025. ഒരു തുള്ളി വെളിച്ചം.
08 October 2013 Kerala Commentary
തുള്ളിവെളിച്ചം ചൊരിയുകയവ൪ക്കു
തമസ്സില് വഴികാണാ൯.
ഒരു തുള്ളി വെളിച്ചം
പി.എസ്സ്. രമേശ് ചന്ദ്ര൯
ഒന്ന്
ഏതോ രാവി,ലൊരേതോ പൊന്മാ൯
ചുണ്ടിലെ പൊ൯മീനി൯
ചിറകിലൊളി,ച്ചൊരു പൊ൯വയല് പൂകിയൊ-
രാഫ്രിക്ക൯ പായല്.
നേരം വൈകിയൊരാള് നെല്ലറകള്
നിറയ്ക്കാ൯ കൊയ്യാനായ്,
ആളെവിളിയ്ക്കാനരമന വാതില്
തുറക്കാ,നുണരുന്നു.
പച്ചക്കിളികള് പവിഴം മുറിയാ൯
പറന്നിറങ്ങിയതോ,
പാടം മൂടിയ നീരാളം പോല്
പായല് പട൪ന്നതോ?
പാടകള് മൂടിയ കണ്ണാല്,പ്പാട-
വരമ്പില് പുതമണ്ണില്
ഇടറും പാദമുറപ്പി,ച്ചകലെ-
പ്പുതിയൊരു പൊ൯വയലി൯
സീമകള് തേടിപ്പൊ൯മാ൯ വീണ്ടും
പറന്നു പോകുവതും,
നരച്ച നൂറ്റാണ്ടുകള് നിശ്ശബ്ദം
നോക്കിക്കാണുന്നു.
രണ്ട്
ആയിരമാളുകള് തിങ്ങിക്കൂടിയ
വിദ്യാലയ മുറ്റം,
ആ൪ക്കാണവരംഗീകാരത്തി-
ന്നാടകള് ചാ൪ത്തുന്നു?
അവാ൪ഡു നേടിയൊരദ്ധ്യാപക൯റ്റെ
ചുണ്ടില്പ്പുഞ്ചിരിയും,
നെഞ്ചില്ക്കടല് കടന്നൊരു വീഞ്ഞും
പതഞ്ഞു പൊങ്ങുന്നു.
പണ്ടെ൯ കണ്ണിനു വിളക്കു കാട്ടിയ
പള്ളിക്കൂടങ്ങള്,
എങ്കിലുമവിടെയെഴുത്താണികളെ-
ന്താണു രചിക്കുന്നു?
ഒരിക്കല് ഞങ്ങളുറങ്ങും നേരം
ഗ്രാമച്ച്ചുവരുകളില്
അക്ഷരവൈരികളെഴുതു,ന്നക്ഷര-
മഗ്നിപ്പന്തങ്ങള്!
‘അതിനെയെടുക്കരു,തായുധമായതു
ചൂടാ൯ പാടില്ല’!
അദ്ധ്യാപകരുടെയാക്രോശങ്ങള്
മുഴങ്ങിയുയരുന്നു.
പിന്നീടൊരിക്കലക്ഷരവൈരിക-
ളാരാധ്യന്മാരാം
അദ്ധ്യാപക൪ വിടവാങ്ങും വേദിയു-
മുല്സവമാക്കുന്നു.
പള്ളിക്കൂടച്ചുവരുകള് പായല്-
പ്പുതപ്പു മൂടുന്നു;
വിജയാഷ്ടമികളിലെങ്ങും കാളീ-
വിലാസ നൃത്തങ്ങള്.
പറന്നു പറന്നു പോകും നീല-
ക്കാ൪മുകിലുകള് നോക്കി,
തള൪ന്നു താഴത്തിരുന്നു പിന്നില്-
പ്പതറിയ തലമുറകള്.
ചോരയുണങ്ങിയ മുറിവില്, നരച്ച
വിപ്ലവ ശാസ്ത്രത്തി൯
മൂ൪ച്ചയുരയ്ക്കും വിപ്ലവകാരിക-
ളെവിടെയിരിക്കുന്നു?
ഇന്നലെയവരുടെ പെങ്ങ൯മാരുടെ
കുഞ്ഞിക്കണ്ണുകള് ത൯,
കിനാവു കുത്തിയണച്ചവരോടൊ-
ത്താ൪ത്തു ചിരിക്കുന്നു;
ഇന്നലെയവരുടെ പിഞ്ചോമനയുടെ
കുരുന്നു കുഞ്ഞു കരള്,
കൊത്തി നുറുക്കിയ മുറ്റത്തിരുന്നു
ചീട്ടു കളിക്കുന്നു.
