Visit (സന്ദര്‍ശിക്കുക): Lakshmi Narayanan Grandhasala ലക്ഷ്മി നാരായണന് ഗ്രന്ഥശാല
തളര്ന്നുകിടന്നുറങ്ങുന്നശാന്തയെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. സമയം രാവിലെ എഴുമണി ആയിരിക്കുന്നു.
പാവം, ക്ഷീണം കാണും; വെളുപ്പിനെ മൂന്നുമണിവരെ ഇരുന്നു വായിക്കുകയായിരുന്നല്ലോ! ഇന്നലെ മാത്രമല്ല കഴിഞ്ഞ മൂന്നു ദിവസമായി ഇരുന്നു വായിക്കുന്നു. നഗരത്തിന്റെ യാതൊരു ശല്യവുമില്ലാത്തതുകൊണ്ട് അവള്‍ക്കു സുഖമായി ഉറങ്ങുവാന്‍ സാധിക്കുന്നു. നഗരത്തില്‍ കഴിച്ചുകൂട്ടിയ മുപ്പതുവര്‍ഷം ഒരു പേടിസ്വപ്നംപോലെ അയാള്‍ ഓര്‍ത്തു. വെളിപ്പിനെ അഞ്ചുമണിക്കുവിളിച്ചുണര്ത്തുന്ന ദൂതുവാല. ആറുമണിക്കുവരുന്ന പേപ്പര്‍വാല. പിറകെ വരുന്ന കച്ചടവാല. ഒരു വാലകളുടെയും ശല്യമില്ലാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു. രാവിലെ കാടിക്കുവേണ്ടി അമറുന്ന ഒരു പശുവിനെ വേണമെന്ന അവളുടെ നിര്‍ബന്ധത്തിനു താന്‍ വഴങ്ങിയുമില്ല. ‘പശുവിനെ കറക്കുവാന്‍ താന്‍ മറന്നിട്ടില്ല’ എന്ന അവളുടെ വാദഗതിയെ താന്‍ ചെറുത്തത് അന്നത്തെ നാടന്‍ പശുക്കള്‍ ഇന്ന് നാട്ടില്‍ കിട്ടുകയില്ല എന്നുപറഞ്ഞാണ്. അങ്ങിനെ ചെയ്തതോര്‍ത്തു വിഷമം തോന്നി. കാടിക്കുവേണ്ടി അമറുന്ന ഒരു പശുവുണ്ടായിരുന്നെങ്കില്‍ അവള് ഉണരുമായിരുന്നു. അപ്പോള്‍ തനിക്ക് തന്റെ പുതിയ നോവലിനെക്കുറിച്ചുള്ള അവളുടെ അഭിപ്രായം അറിയുവാന്‍ കഴിഞ്ഞേനെ. വിവാഹത്തിനുശേഷം തന്റെ എല്ലാ സൃഷ്ടികളുടെയും ആദ്യ വായനക്കാരി അവളായിരുന്നു. അവളുടെ അഭിപ്രായങ്ങള്‍ ഇന്നേവരെ തെറ്റിയിട്ടുമില്ല. മറ്റൊരിക്കലും കാണാത്ത ഒരു സൂക്ഷ്മത ഈ നോവല്‍ വായിക്കുമ്പോള്‍ അവളില്‍ താന്‍ കണ്ടിരുന്നു. വെളുപ്പിനെ മൂന്നുമണിക്ക് നോവലിന്റെ അവസാനവരിയും വായിച്ചുകഴിഞ്ഞ് ലൈറ്റ് ഓഫുചെയ്യുന്നത് താന്‍ അറിഞ്ഞുവെങ്കിലും അറിഞ്ഞില്ലന്നു നടിച്ചു. ഇപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു. അപ്പോള്‍ത്തന്നെ അവളുടെ അഭിപ്രായം ചോദിക്കാമായിരുന്നു. എങ്കില്‍ ഇപ്പോഴത്തെ ഈ മാനസിക പിരിമുറുക്കം ഒഴിവായേനെ.
