത എഞ്ചിനീയറിംഗ് (Value Engineering) പ്രയോഗത്തിൽ
ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ മറ്റുള്ളവർ മാലിന്യം കണ്ടപ്പോൾ, അവയിൽ ഉപയോഗസാധ്യതയും മൂല്യവും കണ്ടെത്താനുള്ള ശ്രമമായിരുന്നു ഈ നവീകരണങ്ങൾ. കുറഞ്ഞ ചെലവിൽ ആവശ്യമായ പ്രവർത്തനഫലം കൈവരിക്കുക എന്ന മൂല്യവർധിത എഞ്ചിനീയറിംഗിന്റെ അടിസ്ഥാനതത്ത്വം പ്രായോഗികമായി തെളിയിച്ച ചില ആദ്യകാല ശ്രമങ്ങളുടെ മാധ്യമരേഖകളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
സർഗാത്മകതയും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ വിഭവങ്ങളുടെ കുറവ് നവീകരണത്തിന് തടസ്സമല്ലെന്ന് ഈ അനുഭവങ്ങൾ തെളിയിക്കുന്നു. പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നവപ്രവര്ത്തനങ്ങള്ക്കും ഇവ പ്രചോദനമാകട്ടെ.
പരാമര്‍ശിച്ചിരിക്കുന്ന ചില യന്ത്രങ്ങള്‍:
Manual Paint Sprayer, Multi-purpose Machine, Paper Pulveriser-cum-Grinder
Paper Moulding Machine, UPS etc.
ആക്രി സാധനങ്ങളില്‍ നിന്ന് യന്ത്രങ്ങളുമായി ഒരു കോളേജധ്യാപകന്
ആലപ്പുഴ: ആക്രിസാധനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് യന്ത്രങ്ങളും പാഴ്വസ്തുക്കളില് വിരിയുന്ന കലാശില്പങ്ങളും. കളര്‍കോട് ‘നളന്ദ’യില്‍ വി. നാരായണന് നമ്പൂതിരിയുടെ കരകൗശലങ്ങള്‍ക്ക് അതിരുകളില്ല.
പഠിച്ചതും പഠിപ്പിക്കുന്നതും സാമ്പത്തികശാസ്ത്രം. ആലപ്പുഴ എസ്.ഡി. കോളേജില്‍ അധ്യാപകനായ നമ്പൂതിരി സാറിന് സാങ്കേതികവിദ്യയോട് വര്‍ണിച്ചാല്‍ തീരാത്ത കമ്പം.
ഓപചാരികമായി സാങ്കേതികവിദ്യ പഠിച്ചിട്ടില്ല. എല്ലാം സ്വയം വായിച്ച് നേടിയവ. ഈ അനൗപചാരിക വിദ്യയില്‍ വിരിഞ്ഞ യന്ത്രങ്ങളാകട്ടെ സാങ്കേതിക വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്നവ.
നളന്ദയിലെ പണിപ്പുരയില്‍ ആക്രിസാധനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരുക്കിയ യന്ത്രങ്ങള്‍ പലതാണ്. മാനുവല്‍ പെയിന്റ് സ്പ്രെയര്‍, മള്‍ട്ടി പര്‍പ്പസ് മെഷീന്, പേപ്പര്‍ പള്‍വറൈസര്‍ കം ഗ്രൈന്‍ഡര്‍, പേപ്പര്‍ മോള്‍ഡിംഗ് മെഷീന് അങ്ങനെ പലതും.
ഓരോ യന്ത്രത്തിനും ഒരു കഥയുണ്ട്. ചിലതിന്റെ ചക്രങ്ങള്‍ തിരുവനന്തപുരത്തെ ചാലക്കമ്പോളത്തില്‍ നിന്നോ ആലുവയിലെ ആക്രിക്കടകളില്‍ നിന്നോ നേടിയവ. ചിലതിന്റെ മോട്ടോര്‍ ആലപ്പുഴയിലെ ആക്രിക്കടകളില്‍ കണ്ടെത്തിയവ.
