St. Michael's Syro Malabar Church, Pazhayidom
പഴയിടം ഇടവക സ്ഥാപിതമാകുന്നതിനു മുമ്പ് ഇവിടുത്തുകാര്‍ താമരക്കുന്ന്, ചെറുവള്ളി, മണിമല എന്നീ ഇടവകകളില്പ്പെട്ടവരായിരുന്നു. 1922 ല്‍, കരിയനാട്ട് ശ്രീ അവിരായുടെയും പാട്ടത്തില്‍ ശ്രീ മത്തായിയുടെയും പേര്‍ക്ക് വടക്കേടത്തു ശ്രീ കൃഷ്ണന്‍നായര്‍ 685 രൂപയ്ക്ക് ഏഴരയേക്കര്‍ വസ്തു തീറാധാരം കൊടുത്തു. 1923 ജനുവരി 5 ന് പഴയിടംകാര് താമരക്കുന്നുപള്ളി വികാരി കുരിശുംമൂട്ടില്‍ ബ. ചാണ്ടിയച്ചന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള അനുമതിക്കായി ചങ്ങനാശേരി രൂപതയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഏറെത്താമസിയാതെ അനുമതി ലഭിച്ചു. കുരിശുപള്ളിയുടെ പണി കുരിശുംമൂട്ടില്‍ ബ. ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുകയും 1923 ഫെബ്രുവരി 2 ന് കുരിശുപള്ളി ആശീര്‍വദിച്ച് ബ. ചാണ്ടിയച്ചന് ആദ്യമായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. 1923 ഒക്ടോബര്‍ 15 ന് ഇതൊരു ഇടവകയായി ഉയര്‍ത്തപ്പെട്ടു. മുത്തനാട്ടു ബ. യൗസേപ്പച്ചനെ ആദ്യവികാരിയായി നിയമിച്ചു. ‘ആനക്കല്ലുപള്ളി’ എന്നായിരുന്നു ഇടവകയുടെ ആദ്യകാല പേര്. പിന്നീടു ചേനപ്പാടിപ്പള്ളി എന്നാക്കി. 1969 ല്‍ ഈ പേരു മാറ്റി പഴയിടം പള്ളി എന്നാക്കി.
പള്ളിയും പള്ളിമുറിയും
പള്ളിയും പള്ളിമുറിയും സിമിത്തേരിയും പണികഴിപ്പിച്ചത് ആയത്തമറ്റത്തില് ബ. തോമസച്ചന്റെ ശ്രമഫലമായാണ്. മുയ്യപ്പള്ളി ബ. ജേക്കബച്ചന്റെ കാലത്ത് 1977 – 79 ല്‍ മോണ്ടളം പണിതു. ബ. തോമസ് ആര്യമണ്ണിലച്ചന്റെ കാലത്ത് 1995 ഒക്ടോബര്‍ 8 നു പുതിയ പള്ളിമുറി നിര്‍മിച്ചു. ചിറ്റപ്പനാട്ട് ബ. സെബാസ്റ്റ്യനച്ചന്റെ നേതൃത്വത്തില്‍ പള്ളിമുറി നവീകരിച്ചു പണിയുകയും മദ്ബഹാ വിസ്തൃതമാക്കി കമനീയമാക്കുകയും ചെയ്തു. വാസ്തുവിദ്യയില്‍ പ്രഗത്ഭനായ അച്ചന്റെ പ്ലാനിംഗിലാണ് ഇവയെല്ലാം പണികഴിപ്പിച്ചത്. പുതുക്കിപ്പണിത മദ്ബഹാ 2001 ഫെബ്രുവരി 3 ന് മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്
യൗസേപ്പ് മുഞ്ഞനാട്ട് (1923 – 24), മത്തായി ചേമ്പാലയില്‍ (1924 – 26), ചാണ്ടി കുരിശുംമൂട്ടില്‍ (1926 – 31), മത്തായി തെക്കേക്കര (1931 – 33), മത്തായി കോടിക്കുളം (1933 – 37), അലക്സാണ്ടര്‍ ചെറുകരക്കുന്നേല്‍ (1937 – 40), മത്തായി നടുവിലേക്കുറ്റ് (1940 – 41), തോമസ് ആയത്തമറ്റം (1941 – 47), ജേക്കബ് പൊട്ടനാനിക്കല്‍ (1947 – 51), സഖറിയാസ് കരിങ്ങോഴയ്ക്കല്‍ (1951 – 52), യൗസേപ്പ് കൈമളേട്ട് (1952 – 54), യൗസേപ്പ് കാവാലം (1954 – 58), മത്തായി പടവുപുരയ്ക്കല്‍ (1958 – 64), തോമസ് നടുവിലേപ്പറമ്പില്‍ (1964 – 70), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1970 – 71), സഖറിയാസ് പുതുപ്പറമ്പില്‍ (1971 – 74), മാത്യു ഏറത്തേടത്ത് (1974 – 77), ജേക്കബ് മുയ്യപ്പള്ളി (1977 – 78), കുര്യാക്കോസ് ഏണേക്കാട്ട് (1978 – 80), മാത്യു പിണമറുകില്‍ (1980 – 81), എബ്രാഹം കുന്നക്കാട്ട് സി.എസ്.ടി. (1981 – 82), കട്ബര്‍ട്ട് കപ്പൂച്ചിന്‍ (1982 – 83), എഫ്രേം പൊട്ടന്‍പ്ലാക്കല്‍ എം. സി. ബി. എസ്. (1983 – 84), ജോസഫ് തോട്ടുപുറം (1984 – 90), തോമസ് ആര്യമണ്ണില്‍ (1990-97), സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1997- 2001).