അയാള്‍ സാവധാനം കട്ടിലില്‍നിന്നും എഴുനേറ്റ് വരാന്തയിലിരുന്നു. തൂപ്പുകാരിവന്ന് മുറ്റം തൂത്തിട്ടു പോയിരിക്കുന്നു. രാത്രി പെയ്ത മഴ കാരണം പകുതി മണ്ണിലും പകുതി വെളിയിലുമായി മുറ്റത്തുകിടക്കുന്ന കരിയിലകളുടെ മുകളില്‍ക്കൂടി ഈര്ക്കിലുകള്കൊണ്ടുള്ള വരകള്‍ കാണാം. ഇവിടെ എല്ലാം ഒരു വഴിപാടായിരിക്കുന്നു. താന്‍ ഈ സ്ഥലവും വീടും വാങ്ങിയിട്ട് ഒരു വര്‍ഷം ആയി എങ്കിലും, ഇവിടുത്തെ മുറ്റംതൂപ്പുജോലിയുടെ അവകാശം മാധവിയിലും, അവളുടെ മഹത്തായ ഇരുപത്തഞ്ചുവര്‍ഷത്തെ സേവനത്തിന്റെ ബാധ്യത തന്നിലും നിക്ഷിപ്തമാണെന്ന സത്യം ഏതാനും മാസങ്ങല്ക്കുമുന്പുമാത്രമാണ് തനിക്ക് മനസിലായത്. അന്യായത്തിനു മുന്‍തൂക്കം വന്നാല്‍ അത് ന്യായമാകുമെന്നാണല്ലോ പ്രമാണം. നാട്ടില്‍ സ്ഥിരതാമാസത്തിനുവന്നത് അബദ്ധമായിപ്പോയി എന്ന് തോന്നാതിരുന്നിട്ടില്ല. മക്കള്‍ രണ്ടുപേര്‍ക്കും സമ്മതമല്ലായിരുന്നു; പക്ഷെ തന്റെ ആഗ്രഹത്തിന് ശാന്ത ഒരിക്കലും എതിരുനിന്നിട്ടില്ല. കറുപ്പിന്റെ ലഹരിയില്‍ പഴയ സായിപ്പന്മാരെ സ്വപ്നം കാണുന്ന അമ്മൂമ്മ. അമ്മൂമ്മയുടെ സ്വപ്നലോകത്തിലെ രാജാക്കന്മാരെ വിരട്ടിയോടിക്കുവാന്‍ ശ്രമിക്കുന്ന അച്ഛനെ പത്തായത്തിന്റെ മുകളിലിരുന്നുകൊണ്ട് ശപിക്കുന്ന അമ്മൂമ്മയുടെ മുഖത്തെ ഗൌരവം ഇന്നും തന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. ഇന്ന് ആ സായിപ്പന്മാരില്ല; അമ്മൂമ്മയില്ല; അച്ഛനില്ല. എങ്കിലും താന്‍ ജനിച്ചുവളര്‍ന്ന നാടിനോടുള്ള സ്നേഹം മായാതെ കിടക്കുന്നു.
ചുരുട്ടിയ പത്രം ഭിത്തിയില്വന്നിടിച്ച് ഇറയത്തുവീണ ശബ്ദം കേട്ടപ്പോള്‍ അയാള്‍ ദിവാസ്വപ്നത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു. പത്രമെടുത്ത് അയാള്‍ വായിക്കുവാന്‍ തുടങ്ങി. ‘വിഷം ചേര്‍ത്തു ലഹരികൂട്ടിയ മദ്യവില്പന വ്യാപകമായതുകൊണ്ടും, അങ്ങിനെവില്ക്കുന്ന മദ്യത്തിന്റെ ഒരു ചെറിയ ശതമാനം പോലും സര്‍ക്കാരിന് കിട്ടാത്തതുകൊണ്ടും സര്‍ക്കാരിന് കോടികളുടെ നഷ്ടം’; പത്രത്തിലെ പ്രധാന വാര്‍ത്ത. ദൈവമേ; വിഷംകൊടുത്ത് മാനുഷ്യരെ കൊല്ലുന്നതിന്റെ വിഹിതം സര്‍ക്കാരിന് കിട്ടാത്തത്തില്‍ പ്രതിഷേധിക്കുന്ന പത്രധര്‍മ്മം. നമ്മളുടെ പോക്ക് ഇതെങ്ങോട്ടാണ്. തനിക്ക് പ്രതികരിക്കണമെന്നുണ്ട്; പക്ഷെ സാധിക്കുന്നില്ല. ഒരു വര്‍ഷത്തിനുള്ളില്‍ താന്‍ എങ്ങിനെ ബന്ധനസ്ഥനായി? തന്നെ ആരാണ് ബന്ധിച്ചത്? പാവം മത്തായി; താന്‍ അയാളെ എത്രമാത്രം കുറ്റപ്പെടുത്തിയിരിക്കുന്നു. താന്‍ വരുന്നതിനു രണ്ടുവര്‍ഷം മുന്‍പേ മാത്യൂഫിലിപ്പെന്ന തന്റെ മത്തായി ജന്മനാട്ടില് സ്ഥിരതാമസക്കാരനായതാണ്. അതുവരെ തങ്ങള്‍ ആത്മബന്ധം പുലര്ത്തിയിരുന്നതുമാണ്. പക്ഷെ നാട്ടില്‍ സ്ഥിരതാമാസമാക്കിയതിനുശേഷം അയാള്‍ നടത്തിയ ഓരോ സൃഷ്ടികള്‍ വായിച്ചപ്പോഴും താന്‍ കൂടുതല്‍ കൂടുതല്‍ ഞെട്ടുകയുണ്ടായി. തന്റെ മത്തായിക്ക് ഇതെന്തുസംഭവിച്ചു? ആരെയും ഭയപ്പെടാതെ എന്തും തുറന്നെഴുതുന്ന സ്വഭാവക്കാരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. പക്ഷെ അവന്റെ രചനകളില്‍ നിറങ്ങളും, മണങ്ങളും ആധിപത്യം സ്ഥാപിക്കുന്നത് കണ്ടപ്പോള്‍ താന്‍ മുഖത്തടിക്കുന്നതുപോലെ ഈ മാറ്റത്തിനുള്ള കാരണം അവനോടു ചോദിക്കുകയുമുണ്ടായി. പക്ഷെ പുച്ഛം കലര്‍ന്ന ഒരു ചിരി മാത്രമാണ് തനിക്ക് അവനില്‍നിന്നും കിട്ടിയ മറുപടി. അന്നുമുതല്‍ അവന് തനിക്ക് മത്തായി അല്ലാതായി. ‘രാജാവിന്റെ സ്തുതിപാഠകനെപ്പോലെ മറ്റാര്‍ക്കോവേണ്ടി എഴുതുന്ന രണ്ടാകിട എഴുത്തുകാരാ എന്ന് വിളിച്ച് താന്‍ അവനെ അധിക്ഷേപിക്കുകവരെ ചെയ്തു. എന്നിട്ടും അവന് കോപിച്ചില്ല; അതേ പുച്ഛംകലര്‍ന്ന ചിരി മാത്രമായിരുന്നു അവന്റെ പ്രതികരണം. തനിക്കുനഷ്ടപ്പെട്ടുപോയ സുഹൃത്തിനെയോര്‍ത്തു താന്‍ എത്രമാത്രം വേദനിച്ചിരുന്നു. പക്ഷെ, ഇന്നിപ്പോള്‍ അവനെ കുറ്റപ്പെടുത്തുവാന്‍ താനും അര്ഹനല്ലാതായിരിക്കുന്നു.