അധ്യയനസമയം കഴിയുമ്പോള്‍ നാരായണന് നമ്പൂതിരി ആക്രിക്കടകള്‍ ചുറ്റിയടിക്കുന്നു. ആര്‍ക്കും വേണ്ടാതെ കൂട്ടിയിട്ടിരിക്കുന്ന തുരുമ്പിച്ച സാധനങ്ങളില്‍ അന്വേഷണം തുടരുന്നു. ചിലത് കാണുമ്പോള്‍ മനസ്സില്‍ രൂപപ്പെടുത്തിയ ഏതെങ്കിലും ഒരു യന്ത്രത്തിന്റെ ഭാഗമായി അത് മാറുന്നു.
ഇങ്ങനെ ഒരു അന്വേഷണത്തിനിടയിലാണ് ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്. പണിപ്പുരയില്‍ അവ കൂട്ടിയോജിപ്പിച്ചപ്പോള്‍ വിപണിയില്‍ കിട്ടുന്ന ഏത് യു.പി.എസ്.-നോടും കിടപിടിക്കുന്ന യു.പി.എസ്. റെഡി.
നാരായണന് നമ്പൂതിരിയുടെ യന്ത്രങ്ങള്‍ക്ക് പ്രത്യേകതകള്‍ അനവധി. മാനുവല്‍ പെയിന്റ് സ്പ്രെയര്‍ വൈദ്യുതി കൊണ്ടും അല്ലാതെയും പ്രവര്‍ത്തിപ്പിക്കാം. എത്ര ചെറിയ പ്രതലത്തിലും വര്‍ണം കൊടുക്കാം. വിപണിയില്‍ ലഭ്യമായ സ്പ്രെയറുകളില് നിന്ന് വ്യത്യസ്തമായി കുറച്ച് പെയിന്റ് കൊണ്ട് കൂടുതല്‍ സ്ഥലം പെയിന്റ് ചെയ്യാം.
മള്‍ട്ടി പര്‍പ്പസ് മെഷീനില്‍ ഒരേ സമയം മരക്കഷണങ്ങള്‍ അറുത്തു മുറിച്ച് കടഞ്ഞെടുക്കാം. ദാരുശില്പങ്ങള് മുതല്‍ പൂപ്പാത്രങ്ങള്‍ വരെ ഇതില്‍ കടഞ്ഞെടുക്കാം. ഇതേ ഉപയോഗം തന്നെയാണ് പേപ്പര്‍ പള്‍വറൈസര്‍ കം ഗ്രൈന്‍ഡര്‍ മെഷീനും. പേപ്പര്‍ പള്‍പ്പില്‍ നിന്ന് കരകൗശല വസ്തുക്കള്‍ തീര്‍ക്കാന്‍ ഏറെ സഹായകരമാണ്.
യന്ത്രങ്ങളൊക്കെ തന്റെ പണിപ്പുരയില്‍ ഒതുക്കാന്‍ നാരായണന് നമ്പൂതിരിക്ക് താല്പര്യമില്ല. ഇവ വ്യാപിപ്പിച്ച് ഗ്രാമീണ മേഖലയില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിലെ തൊഴിലില്ലായ്മ കുറയ്ക്കാനാവുമെന്നാണ് നമ്പൂതിരിയുടെ വിശ്വാസം. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി ഒരു ഗവേഷണ പദ്ധതി തയ്യാറാക്കി തിരുവനന്തപുരത്തെ ഐ.എം.ജിക്ക് സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ ഒന്നും നടന്നില്ല. ജനകീയാസൂത്രണത്തിന്റെ കാലമായതിനാല്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.
യന്ത്രനിര്മാണത്തില് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് പുന്നപ്ര കാര്‍മല്‍ പോളിടെക്നിക്കില്‍ നിന്നാണ്. പോളിടെക്നിക്കിലെ ലൈബ്രറിയും അവിടത്തെ മെക്കാനിക്കല്‍ വിഭാഗത്തിലെ അധ്യാപകരുമാണ് സംശയങ്ങള്‍ തീര്‍ത്തത്.
(ചിത്രം): ആക്രി സാധനങ്ങളില്‍ നിന്നുണ്ടാക്കിയ യന്ത്രങ്ങളുമായി വി. നാരായണന് നമ്പൂതിരി.
11 വര്‍ഷമായി എസ്.ഡി. കോളേജില്‍ പഠിപ്പിക്കുന്ന നാരായണന് നമ്പൂതിരി നാലു വര്‍ഷമായി എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കൂടിയാണ്.