നാട്ടിലേക്കിന്നു നീ പോകേണ്ട മാവേലി–
യരുതാത്ത കാഴ്ച്ചകള്‍ കണ്ടുകൂടാ!
കാളകുടത്തി൯ വിഷം ചീറ്റി നില്ക്കുന്ന–
കാളിയന്മാരും വിലസിടുന്നൂ•••
ഓടിക്കളിക്കുന്ന പൈതങ്ങളില്ലവ–
രോടിപ്പതുണ്ടു മൗസിന്റെയാ ക്ളിക്കിനാല്•
പള്ളിക്കുടത്തിലെ ‘ടീച്ചറും’ ചൊല്ലുന്നി–
തുത്തരത്തിന്നുനീ – കേറണം ‘നെറ്റി’ലും•
മുറ്റങ്ങളില്ലാത്ത വീടാണു നാട്ടിലി–
ന്നായതു കൊണ്ടില്ല‚ പൂക്കളങ്ങള്‍•
വാഴകളില്ലാത്ത നാടാണു കൊണ്ടിന്നു–
മൃഷ്ടാ ന്നഭോജനം ‘കടലാസി’ലും•
തോട്ടിന്റെ വക്കിലെ കദളിത൯ പൂക്കളും‚
മുറ്റത്തു പുക്കുന്ന മുക്കുറ്റിയും–
കാണാത്തൊരിന്നി൯റെ മക്കളും തീ൪ക്കന്നു;
‘വെബ്ബിലെപ്പേജി’ ലാ ‘പൂക്കളങ്ങള്‍’•
പൂക്കളം കാണുവാനിന്നിന്റെ മാവേലി–
‘സൈബ൪ക്കഫേ’ യില്‍ നുഴഞ്ഞുകേറി;
ഫോട്ടോ പതിച്ചതാമൈഡന്റിയില്ലാത്ത–
മവേലിമന്നനും – കേണിടുന്നൂ•••
x x x
ഇന്നുഞാന്‍ ഞെട്ടിയാ ചാനലിന് വാര്‍ത്തകേ-
ട്ടൊട്ടുനേരം ബുദ്ധികെട്ടങ്ങിരുന്നുപോയ്.
ഞെട്ടിയില്ലാ; വാര്‍ത്ത കേട്ടപ്പൊ'ഴൊന്നുര-
ണ്ടല്ല, നാലഞ്ചു ഡസന്‍ 'വെട്ടു-കുത്തേറ്റു-
ചത്തുമലച്ച'താം ചന്ദ്രന്റെ വാര്‍ത്തകേ-
ട്ടപ്പൊഴും; കേട്ടു കല്ലായതാണെന്മനം.
ഞെട്ടിയി 'ല്ലെമ്മെന്റെ' ചങ്കുപൊട്ടിച്ചതാ-
യീടു 'മുന്മൂലന' ബോംബിന്റെ പൊട്ടലും-
കേട്ടറിഞ്ഞപ്പൊഴും; കണ്ടറിഞ്ഞപ്പൊഴും;
'കേള്വിയുള്ക്കഴ്ച'ക്കു വഴിമാറുകല്ലയോ!
ആര്ക്കിന്നിതെന്താണു 'നഷ്ട'മായ്പ്പോയതെ-
ന്നോര്ത്തൊന്നു ഞെട്ടിഞാന്‍ 'നഷ്ടമായ് മാനമീ-
നേതാവി' നായവന്‍ തന്റെ പേര് കേണിടും-
നേരത്തു ചന്ദ്രന്റെ ഭാര്യയും ചൊല്ലിപോല്‍!
തന്റെ ഭര്‍ത്താവൊരു 'ചുടുമാംസ പിണ്ഡ'മായ്
കൂടിക്കിടക്കുന്ന കണ്ടിട്ടു കേഴുവാന്‍-
പോലുമീ നാട്ടിലെ നാരിക്കു സ്വാതന്ത്ര്യ-
മില്ലന്നു കേട്ടൊന്നു ഞെട്ടിത്തെറിച്ചു ഞാന്‍!
(May-2012)
ഒന്ന്.
ജ്ഞാനിയാം താപസരുള്ളിലെ കണ്ണാലെ
കണ്ടതാം സത്യങ്ങള്‍ വേദമന്ത്രം.