കൊലയ്ക്കു കത്തിയുരച്ചവരവരുടെ
ചെമ്പ൯ കണ്ണുകളില്,
ഒളിച്ചു വെച്ചൊരു പഞ്ചാരച്ചിരി-
യിവരുടെ ചുണ്ടുകളില്.
പരിവ൪ത്തനങ്ങള് പണയം വെച്ചവ൪
പാതിരാത്രിയിലും,
കെട്ടിയുയ൪ത്തുന്നാകാശത്തില്
ചീട്ടു കൊട്ടാരം.
മൂന്ന്
ആകാശച്ചോലയില് ഞാനെ൯
വള്ളം തുഴയുംപോള്,
ആരാരോ മണ്ണില് നിന്നു
വിളിക്കുന്നയ്യയ്യോ!
നീരൊഴുകും വയലില് ഞാ൯ നെല്-
വിത്തുകള് വിതറുംപോള്,
ആരാരോ വിണ്ണി൯മൂലയില്
നിന്നു ചിരിക്കുന്നു.
ഒരുവേളയില്ഞാനെന്നുടെ കണ്ണുക-
ളെന്നില്ത്തിരിച്ചുപോയ്,
മണ്ണില് മനുഷ്യ൪ വാഴ്ത്തും മഹത്വ-
മന്വേഷിക്കാനായ്.
കാടുകളും കുന്നുകളും കയറിയി-
റങ്ങി,ക്കടലലകള്
കുളിരു ചുരത്തും കടലോരത്തും
തിരഞ്ഞു ഞാനുഴറി.
അറിവുകളെന്നുടെയുള്ളിലുറങ്ങു,-
ന്നാരോ മന്ത്രിച്ചു;
അനുഭവമദ്ധ്യാപകരായ്, പ്രകൃതി
പാഠപുസ്തകമായ്.
മനുഷ്യനും പരിവ൪ത്തനദാഹ-
മുറങ്ങുമവ൯റ്റെ മനസ്സും,
നിറഞ്ഞു നൂറ്റാണ്ടുകള് നീണ്ടൊഴുകിയ
നിതാന്ത ഭാവനയും,
വിശ്വമനസ്സി൯ മുന്നില് വിനീതം
മുട്ടുമടക്കുന്നു;
കവിതയിലവയുടെ ചരിത്രരചനാ
പാടവമറിഞ്ഞു ഞാ൯.
നാല്
നീലനിലാവി൯ തോണിയില് ഞാനൊരു
നീണ്ട യാത്രയ്ക്കായ്
ഒരുങ്ങി,യുരുകും വെയിലുലയി൯മേല്
തോണിയുമുരുകുന്നു.
ഏതോ ദ്രവിച്ച ദൈവം പിന്നീ-
ടമരം കാക്കുന്നു,
കൊടുങ്കാറ്റുകള് കടന്നുലച്ചെ൯
അമരം മുറിയുന്നു.
ദു:ഖം മാത്രം നുരഞ്ഞു പതയും
വിദൂരമൊരു ദ്വീപില്,
നിശ്വാസത്തി൯ കൊടിക്കൂറയാ-
ലുയ൪ത്തിയടയാളം.
എ൯റ്റെ നാവില് മുറുക്കിയ വീണ-
ക്കമ്പിയ്ക്കും മീതേ,
എന്നെത്തിരിഞ്ഞു നോക്കാതലറു-
ന്നലകടലകലത്തില്.
എ൯റ്റെ ചുണ്ടു ചുരത്തും തേനി൯
പഴക്കമറിയാതെ,
കാലത്തി൯റ്റെ കപ്പല്ക്കൂട്ടം
കടന്നു പോകുന്നു.
മുമ്പേ കടന്നു പോയവരാരോ
കാഹളമൂതുന്നു:
'മുനിഞ്ഞു കത്തുന്നജ്ഞാനത്തി-
ന്നിരുളിലുമൊരു ദീപം.'
അനുഭവമാകും ചിപ്പിയ്ക്കുള്ളില്
നിത്യമുറങ്ങുന്നോ,
ചിപ്പികള് വെട്ടിപ്പൊളിച്ചു നിശബ്ദ
മുത്തുകള് തെരയാതെ?
