Stuthigeetham (സ്തുതിഗീതം)

സ്തുതിഗീതം രചന : വൈക്കം ഉണ്ണി

സ്തുതിഗീതം – 01 (അഗ്നിസ്തുതി)

അഗ്രണി; ദീപ്തിമാ-നെജ്ഞപുരോഹിതന്‍,

രത്നയുക്തന്‍ പിന്നെ ദേവദൂതന്‍,

ആയതാമൊക്കെയായീടുന്നൊരഗ്നിയാം-

ദേവനെ കൂപ്പി സ്തുതിച്ചിടുന്നേന്‍ . 01

മുനികളായീടുവോര്‍ പണ്ടുപാസിച്ചതു-

മായവരിപ്പോള്‍ സ്തുതിപ്പിപ്പതും:

ആയുള്ളൊരഗ്നിയെ യജ്ഞകുണ്ഡത്തിലേ-

ക്കായിക്ഷണിക്കുന്നു ദേവകളും. 02

ഓരോ ദിനം തോറുമേറെ സമ്പത്തുക-

ളേകിയിട്ടെന്നെയുയര്‍ത്തിയിട്ടീ-

വീരനാക്കീടുന്ന വീതിഹോത്രന്നെയീ

ഭക്താനാം ഞാനിതാ കൈതൊഴുന്നേന്‍ . 03

വഹ്നിദേവന്‍ വസിച്ചിട്ടിന്നവിഘ്നമാ-

ക്കീടുന്നൊരീ യജ്ഞ കര്‍മ്മങ്ങളാല്‍;

തൃപ്തരായീടുന്നതുണ്ടിന്നു സ്വര്‍ഗ്ഗസ്ഥ-

യായൊരു ദേവ ഗണങ്ങളുമേ. 04

അമര യശസ്വികള്‍; ജ്ഞാനകര്‍മ്മങ്ങള്‍ തന്‍-

പ്രേരകര്‍; പിന്നെ ഹവിര്‍ വാഹകര്‍;

ആയുള്ള ദേവകളോടൊത്തെഴുന്നെള്ളു-

കെന്റെയീ യജ്ഞത്തിലേക്കു ശുചീ. 05

ഹേ, ചിത്രഭാനു നീ; നന്മ വരുത്തുന്ന-

തുണ്ടിന്നിതീ ഹവിര്‍ ദാതാവിനും.

ഞങ്ങളീ ചെയ്യുന്ന കര്‍മ്മങ്ങളാകയും

പ്രാപിപ്പതുണ്ടിന്നു നിന്നിലുമേ. 06

രാപ്പകല്‍ ഭേദമില്ലാതെ നിത്യേനയും,

ഞങ്ങള്‍ തന്‍ ബുദ്ധിയില്‍, ഹൃത്തിങ്കലും:

ദഹനനായീടുന്ന നിന്നെയുറപ്പിച്ചു

ഭക്തിയോടിന്നിതാ കുമ്പിടുന്നേന്‍ . 07

യജ്ഞത്തെയാകെയും പ്രകടമാക്കീടുന്ന

സത്യസംരക്ഷകനഗ്നി ദേവ !

സഹജമായീട്ടു വികസിച്ചിടുന്ന നീ-

തന്നെ സ്വയം പ്രകാശിപ്പതുമേ. 08

അച്ഛന്റെ ചാരത്തുപുത്രന്‍ സ്വമേധയാ-

ചെന്നെത്തിടുന്നതുപോലെയുമേ;

ദേവ നിന്‍ ചാരത്തിതെത്തുവാനായിട്ട-

നുഗ്രഹിച്ചീടണേ... വഹ്നിദേവാ. 09

സ്തുതിഗീതം – 02 (ഇന്ദ്രന്‍ -വരുണന്‍-അഗ്നി)

സര്‍വ്വം മറക്കുന്നൊരന്ധകാരം പോലെ

സര്‍വ്വത്തിനും വശീഭൂതമായീടുന്ന-

തല്ലയോ ഇന്ദ്ര; ഹേ വരുണ ദേവന്മാരെ

നിങ്ങള്‍തന്‍ ഭ്രമണമായീടുന്ന യാത്രകള്‍ . 01

യാതൊരെശസ്സിനാലാണിന്നു നിങ്ങള്‍ തന്‍

മിത്രങ്ങളായവര്‍ക്കന്ന സൌഖ്യങ്ങളെ

വര്‍ത്തിപ്പതായതായീടുന്ന തേജസ്സു-

കാട്ടീടുകെന്നിലും ഇന്ദ്ര; ഹേ ഭാസ്കര. 02

ഹേ ഭാസ്കരാ; മരുത്വാ വിളിച്ചീടുന്നി

സാധകന്‍ നിങ്ങളെയന്ന ലബ്ധിക്കതായ്.