സ്കൂളുകള്‍
1924 ല്‍ ചേമ്പാലയില്‍ ബ. മത്തായിയച്ചന്റെ കാലത്തു പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. കുരിശുംമൂട്ടില്‍ ബ. ചാണ്ടിയച്ചന്റെ കാലത്ത് ഇതിനാവശ്യമായ കെട്ടിടം പണിതു. 1947 ല്‍ ഇതു പുതുക്കിപ്പണിതു. 1953 ല്‍ അപ്പര്പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ഇതിനുള്ള കെട്ടിടം നിര്‍മിച്ചത് നടുവിലേപ്പറമ്പില്‍ ബ. തോമസച്ചനാണ്. തോട്ടുപുറത്ത് ബ. ജോസഫച്ചന്റെ ശ്രമഫലമായി സ്കൂള്‍ ഗ്രൗണ്ട് പൂര്‍ത്തിയാക്കി.
തിരുഹൃദയമഠം
1971 ല്‍ തിരുഹൃദയമഠം സ്ഥാപിതമായി. ഇവരുടേതായി ഗവണ്മെന്റ് അംഗീകൃത തയ്യല്‍ സ്കൂളും ഹോളി ഏയ്ഞ്ചല്‍സ് നഴ്സറി സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു.
ആശുപത്രി
ആര്‍ച്ചുബിഷപ് കാവുകാട്ട് മെമ്മോറിയല്‍ ആശുപത്രി നടുവിലേപ്പറമ്പില്‍ ബ. തോമസച്ചന്റെ കാലത്ത് 1970 ല്‍ സ്ഥാപിതമായി. ഒഴുകയില്‍ ബ. സെബാസ്റ്റ്യനച്ചന്റെ കാലത്ത് ആശുപത്രിക്കെട്ടിടം പണിപൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തിരുഹൃദയമഠംകാരെ ഏല്പിച്ചു.
കുരിശുപള്ളി
1988 ല്‍ ഇടവകയായ കരിക്കാട്ടൂര്‍ പഴയിടത്തിന്റെ കുരിശുപള്ളിയായിരുന്നു. 1931-33 ല്‍ തെക്കേക്കര ബ. മത്തായിയച്ചനാണു കുരിശുപള്ളിയുടെ പണികളാരംഭിച്ചത്. 1937 ഏപ്രില്‍ 13 നു കുരിശുപള്ളിയില്‍ ആദ്യ ദിവ്യബലി നടന്നു. പിന്നീടു വികാരിമാരായി എത്തിയവര്‍ കരിക്കാട്ടൂര്‍ കുരിശുപള്ളിയുടെ വളര്‍ച്ചയ്ക്കുവേണ്ടി പരിശ്രമിച്ചവരാണ്. പഴയിടം പള്ളിക്കു മുമ്പിലുണ്ടായിരുന്ന കുരിശടി പുതുക്കിപ്പണിതു മനോഹരമാക്കിയതും റോഡില്‍നിന്നുള്ള പള്ളിയുടെ ദൃശ്യം മറച്ചിരുന്ന നടകള്‍ പൊളിച്ചുമാറ്റി റോഡു നിര്‍മിച്ചതും ഏറത്തേടത്ത് ബ. മാത്യു അച്ചനാണ്.