ആയുള്ള ജ്ഞാനികള്‍: താപസര്‍ തന്റെ നാ-
മത്തിന്റെ പര്യായശബ്ദം 'കവി' !
പിന്നെ നല്ക്കഥകളെ ചൊല്ലിത്തരുന്നതാം
കാഥികര്‍ തന്നെ വിചക്ഷണന്മാര്.
എന്നുതന് ഗീതയിലൂടെയുത്ഘോഷിച്ച
കൃഷ്ണന്റെ വാക്കുകള്‍ വ്യര്‍ത്ഥമെന്നോ?
ആറുപതിറ്റാണ്ടു മുമ്പു തന്നുള്ളിലെ-
ക്കണ്ണാലെ കണ്ടതായുള്ള സത്യം;
'വേദമന്ത്രം'പോലുരുക്കഴിച്ചെജ്ഞെങ്ങ-
ളാചരിച്ചൂ കവി കേരളത്തില്‍ !
ചെളിയുള്ള പാടവരമ്പിലീപ്പുലയന്റെ-
കൂരയില്‍; ഫാക്ടറിത്തിണ്ണകളില്:
പുലരിയില്പ്പീടികത്തിണ്ണയിലുച്ചക്കു-
തെരുവിലീയന്തിയില് കള്ളുഷാപ്പില്‍:
പച്ചയാം മര്‍ത്ത്യന്റെ ഗന്ധമുള്‍ക്കൊണ്ടു തന്-
ചോര ചുവയ്ക്കുന്ന 'വാക്ക്'ഹവിസ്സാല്‍
ഹോമാഗ്നി വീണ്ടുമൊന്നാളിപ്പടര്ത്തീട്ടു-
രുക്കഴിച്ചൂ തന്റെ വേദമന്ത്രം.
ആയതാം മന്ത്രങ്ങളൊന്നേറ്റുചൊല്ലീട്ടു-
കേളികൊട്ടീടുകെന് കേരളമേ !
രണ്ട്.
ഹേ കവേ;യന്നു നീ നിന്റെ വാല്മീകത്തി-
ലല്പനേരം ധ്യാനലീനനായി.
പിന്നെ നിന് കൈവാളുരുക്കി നീ തീര്‍ത്തതോ;
വീണയൊന്നാണന്നു കേട്ടിരിപ്പൂ.
ആയപൊന്വീണയില് നിന്നുതിര്ന്നീടുന്നു
നിന്റെയാ ധീരമായീടും സ്വരം.
ഇല്ല നീ മൌനമായ് മാറിയില്ലൊട്ടുമേ
നിന്റെ മൌനം മഹാഗര്‍ജ്ജനം താന്‍.
സ്നേഹിച്ചതില്ല നീ നോവുമാത്മാക്കളെ
സ്നേഹിച്ചിടാത്തതാം തത്ത്വശാസ്ത്രത്തെയും.
ഇല്ലൊരാളും നിന്റെ കുതിരയെ കെട്ടുവാ-
നില്ലതിന്‍ മാര്‍ഗ്ഗം മുടക്കിടാനാരുമേ !
ഈ യുഗത്തിന്റെ സാമൂഹ്യമാം ശക്തി നീ:
മായുകില്ലിന്നു നിന് ചൈതന്യവീചികള്‍ !
ഈശ്വരന് മറ്റൊന്നതല്ല: 'സത്യത്തിനെ-
ദര്‍ശ്ശിച്ച പച്ചമണ്ണിന് മനുഷ്യന് !'
മൂന്ന്.
ഈയിടെ പെയ്തമഴക്കിവിടുത്തെ മലയോര-
ത്തുണ്ടായി പിന്നേയുമീയലുകള്.
ഗ്രഹണങ്ങളേറെക്കടന്നുപോയ്; കിട്ടിയി-
ല്ലൊട്ടും വിഷം പിന്നെയെന്തുചെയ്യും !
'കിട്ടികൈത്തോക്കുപൊട്ടിച്ചുകൊന്നൊന്നിനെ-
കുത്തിമാറ്റൊന്നിനെത്തല്ലിയുമേ-
കൊന്നിട്ടുനേടിയീ ചെങ്കോലുഞങ്ങളെ'-
ന്നൂറ്റത്തൊടോതുന്നു കാപാലികര്‍.