മുപ്പതുവര്‍ഷം മുന്‍പ് നാട്ടിലെ റേഷന്‍കാര്‍ഡില്‍നിന്നും, റേഷന്‍കടയിലെ പുസ്തകത്തില്‍നിന്നും വെട്ടിയ തന്റെ പേര് തിരിച്ച് എഴുതിക്കുവാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ മാത്രമാണ് താന്‍ പഠിക്കുവാന്‍ തുടങ്ങിയതേയുള്ളുവെന്ന സത്യം മനസ്സിലായത്. റേഷന്‍കാര്‍ഡില്‍ പേരെഴുതിക്കുവാനുള്ള ശ്രമം ആഴ്ച്ചകളില്നിന്നും മാസങ്ങളിലേക്കുനീണ്ടപ്പോള് തന്റെ ഭാഗ്യം കൊണ്ടോ അതോ നിര്‍ഭാഗ്യം കൊണ്ടോ, അയല്‍വാസി ചന്ദ്രന്‍പിള്ള സഹായഹസ്തവുമായി തന്നെ സമീപിച്ചു. ചന്ദ്രന്‍പിള്ളയുടെ കഴിവിനെ അംഗീകരിച്ചേ പറ്റൂ. രണ്ടുദിവസത്തിനുള്ളില്‍ മിന്നിത്തിളങ്ങുന്ന റേഷന്‍കാര്‍ഡുമായി അയാള്‍ വീട്ടില്‍ വന്നു. എന്തെന്നില്ലാത്ത ഒരു സ്നേഹം തനിക്ക് അയാളോട് തോന്നുകയും ചെയ്തു. സപ്ലെ ആഫീസില്‍ എന്തെങ്കിലും ചിലവായിട്ടുണ്ടങ്കില് കൊടുക്കാമെന്ന തന്റെ നിര്‍ദ്ദേശത്തെ അപ്പാടെ അയാള്‍ നിരാകരിച്ചു. ഒരു അയല്‍വാസിയുടെ കടമയാണ് താന്‍ നിറവേറ്റിയതെന്ന ചന്ദ്രന്‍പിള്ളയുടെ വാദം തനിക്ക് അംഗീകരിക്കേണ്ടിയും വന്നു. ചചന്ദ്രന്പിള്ളയില്ക്കൂടി തനിക്കുവേണ്ടി “പ്രതിഫലം ഒന്നും വാങ്ങാതെ” റേഷന്കാര്ഡുണ്ടാക്കിത്തന്ന സപ്ലെ ആഫീസ് ജീവനകാരെ പരിചയപ്പെട്ടു. അവരും തന്റെ സുഹൃത്തുക്കളായി. എത്ര സ്നേഹമുള്ള ആള്ക്കാര്. അങ്ങിനെ തന്റെ സുഹൃത് വലയം അവരില്‍കൂടി കൂടിക്കൂടിവന്നു. പ്രതിഫലേച്ഛകൂടാതെ എല്ലാവരും തനിക്കുണ്ടാകുന്ന എല്ലാ പ്രതിസന്ധികളിലും സഹായിച്ചുകൊണ്ടിരുന്നു. അങ്ങിനെ താന്‍ കള്ളവും, ചതിയും, പൊളിവച്ചനവുമില്ലാത്ത, ദൈവത്തിന്റെ നാട്ടിലെ നല്ലവരായ സുഹൃത്തുക്കളുടെ കൂടത്തിലെ കിരീടം വയ്ക്കാത്ത രാജാവായി. നല്ലവരായ സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തെ എന്നും താന്‍ മാനിച്ചിട്ടേയുള്ളു. അങ്ങിനെയാണല്ലോ താന്‍ സഹകരനസംഖത്തിന്റെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും, വിജയിച്ചതും. താന്‍ നല്ലവരെന്നുധരിച്ചിരുന്ന ഓരോ സുഹൃത്തുക്കളുടെയും സഹായങ്ങള്‍ തനിക്ക് ബന്ധനങ്ങളായിരുന്നില്ലേ? അല്ലെങ്കില്‍ എങ്ങിനെ തനിക്ക് ഇതുപോലെ ഒരു നോവല്‍ രചിക്കേണ്ടിവന്നു? ഇന്നുതനിക്ക് സ്വയം ചിന്തിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ ചിന്ത തന്റെ ചിന്തയാകുന്നു. മറ്റുള്ളവരുടെ ശരി തന്റെ ശരിയാകുന്നു. മറ്റുള്ളവരുടെ ന്യായം തന്റെ ന്യായമാകുന്നു. മറ്റുള്ളവരുടെ ബുദ്ധി തന്റെ ബുദ്ധിയാകുന്നു. മറ്റുള്ളവരുടെ ആശയം തന്റെ ആശയമാകുന്നു. മറ്റുള്ളവരുടെ പാര്‍ട്ടി തന്റെ പാര്‍ട്ടിയാകുന്നു. താന്‍ താനറിയാതെതന്നെ പാര്‍ട്ടിക്കാരനാകുന്നു. തനിക്ക് തന്റെ അസ്തിത്വം നഷ്ടപ്പെടുന്നു. താന്‍ താനല്ലാതാകുന്നു, മറ്റൊരാളാകുന്നു. പാവം മത്തായി; അവന്റെ പുച്ഛം കലര്‍ന്ന ചിരിയുടെ അര്‍ത്ഥം താന്‍ ഇന്നുമനസ്സിലാക്കുന്നു.
