കൃഷ്ണ യജുര്വേദീയ യോഗ ഉപനിഷത്താണ് ഇത്. യോഗം, അഷ്ടാംഗയോഗവും ഓംകാരരഥയാത്രയും, കുണ്ഡലിനീശക്തിയുടെ ഉത്തേജനം, പഞ്ചഭൂതം.
അമൃതനാദോപനിഷത്ത്
(മൂലവും, മലയാള പരിഭാഷയും)
പരിഭാഷ: ലക്ഷ്മി നാരായണന് വൈക്കം
(വൈക്കം ഉണ്ണികൃഷ്ണന് നായര്‍)
അമൃതനാദോപനിഷത്പ്രതിപാദ്യം പരാക്ഷരം .
ത്രൈപദാനന്ദസാമ്രാജ്യം ഹൃദി മേ ഭാതു സന്തതം ..
ശാന്തിപാഠം
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ശാസ്ത്രാണ്യധീത്യ മേധാവീ അഭ്യസ്യ ച പുനഃ പുനഃ .
പരമം ബ്രഹ്മ വിജ്ഞായ ഉൽകാവത്താന്യഥോത്സൃജേത് .. 1..
വ്യര്ത്ഥമാക്കൊല്ല ജീവന് ശുഷ്ക-മുല്ക്കപോല്:
ശാസ്ത്രം ഗ്രഹിക്കണം, ബുദ്ധിയുറക്കണം,
പേര്‍ത്തു പേര്ത്തഭ്യസിച്ചീടണം നേടണം
പരമമാം ബ്രഹ്മവിദ്യാജ്ഞാനമാകയും. 01
ഓങ്കാരം രഥമാരുഹ്യ വിഷ്ണും കൃത്വാഥ സാരഥിം .
ബ്രഹ്മലോകപദാന്വേഷീ രുദ്രാരാധനതല്പരഃ .. 2..
‘ഓം’കാരമാകും രഥത്തില്‍ കരേറണം
വിഷ്ണുവേതന്നെയും സാരഥിയാക്കണം:
ബ്രഹ്മലോകം ലക്ഷ്യമാക്കി ചരിക്കണം,
രുദ്രനെത്തന്നെ ഉപാസിച്ചുകൊള്ളണം.
താവദ്രഥേന ഗന്തവ്യം യാവദ്രഥ പഥിസ്ഥിതഃ .
സ്ഥിത്വാ രഥപഥസ്ഥാനം രഥമുത്സൃജ്യ ഗച്ഛതി .. 3..
രഥമാര്ഗ്ഗമെത്രയുണ്ടത്ര ദൂരം രഥത്തില്‍-
ചരിക്കാം, പിന്നെ വിട്ടുമുന്നേറണം. 3
മാത്രാ ലിംഗപദം ത്യക്ത്വാ ശബ്ദവ്യഞ്ജനവർജിതം .
അസ്വരേണ മകാരേണ പദം സൂക്ഷ്മം ച ഗച്ഛതി .. 4..
ഓംകാരമാത്രകള്, ലിംഗപദാദികള്,
വ്യഞ്ജനശബ്ദങ്ങളൊക്കെയും വിട്ടു സ്വര-
ഹീനമാകും ‘മ’കാരത്തിന്റെ ഈശനെ
ധ്യാനിക്കിലെത്താം ‘തുരീയ’തത്വത്തിലും. 4
ശബ്ദാദി വിഷയാഃ പഞ്ച മനശ്ചൈവാതിചഞ്ചലം .
ചിന്തയേദാത്മനോ രശ്മീൻ പ്രത്യാഹാരഃ സ ഉച്യതേ .. 5..
സ്പര്ശ്ശശബ്ദാദിയാമഞ്ചുവിഷയങ്ങളും,
ആയതിന്നിന്ദ്രിയമഞ്ചും, മനസ്സതും
ആത്മാവിനുള്ളില്‍ തെളിച്ചു പ്രത്യാഹാര-
മാകുന്നവസ്ഥയെ കൈവരിച്ചീടണം. 5
പ്രത്യാഹാരസ്തഥാ ധ്യാനം പ്രാണായാമോഽഥ ധാരണാ .
തർകശ്ചൈവ സമാധിശ്ച ഷഡംഗോ യോഗ ഉച്യതേ .. 6..
ഇപ്രകാരത്തിലാറംഗങ്ങളാണുയോ-
ഗത്തില്‍ സമാധിയും, തര്‍ക്കവും, ധാരണം,
ധ്യാനവും പിന്നെയീ പ്രത്യാഹാരവും,
പ്രാണായാമമെന്നാറതും ശ്രേഷ്ഠവും. 6
യഥാ പർവതധാതൂനാം ദഹ്യന്തേ ധമനാന്മലാഃ .
തഥേന്ദ്രിയകൃതാ ദോഷാ ദഹ്യന്തേ പ്രാണനിഗ്രഹാത് .. 7.
പര്വ്വതത്തിന്നുള്ളിലുള്ള ധാതുക്കള്‍-
ഉരുക്കിയിട്ടുള്ളിലായുള്ളതാകും മലം-
മാറ്റുന്ന പോലെയീയിന്ദ്രിയ ദോഷങ്ങള്‍
മാറ്റുന്നു പ്രാണനെ നിഗ്രഹിച്ചീടുകില് (പ്രാണായാമം) 7
പ്രാണായാമൈർദഹേദ്ദോഷാന്ധാരണാഭിശ്ച കിൽബിഷം .
പ്രത്യാഹാരേണ സംസർഗാദ്ധ്യാനേനാനീശ്വരാൻഗുണാൻ .. 8..
ദോഷം ദഹിക്കുന്നു പ്രാണായാമത്തിനാല്,
പാപം ദഹിക്കുന്നു ധാരണയാലുമേ:
ഇപ്രകാരത്തിലീ പ്രത്യാഹാരത്തി-
ലെത്തീട്ടു ധ്യാനിക്ക വേണമീശന്നെയും. 8
കിൽബിഷം ഹി ക്ഷയം നീത്വാ രുചിരം ചൈവ ചിന്തയേത് .. 9..
ഇപ്രകാരം ക്ഷയിപ്പിപ്പു പാപങ്ങളെ;
ചിത്തത്തിലുത്തമമുള്ക്കൊണ്ടിരിക്കുക. 9
രുചിരം രേചകം ചൈവ വായോരാകർഷണം തഥാ .
പ്രാണായാമസ്ത്രയഃ പ്രോക്താ രേചപൂരകകുംഭകാഃ .. 10..
പൂരകം, കുംഭകം, സുഖമായ രേചകം;
ഭാഗങ്ങള്‍ മൂന്നു പ്രാണായാമത്തിനും. 10
സവ്യാഹൃതിം സപ്രണവാം ഗായത്രീം ശിരസാ സഹ .
