About Wikipedia

വിക്കിപീഡിയയെ കുറിച്ച്‌ ഒരഞ്ചുമിനിട്ട്

ലോകത്തിലെ വിജ്ഞാനം മുഴുവന്‍ ഒരിടത്ത്‌ സ്വരുക്കൂട്ടാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ക്ക്‌ ബി.സി. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഈജിപ്തിലെ അലക്സാണ്ട്രിയയിലെ ലൈബ്രറിയോളം പഴക്കമുണ്ട്. അച്ചടിയുടെ ലോകത്തിനു പുറത്ത്, ഒരു വിജ്ഞാനശേഖരമൊരുക്കുന്ന കഥ എച്. ജി. വെല്‍‌സ് തന്റെ വേള്‍ഡ് ബ്രെയിന്‍(1937) എന്ന നോവലില്‍ പറയുന്നു. ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തോടും പ്രചാരത്തോടും കൂടി ഇന്റര്‍നെറ്റ് വിജ്ഞാനകോശങ്ങള്‍ ഒരുക്കാനുള്ള ഉദ്യമങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്‌. ആര്‍ക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റര്‍പീഡിയ ആയിരുന്നു. എങ്കിലും അത്‌ ആദ്യ പ്ലാനിങ് ഘട്ടം കഴിഞ്ഞധികം മുന്നോട്ടുപോയില്ല. അതാത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശില്‍പ്പികള്‍. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കുണ്ടായിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളര്‍ച്ച മെല്ലെയായിരുന്നു. അതുകൊണ്ട്‌, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങള്‍ക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ അവരാരഭിച്ചു. 2000-ല്‍ ആയിരുന്നു അത്‌. ഇന്റര്‍നെറ്റില്‍ ലേഖനങ്ങള്‍ എളുപ്പത്തില്‍ ഫോര്‍മാറ്റ് ചെയ്യാനുപയോഗിക്കുന്ന ഒരു നോട്ടേഷന്‍ രീതിയായ വിക്കിവിക്കിവെബില്‍ നിന്നാണ് വിക്കി എന്ന വാക്കും ലേഖനരീ‍തിയും വിക്കിപീഡിയക്ക്‌ കിട്ടുന്നത്‌. വിക്കിയെന്നാല്‍ ഹവായിയന്‍ ഭാഷയില്‍ ‘വേഗത്തില്‍‘ എന്നര്‍ത്ഥം. ഇന്ന്‌ ആര്‍ക്കും ഇന്റര്‍നെറ്റില്‍ ചെന്ന്‌ എഡിറ്റ് ചെയ്യാവുന്ന എന്‍സൈക്ലോപീഡിയയാണ് വിക്കിപീഡിയ. അതായത്‌, പണ്ഡിതനും പാമരനും ഒരുപോലെ പങ്കെടുക്കാവുന്ന ഒരു പ്രസ്ഥാനം.

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്‌ വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. എന്നാലിന്ന്‌, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപീഡിയ. ഇത്‌ വെറുതെ പറയുന്നതല്ല. ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാഗസിനായ നേച്ചര്‍ അത്‌ ശാസ്ത്രീയമായ രീതികളുപയോഗിച്ച്‌ സ്ഥിരീകരിച്ചു. അതിങ്ങനെയാണ്: ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോള്‍ രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒപ്പത്തിനൊപ്പം!

ആദ്യവര്‍ഷത്തില്‍ തന്നെ അതിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 2001-ല്‍ ഇംഗീഷിനു പുറമെയുള്ള ഭാഷകളിലെ വിക്കിപീഡിയകള്‍ ആരംഭിച്ചു. ഇന്ന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാത്രം ലേഖനങ്ങളുടെ എണ്ണം പത്തുലക്ഷത്തില്‍ കൂടുതലാണ്; നൂറില്‍ മേലെ ലോകഭാഷകളില്‍ വിക്കിപീഡിയകളുണ്ട്‌. ഒരു ദിവസം 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് വിക്കിപീഡിയ റഫര്‍ ചെയ്യുന്നു.

വിക്കിയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത്‌ ഒരു ലേഖനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു. കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കപ്പെടുന്നത്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.

ഇതിനര്‍ഥം വിക്കിപീഡിയയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധര്‍ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളില്‍ കൂട്ടിച്ചേര്‍ത്തെന്നുവരും. എന്നാലും ആ താളുകള്‍‍ ശ്രദ്ധിക്കുന്നവര്‍ അവയെല്ലാം പെട്ടന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളില്‍ നിന്നു പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ എത്ര സമയം എടുക്കുന്നു എന്നറിയുവാന്‍ വിക്കിമീഡിയ ഓര്‍ഗനൈസേഷന്‍ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളില്‍ അനാശ്യാസമായ എഡിറ്റുകളെല്ലാം പൂര്‍വ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാ‍വുകയുള്ളൂ. എന്നാല്‍ അതൊട്ട്‌ അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്.

