വജ്രകേരളഗാഥ

വജ്രകേരളഗാഥ

(വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍)

മഴുവെറിഞ്ഞുയര്‍ന്നതാണിതെന്‍റെനാടുകേരളം;

പരശുതന്‍റെ ശക്തില്‍ ഉയര്‍ത്തതാണു കേരളം

പണ്ടു സീതയെ തിരഞ്ഞു കപികള്‍ വന്ന കേരളം;

മുത്തുകള്‍ വിളഞ്ഞിടുന്ന ചൂര്‍ണ്ണിയുള്ള കേരളം. 01

സമതലം നിറഞ്ഞു നെല്ല്, കേര ഹരിത കേരളം;

മല നിറച്ചു മഞ്ഞള്‍, ഇഞ്ചി, ഏല-ചായ കേരളം:

ഇടയിലോ...പറങ്കിമാവ്, ഗന്ധദ്രവ്യ കേരളം;

മല കിഴക്ക്, പശ്ചിമം കടല്‍, നടുക്കുകേരളം. 02

ഉണ്ടുനീരൊഴുക്ക് നാല്‍പ്പത്തിനാലതുള്ളതില്‍

മൂന്നൊഴുക്ക് പൂര്‍വ്വദിക്കിലേക്കു തീര്‍ത്ഥ കേരളം:

കണ്ടതുണ്ടു നീണ്ടനിളയതിന്‍റെ തീരമായിടും-

തിരുനാവായിലാണ് 'മാമാങ്ക'മന്ന്; കേരളം' 03

ശങ്കരന്‍റെ ജന്മനാട്ടിലുടെയാണൊഴുക്കു ചൂര്‍ണ്ണി-

ആലുവാ മണല്‍പ്പുറത്തു ശ്രാദ്ധമുട്ട് കേരളം.

പമ്പ-പുണ്യസ്നാനമെത്ര കോടി-പുണ്യദായകം-

ശരണമേകിടുന്ന ശബരിമലയതുള്ള കേരളം. 04

പണ്ടു നല്ല നീണ്ടയാത്ര ചെയ് വതിന്നതുണ്ടു തീര--

ദേശമൊക്കെ നീണ്ട നല്ല കായലുള്ള കേരളം.

ഉത്തരത്തിലുണ്ടുനാലു കായല്‍, മൂന്നു ദക്ഷിണം-

മദ്ധ്യമാണു വേമ്പനാട്ടുകായല്‍, നീണ്ട കേരളം. 05

വേമ്പനാട്ടുകായല്‍തീരമാണു 'കാശി-ദക്ഷിണം'-

അഷ്ടമിക്കു പേരുകേട്ട ശക്തിശിവം കേരളം.

അഴിയിലൂടെ ആഴിയൊത്തുചേര്‍ന്നിടുന്ന കായലഞ്ച്;

അഞ്ചിടത്തുമഴിമുഖങ്ങള്‍ ഉള്ള തീര കേരളം. 06

പണ്ടു സിന്ധു മാര്‍ഗ്ഗമായ് സുഗന്ധദ്രവ്യമൊക്കെയും

പശ്ചിമത്തിലേക്കു കേറ്റിവിട്ടിരുന്ന കേരളം;

കറുത്തപൊന്നു കണ്ടു കണ്ണുമഞ്ഞളിച്ച'അലാറിക്'-

റോമിനോട് വേണമെന്നു ചൊന്നതുള്ള കേരളം. 07

വന്നുകേറി വേദദര്‍ശ്ശനങ്ങള്‍തന്‍ കടയ്ക്കലായ്-

കത്തിവച്ചുനിന്നവര്‍ക്കു മാലയിട്ട കേരളം:

രണ്ടതല്ലയൊന്നതെന്നുചൊല്ലി ഊരുചുറ്റി മെല്ലെ

ജ്ഞാനപീഠമേറിനിന്ന ശങ്കരന്റെ കേരളം. 08

പാണ്ഡ്യ, ചോള, പല്ലവര്‍തുടങ്ങി മറ്റുനാട്ടുകാര്‍-

കേറിവന്നു നന്മ, തിന്മ പങ്കുവച്ച കേരളം;

പിന്നെയീക്കടല്‍കടന്നു വന്നവര്‍ക്കു തന്‍റെയീ-

വേദമന്ത്രമൊക്കെ വിറ്റു തുട്ടുവാങ്ങി കേരളം. 09

പല മതങ്ങളൊന്നിനൊന്നു വേര്‍തിരിഞ്ഞതെങ്കിലും-

ഒന്നിനൊന്നതിടകലര്‍ന്നതൊന്നുപോലെ കേരളം;

വെള്ളമൊക്കെ വേര്‍തിരിച്ചു പാല്‍കുടിപ്പു ഹംസവും:

തന്‍റെ സ്വത്വവും തിരിച്ചെടുപ്പു ഹംസ കേരളം. 10

അസ്തി സഞ്ചയിച്ചു നല്ല കല്ലുകൊത്തി മൂടിവച്ചു-

പണ്ടു നല്ല സ്മാരകം പടുത്തുയര്‍ത്ത കേരളം.

