വിശുദ്ധ മിഖായേൽ മാലാഖയുടെ
നൊവേന
പ്രാരംഭഗാനം
(രീതി; അദ്ധ്വാനിക്കുന്നവർക്കും.....)
സ്വർഗ്ഗീയ സൈന്യാധിപാ....
ദൂതനാം മിഖായേലേ
മാദ്ധ്യസ്ഥം തേടിവരും
ഞങ്ങളെ കാത്തീടേണേ.
മാലാഖാ വൃന്ദത്തിന്റെ
മുഖ്യനാം ദൈവദൂതാ
ദുഷ്ടാരൂപിയിൽ നിന്നും
ഞങ്ങളെ കാത്തിടേണേ.
ജീവിതയാത്രയിലും
പ്രതിസന്ധി വേളയിലും
സന്ദേശവാഹകനായ്
ഞങ്ങൾക്കായ് പ്രാർത്ഥിക്കേണേ.
കാർമ്മി; സർവ്വശക്തനും പരമപരിശുദ്ധനുമായ ദൈവമേ
(സമൂഹവും കൂടെ ചേർന്ന്) അങ്ങയുടെ സന്നിധിയിൽ നിൽക്കുന്ന മാലാഖമാരോടുകൂടി ഞങ്ങളും ഉദ്ഘോഷിക്കുന്നു അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സൈന്യങ്ങളുടെ കർത്താവേ അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, ഭൂമി മുഴുവൻ അങ്ങയുടെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു. അങ്ങ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങയുടേതാകുന്നു ആമ്മേൻ.
കാർമ്മി : കർത്താവായ ദൈവമേ, മാലാഖമാരിൽ നിന്നും അല്പം മാത്രം താഴ്ത്തി സൃഷ്ടികളുടെ മകുടമായി മനുഷ്യനെ അങ്ങു സൃഷ്ടിച്ചുവല്ലോ. ഞങ്ങളെ സംരക്ഷിക്കുവാനായി മാലാഖമാരെ അങ്ങു നിയോഗിച്ചതിനെ ഓർത്തു ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സർവ്വസൈന്യാധിപനും മുഖ്യദുതനുമായ വി. മിഖായേൽ മാലാഖയെ സഭയുടെ കാവൽക്കാരനും ഞങ്ങളുടെ പ്രത്യേക സംരക്ഷകനുമായി നൽകിയതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വി. മിഖായേൽ മാലാഖയുടെ മാദ്ധ്യസ്ഥത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇപ്പോൾ തിരുമുമ്പിൽ നിൽക്കുന്ന ഈ സമൂഹത്തെ അങ്ങു കനിവോടെ തൃക്കൺ പാർക്കണമേ. ജീവിത ക്ലേശങ്ങളാലും, ആത്മീയവും ശാരീരികവും മാനസികവുമായ വ്യഥകളാലും ദുരിതമനുഭവിക്കുന്ന ഞങ്ങളെ സംരക്ഷിക്കുവാൻ അവിടുത്തെ മുഖ്യദൂതനോട് അങ്ങ് കൽപ്പിക്കുമാറാകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശരാ എന്നേയ്ക്കും
സമു : ആമ്മേൻ.
കാർമ്മി : ദൈവജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ വി. മിഖായേലേ,
സമു : തിന്മയുടെ ശക്തികളെ അതിജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
കാർമ്മി : മാലാഖവൃന്ദത്തിന്റെ തലവനായ വി. മിഖായേലേ
സമു : ജീവിതക്ലേശങ്ങളിലും പ്രതിസന്ധിഘട്ട ങ്ങളിലും ഞങ്ങൾക്ക് വഴികാട്ടിയാകണമേ.
കാർമ്മി : ഞങ്ങളുടെ പ്രത്യേക സംരക്ഷകനായ വി. മിഖായേലേ,
സമു : ജീവിത ദുരിതങ്ങളിൽ ഞങ്ങളെ സഹായിക്കണമേ.
കാർമ്മി : ദൈവനീതിയുടെ പാലകനായ വി. മിഖായേലേ,
സമു : ഞങ്ങൾക്ക് ഇപ്പോൾ ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങൾ ദൈവസന്നിധിയിൽ നിന്നു വാങ്ങിത്തരണമേ.