കേരളവും ഇന്റര്‍നെറ്റും

കാര്യങ്ങള് നേരാംവണ്ണം മനസ്സിലാക്കിയെടുക്കാന് പാകപ്പെട്ടിട്ടുള്ളൊരു സൈക്കിയാണ് കേരളീയ സമൂഹത്തിന്റേത്. സമൂഹത്തില് നിലനിന്നിരുന്ന പല അസമത്വങ്ങളും മാറ്റിയെടുക്കാന് ഈ സൈക്കി, കേരളത്തിനെ സഹായിച്ചിട്ടുണ്ട്. അങ്ങിനെ വിപ്ലവങ്ങളുടെ നാടെന്നും കേരളത്തിന് പേരു വീണു.

കാര്യങ്ങള് ഇതൊക്കെയാണെങ്കിലും ഡിജിറ്റല് ഡിവൈഡ് എന്ന അസമത്വം അവസാനിപ്പിക്കാന് നമുക്കായിട്ടില്ല. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ഐടിയുടെ അനന്തസാധ്യതകള് അനുഭവിക്കുന്നത്. ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌, മലയാള ഭാഷയ്ക്ക് കമ്പ്യൂട്ടറില് സ്ഥാനമില്ലാത്തതാണ്. ഇംഗ്ലീഷെന്ന ഭാഷയ്ക്ക് ഇത്രയധികം പ്രാധാന്യം കിട്ടിയത് ഐടി ഈ ഭാഷയെ ദത്തെടുത്തതോടെയാണ്. സൈറ്റുകളും മെയില് - മെസ്സെഞ്ചര് കമ്മ്യൂണിക്കേഷനും സെര്ച്ച് എഞ്ചിന് പ്രവര്ത്തനങ്ങളും ഇംഗ്ലീഷിലാവുമ്പോള് ഈ ഭാഷയ്ക്ക് പ്രാധാന്യം കിട്ടുന്നത് സ്വാഭാവികം മാത്രം. ഇംഗ്ലീഷ് വളരുന്നതിനൊപ്പം മറ്റുള്ള ഭാഷകള് തളരാനും ഇത് വഴിവെച്ചു. ചൈന, ജപ്പാന്, ജര്മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇംഗ്ലീഷിന്റെ മേല്ക്കോയ്മക്കെതിരെ ആദ്യം പടവാളോങ്ങിയത്. തുടര്ന്ന് പ്രതിഷേധമുയര്ത്തുന്ന ഭാഷകളിലെല്ലാം വമ്പന് കമ്പനികളുടെ സോഫ്റ്റ്വെയര് പതിപ്പുകളിറങ്ങി. ഇന്റര്‍നെറ്റുമായുള്ള അനുയോജ്യതയാണ് ഇനി ഭാഷകളുടെ ഭാഗധേയം നിര്ണ്ണയിക്കുക.

അതേസമയം തന്നെ, വലിയൊരു മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന് ഐടി രംഗം. മൈക്രോസോഫ്റ്റും നോക്കിയയും മോട്ടറോളയും ഒക്കെ ഇന്ത്യന് ഭാഷകളില് ഉല്പ്പന്നങ്ങള് ഇറക്കാന് തുടങ്ങിയിരിക്കുന്നു. ഇന്ത്യന് ഉപഭൂഖണ്ഡത്തില് ഉല്പ്പന്നങ്ങള് വിറ്റഴിക്കണമെങ്കില് പ്രാദേശികഭാഷകള്ക്ക് തുല്യ പ്രാധാന്യം നല്കണമെന്ന പാഠം ഐടി കമ്പനികള് പഠിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത അഞ്ചു വര്ഷത്തിനുള്ളില് ഇപ്പോള് നിലവിലുള്ള എല്ലാ ഐടി സൌകര്യങ്ങളും മലയാള ഭാഷയിലും ലഭ്യമാവും.