‘ചായ’; ശാന്തയുടെ ശബ്ദം. തലയുയര്‍ത്തി നോക്കിയപ്പോഴേക്കും ജനാലപ്പടിയില്‍ ചായവച്ചിട്ട് അവള് തിരിഞ്ഞുകഴിഞ്ഞിരുന്നു; . അതുകൊണ്ടു അവളുടെ മുഖം കാണുവാന്‍ സാധിച്ചില്ല. എന്തെ അവള് അഭിപ്രായം ഒന്നും പറയാഞ്ഞത്! തന്റെ വിമ്മിഷ്ടം അവള് അറിഞ്ഞില്ലന്നുണ്ടോ? പ്രഭാതകര്‍മ്മങ്ങള്‍ ചെയ്യുമ്പോഴെല്ലാം ശാന്തയുടെ മുന്പില് ചെന്നുപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തനിക്ക് അവളുടെ മുഖത്തുനോക്കുവാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഇരുപത്തെട്ടുവര്‍ഷത്തെ ദാമ്പത്യത്തില്‍ ഇന്നേവരെ അനുഭവപ്പെടാത്ത ഒരു പ്രതീതി. താന്‍ എന്തിനവളെ ഭയപ്പെടുന്നു? അതെ , താന്‍ തെറ്റുചെയ്തിരിക്കുന്നു. തന്റെ ആഗ്രഹം ഇതുപോലെയുള്ള സൃഷ്ടികളാണെങ്കില്‍, തന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കാനുള്ള അവളുടെ വിഷമവും, തന്റെ ഈ മാറ്റത്തെ അംഗീകരിക്കുവാനുമുള്ള അവളുടെ ബുധിമുട്ടുമല്ലേ അവളുടെ ഈ മൌനത്തിനു കാരണം? ജീവിതത്തില്‍ ആദ്യമായി ശാന്തയുടെ മുന്പില് താന്‍ ചൂളിപ്പോകുന്നു. വയ്യ; ഇനിയും സഹിക്കവയ്യ.
സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. സഹകരണസംഖം ആഫീസ് തുറന്നുകാണും. അവള് കാണാതെതന്നെ ഷര്‍ട്ടെടുത്തിട്ട് പുറത്തിറങ്ങി. മുറ്റത്തിനുവെളിയില്‍ കടന്നപ്പോള്‍ വിളിച്ചുപറഞ്ഞു; ’ശാന്തേ, ഞാന്‍ ഒന്ന് പുറത്തുപോയിട്ടുവരാം’. അവളുടെ മറുപടിക്കുകാക്കാതെ ധിറുതിയില്‍ നടന്നു. സഹകരനസംഖം ആഫീസില്‍ തന്റെ സഹപ്രവര്‍ത്തകര്‍ നേരത്തെതന്നെ ഹാജരായിരിക്കുന്നു. സെക്രട്ടറി രാധാമണിയുടെ മുഖം ബീഡിയുടെയും, സിഗരറ്റിന്റെയും പുകകള്‍ക്കിടയിലൂടെ അവ്യക്തമായി കാണാം. മുണ്ടുമടക്കിക്കുത്തി, കാലിന്മേല് കാലുകയറ്റി, സെക്രട്ടറിയുടെ മുന്പിലിട്ടിരിക്കുന്ന സോഫയിലിരുന്നുപുകവലിച്ചുതള്ളുന്ന തന്റെ സഹപ്രവര്‍ത്തകരുടെ മര്യാദകേടിനെ തിരിച്ചറിയാന്‍ താന്‍ എന്തെ ഇത്ര വൈകിയത്? പുകപടലങ്ങളെ വകഞ്ഞുമാറ്റി സെക്രട്ടറിയുടെ മുന്പിലിട്ടിരിക്കുന്ന കസേരയില്‍ ചെന്നിരുന്നു. മുഖം താഴ്ത്തിയെ തനിക്ക് ഇരിക്കുവാന് സാധിക്കുന്നുള്ളൂ. സാവധാനം ഒരു വെള്ളക്കടലാസില്‍ തന്റെ രാജിക്കത്ത് എങ്ങനയോ കുറിച്ച് സെക്രട്ടറിയെ എല്പ്പിച്ചശേഷം അവര്‍ അത് വായിക്കുന്നതിനുമുന്പേതന്നെ പുറത്തുകടന്നു. തന്റെ സഹപ്രവര്‍ത്തകരായിരുന്നവര്‍ എന്തോ പറഞ്ഞത് കര്ണ്ണപുടങ്ങളില്ത്തട്ടി തിരിച്ചുപോയി. കുനിഞ്ഞിരുന്ന തന്റെ തല അല്‍പ്പം ഉയര്‍ന്നതായി തോന്നുന്നു.