ആകാശ-ഭൂമി; മരുത്തുക്കളൊത്തു

ശ്രവിച്ചീടുകെന്‍റെയീ സ്തോത്രഗീതങ്ങളെ. 03

ഹേ വരുണാ; പാകശാസനാ പ്രാപ്തമാ-

ക്കീടുകലൌകികമാകുമൈശ്വര്യവും.

ഹേ മരുത്തുക്കളെ; നല്കീടവേണമേ-

വീരരാം യോദ്ധരേം; ഗോക്കളും, രത്നവും. 04

രക്ഷിക്കവേണമേ ഞങ്ങളെ നിങ്ങള്‍തന്‍

രക്ഷായുധങ്ങളേന്തുന്ന സൈന്യത്തിനാല്‍.

വാഗ്-രൂപിയായിടും ദേവി; ഹേ ഭാരതീ

വാക്കുകള്‍ തന്നിന്നനുഗ്രഹിക്കേണമേ. 05

സജ്ജനംതന്‍റെ ഹിതം നടത്തീടും-

ബൃഹസ്പതിക്കിപ്പൊഴീ ഞങ്ങളീ നല്‍കും

ഹവിസ്സിനെ സ്വീകരി ച്ചിട്ടെജമാനന്നു

ശ്രേഷ്ടമായീടും ധനത്തെ നല്‍കേണമേ. 06

ഞങ്ങളീയജ്ഞങ്ങളാചരിക്കുമ്പോള്‍

സ്തുതിക്ക ബ്രഹസ്പതിക്കായി ഋത്തുക്കളേ.

ലഭ്യമാക്കേണമേ ഞങ്ങള്‍ക്കു ശത്രുക്ക-

ളെ ജയിച്ചീടുവാനുള്ളതാം ശക്തിയും. 07

സത്കാരയോഗ്യന്‍, ബാലവാനവന്‍ നല്ല-

മാനുഷര്‍ക്കൊക്കെയും സൗഖ്യം കൊടുപ്പവന്‍.

ശ്രീഷ്ഠമായീടുന്ന മാര്‍ഗ്ഗത്തെക്കാട്ടും

ബ്രഹസ്പതിക്കായി നമിക്കേണമേവരും. 08

പ്രകാശിച്ചിടുന്നതാം സൌഖ്യദാദാവായ-

പൂഷാവെ; നീയോഗ്യനായീടവേണമേ.

സ്തോത്രത്തെയാലപിക്കപ്പെടാനായതി-

ന്നായി സ്തുതിച്ചാലപിക്കുന്നു ഞങ്ങളും. 09

പൂരുഷന്‍ കാംഷിച്ചിടുന്നതാം നാരിയെ

പ്രേമത്തൊടുള്‍ക്കൊണ്ടിടുന്നപോലെന്‍റെയീ

ജ്ഞാനത്തെയുള്‍ക്കൊണ്ടിടുന്നതാം സത്യത്തെ-

യറിയുന്നവാണിയും; പിന്നെയീ മന്ത്രമയ-

മാകുന്നതാം ബുദ്ധിശക്തിയും പ്രേമത്തൊ-

ടുള്‍ക്കൊണ്ടിടേണമേ ദേവ നീ പൂഷാവെ. 10

യാതൊരു പൂഷാവിതഖിലലോകങ്ങളും

വീക്ഷിച്ചിടുന്നു വെത്യസ്ഥമാംകോണില്‍നി-

ന്നായതാം പൂഷാവ് ഞങ്ങള്‍തന്‍ പോഷകന്‍;

ആയവന്‍ ഞങ്ങള്‍ക്കു രക്ഷകര്‍ത്താവുമേ. 11

ഭക്തന്‍റെ ബുദ്ധിക്കു നേരുള്ള മാര്‍ഗ്ഗത്തെ-

ക്കാട്ടുന്ന പൂജ്യനായീടും ‘സവിത്രുദേവന്‍’:

സര്‍വ്വസൃഷ്ടാവായ സര്‍വ്വശ്രേഷ്ഠന്‍ പാപ-

നാശകന്‍; തേജസ്വിയെ നമിക്കുന്നു ഞാന്‍ . 12

സര്‍വ്വപ്രകാശകാ; തേജോമയാ; ദാന-

ശീലനാമൈശ്വര്യ ദേവാ സവിത്രുദേവ!