അതിനോടൊപ്പം, മലയാളത്തിന്റെ കാര്യത്തില്‍, ഐടി മേഖലയില് പ്രവര്ത്തിക്കുന്ന ഭാഷാസ്നേഹികള് ആവുംവിധം ചിലതൊക്കെ ഭാഷയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ലിപിമാറ്റ സോഫ്റ്റ്വയറുകളും വിക്കിപീഡിയയുടെ മലയാളം പതിപ്പും ബ്ലോഗുകളും സൈറ്റുകളും ഇവയില് ചിലതാണ്. ഇവ ഉപയോഗിച്ച് ഭാഷയെ പരിപോഷിപ്പിക്കേണ്ട കേരളീയ സമൂഹം, പക്ഷേ, ഒന്നുമറിയാത്ത മട്ടില് ഉറക്കത്തിലാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എഴുതിവയ്ക്കപ്പെടേണ്ടത്‌ ഏതു സംസ്കാരത്തിന്റേയും നിലനില്‍പിനെന്നതു പോലെ കേരളസംസ്കാരത്തിനും ആവശ്യമാണ്. എഴുതിവയ്ക്കപ്പെടുക എന്നാല്‍ വരാനിരിക്കുന്ന അനേകം തലമുറകളിലേയ്ക്ക്‌ സം‌പ്രേക്ഷണം ചെയ്യപ്പെടുക എന്നാണര്‍ഥം.സംസ്കാരമെന്നാല്‍ മറഞ്ഞുപോയ തലമുറകളില്‍ നിന്നും പകര്‍ന്നു കിട്ടിയതും. ഇത്രയും നമുക്ക്‌ ദാനം കിട്ടിയതാണെങ്കില്‍, ഒരണ്ണാറക്കണ്ണന് ആവുന്നിടത്തോളമെങ്കിലും വരാനിക്കുന്നവര്‍ക്കു് വേണ്ടിയെടുത്തു വയ്ക്കാന്‍ നമുക്ക്‌ കടമയില്ലേ?

[edit] 2 വിക്കികള്‍ മലയാളത്തില്‍

വിനോദ് എം.പി. 2002 ഡിസംബര്‍ 21-ല്‍ ആണ് മലയാളം വിക്കിപീഡിയയില്‍ ആദ്യ ലേഖനം എഴുതുന്നത്‌. അതിനു ശേഷം, വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളര്‍ച്ച. ശൈശവദശ ഇതുവരെയും പിന്നിടാത്ത മലയാളം വിക്കിപീഡിയയില്‍ ഇന്ന്‌ 600 ലേഖനങ്ങളാണ് ഉള്ളത്‌.

ആര്‍ക്കൊക്കെ വായിക്കാം?

കമ്പ്യൂട്ടറും അതിന് ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും വിക്കിപീഡിയ വായിക്കാം. കമ്പ്യൂട്ടറിന്റെ സ്വാഭാവിക ഭാഷ ഇംഗ്ലീഷ് ആയതുകൊണ്ട്‌ ഇംഗ്ലീഷിലുള്ള വിക്കിപീഡിയ വായിക്കാന്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. ഇംഗ്ലീഷ് പോലെ തന്നെ, ലോകത്തിലെ ബാക്കിയെല്ലാ ഭാഷകളും കമ്പ്യൂട്ടറില്‍ കാണാന്‍ തുടങ്ങിയത് വളരെ അടുത്താണ്. അതിനുവേണ്ടി മൈക്രോസൊഫ്റ്റ് അടക്കമുള്ള കമ്പനികളും ഭാഷാപണ്ഡിതരും ചേര്‍ന്ന്‌ ‘യുണീക്കോഡ്’ എന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ എന്തിനെയും മനസ്സിലാക്കുന്നത്‌ സംഖ്യകളായിട്ടാണ്. അക്ഷരങ്ങളേയും അങ്ങനെ തന്നെ. അതായത്‌ ഒരോ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ. A-ക്ക്‌ 65, B-ക്ക്‌ 66 എന്നിങ്ങനെ. എന്നാലാകട്ടെ ഈ സ്റ്റാന്റേഡ് ഇംഗ്ലീഷിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുണീക്കോഡെന്ന സ്റ്റാന്റേഡിലൂടെ, മലയാളം ഉള്‍പ്പടെയുള്ള എല്ലാ ഭാഷകളിലെ അക്ഷരങ്ങള്‍ക്കും നിശ്ചിത അക്ഷരസംഖ്യ നിശ്ചയിച്ചിരിക്കുന്നു. മലയാളം ‘അ’കാരത്തിന് 3333, 'ആ’കാരത്തിന് 3334 എന്നിങ്ങനെ.