വീടിന്റെ ഉമ്മറവാതില്‍ തുറന്നുതന്നെ കിടക്കുന്നു. അടുക്കളയില്‍നിന്നുള്ള പുകയും അവളുടെ ചുമയും കേട്ടപ്പോള്‍ അവള് അടുക്കളയില്ത്തന്നെയുണ്ടെന്നു മനസ്സിലായി. കിടപ്പുമുറിയിലെ മേശപ്പുറത്തുകിടക്കുന്ന തന്റെയല്ലാത്ത സൃഷ്ടിയുടെ ശവം ചീഞ്ഞുനാറുന്നതിനുമുന്പേ അതിനെ ദഹിപ്പിക്കേണ്ടതുണ്ട്. അയാള്‍ ആ കടലാസുകഷണങ്ങള്‍ മേശപ്പുറത്തുനിന്നെടുത്ത് ഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ അടുക്കളയില്‍ കയറി. ആ ചാപിള്ള ചീഞ്ഞുനാറുവാന്‍ അനുവദിക്കാതെ അതിനെ തുണ്ടം തുണ്ടമാക്കിയശേഷം, ‘പുകഞ്ഞുകെടുവാന്തുടങ്ങിയ വിറകുകൊള്ളികള്‍ കത്തിക്കുവാനുള്ള അവളുടെ ശ്രമം വിഫലമാകുവാന്‍ താന്‍ അനുവദിക്കുകയില്ല’ എന്ന് പ്രതിജ്ഞയെടുക്കുകയാണോ എന്ന് തോന്നും പോലെ ആ കടലാസുതുണ്ടുകള്‍ അടുപ്പിനകത്തേക്ക് തള്ളിക്കയറ്റി. ആ കടലാസുതുണ്ടുകള്‍ കത്തിയുണ്ടായ തീജ്വാലകളുടെ സഹായത്താല്‍ അവളുടെ മുഖം തെളിയുന്നതും, പ്രസന്നമാകുന്നതും, അയാള്‍ തലയുയര്‍ത്തിനിന്നുകൊണ്ട് കണ്ടു.
x x x
മാസത്തിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുവാനുള്ള കഷ്ട്ടപ്പാടിന്റെയിടയില് എവിടെയോ വച്ച് മുജ്ജന്മ
സുകൃതം പോലെ വീണുകിട്ടിയ ഒരുതുണ്ടുഭൂമി. അതില്‍ അയാള്‍ പാകിയ അനേകം വിത്തുകള്‍ക്ക് മാസങ്ങളോളം നിധികാക്കുന്ന ഭൂതത്തെപ്പോലെ കാവലിരുന്നു. ഒരുദിവസം അയാളുടെ കാവലിരുപ്പിനെ സാര്‍ത്ഥകമാക്കിക്കൊണ്ട് മുളച്ചുപൊന്തിയ ആദ്യത്തെ തൈ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. തന്റെ പരിമിതമായ ഭൂമിയില്‍ ഒന്നില്‍ക്കൂടുതല്‍ മരത്തിനു പടര്ന്നുപന്തലിക്കുവാനുള്ള സ്ഥലം ഇല്ലെന്നുമാനസ്സിലാക്കിയ അയാള്‍, മറ്റുവിത്തുകള് മുളക്കുന്നതിനു മുന്‍പേതന്നെ നശിപ്പിക്കുവാനും മറന്നില്ല. നീണ്ട രണ്ടുപതിറ്റാണ്ടിന്റെ കാത്തിരുപ്പിനിശേഷം പടര്‍ന്നുപന്തലിച്ച ആ മരം പൂത്തുവിടര്‍ന്നപ്പോള്‍ അയാള്‍ എന്തെന്നില്ലാതെ ആഹ്ലാദിച്ചു. ആ പൂക്കളുടെ സൌന്ദര്യത്തില്‍ തന്റെ ഭാര്യ അല്പം അഹങ്കരിക്കാതെയും ഇരുന്നില്ല. പക്ഷെ അയാളുടെ അന്പതുവര്ഷത്തെ അനുഭവസമ്പത്തിനെപ്പോലും അതിശയിപ്പിച്ചുകൊണ്ട് ആ പൂക്കള്‍ ഒന്നൊന്നായി കായാകാന്‍ തുടങ്ങിയപ്പോള്‍ അയല്പക്കത്തുകാര് കുശുമ്പുപറയുന്നുണ്ടായിരുന്നു. അതില്‍നിന്നു വീണുകിട്ടിയ തന്റെ അദ്ധ്വാനത്തിന്റെ ഫലങ്ങള്‍ അയാള്‍ ഒന്നൊന്നായി ആസ്വദിക്കുവാന്‍ തുടങ്ങി. വളരെ ആര്‍ത്തിയോടെ അവ ഓരോന്നും അയാള്‍ ഭക്ഷിച്ചുകൊണ്ടിരുന്നു. പക്ഷെ, ആ ഫലങ്ങളെല്ലാം മത്തുപിടിപ്പിക്കുന്നവയും, ഇടക്കൊക്കെ പുഴുക്കുത്തുള്ളവയുമാണ് എന്നസത്യം അയാള്‍ മനസ്സിലാക്കിയപ്പോഴേക്കും അയാളുടെ തലയ്ക്കു ലഹരിപിടിച്ചുതുടങ്ങിയിരുന്നു. നിമിഷനേരംകൊണ്ട് ചീഞ്ഞുനാറുവാന്തുടങ്ങിയ ആ ഫലങ്ങളില്കിടന്നുനുരയ്ക്കുന്ന പുഴുക്കള്‍ അയാളുടെ ലഹരിപിടിച്ച കണ്ണുകള്‍ക്ക് അവ്യക്തമായിരുന്നുവെങ്കിലും ഇടക്കിടെ അവ അയാളെനോക്കി കൊഞ്ഞനംകുത്തുന്നതായി അയാള്ക്കുതോന്നാതിരുന്നില്ല. ആ ലഹരിയുടെ അവാച്യമായ അനുഭൂതിയിലൂടെ സാവകാശം ഉറക്കത്തിലേക്ക് അയാള്‍ വഴുതി വീണു.