ത്രിഃ പഠേദായതപ്രാണഃ പ്രാണായാമഃ സ ഉച്യതേ .. 11.
പ്രണവത്തൊടൊത്തു ഗായത്രിയുള്ക്കൊണ്ടു മൂ-
ന്നാലാപനം ശേഷം പ്രാണായാമവും. 11
ഉത്ക്ഷിപ്യ വായുമാകാശം ശൂന്യം കൃത്വാ നിരാത്മകം .
ശൂന്യഭാവേന യുഞ്ജീയാദ്രേചകസ്യേതി ലക്ഷണം .. 12..
ഹൃദയത്തിനുള്ളിലെ പ്രാണനാം വായുവെ
ആകാശമായതിലേക്കു തള്ളീട്ടു തന്-
ഹൃദയത്തില്‍ വായുവില്ലാതെയാക്കീടുന്ന-
താകുന്നു ‘രേചക’പ്രാണായാമവും. 12
വക്ത്രേണോത്പലനാലേന തോയമാകർഷയേന്നരഃ .
ഏവം വായുർഗ്രഹീതവ്യഃ പൂരകസ്യേതി ലക്ഷണം .. 13..
ശ്വാസോച്ഛ്വാസങ്ങളൊന്നുമേ ചെയ്യാതെ
ദേഹമൊട്ടിളകാതിരുന്നിട്ടു തന് പ്രാണ-
വായുവെത്തന്നെ നിരോധിച്ചിടുന്നതാ-
യീടുന്നു ‘പൂരക’പ്രാണായാമവും. 13
നോച്ഛ്വസേന്ന ച നിശ്വാസേത് ഗാത്രാണി നൈവ ചാലയേത് .
ഏവം ഭാവം നിയുഞ്ജീയാത് കുംഭകസ്യേതി ലക്ഷണം .. 14..
വക്ത്രത്തിലൂടെയീ താമരത്തണ്ടിലൂ-
ടെപ്രകാരം മെല്ലെ നീര് വലിച്ചീടുന്നി-
തപ്രകാരം മെല്ലെ, മെല്ലെയകത്തേക്കു-
വായുവുള്ക്കൊള്ളുന്നതാകുന്നു ‘കുംഭകം’. 14
അന്ധവത്പശ്യ രൂപാണി ശബ്ദം ബധിരവത് ശൃണു .
കാഷ്ഠവത്പശ്യ തേ ദേഹം പ്രശാന്തസ്യേതി ലക്ഷണം .. 15..
കാണാതിരിക്കേണമന്ധനെപ്പോലെയും;
ബധിരനെപ്പോലെ കേട്ടീടൊല്ലയൊന്നുമേ:
ദേഹം വെറും കാഷ്ഠമായിട്ടുമായിട്ടു കൂട്ടണം;
ഇപ്രകാരം ‘പ്രശാന്തന്’തന്റെ ലക്ഷണം. 15
മനഃ സങ്കൽപകം ധ്യാത്വാ സംക്ഷിപ്യാത്മനി ബുദ്ധിമാൻ .
ധാരയിത്വാ തഥാഽഽത്മാനം ധാരണാ പരികീർത്തിതാ .. 16..
മനസ്സു സങ്കല്‍പ്പമായ് കണ്ടിട്ടതിന്നെയാ-
ത്മാവിന്റെയുള്ളില് ലയിപ്പിച്ചു ബുദ്ധിമാന്-
ആത്മാവിനെത്തന്നെ ചിന്തിച്ചിടുന്നതാ-
യീടുന്നു ‘ധാരണ’യെന്നുള്ളവസ്ഥയും. 16
ആഗമസ്യാവിരോധേന ഊഹനം തർക ഉച്യതേ .
സമം മന്യേത യം ലബ്ധ്വാ സ സമാധിഃ പ്രകീർതിതഃ .. 17..
‘തര്‍ക്ക’മെന്നുള്ളതോ യുക്തിയാലുത്തരം-
കിട്ടുവാനുള്ളതം ചിന്തയാകുന്നതും.
യാതൊന്നുകിട്ടിയാല് കിട്ടുവാനുള്ളതാ-
മാകയും തുച്ഛമാമെന്നു തോന്നുന്നതും
ആയതാകുന്നൂ ‘സമാധി’യെന്നുള്ളതാ-
യീടുന്നൊരംഗമീ യോഗമതിന്റെയും. 17
ഭൂമിഭാഗേ സമേ രമ്യേ സർവദോഷവിവർജിതേ .
കൃത്വാ മനോമയീം രക്ഷാം ജപ്ത്വാ ചൈവാഥ മണ്ഡലേ .. 18..
പദ്മകം സ്വസ്തികം വാപി ഭദ്രാസനമഥാപി വാ .
ബദ്ധ്വാ യോഗാസനം സമ്യഗുത്തരാഭിമുഖഃ സ്ഥിതഃ .. 19..
മണ്ഡലം ചെയ്യുവാനുത്തമം സുന്ദരം
സമതലം വേണ്ടതോ ദോഷഹീനം സ്ഥലം.
ആസനം പത്മകം, സ്വസ്തികം പിന്നെയീ
ഭദ്രാസനമതിലൊന്നുതാനുത്തമം.
ഇപ്രകാരം വടക്കോട്ടായിരുന്നിട്ടു
ചിത്തമുറപ്പിച്ചു മണ്ഡലം ചെയ്യണം. 18, 19
നാസികാപുടമംഗുല്യാ പിധായൈകേന മാരുതം .
ആകൃഷ്യ ധാരയേദഗ്നിം ശബ്ദമേവാഭിചിന്തയേത് .. 20..
ഓമിത്യേകാക്ഷരം ബ്രഹ്മ ഓമിത്യേകേന രേചയേത് .
ദിവ്യമന്ത്രേണ ബഹുശഃ കുര്യാദാത്മമലച്യുതിം .. 21..
കൈവിരല്‍ കൊണ്ടു നാസാദ്വാരമൊന്നട-
ച്ചാവതോളം വായുവുള്ളിലാക്കീടുക.
വായുബന്ധിക്കണം, ധ്യാനിച്ചുകൊള്ളണം,
ചിന്തിച്ചുകേള്ക്കണം ശബ്ദമതൊന്നിനെ. 20
ബ്രഹ്മമാമോംകാരമാകുമേകാക്ഷര-
മന്ത്രം ജപിച്ചോണ്ടു വായു വിട്ടീടണം.
ഇപ്രകാരം മന്ത്രമൊട്ടുവട്ടം ചൊല്ലി
വൃത്തിയാക്കീടണം ചിത്തമാലിന്യവും. 21
പശ്ചാദ്ധ്യായീത പൂർവോക്തക്രമശോ മന്ത്രവിദ്ബുധഃ .
