1994, നീലഗിരിയിലൊരു നേരിൻ്റെ ചിരാതുവെട്ടം തെളിഞ്ഞു. പച്ച വിരിച്ചതേയില തോട്ടവും മാടി വിളിക്കുന്ന മാമരങ്ങളും മലശിഖിരങ്ങളും കഥ പറയുന്ന നീലഗിരിയിലെ ഗൂഡല്ലൂരിൽ നിന്നും അൽപ്പം മാറി വയനാട് റൂട്ടിൽ വിസ്മയമായി വിടർന്ന് നിൽക്കുന്ന ജ്ഞാന ഗോപുരമാണ് പാടന്തറ മർകസ്
പ്രകൃതിയുടെ സ്വഛന്ദമായ പൈതൃകം കാത്തു സൂക്ഷിക്കുന്ന നീലഗിരിയിൽ പാടന്തറ മർകസെന്ന അക്ഷരക്കൊട്ടാരത്തിന് മർഹും ഹാജി സിദ്ധീഖ് മുസ്ലിയാരുടെ നേതൃത്വത്തിലാണ് നാന്ദി കുറിച്ചത്.27 വർഷങ്ങൾക്കിപ്പുറം ഈ ജ്ഞാനവിളക്കിന് തിരിതെളിയിക്കുന്നത് SYS സംസ്ഥാന ഉപാദ്ധ്യക്ഷനും സ്ഥാപനത്തിൻ്റെ ജനറൽ സെക്രട്ടറി കൂടിയായ ബഹു ദേവർ ശോല അബ്ദുസലാം മുസ്ലിയാരാണ്. 1994 തസ്കിയാബാദിൽ തുടങ്ങിയ മർകസിന് 6 ക്യാമ്പസുകളിലായി 2000 ലേറെ പഠിതാക്കളും 20 സ്ഥാപനസമുഛയങ്ങളുമായി നാൾക്കുനാൾ മുന്നേറുകയാണ് പാടന്തറ മർകസ് .
ആത്മീയതയുടെ അഭിമാനഗോപുരമായി, ആശ്രിതരുടെ അഭയകേന്ദ്രമായി, അനാഥകളെ സനാഥകളാക്കി, ആരോരുമില്ലാത്തവർക്ക് അത്താണിയായി, അറിവന്വേശകരുടെ അറുതിയായി പാടന്തറയുടെ വയലോരത്ത് ഉയർന്ന് നിൽക്കുകയാണ് മർകസ്. കാലത്തിൻ്റെ പുറം മോടിയിൽ നവ കാല സാഹചര്യം അഭിരമിക്കുമ്പോഴും പാരമ്പര്യത്തിൻ്റെ ഉൾതുടിപ്പുകളെ നെഞ്ചേറ്റിയ സവിശേഷതകളാണ് മർകസിന് പറയാനുള്ളത്.