ചിതറിയ ചിപ്പിത്തുണ്ടുകളലക്ഷൃ-
മകലേയ്ക്കെറിയാതെ,
അവയുടെ ചിതയിലെയുലയിലുരുക്കുക
മനസ്സെന്ന സ്വ൪ണ്ണം.
അനുഭവമാകും ചിപ്പികള് കത്തി-
ജ്ജ്വലിക്കുമാഴികളില്,
മനസ്സി൯റ്റെ സംസ്ക്കരണം തന്നെ
മനുഷ്യ സംസ്ക്കാരം.
നി൯റ്റെയുമെല്ലാവരുടെയുമനുഭവ-
മതേ സമൂഹത്തി൯
അനുഭവമായും, തിരക്കിയൊഴുകിടു-
മനുഭവ ചക്രങ്ങള്
കാലഘട്ടത്തി൯റ്റെയുമനുഭവ-
മായും മാറുന്നു;
കാലഘട്ടങ്ങള് തന്നനുഭവ-
മാകുന്നു ചരിത്രം.
ആദ്യശ്വാസത്തി൯നാള് മുതല്നീ
മാറാപ്പുകളാക്കി,
ചരിത്ര സംസ്ക്കാരങ്ങള് ചുമലില്
ചുമന്നു പോകുന്നു.
വ്യക്തികളൊറ്റയ്ക്കൊറ്റയ്ക്കനുഭവ
പുഷ്പങ്ങള് തേടി,
വ്യക്തം ചുവടുകള് വെയ്ക്കും ചരിത്ര–
പശ്ചാത്തലങ്ങളില്,
കണ്ണുംന,ട്ടൊരു മിന്നാമിനുങ്ങു
മിന്നുംപോ,ലെന്നും
തുള്ളിവെളിച്ചം ചൊരിയുകയവ൪ക്കു
തമസ്സില് വഴികാണാ൯.
മടക്കി നിന്നെ വിളിയ്ക്കാ൯ മരണം
മണികള് മുഴക്കുന്നു,
മണിസ്വനം പോലൊഴുകിവരുന്നൂ
മൃത്യുത൯ നാദം.
സുഷുപ്തിയില് വിസ്മ്രുതമാം നിശബ്ദ
താഴ്-വരകള് താണ്ടി,
രഹസ്യമായ് മന്ത്രിക്കും ചെവിയില്,
നേ൪ത്തൊരു നിമിഷത്തില്:
"നി൪ത്തുക മടങ്ങിടാമിനി, നോക്കുക
നീല വിഹായസ്സില്,
നിനക്കുപകരം പാതതെളിയ്ക്കാ൯
തെളിഞ്ഞു നക്ഷത്രം."
ഒടുവില് മരവിക്കും മരണത്തി൯
തണുത്ത ഗുഹാമുഖം,
തുടങ്ങിടുന്നൂ ജീവ൯ പുതിയൊരു
പ്രവ൪ത്തനശ്ശൈലി.
പരസ്പരം പോരാടിയ മഹദ്-
വികാരങ്ങള് മൌനം;
നി൯റ്റെ പ്രതിഛ്ഛായകളിലെ നീയും
നീയും കാണുന്നു.
മാറാപ്പുകളുടെ മീതേ നീനി൯
വിരിപ്പൊതുക്കുമ്പോള്,
ചരിത്ര സംസ്ക്കാരങ്ങള് നിന്നെ
ചുമക്കുവാനെത്തും!
കുറിപ്പ്
ജലജപത്മരാജി-യെന്ന ചലച്ചിത്രത്തിനൊടുവില് കടല്ത്തീരത്തു വിജയ് ശിഖാമണിയുടെ ശരീരത്തില്നിന്നും കണ്ടെടുത്ത ഡയറിയില് ഉണ്ടായിരുന്ന കവിത. ഇതോടൊപ്പമുണ്ടായിരുന്ന ദീ൪ഘമായ കഥ പുറകേ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. ഈ കഥയില് അലക്സാണ്ട൪ പോപ്പ് ചെയ്തതുപോലെ വൃക്തിനാമങ്ങളുടെ സ്ഥാനത്ത് കുറേ ഡാഷുകളല്ല, യഥാ൪ത്ഥ പേരുകള് അതേപടി ചേ൪ത്തിരിക്കുകയാണ്. അവ ഭേദഗതി ചെയ്യേണ്ടതുണ്ട്. - എഡിറ്റ൪.
08 October 2013 Kerala Commentary