സ്ഥൂലാതിസ്ഥൂലമാത്രായം നാഭേരൂർധ്വരുപക്രമഃ .. 22..
മുന്‍ചൊന്നപോലെ ചിന്തിക്കണം പ്രണവ-
മന്ത്രം പക്ഷെ തെല്ലുമതിക്രമിച്ചീടൊല്ല-
സ്തൂലാതിസ്ഥൂലമാം മാത്രയിലൊട്ടുമേ-
പ്രണവഗര്ദ്ദിതമായിടുന്നതം സാധകം. 22
തിര്യഗൂർധ്വമധോ ദൃഷ്ടിം വിഹായ ച മഹാമതിഃ .
സ്ഥിരസ്ഥായീ വിനിഷ്കമ്പഃ സദാ യോഗം സമഭ്യസേത് .. 23..
ദൃഷ്ടിയെ മുകളിലും, മുന്നിലും, താഴെയു-
മൊന്നായിളകാതുറപ്പിച്ചുകൊള്ളണം,
ഒട്ടുമേ ദേഹമനങ്ങാതിരുന്നിട്ടു-,
തന്നെയീ യോഗത്തെയഭ്യസിക്കേണ്ടതും. 23
താലമാത്രാവിനിഷ്കമ്പോ ധാരണായോജനം തഥാ .
ദ്വാദശമാത്രോ യോഗസ്തു കാലതോ നിയമഃ സ്മൃതഃ .. 24..
നിത്യവും കൃത്യമാം പദ്ധതിക്കൊത്തുത-
ന്നാകണം ധാരണം യോഗമതിന്റെയും.
ദ്വാദശമാത്രമാം യോഗമതായിടും
നിയതമാം കാലത്തിനൊത്തതാം പദ്ധതി. 24
അഘോഷമവ്യഞ്ജനമസ്വരം ച അകണ്ഠതാല്വോഷ്ഠമനാസികം ച .
അരേഫജാതമുഭയോഷ്മവർജിതം യദക്ഷരം ന ക്ഷരതേ കദാചിത്.. 25..
ഉച്ചത്തില്‍ ഘോഷിപ്പതല്ലയോംകാരവും;
അല്ലതു വ്യഞ്ജനം, സ്വരമല്ലയാകില്ല
കണ്ഠത്തിനാലെയും, താലുവാല്, ചുണ്ടിനാല്‍,
നാസികയാലുമേയുണ്ടാകയില്ലതും.
മൂര്ദ്ധാവിനാലെയാകില്ല ദന്തത്തിനാ-
നില്ലനാശം പ്രണവമന്ത്രമതിന്നതു-
ണ്ടാകുവാനായ് മനസ്സിന്നെ ലയിപ്പിക്ക- വേണ്ടതും നാദരൂപത്തില്‍ നിരന്തരം. 25
യേനാസൗ പശ്യതേ മാർഗം പ്രാണസ്തേന ഹി ഗച്ഛതി .
അതസ്തമഭ്യസേന്നിത്യം സന്മാർഗഗമനായ വൈ ..26..
യോഗിചരിക്കുന്ന മാര്ഗ്ഗമേതാണതില്-
ക്കൂടിയനുഗമിച്ചീടുന്നു പ്രാണനും.
ഉത്തമമാര്ഗ്ഗേണ പ്രാണന് ചരിപ്പതി-
ന്നായിട്ടതഭ്യസിക്കേണം നിരന്തരം. 26
ഹൃദ്ദ്വാരം വായുദ്വാരം ച മൂർധദ്വാരമതഃ പരം .
മോക്ഷദ്വാരം ബിലം ചൈവ സുഷിരം മണ്ഡലം വിദുഃ .. 27..
ഹൃദയം കടന്നങ്ങു പ്രാണനെത്തീടും
സുഷുമ്നയിലായതിന് മുകളിലായീടുന്നി-
തൂര്ധ്വഗമന മാര്‍ഗ്ഗം ബ്രഹ്മരന്ധ്രവും:
ചൊല്ലുന്നതിന്നുപേര് മണ്ഡലമെന്നതും. 27
ഭയം ക്രോധമഥാലസ്യമതിസ്വപ്നാതിജാഗരം .
അത്യാഹരമനാഹരം നിത്യം യോഗീ വിവർജയേത് .. 28..
ക്രോധം, ഭയം പിന്നെയാലസ്യമതിനിദ്ര:
നിദ്രയില്ലായ്മയും, അമിതമാം ഭോജനം,
പിന്നെയാഹാരമില്ലായ്മയെന്നുള്ളതും
യോഗിയായുള്ളവര് വര്ജ്ജിച്ചിടേണ്ടതും. 28
അനേന വിധിനാ സമ്യങ്നിത്യമഭ്യസതഃ ക്രമാത് .
സ്വയമുത്പദ്യതേ ജ്ഞാനം ത്രിഭിർമാസൈർന സംശയഃ .. 29..
ചതുർഭിഃ പശ്യതേ ദേവാൻപഞ്ചഭിസ്തുല്യവിക്രമഃ .
ഇച്ഛയാപ്നോതി കൈവല്യം ഷഷ്ഠേ മാസി ന സംശയഃ .. 30..
ഇപ്രകാരം നിത്യവും വിധിക്കൊത്തവണ്ണം
യോഗമാര്‍ഗ്ഗത്തിലൂടെ ചരിക്കുന്ന
യോഗിക്കസംശയം ലഭ്യമാകും സ്വയം
മൂന്നുമാസത്തില്‍ ക്രമേണയീ ജ്ഞാനവും. 29
മാസമോനാലതില് ലഭ്യവും ദര്‍ശ്ശനം:
അഞ്ചതില് ദേവതുല്യം വിക്രമം ലഭി-
ച്ചീടുന്നു, പിന്നെയാറാകുന്ന മാസത്തി-
ലോ ലഭ്യമാകുന്നതുണ്ടു കൈവല്യവും. 30
പാർഥിവഃ പഞ്ചമാത്രസ്തു ചതുർമാത്രാണി വാരുണഃ .
ആഗ്നേയസ്തു ത്രിമാത്രോഽസൗ വായവ്യസ്തു ദ്വിമാത്രകഃ .. 31..
ഏകമാത്രസ്തഥാകാശോ ഹ്യർധമാത്രം തു ചിന്തയേത് .
സിദ്ധിം കൃത്വാ തു മനസാ ചിന്തയേദാത്മനാത്മനി .. 32..
പാര്ത്ഥിവതത്വം ധരിക്കുമ്പൊളോംകാര-
മന്ത്രത്തിലെയഞ്ചു ‘മാത്ര’ചിന്തിക്കണം.