അക്ഷരസംഖ്യ മാത്രം പോര മലയാളം കമ്പ്യൂട്ടറില്‍ കാണാന്‍; അക്ഷരരൂപവും വേണം. ഈ അക്ഷരരൂപങ്ങളുടെ പട്ടികയാണ് ഫോണ്ട് എന്നറിയപ്പെടുന്നത്‌. യുണീക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടില്‍ 3333 എന്നെഴുതിയതിനു നേരെ, ‘അ’ എന്ന രൂപം കൊടുത്തിരിക്കും. ഒരു ലേഖനത്തില്‍ 3333 എന്ന സംഖ്യ കണ്ടാല്‍ കമ്പ്യൂട്ടര്‍, ഫോണ്ടെന്ന പട്ടികയില്‍ നിന്നും ‘അ’ എന്ന രൂപം കാണിക്കുന്നു. ഇങ്ങനെയാണ് കമ്പ്യൂട്ടറുകളില്‍ മലയാളം തെളിയുന്നത്‌. ഈ വ്യവസ്ഥ പുതിയതായതുകൊണ്ടുതന്നെ, യുണീക്കോഡ് ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണമെന്നില്ല. യുണിക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കോണ്‍ഫിഗര്‍ ചെയ്യുക വളരെ എളുപ്പമാണ്. അഞ്ജലി, രചന എന്നിവയാണ് ഇപ്പോള്‍ പ്രചാരം നേടിയിരിക്കുന്ന മലയാളം യുണീക്കോഡ് ഫോണ്ടുകള്‍. അവയിലേതെങ്കിലും ഡൌണ്‍ലോഡ് ചെയ്ത്‌ കമ്പ്യൂട്ടറില്‍ ഫോണ്ടുകളെടുത്തു വച്ചിരിക്കുന്നിടത്തിടുകയേ വേണ്ടൂ.

ഇന്റര്‍നെറ്റിലെ വായന പുസ്തകവായനയില്‍ നിന്നും അല്പം വ്യത്യസ്ഥമായ രീതിയിലാണ്. ഇന്റര്‍നെറ്റിനെ വളരെ വലിയ ഒരു പുസ്തകത്തോടുപമിക്കാം. ഓരോ പേജുകളും പലകമ്പ്യൂട്ടറുകളിലായി പരന്നു കിടക്കുന്ന പുസ്തകം. ഓരോ പേജും വായിച്ചു കഴിഞ്ഞതിനു ശേഷം മറിക്കുകയല്ല ഇവിടെ ചെയ്യുന്നത്‌. പകരം, നമുക്ക്‌ ആവശ്യം എന്നു തോന്നുന്നതിനെ പറ്റി കൂടുതലറിയാനായി ഹൈലൈറ്റ് ചെയ്തിരിക്കുന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുകയാണ്. ഉടനെ, നമ്മളാവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുന്ന അടുത്ത പേജ്‌ സ്ക്രീനില്‍ തെളിയുന്നു.

ആര്‍ക്കൊക്കെ വിക്കിയിലെഴുതാം?

വിക്കിയിലെഴുതാന്‍ താടിനീട്ടിയ ബുദ്ധിജീവിയൊന്നും ആവേണ്ടകാര്യമില്ല വിക്കിയിലെഴുതാന്‍. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാന്‍പോരുന്നവരാ‍യാല്‍ മതി. എഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശിയും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വലിയൊരാത്മവിശ്വാസം തരുന്നുണ്ട്‌.

ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക്‌ ജീവനാക്കാരന്‍ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാര്‍ഥി അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന്‌ നിര്‍വചിക്കുന്നു. പാര്‍ട്ടിപ്രവര്‍ത്തകന്‍ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു വീട്ടമ്മ അന്നുകണ്ട സീരിയല്‍ അല്ലെങ്കില്‍ സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. ഒരു കര്‍ഷകന്‍ കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവയ്ക്കുന്നു... അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ്.

വായിക്കാനെന്നപോലെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും എളുപ്പമാണ്. അതിനുവേണ്ടിയുള്ള പല പ്രോഗ്രാമുകളും ഇന്ന്‌ ലഭ്യമാണ്. ടൈപ്പിങ് പഠനകേന്ദ്രങ്ങള്‍ പഠിപ്പിക്കുന്ന മലയാളം ടൈപ്പിങ് രീതിയേക്കാള്‍ ‘മംഗ്ലീഷ്’ രീതിക്കാണ് പ്രചാരം കൂടുതല്‍. മംഗ്ലീഷ് രീതിയില്‍, ഇംഗ്ലീഷ് കീബോര്‍ഡില്‍ V I R A L എന്നെഴുതിയാല്‍ കമ്പ്യൂട്ടറില്‍ ‘വിരല്‍’ എന്നു വന്നോളും.

എഴുതേണ്ട മലയാളവാക്കുകള്‍ക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം അഥവാ Transliteration എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി ‘മൊഴി’ എന്ന വ്യവസ്ഥയാണ്. 1998 മുതല്‍ പ്രചാരത്തിലുള്ള മൊഴിയില്‍ മലയാളി സ്വാഭാവികമായി ലിപിമാറ്റം ചെയ്യുന്ന രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ ആര്‍ക്കും ‘മൊഴി’ സമ്പ്രദായം വളരെ കുറഞ്ഞ സമയം കൊണ്ട് പഠിക്കാവുന്നതേ ഉള്ളൂ.