കാർമ്മി : ദൈവത്തിന്റെ സർവ്വസൈന്യാധിപനായ വി. മിഖായേലേ,
സമു : ദൈവഹിതമനുസൃതം ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
കാർമ്മി : ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
സമു : മുഖ്യദൂതനായ മിഖായേലേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കാർമ്മി : കർത്താവേ ബലവാനായ ദൈവമേ അങ്ങയുടെ മുഖ്യദൂതനും സർവ്വസൈന്യാധിപനുമായ വി. മിഖാലേൽ മാലാഖയുടെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് ദുഃഖിതരും, ക്ലേശിതരും, രോഗികളും ആകുലരുമായ ഈ ദാസർ തിരുമുമ്പിലർപ്പിക്കുന്ന യാചനകളെ കരുണാപൂർവ്വം അങ്ങു സ്വീകരിക്കു മാറാകണമേ. പിതാവും പുത്രനും പരിശു ദ്ധാത്മാവുമായ സർവ്വേശ്വരാ. എന്നേയ്ക്കും.
സമു : ആമ്മേൻ.
ഗാനം
(മറിയമേ നിന്റെ നിത്യസഹായം എന്ന രീതി)
ക്രിസ്തുവിൻ തൻ പരിപാലകാ.
മുഖ്യനാം മിഖായേലേ
ദുശക്തികളെ ദൂരെയകറ്റുവാൻ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
അന്ധകാരം തിങ്ങും ദുർഘടവീഥിയിൽ
ഇടറാതെ നയിക്കണമേ.
ദുഷ്ടർ തൻ കെണികളിൽ
വിഴാതെ ഞങ്ങൾക്കായ്
കാവലാകെണമെന്നും,
കാറോസൂസ
കാർമ്മി : നമുക്കെല്ലാവർക്കും ഭക്തിയോടും പ്രത്യാശയോടും കൂടെ വി. മിഖായേൽ മാലാഖയേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ എന്നു പ്രാർത്ഥിക്കാം.
സമു : വി. മിഖായേൽ മാലാഖയേ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.
കാർമ്മി : കർത്താവിന്റെ സന്ദേശവാഹകനായ വി. മിഖായേലേ, ഞങ്ങളുടെ ജീവിതയാത്രയിൽ ദൈവവചനത്തിനനുസൃതമായി ജീവിച്ചുകൊണ്ട് ലോകത്തിന്റെ പ്രകാശമായിത്തീ രുവാൻ.
സമു : വി. മിഖായേൽ മാലാഖയേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.
കാർമ്മി : ദൈവനീതിയുടെ കാര്യസ്ഥനായ മുഖ്യദൂതാ, ദൈവികപുണ്യങ്ങളും, മാനുഷികമൂല്യങ്ങളും നിറഞ്ഞ ജീവിതം വഴി യഥാർത്ഥ ക്രിസ്തുശിഷ്യരായിത്തീരുവാൻ
സമു : വി. മിഖായേൽ മാലാഖയേ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.
കാർമ്മി : ദുഷ്ടാരൂപിയെ പരാജയപ്പെടുത്തുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട വിശുദ്ധ മിഖായേലേ, അനുദിന ജീവിതത്തിൽ ഞങ്ങൾക്കുണ്ടാകുന്ന പ്രലോഭനങ്ങളെ പരാജയപ്പെടുത്തുവാനും ലോകത്തിന്റെ ദുരാശകളിൽ നിന്നകന്ന് വിശുദ്ധമായ ജീവിതം നയിക്കുവാനും
സമു : വി. മിഖായേൽ മാലാഖയേ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.
കാർമ്മി : നിശബ്ദരായി നമ്മുടെ നിരവധിയായ ആവശ്യങ്ങൾ വി. മിഖായേലിന്റെ മാധ്യസ്ഥ്യത്തിലൂടെ ദൈവസന്നിധിയിൽ നമുക്കു സമർ പ്പിക്കാം.
(പ്രത്യേക നിയോഗങ്ങൾ)
ഗാനം
(നിത്യസഹായ നാഥേ... എന്ന രീതി
സർവ്വാധി നാഥനാകും
ദൈവത്തിൻ ദൂതനേ നീ
ആശ്രയം തേടിവരും
ഭക്തരെ കാത്തീടണേ.
ഉന്നതസ്ഥാനിയനായ്
മേവുന്ന മിഖായേലേ
നിൻ തിരുചിറകിൻ കീഴിൽ
ഞങ്ങളെ കാത്തിടണേ.