ജലതത്വമായിടുമ്പോള് മാത്ര നാലതും,
അഗ്നിതത്വതിന്നു മൂന്നു മാത്ര.
വായുതത്വം ധരിക്കുമ്പൊഴോ മാത്രര-
ണ്ടാകാശതത്വത്തിലേകമാത്ര.
പ്രണവമന്ത്രത്തെ ധരിക്കുമ്പൊളായതി-
ന്നൂര്ധ്വമാം മാത്രയെ മാത്രവും ചിന്തിതം.
ഇപ്രകാരം ധരിക്കേണമീ ദേഹത്തി-
നുള്ളിലായ് പഞ്ചഭൂതത്തിന്റെ സിദ്ധികള്‍. (31,32)
ത്രിംശത്പർവാംഗുലഃ പ്രാണോ യത്ര പ്രാണഃ പ്രതിഷ്ഠിതഃ .
ഏഷ പ്രാണ ഇതി ഖ്യാതോ ബാഹ്യപ്രാണസ്യ ഗോചരഃ .. 33..
അംഗുലം മുപ്പതു നീണ്ടുള്ള പ്രാണന്റെ-
യാശ്രയം പ്രാണനാം വായു തന്നെ.
പ്രാണനെന്നുള്ള നാമത്താല്‍ പ്രസിദ്ധനാ-
യീടുന്ന പ്രാണനീ പ്രാണനത്രേ. (33)
അശീതിശ്ച ശതം ചൈവ സഹസ്രാണി ത്രയോദശ .
ലക്ഷശ്ചൈകോനനിഃശ്വാസ അഹോരാത്രപ്രമാണതഃ .. 34..
ഇന്ദ്രിയഗോചര പ്രാണനില്‍ ദിനരാത്ര-
മൊന്നിലെ ശ്വസനമൊരുലക്ഷവുമായിരം-
പതിമൂന്നുമഞ്ചുനൂറും പിന്നെയെണ്പതും
കൂട്ടിയാലെത്രയുണ്ടത്രയുണ്ട്. (34)
പ്രാണ ആദ്യോ ഹൃദിസ്ഥാനേ അപാനസ്തു പുനർഗുദേ .
സമാനോ നാഭിദേശേ തു ഉദാനഃ കണ്ഠമാശ്രിതഃ .. 35..
വ്യാനഃ സർവേഷു ചാംഗേഷു സദാ വ്യാവൃത്യ തിഷ്ഠതി .
അഥ വർണാസ്തു പഞ്ചാനാം പ്രാണാദീനാമനുക്രമാത് .. 36..
പ്രാണന്റെ വാസമീ ഹൃത്തിന്റെയുള്ളില-
പാനന്‍ ഗുദത്തിലും, നാഭിദേശത്തായ്-
സമാനനും, കണ്ഠത്തിലായിട്ടുദാനനും
സര്വ്വയംഗത്തിലായ് വാസമീ വ്യാനനും.
ചൊല്ലിടാമിന്നിയും പ്രാണാദിയഞ്ചതിന്
വര്ണ്ണങ്ങളേതേതു കേട്ടുകൊള്ളൂ. (35,36)
രക്തവർനോ മണിപ്രഖ്യഃ പ്രാണോ വായുഃ പ്രകീർതിതഃ .
അപാനസ്തസ്യ മധ്യേ തു ഇന്ദ്രഗോപസമപ്രഭഃ .. 37..
സമാനസ്തു ദ്വയോർമധ്യേ ഗോക്ഷീരധവലപ്രഭഃ .
ആപാണ്ഡര ഉദാനശ്ച വ്യാനോ ഹ്യർചിസ്സമപ്രഭഃ .. 38..
രക്തച്ചുവപ്പാര്ന്നരത്നവര്ണ്ണം പ്രാണ-
നിന്ദ്രഗോപത്തിന്റെ വര്ണ്ണമപാനനും.
പശുവിന്റെ പാലിന്റെ വര്‍ണ്ണം സമാനനും,
വെള്ളയൊത്തുള്ളതാം മഞ്ഞയുദാനനും.
അഗ്നിതന്‍ ജ്വാലതന്‍ വര്ണ്ണമായീടുന്നു
വര്‍ണ്ണമീ വ്യാനനെന്നുള്ളതാം വായുവിന്. (37,38)
യസ്യേദം മണ്ഡലം ഭിത്വാ മാരുതോ യാതി മൂർധനി .
യത്ര തത്ര മ്രിയേദ്വാപി ന സ ഭൂയോഽബിജായതേ .
ന സ ഭൂയോഽഭിജായത ഇത്യുപനിഷത് .. 39..
ഏതൊരു സാധകന്തന്റെ പ്രാണന് മണ്ഡ-
ലംതന്നെ ഭേദിച്ചു മൂര്ദ്ധാവിലെത്തിടും:
ആയവരേതേതു ദിക്കില്‍ മരിക്കിലും
ഇല്ലവര്ക്കുണ്ടാകയില്ലാ പുനര്‍ജ്ജനി. (39)
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
.. ഇതി കൃഷ്ണയജുർവേദീയ അമൃതനാദോപനിഷത്സമാപ്താ ..
ഇപ്രകാരം അമൃതനാദോപനിഷത്ത് സമാപിച്ചു.
(ഈ പേജ് നിര്‍മ്മാണത്തിലാണ്.)