തന്റെ രണ്ടുപതിറ്റാണ്ടിന്റെ കഠിനാദ്ധ്വാനത്തിന്റെ ആകെത്തുക, ചീഞ്ഞുനാറുന്ന ആ ഫലങ്ങളില്ക്കിടന്നുനുരയ്ക്കുന്ന പുഴുക്കളുടെ രൂപത്തില്‍ അയാളെ കൊഞ്ഞനംകുതുന്നത് വളരെ വ്യക്തമായി അയാളുടെ ഉപബോധമനസ്സ് കേള്ക്കുവാന്തുടങ്ങി. അയാളുടെ കണ്‍മുന്‍പില്‍വച്ചുതന്നെ ആ പുഴുക്കള്‍ വികൃതരൂപികളായി വളരുന്നതും, അവയുടെ കൊഞ്ഞനംകുത്തല്‍ അസഹ്യമായ അട്ടഹാസങ്ങളായി പരിണമിക്കുന്നതും അയാള്‍ തിരിച്ചറിഞ്ഞു. അവ അയാള്ക്കുച്ചുറ്റുംനിന്ന് ഉന്മാദനൃത്തം ചവുട്ടി. നൃത്തംചവുട്ടിത്തളര്ന്ന ആ വികൃതരൂപികള്‍ ദാഹശമനത്തിനായി അയാളുടെ രക്തം കുടിക്കാനാഞ്ഞപ്പോള് അയാള്‍ കട്ടിലില്‍നിന്നും ചാടിയെഴുനേറ്റ് മുറിക്കുപുറത്തേക്കിറങ്ങി.. അവ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. പേടിച്ചരണ്ട അയാള്‍ ബാല്‍ക്കണിയിലേക്കോടി. ബാല്‍ക്കണിയുടെ കൈവരിയില്‍പിടിച്ച് അയാള്‍ തിരിഞ്ഞുനോക്കി. അവ ആര്‍ത്തിയോടെ ദംഷ്ട്രങ്ങള്‍ പുറത്തെടുത്ത് അയാള്‍ക്കുനെരെ നടന്നടുക്കുന്നു. പാടില്ല; കഴിഞ്ഞ അന്പതുകൊല്ലം താന്‍ പവിത്രമായി സൂക്ഷിച്ച തന്റെ ശരീരം ഈ നാറുന്ന ജീവികള്‍ക്ക് ഇരയാകുവാന് പാടില്ല. അയാള്‍ എഴാംനിലയില്നിന്നും താഴേക്ക് എടുത്തുചാടി.
“നിങ്ങള്ക്കിതെന്തിപറ്റി? മകള്‍ കണക്കില്ലാതെ വാങ്ങിത്തരുന്നെന്നുകരുതി ചാരായം കുടിക്കുന്നപോലെ സ്ക്കോച്ചുകഴിക്കരുതെന്നുപറഞ്ഞാല് മനസ്സിലാകില്ല.”
ഡ്രസ്സിംങ്ങ് മേശക്കരികത്തിരിക്കുന്ന ഭാര്യയുടെ ശകാരം. തെല്ലുജാള്യതയോടുകൂടി അയാള്‍ കൈ നിലത്തുകുത്തി എഴുനേല്‍ക്കാന്‍ ശ്രമിച്ചു. കൈമുട്ടിനു നല്ല വേദന. കട്ടിലില്നിന്നുവീണപ്പോള് കൈ നിലത്തിടിച്ചുകാണും.
“എന്താ, പത്തുമണിവരെ കിടന്നുറങ്ങിയിട്ടും ‘കെട്ടി’റങ്ങിയില്ലേ?”
താന്‍ എഴുനേല്‍ക്കാന്‍ ബുദ്ധിമുട്ടുന്നതുകണ്ടപ്പോള് അവള് അടുത്തുവന്നുപിടിച്ചെഴുനേല്പ്പിച്ചു. അവളുടെ ശരീരത്തിന് പനിനീര്‍പ്പൂവിന്റെ സുഗന്ധം.
അവളുടെ സെല്ഫോണില്നിന്നുയര്ന്ന പാശ്ചാത്യസംഗീതത്തിനു വിരാമമിട്ടുകൊണ്ട് അവളുടെ ശബ്ദം;
”കാറ് ഗേറ്റിനുവെളിയിലേക്കിറക്കിയിട്ടോ; ഞാനിതാ എത്തി”.
തന്നെ നോക്കി അവള് പറഞ്ഞു.
“ഡ്രൈവറാണ്; രാവിലെ പത്തുമണിക്കുതന്നെ മീറ്റിങ്ങിനെത്താമെന്നുപറഞ്ഞതാണ്, ഇപ്പോള്‍ത്തന്നെ ലേറ്റായി. അല്ലെങ്കില്‍ത്തന്നെ മെമ്പറായി ആറുമാസത്തിനുള്ളില്‍ പ്രസിഡന്റായത്തില് അവറ്റകള്‍ക്കൊക്കെ ഭയങ്കര കുശുമ്പാണ്. “
പുറത്തേക്കിറങ്ങാന്തുടങ്ങിയ അവള് വാതില്ക്കല് തിരിഞ്ഞുനിന്നുപറഞ്ഞു.