കല്യാണരൂപ; സ്തുതിച്ചു ഭജിക്കുന്ന

ഞങ്ങള്‍ക്കു വേണ്ടും ധനത്തെ നല്‍കേണമേ. 13

ശ്രേഷ്ഠമേധാവികള്‍ തന്‍റെ കര്‍മ്മങ്ങളാ-

ലാകെ തെളിഞ്ഞതാം ബുദ്ധിതന്‍ പ്രേരണാല്‍

കുമ്പിട്ടു പൂജിച്ചിടുന്നൂ സവിത്രുദേവ-

യുന്മൂലനാശമാക്കീടു ദോഷങ്ങളെ. 14

ജ്ഞാനികള്‍തന്‍ സ്തുതികേട്ടു സംതൃപ്തരായ്

സന്തുഷ്ടനായ്‌ സുഖത്തോടെ സോമന്‍തന്‍റെ

സ്തുതിഗീതമാകയും സ്വീകരിച്ചിട്ടുതന്‍

ദേവലോകത്തേക്കിതാഗമിച്ചീടുന്നു. 15

ഇരുകാലിയാകുമീ മാനുഷര്‍ക്കും പിന്നെ

നാല്‍ക്കാലിജന്തുക്കളായവര്‍ക്കും നല്ല-

രോഗസംഹാരിയായീടുന്നൊരന്നത്തെ

ല്‍കുന്നതീ നല്ല ദേവാനാം സോമനും. 16

രോഗങ്ങളായിടും ശത്രുവെ നിഗ്രഹി-

ച്ചീ ദീര്‍ഖമായുള്ളൊരായുസ്സു നല്‍കിയി-

ട്ടിപ്പൊഴീ യജ്ഞകര്‍മ്മത്തിലേക്കായിട്ടെ-

ഴുന്നെള്ളിടേണമേ ദേവാനാം സോമ നീ. 17

കാലിത്തൊഴുത്തിലെ പാലായ്-ഗൃഹത്തിലെ-

തേനുമായ് ഞങ്ങള്‍ക്കുവേണ്ടിടും കര്‍മ്മങ്ങ-

ളാച്ചരിച്ചെത്തി ഹേ; മിത്രവരുണാത്മജ:

ഭൂലോകമാകെ മധു നിറക്കേണമേ. 18

ഹേ; മിത്ര, വരുണ വാണീടു രാജാവുപോല്‍

പാടി സ്തുതിച്ചിതാ പൂജിച്ചിടുന്നിതും.

നിങ്ങളെപ്പോഴുമേ ശോഭിച്ചിടുന്നുണ്ടു-

നിങ്ങള്‍തന്‍ ജ്ഞാനമായീടുന്ന ശക്തിയാല്‍ . 19

ജമദഗ്നിതന്നെയാല്‍ പൂജിച്ചിടുന്നതാം

മിത്ര-വരുണാത്മജാ സേവിച്ചുകൊള്ളുകീ

സത്യമായുള്ളതൊന്നിന്‍റെ ബലത്തിനാല്‍

ശ്രേഷ്ഠമായീടുമീ സോമാരസമാകയും. 20

സ്തുതിഗീതം - 03

സോമലതയിടിച്ചു പിഴിഞ്ഞീടുവാന്‍

ഉല്ലൂഖലങ്ങളുണരുന്നിടത്തുനി-

ന്നുല്‍പന്നമാകുമീ സോമരസം കുടി-

ച്ചീടുകവേണമേയിന്ദ്രനാം ദേവ നീ. 01

നാരീജനങ്ങളിന്നുല്ലൂഖലത്തിനെ

സോമാരസത്തിനായ്ക്കൊണ്ടിടിക്കു--

ന്നിടത്തങ്ങു ചെന്നിട്ടു സോമപാനം ചെയ്തു

സന്തുഷ്ടനാകേണമിന്ദ്രനാം ദേവനീ. 02

ഭവനങ്ങള്‍ തന്നിലങ്ങുള്ളതാം വൃത്തികള്‍

ക്കായിട്ടു വേണ്ടുന്നൊരുല്ലൂഖലങ്ങളാ-

ലുച്ചത്തില്‍ ഭേരിചിടട്ടങ്ങു ദുന്ദുഭീ-

നാദംകണക്കുള്ള ഘോഷശബ്ദങ്ങളും . 03

ഉല്ലൂഖലമാം വനസ്പതെ മാരുതന്‍

മാടിക്കളിക്കുന്നതുണ്ടു ചാരത്തുമേ.

