016. നിശ്ശബ്ദ ദേശം. ആസ്പത്രി ജാലകം കവിത.

18 August 2013 Kerala Commentary

016. നിശ്ശബ്ദ ദേശം. ആസ്പത്രി ജാലകം കവിത.

നിശ്ശബ്ദ ദേശം.

പി. എസ്സ്. രമേഷ് ചന്ദ്ര

ഒരിടത്തൊരു ബസ്സപകട

മതിന്റ്റെയിരകളെല്ലാം,

പലവഴിവന്നു ചേറ്ന്നിടുന്നതി

കരുണമാണാരംഗം.

അതിലൊരുമ്മയതാകിടക്കുന്നൊ-

രനങ്ങാമയ്യത്തുപോലെ,

ആരോക്കെച്ചെന്നുവിളിച്ചിട്ടുമായമ്മ-

യ്ക്കാളനക്കമില്ലതെല്ലും.

ആവുംമട്ടിലാ ലേഡിഡോക്ടറ്ചെ-

ന്നാശ്വസിപ്പിയ്ക്കാന് നോക്കി:

"തള്ളേയെണീക്കണ,മെന്തിതു? ഞങ്ങള്ക്കു

ലഞ്ചുകഴിക്കുവാന്പോണം."

ഗുരുവിനെയത്യന്തം ഭക്തിയും പിന്നെ-

പ്പിതാവിനെപ്പേടിയുംകൊണ്ട്,

ഒരുനല്ലഡോക്ടരായ്ത്തീറ്ന്നൊരാള് ചെന്നാ-

ച്ചെവിയിലൊച്ചവച്ചോതി:

"ഉമ്മ, നിങ്ങളെണീറ്റിരിക്കണ-

മിങ്ങനെ കിടക്കാതെ

നമ്മ വീട്ടിലടുക്കളയല്ലി,തൊ-

രാശുപത്രിവരാന്ത."

എന്തൊരത്ഭുതമുമ്മ പെട്ടെന്നെ-

ണീറ്റുനില്ക്കുന്നുനേരെ,

അങ്ങുവീട്ടിലെക്കൊച്ചുമക്കടെ-

യൊച്ചകേട്ടതുപോലെ!

മരണത്തിനും ജീവിതത്തിനു-

മിടയിലെനൂല്പ്പാലം,

കോമയില്നമ്മളാഴ്ന്നുചെല്ലുന്ന-

താനിശ്ശബ്ദമാംദേശം.

ജീവിതത്തിന്ടെ വെയില്നിലാവുകള്

നുകരുവാന് തിരിച്ചെത്താം,

മരണത്തിന്ടെ മടിയിലേയ്ക്കു

മടങ്ങിപ്പോകയുമാകാം.

മരണത്തിനുമുമ്പാദിസമുദ്രത്തിന്

തീരത്തു നില്ക്കുമാത്മാവ്,

ദീറ്ഘനിദ്രയില് ദ്രാവകശയ്യയില്

ജീവന്റ്റെയാരവം കേള്ക്കും.

ചിരപരിചിത സ്വരപതംഗങ്ങള്

ചിറകുരുമ്മുന്നപോലെ,

സൂക്ഷ്മപ്രജ്ഞയില്പ്പറന്നുചെന്നവ

വിളിച്ചുണര്ത്തുന്നു വീണ്ടും.

ആസ്പത്രി ജാലകം കവിത 4.