“ ആഹാരം എല്ലാം അടുക്കളയില്‍ വച്ചിട്ടുണ്ട്; എടുത്തുകഴികച്ചോളണം; മകളെ ബുദ്ധിമുട്ടിക്കരുത്; അവള് സുഖമായി ഉറങ്ങട്ടെ; രാത്രിമുഴുവന്‍ ജോലിചെയ്യുന്നതല്ലേ!”
അതെ; തന്റെ മകള്‍ക്ക് നൈറ്റ്ഡ്യൂട്ടിയാണ്. നൈറ്റ്ഡ്യൂട്ടിമാത്രം. ഭൂമിയുടെ അങ്ങേപ്പകുതിയുടെ പകല്‍വെളിച്ചത്തില്‍ ഉണര്‍ന്നിരിക്കുന്ന തന്റെ അന്നദാദാക്കള്ക്കുവേണ്ടി, ഇങ്ങേപ്പകുതിയുടെ രാത്രിയെ പകലാക്കി അദ്ധ്വാനിക്കുന്നവള്‍. അവരുടെ രണ്ടാംകിട ഉല്പ്പന്നങ്ങല്ക്കുവേണ്ടി ലോകത്തിന്റെ മുക്കിലും മൂലയിലും പരതിനടന്ന് ഒന്നാംകിട കസ്റ്റമര്‍മാരെ തപ്പിയെടുക്കുന്നവള്. പാസ്പ്പോര്‍ട്ടും വിസയുമില്ലാതെ പകല്‍പോലെ വെളിച്ചമുള്ള തന്റെ കൊച്ചുമുറിയില്‍ അല്പവസ്തധാരിണിയായിരുന്ന് ലോകം ചുറ്റിക്കറങ്ങുന്നവല്. തന്റെ കസ്ട്ടമാര്മ്മാര്ക്ക് മനസിലാകുന്ന ഭാഷ അനായാസം മന്സിലാക്കിയവള്. അവരുടെ ഭാഷയില്‍ അവരോട് കൊഞ്ചിക്കുഴഞ്ഞ് അവരെ പാട്ടിലാക്കുന്നവള്.
മലയാളിയെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് പറഞ്ഞ വരികള്‍ അയാള്‍ അല്‍പ്പം തിരുത്തിവായിച്ചു.
“ഭാഷയേതുമതേമട്ടില് പേശുവാന്‍ വശമാകുവോള്;
വേഷമേതുധരിപ്പാനുമേതുമേ മടിയറ്റവള്.”
അവള് രണ്ടാംവയസില്ത്തന്നെ മധുരമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ എന്തെന്നില്ലാതെ ആഹ്ലാദിച്ചു. തന്റെയൊപ്പം ജോലിചെയ്തിരുന്നവരെല്ലാം ലോണെടുത്ത് ഫ്ലാറ്റുവാങ്ങിയപ്പോള് താനും ലോണെടുത്തു. ഫ്ലാറ്റുവാങ്ങാനല്ല; മകളെ പട്ടണത്തിലെ മുന്തിയ പള്ളിക്കൂഠത്തില്‍, ക്ഷമിക്കണം, കോണ്‍വെന്റില്‍ ചേര്‍ത്തു പഠിപ്പിക്കുവാന്‍. അന്ന് തന്നെ മഠയനെന്നുവിളിച്ചവരുടെ മുന്പില് അവളുടെ ഒന്നാംറാങ്കുകള്‍ നിരത്തിവച്ച് താന്‍ ഞെളിഞ്ഞുനടന്നു.
കൂട്ടുകാരികളുടെ രണ്ടാമത്തെയും, മൂന്നാമത്തെയും സിസ്സേറിയനുകള്‍ കഴിഞ്ഞപ്പോള്‍, ആദ്യത്തേത് സുഖപ്രസവമായിരുന്ന തന്റെ ഭാര്യ ആഗ്രഹം പ്രകടിപ്പിക്കാതിരുന്നില്ല. പക്ഷെ മകളുടെ ‘നല്ലഭാവി’യെ പൊക്കിപ്പറഞ്ഞ് താന്‍ അവളുടെ ആഗ്രഹത്തിന് കടിഞ്ഞാണിട്ടു. എന്നിട്ടും അവള് പരിഭാവിച്ചില്ല. തന്റെയും മകളുടെയും ആരോഗ്യത്തില്‍ ശ്രദ്ധിച്ച് സന്തോഷമായി ജീവിച്ചു.
അന്നത്തെ ഒരുവര്‍ഷത്തെ തന്റെ മൊത്തം ശമ്പളത്തിന്റെ ഇരട്ടി ഇന്ന് ഒരുമാസംകൊണ്ട് തന്റെ മകള്‍ സമ്പാദിക്കുന്നു. തനിക്ക് വര്‍ഷത്തിലൊരിക്കലേ ബോണസ് കിട്ടാറുണ്ടായിരുന്നുള്ളൂ. ഇന്ന് തന്റെ കമള്‍ക്ക് വര്‍ഷത്തില്‍ പലതവണ ബോണസും ലഭിക്കുന്നു. ‘അന്നത്തെ ഇല്ലായ്മയിലും, ഇന്നത്തെ സമൃദ്ധിയിലും ഒരേപോലെ ആഹ്ലാദിക്കുവാന്‍ സാധിക്കുന്ന തന്റെ ഭാര്യയിലൂടെ ‘സ്തീ’യെന്ന സമസ്യ അയാള്‍ പൂരിപ്പിച്ചു.’