"കാലത്തിന് ചുമരിലായ് തുപ്പിത്തെറിപ്പിച്ചൂ
കാടന്മാരവരുള്ളിലെ വൈകൃതങ്ങള്‍."
"അറിയാത്ത നാടുകളില്‍ കാണാത്ത കുടിലുകളി-
ലറിയപ്പെടാതെ വളര്‍ന്നവരേ !
മരണത്തിനപ്പുറം വാഗ്ദാനം കിട്ടിയ-
മധുരത്തിനായി മരിച്ചവരേ !"
നിങ്ങള്തന് ചോരയില്‍ മുക്കിച്ചുവപ്പിച്ച
നിണമാല ചൂടിയിക്കാപാലികര്
നിങ്ങള്തന് രക്തസാക്ഷിത്ത്വധ്വജം വച്ച
തേരിലിന്നേറിയിട്ടുല്ലസിപ്പൂ !
നാല്.
എത്തിടുന്നൂ നിന് 'ദന്തഗോപുരത്തി'ലേ-
ക്കെത്തിടുന്നൂ നഗ്നപാദരായ് ഞങ്ങളും.
ഉണ്ടായിരിക്കുകില്ലേ വരവേല്ക്കുവാ-
നായിനിന് വാല്മീകഗോപുരപ്പടിയിലും !
ചൊല്ലിത്തരേണമേ നിന്നകക്കണ്ണാലെ
ദര്‍ശ്ശിച്ച ത്വത്ത്വങ്ങളാകയെന് ഗായകാ !
അഞ്ച്.
ഒന്നിനിച്ചൊല്ലട്ടെ ഞാനെന്‍ സഖാക്കളേ:
രാഷ്ട്രീയമെന്നതോ രാഷ്ട്രസംബന്ധിതം:
രാഷ്ട്രനിയമങ്ങളും രാഷ്ട്രസംബന്ധിതം:
നിയമത്തിന് പാലനം രാഷ്ട്രസംബന്ധിതം.
'രാഷ്ട്രീയ'മെന്നവാക്കിന്റെ നേരര്ത്ഥമോ
തെല്ലുമേയുള്ക്കൊണ്ടിടാതെ ചൊല്ലുന്നവര്‍;
തന്റെയാകിങ്കരര് തന്റെ സംഭാഷണം
തെറ്റുരാഷ്ട്രീയമായ്; തെറ്റല്ലവന്റെസം-
ഭാഷണം രാഷ്ട്രമംഗീകരിച്ചുള്ളതാം
നിയമത്തിനാലെങ്കിലൊന്നുചൊല്ലിത്തരൂ:
ജ്ഞാനപീഠങ്ങളിലേറുന്ന കവികളേ;
വാനില്‍പ്പറക്കുന്ന ഗന്ധര്‍വ്വഗായകാ;
പിന്നെയീ'ക്കേശിയാമസുരനെ'ക്കൊന്നതാം
വീരനാം കേശവന് തന്റെ വിലാപങ്ങ-
ളൊക്കെ കഥിച്ചതാം കാഥികാ ചൊല്ലുനീ;
എന്താണു'രാഷ്ട്രീയ'മെ'ന്തരാഷ്ട്രീയ'വും !
(May 2012)
"ഇന്ദ്രിയദര്ശ്ശനം ദഃഖമെന്നോര്ത്തുഞാ-
നെന്റെ കണ്പോളയടച്ചുപൂട്ടി.
നന്മക്കായ് ചെയ് വതും തിന്മയായ് കാണ്മവരുടെ
കണ്ഠവിക്ഷോഭമെന് കാതുപൂട്ടി.
സ്പര്ശ്ശനസുഖമോ നൈമിഷമാകയാ-
ലെന് തൊലിപ്പുറമൊരു പാറയായി.
ചെയ്യാത്ത തെറ്റിനും ശിക്ഷ വരിച്ചൊരു
ഭാരതസ്ത്രീയുടെ ഭാവശുദ്ധി.
കുടിവെള്ളമില്ലാതെയുഴലുന്ന മര്‍ത്ത്യരെ-
യോര്ത്തുഞാനെന്റെ ദാഹം കെടുത്തി:
'ഓസോണ്‍പാളി'യുരുക്കുവാന് പോരുന്നൊ-
രീയന്തരീക്ഷ ദുര്‍ഗ്ഗന്ധ വായൂ;
എന്‍ ശ്വാസകോശമുരുകുവാന് പാടില്ല
ആയതുകൊണ്ടുഞാനവ ബന്ധിച്ചു."
