പഴയിടം ഇടവക
മീനച്ചിൽ, കുറവിലങ്ങാട്, കോട്ടയം, കുട്ടനാട് എന്നീ പ്രദേശങ്ങളിൽനിന്ന് 1897ലാണ് ഇന്ന് പഴയിടം എന്നറിയപ്പെടുന്ന ഈ ഭൂപ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. കത്തോലിക്കരായിരുന്ന കുടിയേറ്റക്കാർ മണിമല, ചെറുവള്ളി, ചിറക്കടവ്, കോട്ടാങ്ങൽ പള്ളികളിൽ ഇടവകചേർന്ന് തങ്ങളുടെ ആധ്യാത്മിക കാര്യങ്ങൾ നിർവ്വഹിച്ചിരുന്നു. നാലും അഞ്ചും കിലോമീറ്റർ നടന്ന് കുർബാനയിൽ പങ്കുചേർന്നിരുന്ന വിശ്വാസ സമൂഹം സ്വന്തമായി ഒരു പള്ളി വേണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും 1921-ൽ പള്ളിക്കുവേണ്ടി ഓല മേഞ്ഞ ഒരു താൽക്കാലിക കെട്ടിടവും വിശുദ്ധ കുർബാനയും മറ്റു തിരുക്കർമ്മങ്ങളും നടത്തുന്നതി നുള്ള ത്രോണോസും, വൈദികർക്ക് താൽക്കാലിക താമസത്തിനുള്ള ഒരു മുറിയും പണിതീർത്തു.
1923 ജനുവരി 22-ാം തീയതി ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന മാർ തോമസ് കുര്യാളശേരി പിതാവ് നൽകിയ അനുമതിയെത്തുടർന്ന് 1923 ഫെബ്രുവരി രണ്ടാം തീയതി താമരക്കുന്ന് പള്ളി വികാരി കുരിശുംമൂട്ടിൽ ചാണ്ടിയച്ചൻ കുരിശുപള്ളി വെഞ്ചരിച്ച് വിശുദ്ധ കുർബ്ബാനയർപ്പിച്ചു. 1923 ഒക്ടോബർ 15-ന് മാർ തോമസ് കുര്യാളശ്ശേരി പിതാവ് ഈ കുരിശുപള്ളി ഇടവകയായി ഉയർത്തി.
സെൻ്റ് മൈക്കിൾസ് പള്ളി എന്നു നാമകരണം നടത്തിയത് കുരിശുംമൂട്ടിൽ ചാണ്ടിയച്ചനാണ്. അദ്ദേഹം കടുത്തുരുത്തി പള്ളിയിൽ സേവനം ചെയ്ത കാലത്ത് വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിൽ അവിടെ ഒരു കുരിശുപള്ളി പണി കഴിപ്പിച്ചിരുന്നു. മിഖായേൽ മാലാഖയുടെ മദ്ധ്യസ്ഥതയിൽ ആ നാട്ടിൽ നിരവധി അത്ഭുതങ്ങളും അനുഗ്രഹങ്ങളും സംഭവിക്കുന്നതായി അച്ചൻ അറിയിച്ചു. ഈ പ്രദേശത്തിന് വിശുദ്ധ മിഖായേൽ മാലാഖയുടെ അനുഗ്രഹവും സംരക്ഷണവും ലഭിക്കുമെന്ന ചാണ്ടിയച്ചന്റെ സാക്ഷ്യത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിക്ക് സെൻ്റ് മൈക്കിൾസ് പള്ളി എന്നു പേരു നൽകുകയും ചെയ്തു.
വി.മിഖായേൽ ദൂതൻ്റെ മാദ്ധ്യസ്ഥ്യം യാചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് നിരവധിയായ അനുഗ്രഹങ്ങൾ ലഭിക്കുന്നുവെന്ന് അനേകർ സാക്ഷ്യപ്പെടുത്തുന്നു. വി. മിഖായേൽ മാലാഖയോടുള്ള ഭക്തിയിൽ വളരുവാൻ ഈ വെബ്സൈറ്റ് എല്ലാവരെയും സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.