ഹേ; ശിലയാകുമുരലുലക്കെ; നിങ്ങ-

ളിന്ദ്രനായ് സോമലത ചതച്ചീടുക. 04

അന്നത്തിനായുള്ള സേവനം ചെയ്തിടും

പൂജ്യമായിട്ടുള്ള ശക്തി നല്‍കുന്നൊരീ-

യുല്ലൂഖലത്തില്‍നിന്നുല്‍ഗമിച്ചീടുന്നി-

തിന്ദ്രാശ്വം തന്നുടെ ശീല്‍ക്കാര ശബ്ദമോ! 05

ഉല്ലൂഖലമായുയിര്‍ത്ത വനസ്പതെ;

യിന്ദ്രദേവന്നു നേദിച്ചിടാനുള്ളൊരീ

മധുരമായുള്ളതം സോമാരസത്തിനായ്

നന്നായിടിച്ചു പിഴിഞ്ഞു നല്‍കേണമേ. 06

ഉരലാലിടിച്ചുപിഴിഞ്ഞ സോമാത്തിനെ

ശുദ്ധമായുള്ളതാം ദര്‍ഭമേല്‍ വച്ചതിന്‍-

ശേഷമതിന്‍റെയുച്ഛിഷ്ടങ്ങളാകയും

തോലുകൊണ്ടുള്ളതാം പാത്രത്തിലാക്കുക. 07

സ്തുതിഗീതം - 04 (ദുര്‍ഗ്ഗാസ്തുതി)

ദുര്‍ഗ്ഗാസ്തുതി (രചന:വൈക്കം ഉണ്ണി)

യശോദപെറ്റുണ്ടായ ദുര്‍ഗ്ഗയാം ദേവി നീ;

നാരായണന്റിഷ്ടയായിടും ദേവി നീ.

നന്ദഗോപന്‍തന്റെ വംശത്തില്‍ ജാതയാം

ദേവി നീ മംഗല്യ-കുലധര്‍മ്മ ദായിനി. 01

കംസനെ വിദ്രവിപ്പിച്ചതും ദേവി നീ;

ദൈത്യരെ നിഗ്രഹിച്ചീടുന്ന ദേവി നീ.

പാറപ്പുറത്തടിച്ചപ്പോള്‍ പറന്നതാം

വാസുദേവന്‍ തന്റെ ഭഗിനിയാം ദേവി നീ. 02

ദിവ്യമാല്യത്തിനാല്‍ ഭൂഷിതയാണു നീ;

ദിവ്യാംബരം പൂണ്ട ദേവിയാം ദുര്‍ഗ്ഗ നീ.

ഖഡ്ഗചര്‍മ്മങ്ങളെ കൈക്കൊണ്ടിടുന്നതാം

ദുര്‍ഗ്ഗയാം ദേവിയെ പാടിസ്തുതിച്ചിടാം. 03

വരദയാകുന്നു നീ; കൃഷ്ണ, കുമാരി നീ;

ആബ്രഹ്മചാരിണീ-ബാലാര്‍ക്കകാന്തി നീ.

പൂര്‍ണ്ണചന്ദ്രാനനേ...ദേവീ... ചതുര്‍ഭുജെ;

ഹേ ചതുര്‍വക്ത്രയാം ദുര്‍ഗ്ഗേ നമോസ്തുതെ. 04

ഹേ പീനശ്രോണിപയോധരയായിട്ടു-

പിഞ്ഛശ്രീവളയിട്ട ദേവീ നമോസ്തുതെ.

ഹേ കേയൂരാംഗദമണ്ഡിതേ; നീ വിഷ്ണു-

പത്നിയാം ലക്ഷ്മിയെപ്പോലെ ശോഭിപ്പതും. 05

ഖേചരീ; നിന്റെ യീ രൂപവും, നിന്‍ബ്രഹ്മ-

ചര്യവും സ്പഷ്ടമായീടുന്നിതെപ്പൊഴും.