അങ്ങിനെ നീ തപം ചെയ്യുന്ന നേരത്തി-
താരു നിന് നെഞ്ചില്‍ നിറയുതിര്‍ത്തു?
"സ്പര്ശ്ശനംകൊണ്ടു പന്താടുവോര് ; ദുര്‍ഗന്ധ-
വായു ശ്വസിച്ചു സംതൃപ്തരാവോര് ;
അന്ന്യന്റെ ചോരയൂറ്റിക്കുടിച്ചിട്ടിന്നു
തന്റെയീ ദാഹം കൊടുത്തിടുന്നോര് ;
ദുര്ഭാഷണത്തിന്നു കാതുകൂര്പ്പിക്കുവോ-
രരുതാത്തിടത്തു തുറിച്ചു നോക്കോര് ;
ആയവരാണാ തപസ്വിതന്‍ നെഞ്ചിലേ-
ക്കാ നിറതോക്കിന് നിറയുതിര്‍ത്തു.
ഭാരതം ഭരിക്കുന്ന സോദരാ...
കേള്ക്കനീയിതിന്നെന്റെ രോദനം:
ഇട്ടുനാറിയ കോട്ടുവിറ്റു നീ-
കൂട്ടിടുന്നൊരീ നീചമാം പണം
എന്റെ നെഞ്ചതിന്നുള്ളിലെ മുറി-
പ്പാടുനീറ്റുവാനെന്നതോര്ക്കുക.
വന്നുതന്നെനിക്കാരതിക്കതി-
ന്നാലുഗ്രഹമേകിയന്നു ഞാന്‍;
പിന്നെ നിന്നെയും ചായവില്‍പ്പന-
ക്കാരനെന്നവന് ചൊന്നമാത്രയില്
ആയവന്നഹങ്കാരമായതിന്നൊ-
ക്കെയും ശിക്ഷയേകിയന്നു ഞാന്‍.
പിന്നെ നിന്നെയും ഭാരതത്തിന്നു-
നാഥനായഭിഷിക്തനാക്കി ഞാന്‍.
അന്നു നിന്റെമൂര്ദ്ധാവിലേക്കിറ്റു-
വീണൊരെന്റെയാ ഹൃദയരക്തവും-
കണ്ടുചൊല്ലിനീയന്നതെന് മുറി-
പ്പടുണക്കുവാന് വേല ചെയ്തിടും.
പിന്നെവന്നുനീ നിന്നൊരാരതി-
ക്കന്നു കണ്ടു നിന് നേത്രമായതില്-
തെല്ലു-തെല്ലതൊട്ടേറിടുന്നൊരീ-
'ഞാന'തെന്നതാംഭാവമായതും.
ഓര്ത്തതില്ലഞാനിത്രയേറെയാ-
യീടുമായഹങ്കാരിയെന്നുനീ!
ഇട്ടുനാറിയ കോട്ടുവിറ്റു നീ-
കൂട്ടിടുന്നൊരീ നീചമാം പണം
എന്റെ നെഞ്ചതിന്നുള്ളിലെ മുറി-
പ്പാടുനീറ്റുവാനെന്നതോര്ക്കുക.
എന്റെ നാടിനെക്കാത്തിടുന്നൊരാ-
വീര യോദ്ധരില് രണ്ടുപേര്‍-
ക്കന്നൊരിക്കലൊരു കൈപ്പിഴയതും--
സംഭവിച്ചുപോയെങ്കിലും,
'കോര്ട്ടുമാര്ഷലാ'ണായവര്ക്കതിന്-
ശിക്ഷ നല്‍കിയതെങ്കിലും,
നിന്റെ കൂട്ടുകാര്ക്കോട്ടുവാങ്ങുവാന്
നീപറന്നു തെണ്ടീടവേ
ജമ്മുവില്ചെന്നു ചൊല്ലിനീ ജവാ-
ന്മാര്‍ക്കു ശിക്ഷ വിധിച്ചു നീ!
നീയതായിടുന്നായതാം ജവാ-
ന്മാര്‍ക്കു ശിക്ഷ വിധിച്ചതെ-
ന്നാവുകില് പിന്നെയെന്റെ കോടതി-
ക്കെന്തതാണു പ്രസക്തിയും???