ആദ്യം 'ഓം'കാരമാകുന്ന രഥത്തില്‍ കയറി വിഷ്ണുവിനെ സാരഥിയാക്കി, രുദ്രനെ ഉപാസിച്ചുകൊകൊണ്ട് ബ്രഹ്മ ലോകത്തെ ലക്ഷ്യമാക്കി യാത്ര ആരംഭിക്കുക. ശേഷം രഥം ഒടിക്കുവാനുള്ള വഴി അവസാനിക്കുമ്പോള്‍ 'ഓം'കാരമെന്ന രഥത്തില്‍ നിന്നിറങ്ങി 'ഓം'കാരത്തിലെ മാത്രകളെയും, ലിംഗപദാദികളെയും, വ്യഞ്ജന ശബ്ദങ്ങളെയും വിട്ട്, 'ഓം'കാരത്തിന്റെ അവസാനമായ 'മ'കാരത്തെ ധ്യാനിക്കുമ്പോള്‍ 'തുരീയ'ത്തില്‍ എത്തുന്നു. ശേഷം പഞ്ചേന്ദ്രിയങ്ങളെയും അവയുടെ അഞ്ചു വിഷയങ്ങളെയും മനസ്സിനെയും ആത്മാവിനുള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ 'പ്രത്യാഹാര'ത്തില്‍ എത്തുന്നു. (യോഗത്തിന്റെ ശ്രേഷ്ടമായ ആറ് അംഗങ്ങളാണ് സമാധി, തര്‍ക്കം, ധാരണം, ധ്യാനം, പ്രത്യാഹാരം, പ്രാണായാമം എന്നിവ.) ശേഷം പ്രാണനെ നീട്ടി, നീട്ടി, നേര്‍പ്പിച്ച്, നേര്പ്പിച്ചുകൊണ്ടുവന്ന് പ്രാണനെ ത്തന്നെ ഇല്ലാതാക്കുമ്പോള്‍ 'പ്രാണായാമ'ത്തില്‍ എത്തുന്നു. (അതായത് അസംസ്കൃതവസ്തുവിനെ സംസ്ക്കരിച്ച് അതിലടങ്ങിയിരിക്കുന്ന ധാതുവിനെ വേര്തിരിക്കുന്നതുപോലെയാണ് ഇന്ദ്രിയ ദോഷങ്ങളെയും അതിന്റെ തന്നെ ഭാഗമായ പ്രാണനെത്തന്നെയും നിഗ്രഹിച്ച് പ്രാണായാമത്തില്‍ എത്തുന്ന അവസ്ഥ.) ഇങ്ങനെ ധാരണയിലൂടെ പാപങ്ങളെയും, പ്രാണായാമത്തിലൂടെ ദോഷങ്ങളെയും ദഹിപ്പിച്ച് പ്രത്യാഹാരത്തില്‍ എത്തിയതിനുശേഷം ചിത്തത്തില്‍ ഉത്തമമായതിനെ മാത്രം ഉള്ക്കൊണ്ടത്തിനുശേഷം വേണം ഈശ്വരനെ ധ്യാനിക്കുവാന്‍.
പ്രാണായാമത്തിനുതന്നെ പൂരകം, കുംഭകം, രേചകം എന്ന മൂന്ന് ഭാഗങ്ങള്‍ ഉണ്ട്. പ്രണവമന്ത്രത്തോടുകൂടി ഗായത്രി ഉള്‍ക്കൊണ്ടുകൊണ്ട് മൂന്നുവട്ടം ചൊല്ലിയതിനുശേഷം വേണം പ്രാണായാമം ചെയ്യുവാന്‍.
ഹൃദയത്തിനുള്ളിലെ പ്രാണവായുവിനെ പൂര്‍ണ്ണമായും വെളിയിലേക്കുവിട്ട് ഹൃദയത്തില്‍ വായുവില്ലതെയാക്കുന്നതാണ് 'രേചക'പ്രാണായാമം.
ശ്വാസോച്ഛ്വാസം ചെയ്യാതെ അനങ്ങാതെ ഇരുന്ന് പ്രാണവായുവേത്തന്നെ നിരോധിക്കുന്നതാണ് 'പൂരക'പ്രാനായാമം.
താമരത്തണ്ടില്‍ കൂടിയും, വായില്‍ക്കൂടിയും സാവധാനം വെള്ളം വലിച്ചെടുക്കുന്നതുപോലെ സാവധാനം വായുവിനെ(നീട്ടി, നീട്ടി, നേര്‍പ്പിച്ച് നേര്‍പ്പിച്ച്) ഉള്ളിലേക്ക് വലിച്ചെടുക്കുന്നതാണ് 'കുംഭക'പ്രാണായാമം.
അന്ധനെപ്പോലെ കാണാതിരിക്കുന്നവനും, ബാധിരനെപ്പോലെ കേള്‍ക്കാതിരിക്കുകയും, ശരീരത്തെ തള്ളിക്കളയപ്പടേണ്ട വെറും വിസര്‍ജ്യമായി കാണുകയും ചെയ്യുന്നവണാണ് 'പ്രശാന്തന്'. മനസ്സ് വെറും സങ്കല്പ്പമെന്നറിഞ്ഞ് അതിനെ ആത്മാവില്‍ ലയിപ്പിച്ച് പരമാത്മാവിനെത്തന്നെ ചിന്തിക്കുന്നതാണ് 'ധാരണപ്രാണായാമം'. യുക്തിയോടെ ചിന്തിച്ച് ഉത്തരം കണ്ടെത്തുന്നതാണ് 'തര്‍ക്കം'. എന്ത് കിട്ടിക്കഴിയുമ്പോഴാണ് കിട്ടണം എന്നു ആഗ്രഹിച്ചിരുന്നതെല്ലാം തുച്ഛമായിരുന്നു എന്ന തിരിച്ചരിവുണ്ടാകുന്നത്, ആ അവസ്ഥയെയാണ് 'സമാധി' എന്ന് പറയുന്നത്.
സുന്ദരവും, ദോഷഹീനവുമായ സമതലത്തില്‍, പത്മാസനത്തിലോ, സ്വസ്തികാസനത്തിലോ, ഭദ്രാസനത്തിലോ വടക്കോട്ട് അഭിമുഖമായി ഇരുന്ന് മനസ്സിനെ ഉറപ്പിച്ചുകൊണ്ടുവേണം 'മണ്ഡലം'ജപിക്കുവാന്‍. കൈവിരല്‍കൊണ്ട് ഒരു മൂക്ക് അടച്ച് ആവതോളം വായുവിനെ അകത്തേക്കുവലിച്ച് വായു ബന്ധിച്ച് ധ്യാനത്തോടുകൂടി ചിന്തിച്ചു ചിന്തിച്ച് ശബ്ദത്തെ കേള്‍ക്കണം. ശേഷം ബ്രഹ്മമായ ഓംകാരമന്ത്രം ജപിച്ചുകൊണ്ട് വായുവിനെ സാവധാനം പുറത്തേക്ക് വിടണം. ഇപ്രകാരം അനേകവട്ടം ആവര്‍ത്തിച്ച് മനസ്സിന്റെ മാലിന്യങ്ങളെ ദൂരീകരിക്കണം. പക്ഷേ പരിധിവിട്ട് ചെയ്യുവാനും പാടില്ല. കണ്ണിനെ മുകളിലും, താഴെയും നേരെയും ഒരേസമയം സ്ഥിരമായി നിര്‍ത്തിക്കൊണ്ട് അനങ്ങാതെ ഇരുന്ന് വളരെ ചിട്ടയോടുകൂടി വേണം യോഗം അനുഷ്ടിക്കുവാന്‍.