തൊലിയിരുണ്ടു മുടിചുരുണ്ടു മൂക്കുരുണ്ട വര്‍ഗ്ഗവും-

കാടിനുള്ളില്‍ വാണിരുന്ന ഗിരികളുള്ള കേരളം. 11

നാഗരായനായരും, ലങ്കരായൊരീഴവര്‍,

ദ്രാവാഡരൊത്തൊന്നുപോലെ വാണതആദി കേരളം;

കീഴടങ്ങി പിന്നെ ആര്യരായവര്‍ക്കു ദ്രാവിഡര്‍:

വിട്ടുവീഴ്ച ചെയ്തു പിന്നെ വാണതആര്യ കേരളം. 12

'ആയ്'തെക്കി്ടയ്ക്കു ചേരനും വടക്കതേഴിമല-

രാജനും ഭരിച്ച സംഘകാലമുള്ള കേരളം.

പതിരുപത്തതെന്ന പത്തു പാട്ടുപുസ്തകത്തിലൂടെ-

ചേരരാജരെക്കുറിച്ചു പാടി പാട്ടു കേരളം. 13.

ധര്‍മ്മ-കുരുക്ഷേത്രയുദ്ധവേള ചേരി രണ്ടിലും-

ഒന്നുപോലെ ഊട്ടി സദ്യ കാട്ടി നന്മ കേരളം.

കണ്ണകിതന്‍ കണ്ണില്‍നിന്നുതിര്‍ന്ന കണ്ണുനീരുയര്‍ന്നു-

കത്തിടുന്ന വിസ്മയം ജ്വലിച്ചതഗ്നി കേരളം. 14.

കര്‍മ്മമൊത്ത നാലുവര്‍ണ്ണ ഭേദമൊന്നുമില്ലയാതെ-

നാരിമാര്‍ക്കുയര്‍ന്ന പീഠമേകിയന്നു കേരളം:

പര്‍ദ്ദയില്ല ശൈശവത്തിലില്ല വേളി വേളിയുണ്ടു-

വിധവകള്‍ക്കുമന്നു നല്ല സാക്ഷരമീ കേരളം. 15

ആളുദൈവമില്ലപണ്ട് ദൈവമാണ് പൂര്‍വ്വികര്‍;

നല്ലവൃക്ഷമൊക്കെ ദൈവമായിടുന്ന കേരളം.

ബുദ്ധ, ജൈന, ബ്രാഹ്മണം മതങ്ങളന്നിടിച്ചുകേറി-

വന്നതിന്നെ ഒക്കെയും വരിച്ചു ദൈവ കേരളം. 16.

പിന്നെ മെല്ലെയന്ന്യമായി ബുദ്ധ-ജൈനമാം മതങ്ങള്‍-

ഒട്ടുമോളിലേറിനിന്നു ബ്രാഹ്മണന്‍റെ കേരളം.

ക്ഷയിച്ചുപിന്നെയഗ്രഹാരവും വളര്‍ന്നുവന്നു മെല്ലെ-

ഹിന്ദുവിന്നെ മാറ്റിടും മതങ്ങളുള്ള കേരളം. 17

ഏഴിമല 'നന്നന'വന്‍ മുഷകനും പിന്നെ നല്ല-

കോലത്തുനാടായ് വിളങ്ങിടും വടക്ക് കേരളം.

ഉദയവര്‍മ്മ കോലത്തിരിക്കാശ്രിതനായന്നു കവി-

പാടി നല്ല കൃഷ്ണ ഗാഥ കേട്ടുണര്‍ന്നു കേരളം. 18

സംഘകാലമാദിതൊട്ടതൊട്ടുനാളുനീണ്ടുവാണു-

'ആയ്‌'രാജവംശമന്നതാണ് തെക്ക് കേരളം.

'ആയ്‌'തന്‍റെ രാജധാനി നിന്നിടത്തു പര്‍ണ്ണശാല-

പണ്ടു കെട്ടി വാണിരുന്നതാണഗസ്ത്യ കേരളം.

ആയ് രാജന്‍ ആണ്ടിരന്നു ലഭ്യമായി സ്വര്‍ഗ്ഗ രാജ്യം-

ഇഷ്ടദാനമാനതന്നെ ആനയുള്ള കേരളം. 19

ചൊല്ലി പേര് കേരമാണതല്ല ചേരരല്ല ചാരല്‍-

അല്ല ചേറുപൊങ്ങി വന്നതാകയാല് കേരളം.

നാടനായ 'മല'യതൊത്തു ഫോറിനായ 'ബാര്‍'ചേര്‍ന്ന്-

സങ്കരിച്ചപേര് 'മലബാറ'തെന്നെ കേരളം. 20

വായു-മത്സ്യ-പത്മമാം പുരാണമാദിയായതില്‍-

ഉണ്ടതുണ്ടു കാളിദാസ കൃതിയിലുണ്ടു കേരളം:

ഉണ്ടതര്‍ത്ഥശാസ്ത്രമായ കൃതിയിലുണ്ടു കേരളം,

ഉണ്ടതും പതഞ്ജലിക്കുമറിയുമന്നു കേരളം. 21

(തുടരും)