എന്റെ ജഡ്ജിമാര്‍ നിന്റെ വാക്കുകള്‍-
കേട്ടുശിക്ഷ വിധിച്ചതെ-
ന്നാണുനിന്റെയും വാദമെങ്കില്‍ നീ-
ചൊന്നതും 'കോര്‍ട്ടലക്ഷ്യ'വും!!!
പേര്‍ത്തു-പേര്ത്തുനിന്നിഷ്ടഭാഷണം
കാട്ടിടും നിന്റെ മീഡിയ-
കാട്ടിയില്ല നീ ഭോഷവക്കുകള്-
ചൊന്ന ഭാഷണം പേര്ത്തുമേ...
എന്നിരിക്കിലും പേര്‍ത്തു-പേര്ത്തുനിന്-
വാക്കുകള്‍ മുഴങ്ങുന്നു കാതിലും;
ഓര്ത്തതില്ലഞാനിത്രയേറെയാ-
യീടുമായഹങ്കാരിയെന്നുനീ!
ഇട്ടുനാറിയ കോട്ടുവിറ്റു നീ-
കൂട്ടിടുന്നൊരീ നീചമാം പണം
എന്റെ നെഞ്ചതിന്നുള്ളിലെ മുറി-
പ്പാടുനീറ്റുവാനെന്നതോര്ക്കുക.
വില്ലില്നിന്നുതിര്ന്നീടുമമ്പുപോ-
ലാണുചൊല്ലിടും വാക്കുകള്‍;
ഒന്നുചോന്നതിന് ശേഷമായതാം
വാക്കിനില്ല മടക്കവും.
നാഥനാണുനീ നാടിനെന്നതും-
ചിന്തയെ വെടിഞ്ഞന്നുനീ-
ചൊല്ലി ദില്ലിയില്‍ ദില്ലിതന്-
മുഖ്യനായിരുന്നതാം വീരനെ;
രാജിവച്ചൊളിച്ചോടിടുന്നതാം
ഭീരുവാണവനെന്നതും:
നക്സലാണവനെന്നുചൊല്ലി-
വിധിച്ചു നീ വനവാസവും:
രാമനീരേഴാണ്ടുകാട്ടില്-
വാസമെന്നു വിധിച്ചതും-
ദൈവനിശ്ചയമാണുരാക്ഷസ-
രാജനിഗ്രഹ ലക്ഷ്യവും.
പാണ്ഡവന്മാര് രണ്ടുവട്ടം-
കാട്ടിലായി പാര്‍ത്തതും-
കാട്ടിനുള്ളിലെ രാക്ഷസംവധം,
താപസര്ക്കതും രക്ഷയും;
ഇന്നുരാക്ഷസര് കാട്ടിലില്ലവര്-
നാട്ടിലാണൊടോ വാസവും;
നക്സലല്ലവന്, നാട്ടിലുള്ളതാം-
രാക്ഷസംവധം ലക്ഷ്യവും.
ദൈവനിശ്ചയം മാറ്റുവാന്‍-
നിനക്കാവതില്ലതെന് സോദരാ...
ഓര്ത്തതില്ലഞാനിത്രയേറെയാ-
യീടുമായഹങ്കാരിയെന്നുനീ:
ഇട്ടുനാറിയ കോട്ടുവിറ്റു നീ-
കൂട്ടിടുന്നൊരീ നീചമാം പണം
എന്റെ നെഞ്ചതിന്നുള്ളിലെ മുറി-
പ്പാടുനീറ്റുവാനെന്നതോര്ക്കുക.
(തുടരും)
Translation of Bhagavathgeetha by Vaikom Unni. ഭഗവദ്ഗീതയുടെ ഒരു സ്വതന്ത്ര പരിഭാഷ – വൈക്കം ഉണ്ണി
Malayalageetha-Chapter 01-Part 01-Vaikom unni, Malayalageetha Chpter 01 Part 02-Vaikom unni, Malayalageetha-Chapter 02-Part 01-Vaikom unni, Malayalageetha-Chapter 02- Part 02-Vaikom unni, Malayalageetha Chapter 02-Part 03-Vaikom unni. Malayalageetha-Chapter 03-Part 01-Vaikom unni Malayalageetha-Chapter 03- Part 02-Vaikom unni. Malayalageetha-Chapter 04-Part 01. Vaikom Unni.