പ്രണവമായ 'ഓം'കാര മന്ത്രം ഉറക്കെ ചൊല്ലുവാന്‍ സാധിക്കുന്ന ഒന്നല്ല. അത് സ്വരമോ വ്യഞ്ജനമോ അല്ല. ഓംകാരം തൊണ്ടയിലൂടെയോ, വായിലൂടെയോ, അണ്ണാക്കിലൂടെയോ, പല്ലുകൊണ്ടോ, ചുണ്ടുകൊണ്ടോ, മൂക്കിലൂടെയോ, മൂര്ദ്ധാവിലൂടെയോ ഒന്നും ഉണ്ടാക്കുവാന്‍ കഴിയുന്നതല്ല. അതിന് നാശവുമില്ല. അഭ്യാസത്തിലൂടെ മനസ്സിനെ നാദരൂപത്തില്‍ നിരന്തരം ലയപ്പിക്കുമ്പോള് സ്വയം അനുഭവപ്പെടുന്ന ഒന്നാണ് ഓംകാരം.
യോഗി നടക്കുന്ന മാര്ഗ്ഗത്തില്കൂടിയാണ് അവന്റെ പ്രാണനും സഞ്ചരിക്കുന്നത്. ഉത്തമമായ മാര്‍ഗ്ഗത്തിലൂടെ പ്രാണനെ നടത്തുവാനായി അഭ്യസിക്കേണ്ടതായുണ്ട്. പ്രാണന് ഹൃദയവും കടന്ന് സുഷുമ്നയുടെ മുകളിലുള്ള, മുകളിലേക്കുള്ള മാര്‍ഗ്ഗമായ ബ്രഹ്മരന്ധ്രത്തില്‍ എത്തണം. ഇതിനെയാണ് മണ്ഡലം എന്നു പറയുന്നത്. ക്രോധം, ഭയം, അമിതമായ ഉറക്കം, ഉറങ്ങാതിരിക്കല്‍, അമിത ഭക്ഷണം, ഭക്ഷണം ഒന്നും കഴിക്കാതിരിക്കല്‍ ഇവയെല്ലാം യോഗി ഉപേക്ഷിക്കണം.
ഇപ്രകാരം വിധിയാംവണ്ണം യോഗമര്ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന യോഗിക്ക് മൂന്നുമാസംകൊണ്ട് ക്രമേണ ഈ ജ്ഞാനം സിദ്ധിക്കുന്നു.
നാലാമത്തെ മാസം ദര്‍ശ്ശനം ലഭിക്കുകയും അഞ്ചാമത്തെ മാസം ദേവതുല്യമായകഴിവുകലും ആറാമത്തെ മാസം കൈവല്യപ്രാപ്തിയും സംഭവിക്കുന്നു.
ഭൂമിതത്വം ഗ്രഹിക്കുമ്പോള്‍ ഒംകാരത്തിലെ അഞ്ചുമാത്രകളും ചിന്തിക്കണം. ജലതത്വമാകുമ്പോള് നാലും, അഗ്നിതത്വത്തില് മൂന്നും, വായുതത്വം ഗ്രഹിക്കുമ്പോള്‍ രണ്ടുമാത്രയും, ആകാശതത്വം ഗ്രഹിക്കുമ്പോള്‍ പ്രണവമന്ത്രത്തിലെ ഒരുമാത്ര മാത്രവുമാണ് ചിന്തിക്കേണ്ടത്. പ്രണവമന്ത്രത്തെ ധരിക്കുമ്പോള്‍ ഓംകാരത്തിന്റെഊര്ദ്ധ്വമാത്രയും ആണ് ചിന്തിക്കേണ്ടത്. ഇപ്രകാരം ശരീരത്തിനുള്ളില്‍ പന്തഭൂതങ്ങളെയും ധരിക്കണം.
മുപ്പത് അംഗുലം നീളമുള്ള പ്രാണന്റെ ആശ്രയം വായു തന്നെയാകുന്നു. ഇതുതന്നെയാണ് 'പ്രാണന്' എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരുലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എണ്പതുപ്രാവശ്യമാണ് ഇന്ദ്രിയഗോചരപ്രാണന്റെ ഒരുരാത്രിയും പകലും കൂടിയുള്ള ശ്വസനത്തിന്റെ എണ്ണം.
പ്രാണന് ഹൃദയത്തിലും, അപാനന്‍ ഗുദത്തിലും, സമാനന്‍ നാഭിദേശതും, ഉദാനന്‍ കണ്ഠദേശത്തും വ്യാനന്‍ ശരീരത്തില്‍ എല്ലായിടത്തുമായി ആണ് വസിക്കുന്നത്.
രക്തതത്തിന്റെ ചുവപ്പുള്ള രത്നത്തിന്റെ നിറമാണ് പ്രാണന്. അപാനന്‍ ഇന്ദ്രഗോപത്തിന്റെ നിറവും, സമാനന്‍ പാലിന്റെ നിറവും, ഉദാനന്‍ വെളുപ്പുകൂടിയ മഞ്ഞനിറവും, വ്യാനന്‍ അഗ്നിജ്വാലയുടെ നിറവും ആണ്. ഇവയഞ്ചുമാണ് പഞ്ചവായുക്കള്‍.
ഇപ്രകാരം മണ്ഡലവും ഭേദിച്ച് പ്രാണന് മൂര്ദ്ധാവിലെത്തുന്ന യോഗികള്‍ എവിടെവച്ച് മരിച്ചാലും അവന് പുനര്‍ജ്ജന്മം ഉണ്ടാകുന്നതല്ല.
അമൃതനാദോപനിഷത്ത്
(മലയാള പരിഭാഷ)
പരിഭാഷ: ലക്ഷ്മി നാരായണന്.