സത്യസഭയെ നിത്യം
കാക്കുന്ന സ്വർഗ്ഗ ദൂതാ
അരികിൽ നീയുണ്ടെങ്കിലോ
ഭയമില്ലാ തെല്ലുമെന്നും
മദ്ധ്യസ്ഥപ്രാർത്ഥന
കാർമ്മി : മുഖ്യദൂതനും
(സമൂഹവും ചേർന്ന്) സർവ്വസൈന്യാധിപനും മഹാപ്രഭുവുമായ വി. മിഖായേലേ ദൈവം തന്റെ പ്രിയപുതനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായുടെ വിലയേറിയ തിരുരക്തത്താലും കുരിശുമരണത്താലും വീണ്ടടുത്ത സഭയെ പൈശാചികശക്തികളിൽ നിന്നും കാത്തു സംരക്ഷിക്കുവാൻ അങ്ങയെ നിയോഗിച്ചിരിക്കുന്നുവല്ലോ. ക്ലേശകരവും അപകടകരവുമായ ഈ ലോകജീവിതത്തിൽ തിന്മകളുടെ ശക്തികളോട് പോരാടുവാനും ദൈവനിതിക്കനുസൃതം ജീവിക്കുവാനും അങ്ങു ഞങ്ങളെ സഹായിക്കണമേ. രോഗങ്ങൾ, കടബാധ്യതകൾ തഴക്ക ദോഷങ്ങൾ കലഹങ്ങൾ മാനസിക വ്യഥകൾ തുടങ്ങിയ ജീവിത പ്രശ്നങ്ങളിൽ ഉഴലുന്ന ഞങ്ങളെ സഹായിക്കുവാൻ അങ്ങ് ദൈവത്തിന്റെ പക്കൽ മാദ്ധ്യസ്ഥം വഹിക്കണമേ. ഞങ്ങളുടെ മാതാപിതാക്കന്മാർ, യുവതീയുവാക്കന്മാർ, ബാലികാബാലന്മാർ എന്നിവരെ തിന്മയുടെ ശക്തികളിൽ നിന്നും കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ സഭാധികാരികൾ, രാഷ്ട്രീയാധികാരികൾ എന്നിവർക്ക് അങ്ങയുടെ സംരക്ഷണം എപ്പോഴും അരികിലുണ്ടായിരിക്കട്ടെ. കർത്താവ് രക്ഷിച്ച് ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങാണല്ലോ. ആകയാൽ പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ വിശുദ്ധ സ്ലീവായെ അവഹേളിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ ക്ലേശിതരും ദുഃഖിതരുമായ ഞങ്ങളുടെ മേൽ ഉണ്ടാകുവാനായി അത്യുന്നതന്റെ മുമ്പിൽ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.
ആമ്മേൻ.
സമാപന പ്രാർത്ഥന
കാർമ്മി : കർത്താവേ ശക്തനായ ദൈവമേ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ വിലയേറിയ തിരുരക്തത്താൽ വീണ്ടെടുത്ത സഭയെ നാരകീയ ശക്തികളിൽ നിന്നും രക്ഷിക്കുവാൻ അങ്ങയുടെ മുഖ്യദൂതനായ വി. മിഖായേലിനെ സഭയുടെ കാവൽക്കാരനും സംരക്ഷകനുമായി അങ്ങു നിയോഗിച്ചുവല്ലോ. അങ്ങയുടെ സർവ്വ സൈന്യാധിപനായ മിഖായേൽ മാലാഖയുടെ പ്രത്യേക മാധ്യസ്ഥം യാചിച്ചുകൊണ്ട് ഇപ്പോൾ തിരുമുമ്പിൽ സന്നിഹിതരായിക്കുന്ന ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ. ഈ ലോകജീവിതയാത്രയിൽ ഇപ്പോൾ ഞങ്ങളനുഭവിക്കുന്ന എല്ലാ വ്യഥകളിൽ നിന്നും രോഗങ്ങളിൽനിന്നും മാനസികവും ശാരീരികവും സാമ്പത്തികവുമായ തകർച്ചകളിൽ നിന്നും തിന്മകളുടെ ഉപദ്രവങ്ങളിൽ നിന്നും പൈശാചികശക്തികളിൽനിന്നും പാപസാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ കാത്തുപരിപാലിക്കുവാൻ അങ്ങയുടെ മുഖ്യദൂതനോട് കൽപ്പിച്ചരുളേണമേ. ലോകം മുഴുവനും അങ്ങയുടെ സർവ്വ സൈന്യാധിപനും മുഖ്യദൂതനുമായ വി. മിഖായേൽ മാലാഖയെ അറിയുവാനും മാദ്ധ്യസ്ഥം യാചിക്കുവാനും ഞങ്ങൾക്ക് ഇപ്പോൾ ഏറ്റവും ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങൾ അവിടുത്തെ മുഖ്യദൂതന്റെ മദ്ധ്യസ്ഥം വഴി സാധിച്ചു തരുമാറാകണമെന്ന് വിനയപൂർവ്വം വിശ്വാസത്തോടുകൂടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സമു : ആമ്മേൻ