മരോട്ടിച്ചുവടുഭാഗത്ത് മണ്ണൂര്‍ ശ്രീ തൊമ്മച്ചന് സംഭാവന ചെയ്ത സ്ഥലത്ത് ആര്യമണ്ണില്‍ ബ. തോമസച്ചന് 1998 ല്‍ കുരിശടി പണികഴിപ്പിച്ചു.
പള്ളിവക സ്പോര്‍ട്ട്സ് ആന്‍ഡ് ആര്‍ട്ട്സ് ക്ലബും ഗവണ്മെന്റ് അംഗീകാരമുള്ള ശോഭനാ ആര്‍ട്ട്സ് ക്ലബും ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്പോര്‍ട്ട്സ് ആന്‍ഡ് ആര്‍ട്ട്സ് ക്ലബ് മാര്‍ മാത്യു കാവുകാട്ടുപിതാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി 1970 ല്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് മുടക്കമില്ലാതെ എല്ലാ വര്‍ഷവും നടത്തിക്കൊണ്ടിരിക്കുന്നു.
സ്ഥിതിവിവരം
ഇവിടെ പതിന്നാലു കുടുംബക്കൂട്ടായ്മകളുണ്ട്. 310 കുടുംബങ്ങളിലായി 1500 കത്തോലിക്കരുമുണ്ട്. എട്ടു വൈദികന്മാരും 22 സന്യാസിനികളും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. 1 വൈദികാര്‍ഥി പരിശീലനം നടത്തുന്നു.
ലീജിയന് ഓഫ് മേരി, സെന്റ് വിന്‍സെന്റ് ഡീ പോള്‍ സഖ്യം, മാതൃദീപ്തി, SMYM - യുവദീപ്തി, ഫ്രാന്‍സിസ്ക്കന്‍ മൂന്നാംസഭ എന്നീ ഭക്തസഖ്യങ്ങള്‍ ഇടവകയിലുണ്ട്.
വികസനപ്രവര്‍ത്തനങ്ങള്‍
പഴയിടം പ്രദേശത്തുകൂടെ കടന്നുപോകുന്ന ഗ്രാമീണറോഡുകള്‍ പലതും നിര്‍മിക്കുന്നതിനു പ്രതിഭാധനനായ ആയിത്തമറ്റത്തില്‍ ബ. തോമസച്ചന് ശ്രദ്ധേയമായ പങ്കുവഹിച്ചു. പള്ളിയുടെ മുമ്പിലുള്ള സ്റ്റേജ് കുന്നക്കാട്ട് ബ. എബ്രാഹമച്ചന്‍ 1981-82 ല്‍ പണികഴിപ്പിച്ചു. ജൂബിലിസ്മാരക വെയിറ്റിംഗ്ഷെഡ്ഡും സിമിത്തേരിഷെഡ്ഡും മണിമാളിക പരിഷ്കരണവും ചിറ്റപ്പനാട്ട് ബ. സെബാസ്റ്റ്യനച്ചന്റെ നേതൃത്വത്തില്‍ നടന്നു. കോസ്വേ നിര്‍മിക്കാനും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും ഇവിടെ സേവനമനുഷ്ഠിച്ച ബ. വൈദികന്മാര് തീക്ഷ്ണമായി ശ്രമിച്ചിട്ടുണ്ട്.
ആധുനിക പഴയിടത്തിന്റെ വികസനത്തിനു നാന്ദി കുറിച്ചതു പഴയിടം കോസ്വേയുടെ നിര്‍മാണമാണ്. മണിമലയാറിനു കുറുകെ 1968 ല്‍ പൂര്‍ത്തിയാക്കിയ ഈ ചെറുപാലം ഒരു ഗ്രാമത്തിന്റെ മുഴുവന്‍ അധ്വാനഫലമാണ്. വക്കീല്‍സാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന കരിയനാട്ട് ശ്രീ എബ്രാഹവും ചേരാടില് ശ്രീ സി. ജെ. ദേവസ്യയും ഇക്കാര്യത്തില്‍ വഹിച്ച പങ്കു നിസ്തുലമാണ്. ബ. നടുവിലേപ്പറമ്പിലച്ചന്റെ നേതൃത്വവും അവസരോചിതമായിരുന്നു.