ശാന്തിപാഠം
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
വ്യര്ത്ഥമാക്കൊല്ല ജീവന് ശുഷ്ക-മുല്ക്കപോല്:
ശാസ്ത്രം ഗ്രഹിക്കണം, ബുദ്ധിയുറക്കണം,
പേര്‍ത്തു പേര്ത്തഭ്യസിച്ചീടണം നേടണം
പരമമാം ബ്രഹ്മവിദ്യാജ്ഞാനമാകയും. 1
‘ഓം’കാരമാകും രഥത്തില്‍ കരേറണം
വിഷ്ണുവേതന്നെയും സാരഥിയാക്കണം:
ബ്രഹ്മലോകം ലക്ഷ്യമാക്കി ചരിക്കണം,
രുദ്രനെത്തന്നെ ഉപാസിച്ചുകൊള്ളണം. 2
രഥമാര്ഗ്ഗമെത്രയുണ്ടത്ര ദൂരം രഥത്തില്‍-
ചരിക്കാം, പിന്നെ വിട്ടുമുന്നേറണം. 3
ഓംകാരമാത്രകള്, ലിംഗപദാദികള്,
വ്യഞ്ജനശബ്ദങ്ങളൊക്കെയും വിട്ടു സ്വര-
ഹീനമാകും ‘മ’കാരത്തിന്റെ ഈശനെ
ധ്യാനിക്കിലെത്താം ‘തുരീയ’തത്വത്തിലും. 4
സ്പര്ശ്ശശബ്ദാദിയാമഞ്ചുവിഷയങ്ങളും,
ആയതിന്നിന്ദ്രിയമഞ്ചും, മനസ്സതും
ആത്മാവിനുള്ളില്‍ തെളിച്ചു പ്രത്യാഹാര-
മാകുന്നവസ്ഥയെ കൈവരിച്ചീടണം. 5
ഇപ്രകാരത്തിലാറംഗങ്ങളാണുയോ-
ഗത്തില്‍ സമാധിയും, തര്‍ക്കവും, ധാരണം,
ധ്യാനവും പിന്നെയീ പ്രത്യാഹാരവും,
പ്രാണായാമമെന്നാറതും ശ്രേഷ്ഠവും. 6
പര്വ്വതത്തിന്നുള്ളിലുള്ള ധാതുക്കള്‍-
ഉരുക്കിയിട്ടുള്ളിലായുള്ളതാകും മലം-
മാറ്റുന്ന പോലെയീയിന്ദ്രിയ ദോഷങ്ങള്‍
മാറ്റുന്നു പ്രാണനെ നിഗ്രഹിച്ചീടുകില് (പ്രാണായാമം) 7
ദോഷം ദഹിക്കുന്നു പ്രാണായാമത്തിനാല്,
പാപം ദഹിക്കുന്നു ധാരണയാലുമേ:
ഇപ്രകാരത്തിലീ പ്രത്യാഹാരത്തി-
ലെത്തീട്ടു ധ്യാനിക്ക വേണമീശന്നെയും. 8
ഇപ്രകാരം ക്ഷയിപ്പിപ്പു പാപങ്ങളെ;
ചിത്തത്തിലുത്തമമുള്ക്കൊണ്ടിരിക്കുക. 9
പൂരകം, കുംഭകം, സുഖമായ രേചകം;
ഭാഗങ്ങള്‍ മൂന്നു പ്രാണായാമത്തിനും. 10
പ്രണവത്തൊടൊത്തു ഗായത്രിയുള്ക്കൊണ്ടു മൂ-
ന്നാലാപനം ശേഷം പ്രാണായാമവും. 11
ഹൃദയത്തിനുള്ളിലെ പ്രാണനാം വായുവെ
ആകാശമായതിലേക്കു തള്ളീട്ടു തന്-
ഹൃദയത്തില്‍ വായുവില്ലാതെയാക്കീടുന്ന-
താകുന്നു ‘രേചക’പ്രാണായാമവും. 12
ശ്വാസോച്ഛ്വാസങ്ങളൊന്നുമേ ചെയ്യാതെ
ദേഹമൊട്ടിളകാതിരുന്നിട്ടു തന് പ്രാണ-
വായുവെത്തന്നെ നിരോധിച്ചിടുന്നതാ-
യീടുന്നു ‘പൂരക’പ്രാണായാമവും. 13
വക്ത്രത്തിലൂടെയീ താമരത്തണ്ടിലൂ-
ടെപ്രകാരം മെല്ലെ നീര് വലിച്ചീടുന്നി-
തപ്രകാരം മെല്ലെ, മെല്ലെയകത്തേക്കു-
വായുവുള്ക്കൊള്ളുന്നതാകുന്നു ‘കുംഭകം’. 14
കാണാതിരിക്കേണമന്ധനെപ്പോലെയും;
ബധിരനെപ്പോലെ കേട്ടീടൊല്ലയൊന്നുമേ:
ദേഹം വെറും കാഷ്ഠമായിട്ടുമായിട്ടു കൂട്ടണം;
ഇപ്രകാരം ‘പ്രശാന്തന്’തന്റെ ലക്ഷണം. 15
മനസ്സു സങ്കല്‍പ്പമായ് കണ്ടിട്ടതിന്നെയാ-
ത്മാവിന്റെയുള്ളില് ലയിപ്പിച്ചു ബുദ്ധിമാന്-
ആത്മാവിനെത്തന്നെ ചിന്തിച്ചിടുന്നതാ-
യീടുന്നു ‘ധാരണ’യെന്നുള്ളവസ്ഥയും. 16
‘തര്‍ക്ക’മെന്നുള്ളതോ യുക്തിയാലുത്തരം-
കിട്ടുവാനുള്ളതം ചിന്തയാകുന്നതും.
യാതൊന്നുകിട്ടിയാല് കിട്ടുവാനുള്ളതാ-
മാകയും തുച്ഛമാമെന്നു തോന്നുന്നതും
ആയതാകുന്നൂ ‘സമാധി’യെന്നുള്ളതാ-
യീടുന്നൊരംഗമീ യോഗമതിന്റെയും. 17
മണ്ഡലം ചെയ്യുവാനുത്തമം സുന്ദരം
സമതലം വേണ്ടതോ ദോഷഹീനം സ്ഥലം.
ആസനം പത്മകം, സ്വസ്തികം പിന്നെയീ
ഭദ്രാസനമതിലൊന്നുതാനുത്തമം.
ഇപ്രകാരം വടക്കോട്ടായിരുന്നിട്ടു
ചിത്തമുറപ്പിച്ചു മണ്ഡലം ചെയ്യണം. 18, 19
കൈവിരല്‍ കൊണ്ടു നാസാദ്വാരമൊന്നട-
ച്ചാവതോളം വായുവുള്ളിലാക്കീടുക.
വായുബന്ധിക്കണം, ധ്യാനിച്ചുകൊള്ളണം,
ചിന്തിച്ചുകേള്ക്കണം ശബ്ദമതൊന്നിനെ. 20
ബ്രഹ്മമാമോംകാരമാകുമേകാക്ഷര-
മന്ത്രം ജപിച്ചോണ്ടു വായു വിട്ടീടണം.
ഇപ്രകാരം മന്ത്രമൊട്ടുവട്ടം ചൊല്ലി
വൃത്തിയാക്കീടണം ചിത്തമാലിന്യവും. 21
മുന്‍ചൊന്നപോലെ ചിന്തിക്കണം പ്രണവ-
മന്ത്രം പക്ഷെ തെല്ലുമതിക്രമിച്ചീടൊല്ല-
സ്തൂലാതിസ്ഥൂലമാം മാത്രയിലൊട്ടുമേ-
പ്രണവഗര്ദ്ദിതമായിടുന്നതം സാധകം. 22
ദൃഷ്ടിയെ മുകളിലും, മുന്നിലും, താഴെയു-
മൊന്നായിളകാതുറപ്പിച്ചുകൊള്ളണം,
ഒട്ടുമേ ദേഹമനങ്ങാതിരുന്നിട്ടു-,
തന്നെയീ യോഗത്തെയഭ്യസിക്കേണ്ടതും. 23
നിത്യവും കൃത്യമാം പദ്ധതിക്കൊത്തുത-
ന്നാകണം ധാരണം യോഗമതിന്റെയും.