അതെ, തന്റെ മകള്‍ സായിപ്പന്റെ ഭാഷക്കൊപ്പം അവന്റെ വസ്ത്രധാരണവും സ്വന്തമാക്കിക്കഴിഞ്ഞു. തന്റെ രണ്ടുപതിറ്റാണ്ടിന്റെ അദ്ധ്വാനഫലം ഏതാതാനും മാസങ്ങള്‍കൊണ്ട് സായിപ്പന്റെ സ്വന്തമായിരിക്കുന്നു. അവര്‍ക്കൊപ്പംനിന്ന് സാകൂതം അവളും പറയുന്നു; “ദീസ് ബ്ലഡി ഇന്ത്യന്‍സ്’
അയാള്‍ സാവകാശം കട്ടിലില്‍നിന്നും എഴുനേറ്റു. പ്രഭാതകര്‍മ്മങ്ങള്‍ക്കുശേഷം വിശാലമായ ബാല്‍ക്കണിയിലേക്കിറങ്ങി. ബാല്‍ക്കണിയുടെ മൂലക്ക് കിടക്കുന്ന ചാരുകസേരക്കുസമീപം താന്‍ ഇന്നലെ കഴിച്ചുബാക്കിവച്ച സ്ക്കോച്ചിന്റെ കുപ്പിയും ഗ്ലാസും ഇരിക്കുന്നു.
ആറുമാസങ്ങല്ക്കുമുന്പ് ചാലിലെ നാറുന്ന ഒടകള്ക്കിടയിലുള്ള കൊച്ചുവീട്ടില്‍നിന്നും മകള്‍ വാങ്ങിയ ഈ വീട്ടിലേക്കുകൊണ്ടുവന്ന ഒരേയൊരു ഫര്‍ണീച്ചര്‍ ഈ ചാരുകസേര മാത്രമാണ്; അതും തന്റെ പിടിവാശിമൂലം. പക്ഷെ തന്റെ സിംഹാസനത്തിന് മകളുടെ ഈ വീട്ടില്‍ കിട്ടിയ സ്ഥാനം ബാല്‍ക്കണിയുടെ മൂലയാണ്.
ബാല്‍ക്കണിയില്‍ നിരത്തിവചിരിക്കുന്ന ചട്ടികളില്‍ നിറയെ വിവിധവര്‍ണ്ണങ്ങളിലുള്ള നിരവധി റോസാപുഷ്പ്പങ്ങള്‍ . ഡിസംബറിന്റെ തണുത്ത കാറ്റ് ആ പൂക്കളെ തഴുകിപ്പോയപ്പോള്‍ അല്പം സൗരഭ്യത്തിനായി അയാളുടെ നാസാപുടങ്ങള്‍ ദാഹിച്ചു. പക്ഷെ കുപ്പികള്ക്കുള്ളിലാക്കിയ ആ പൂക്കളുടെ സൌരഭ്യം തന്റെ ഭാര്യയുടെ ഡ്രസിങ്ങ് മേശക്കുമുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
അയാള്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് താഴേക്കുനോക്കി. കഴിഞ്ഞ രാത്രിയില്‍ ആത്മഹത്യ ചെയ്ത തന്റെ ശവശരീരത്തിനുചുറ്റും കാക്കകള്‍ വട്ടമിട്ടു പറക്കുന്നു. തന്റെ ജഡം അവിടെക്കിടന്നു ചീഞ്ഞുനാറി പുഴുവരിക്കുന്നതിനുമുന്പേതന്നെ അതിനെ ശുദ്ധീകരിച്ചു സംസ്ക്കരിക്കണം.
ലിഫ്റ്റിനുമുന്പില് ഒരുനിമിഷം അയാള്‍ ശങ്കിച്ചുനിന്നു. ‘മരിച്ചുകഴിഞ്ഞ താന്‍ ഇനി ആധുനിക സൌകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല.’ അയാള്‍ സാവകാശം പടികളിറങ്ങി. പുറത്തു കോണ്‍ക്രീറ്റുതറയില്‍ കിടന്ന് ഉറുമ്പരിക്കുവാന് തുടങ്ങിയ തന്റെ ശവശരീരം ചുമലിലേറ്റി, അതിനെ കുളിപ്പിച്ച് ശുദ്ധീകരിക്കേണ്ട പുണ്യതീര്ത്ഥങ്ങള്തേടി അയാള്‍ യാത്രയായി.
X X X
View other Videos of Vaikom Unni. Vayalar kavitha-Enikku Maranamilla-Vaikom unni
Translation of Bhagavathgeetha by Vaikom Unni. ഭഗവദ്ഗീതയുടെ ഒരു സ്വതന്ത്ര പരിഭാഷ – വൈക്കം ഉണ്ണി
Malayalageetha-Chapter 01-Part 01-Vaikom unni, Malayalageetha Chpter 01 Part 02-Vaikom unni, Malayalageetha-Chapter 02-Part 01-Vaikom unni, Malayalageetha-Chapter 02- Part 02-Vaikom unni, Malayalageetha Chapter 02-Part 03-Vaikom unni. Malayalageetha-Chapter 03-Part 01-Vaikom unni Malayalageetha-Chapter 03- Part 02-Vaikom unni. Malayalageetha-Chapter 04-Part 01. Vaikom Unni.
കൃഷ്ണഗാഥ, സ്തുതിഗീതങ്ങള്‍ (അവലംബം: ഋഗ്വേദസൂക്തങ്ങള്‍),