വിശ്വാസപ്രമാണം
കാർമ്മി : സർവ്വശക്തതാതനാമേക ദൈവമേ വിശ്വസിപ്പൂ മർത്യരാം ഞങ്ങളങ്ങയിൽ
സമു : ദൃശ്യലോകമെന്നപോൽ അദൃശ്യലോകവും
സൃഷ്ടിചെയ്ത ദൈവമേ, സർവ്വപാലകാ;
സർവ്വ ശക്തതാതനാമേക ദൈവമേ,
വിശ്വസിച്ചു മർത്യരാം ഞങ്ങളങ്ങയിൽ.
സർവ്വസൃഷിടജാലവും തീർത്ത ദൈവമാം
സത്യതാതനങ്ങിൽ നിന്നാദ്യജാതനാം,
സൃഷ്ടിയല്ല പുത്രനാമിശോദൈവജൻ,
വിശ്വസിപ്പൂ മർത്യരാം ഞങ്ങളങ്ങയിൽ.
ദൈവസുനു ദൈവമാണേകസത്തയിൽ
ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ.
മർത്യരക്ഷ നല്കുവാൻ പാവനാത്മനാൽ
മർത്യരൂപമാർന്നിഹ കന്യകാത്മജൻ,
പിലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ
ക്രൂശിലേറി ദാരുണം മൃത്യുവാർന്നവൻ
മൂന്നുനാളിനുള്ളിൽ സത്യദൈവസൂനുവി
മന്നിലുതിതൻ മഹത്ത്വപൂർണ്ണശോഭയിൽ.
സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യപിതാവിൻ
വലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ,
ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായ്
സകലരും ശ്രവിക്കുമന്ത്യവിധി വിനീതരായി.
താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ
പ്രഭവമാർന്നു വാണിടുന്ന സത്യദൈവമായ്
ജീവനേകിടുന്ന മഹിതപാവനാത്മനിൽ
വിശ്വസിപ്പൂ പൂർണ്ണമായ് ഞങ്ങളേവരും.
ഏകമാണു ധന്യമാണു പാവനം സഭ
സ്ലൈഹീക പ്രഭാവമാർന്നു സാർവജനീനം
പാപമോചനം തരുന്ന ജ്ഞാനസ്നാനവും
ഏറ്റുചൊല്ലു സാദരം ഞങ്ങളേവരും.
മർത്യമുക്തിയാമുയിർപ്പും നിത്യജീവനും
ഏറ്റുചൊല്ലു പൂർണ്ണമായ് ഞങ്ങളേവരും.
സർവ്വശക്തതാതനാമേക ദൈവമേ
വിശ്വസിച്ചു മർത്യരാം ഞങ്ങളങ്ങയിൽ.
കാർമ്മി : സർവ്വശക്തനും പിതാവുമായ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
(സമൂഹവും ചേർന്നു തുടരുന്നു) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യ ജാതനും യുഗങ്ങൾക്കെല്ലാം മുമ്പു പിതാവിൽ നിന്നു ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോടുകൂടെ ഏക സത്തയുമാകുന്നു. അവിടുന്നുവഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്നു സ്വർഗ്ഗത്തിൽനിന്നിറങ്ങി പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു. മനുഷ്യനായിപ്പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകൾ സഹിക്കുകയും സ്ലീവയിൽ തറയ്ക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. അവിടുന്നു സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും സ്ലൈഹീകവും സാർവ്വത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദിസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു.
ആമ്മേൻ.
Novena of St. Michael's of Pazhayidom