ദ്വാദശമാത്രമാം യോഗമതായിടും
നിയതമാം കാലത്തിനൊത്തതാം പദ്ധതി. 24
ഉച്ചത്തില്‍ ഘോഷിപ്പതല്ലയോംകാരവും;
അല്ലതു വ്യഞ്ജനം, സ്വരമല്ലയാകില്ല
കണ്ഠത്തിനാലെയും, താലുവാല്, ചുണ്ടിനാല്‍,
നാസികയാലുമേയുണ്ടാകയില്ലതും.
മൂര്ദ്ധാവിനാലെയാകില്ല ദന്തത്തിനാ-
നില്ലനാശം പ്രണവമന്ത്രമതിന്നതു-
ണ്ടാകുവാനായ് മനസ്സിന്നെ ലയിപ്പിക്ക-
വേണ്ടതും നാദരൂപത്തില്‍ നിരന്തരം. 25
യോഗിചരിക്കുന്ന മാര്ഗ്ഗമേതാണതില്-
ക്കൂടിയനുഗമിച്ചീടുന്നു പ്രാണനും.
ഉത്തമമാര്ഗ്ഗേണ പ്രാണന് ചരിപ്പതി-
ന്നായിട്ടതഭ്യസിക്കേണം നിരന്തരം. 26
ഹൃദയം കടന്നങ്ങു പ്രാണനെത്തീടും
സുഷുമ്നയിലായതിന് മുകളിലായീടുന്നി-
തൂര്ധ്വഗമന മാര്‍ഗ്ഗം ബ്രഹ്മരന്ധ്രവും:
ചൊല്ലുന്നതിന്നുപേര് മണ്ഡലമെന്നതും. 27
ക്രോധം, ഭയം പിന്നെയാലസ്യമതിനിദ്ര:
നിദ്രയില്ലായ്മയും, അമിതമാം ഭോജനം,
പിന്നെയാഹാരമില്ലായ്മയെന്നുള്ളതും
യോഗിയായുള്ളവര് വര്ജ്ജിച്ചിടേണ്ടതും. 28
ഇപ്രകാരം നിത്യവും വിധിക്കൊത്തവണ്ണം
യോഗമാര്‍ഗ്ഗത്തിലൂടെ ചരിക്കുന്ന
യോഗിക്കസംശയം ലഭ്യമാകും സ്വയം
മൂന്നുമാസത്തില്‍ ക്രമേണയീ ജ്ഞാനവും. 29
മാസമോനാലതില് ലഭ്യവും ദര്‍ശ്ശനം:
അഞ്ചതില് ദേവതുല്യം വിക്രമം ലഭി-
ച്ചീടുന്നു, പിന്നെയാറാകുന്ന മാസത്തി-
ലോ ലഭ്യമാകുന്നതുണ്ടു കൈവല്യവും. 30
പാര്ത്ഥിവതത്വം ധരിക്കുമ്പൊളോംകാര-
മന്ത്രത്തിലെയഞ്ചു ‘മാത്ര’ചിന്തിക്കണം.
ജലതത്വമായിടുമ്പോള് മാത്ര നാലതും,
അഗ്നിതത്വതിന്നു മൂന്നു മാത്ര.
വായുതത്വം ധരിക്കുമ്പൊഴോ മാത്രര-
ണ്ടാകാശതത്വത്തിലേകമാത്ര.
പ്രണവമന്ത്രത്തെ ധരിക്കുമ്പൊളായതി-
ന്നൂര്ധ്വമാം മാത്രയെ മാത്രവും ചിന്തിതം.
ഇപ്രകാരം ധരിക്കേണമീ ദേഹത്തി-
നുള്ളിലായ് പഞ്ചഭൂതത്തിന്റെ സിദ്ധികള്‍. (31,32)
അംഗുലം മുപ്പതു നീണ്ടുള്ള പ്രാണന്റെ-
യാശ്രയം പ്രാണനാം വായു തന്നെ.
പ്രാണനെന്നുള്ള നാമത്താല്‍ പ്രസിദ്ധനാ-
യീടുന്ന പ്രാണനീ പ്രാണനത്രേ. (33)
അംഗുലം മുപ്പതു നീണ്ടുള്ള പ്രാണന്റെ-
യാശ്രയം പ്രാണനാം വായു തന്നെ.
പ്രാണനെന്നുള്ള നാമത്താല്‍ പ്രസിദ്ധനാ-
യീടുന്ന പ്രാണനീ പ്രാണനത്രേ. (33)
ഇന്ദ്രിയഗോചര പ്രാണനില്‍ ദിനരാത്ര-
മൊന്നിലെ ശ്വസനമൊരുലക്ഷവുമായിരം-
പതിമൂന്നുമഞ്ചുനൂറും പിന്നെയെണ്പതും
കൂട്ടിയാലെത്രയുണ്ടത്രയുണ്ട്. (34)
പ്രാണന്റെ വാസമീ ഹൃത്തിന്റെയുള്ളില-
പാനന്‍ ഗുദത്തിലും, നാഭിദേശത്തായ്-
സമാനനും, കണ്ഠത്തിലായിട്ടുദാനനും
സര്വ്വയംഗത്തിലായ് വാസമീ വ്യാനനും.
ചൊല്ലിടാമിന്നിയും പ്രാണാദിയഞ്ചതിന്
വര്ണ്ണങ്ങളേതേതു കേട്ടുകൊള്ളൂ. (35,36)
രക്തച്ചുവപ്പാര്ന്നരത്നവര്ണ്ണം പ്രാണ-
നിന്ദ്രഗോപത്തിന്റെ വര്ണ്ണമപാനനും.
പശുവിന്റെ പാലിന്റെ വര്‍ണ്ണം സമാനനും,
വെള്ളയൊത്തുള്ളതാം മഞ്ഞയുദാനനും.
അഗ്നിതന്‍ ജ്വാലതന്‍ വര്ണ്ണമായീടുന്നു
വര്‍ണ്ണമീ വ്യാനനെന്നുള്ളതാം വായുവിന്. (37,38)
ഏതൊരു സാധകന്തന്റെ പ്രാണന് മണ്ഡ-
ലംതന്നെ ഭേദിച്ചു മൂര്ദ്ധാവിലെത്തിടും:
ആയവരേതേതു ദിക്കില്‍ മരിക്കിലും
ഇല്ലവര്ക്കുണ്ടാകയില്ലാ പുനര്‍ജ്ജനി. (39)
ഓം സഹ നാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ഇപ്രകാരം അമൃതനാദോപനിഷത്ത് സമാപിച്ചു.