കൃഷ്ണമേഘം പോലെ തുല്യയാകുന്നു ശ്രീ-

കൃഷ്ണ-സങ്കര്‍ഷണര്‍ക്കൊപ്പവും ദേവി നീ. 06

ഇന്ദ്രധ്വജത്തിനൊത്താണു നിന്‍ കൈകളും;

നീ ധരിക്കുന്നു 'പത്മം', 'പാത്ര' 'മണി'കളും.

'വില്ലു''ചക്രം''വട'മാദിയായുള്ളൊര-

നേകായുധങ്ങള്‍ ധരിക്കുന്ന ദുര്‍ഗ്ഗ നീ. 07

കര്‍ണ്ണപുടങ്ങളെ മൂടുന്ന പോലുള്ള

കുണ്ഡലം കാതില്‍ ധരിച്ചിട്ടു; തിങ്കള്‍-

ക്കതിരൊത്ത മുഖകാന്തി ചേര്‍ന്നു വിളങ്ങുന്ന

ഭുവനേശ്വരീ ദേവി ദുര്‍ ഗ്ഗേ നമോസ്തുതേ. 08

വിചിത്രമാം മകുടവും ചാര്‍ത്തീട്ടു മോടിയായ്‌

കേശം മെടഞ്ഞിട്ടു; 'പന്നഗാഭോഗവാ-

സശ്രീ'കള്‍ മിന്നുമരഞ്ഞാണിനാലിന്നു

ഭോഗിയാല്‍ മന്ദരം പോലെ ശോഭിപ്പവള്‍. 09

ഉയര്‍ത്തുന്നൊരീ മയില്‍പ്പീലിക്കൊടിയതാല്‍

നീ പ്രശോഭിപ്പതുണ്ടെപ്പൊഴും ദേവി നീ.

നീ തന്നെ ശുദ്ധമാക്കുന്നതീ സ്വര്‍ഗ്ഗത്തെ:

നിന്റെ കൌമാരവൃതത്തിനാല്‍ ദേവി നീ. 10

മഹിഷാസുരന്നെയും മര്‍ദിച്ച നിന്നെയും

ദേവകള്‍ പൂജിപ്പു ലോക രക്ഷാര്‍ത്ഥമായ്‌.

എന്നില്‍ പ്രസാദിച്ചു ശിവയായിടേണമേ;

ഹേ സുരശ്രേഷ്ഠയായീടുന്ന ദേവി നീ. 11

ജയയായിടുന്നു നീ; വിജയയാകുന്നതും;

പോരില്‍ ജയിപ്പതും ദേവിയാം ദുര്‍ഗ്ഗ നീ.

ശാശ്വതസ്ഥാനമാം വിന്ധ്യാദ്രീന്ദ്രനില്‍

മേവുന്ന ദേവീ ജയിപ്പിപ്പതെന്നെ നീ. 12

മദ്യ, മാംസപ്പശുപ്രിയയായിടുന്നതാം

കളീ; മഹാകാളി ദുര്‍ ഗ്ഗേ നമോസ്തുതേ.

ഭൂതഗണങ്ങളെ പിന്നാലെ കൂട്ടും

സ്വതന്ത്രയായീടുന്ന വരദയാം ദുര്‍ഗ്ഗ നീ. 13

ഭാരാവതാരത്തില്‍ നിന്നെ നമിക്കുന്ന-

വര്‍ക്കുമീ മന്നില്‍ പ്രഭാത കാലത്തും,

നമിക്കുന്നവര്‍ക്കിന്നു പുത്ര-പൌത്രാദി സ-

മ്പത്തുകള്‍ ലഭ്യമാക്കുന്നതും ദുര്‍ഗ്ഗ നീ. 14

ദുര്‍ഗ്ഗത്തില്‍നിന്നും കരകേറ്റു നിന്നെയും

ചൊല്ലുന്നതുണ്ടിന്നു ദുര്‍ഗ്ഗയെന്നെങ്ങളും.

കാട്ടില്‍ കുഴങ്ങുന്നൊരാഴിയില്‍ മുങ്ങുന്ന

മാനുഷര്‍ക്കും ഗതിയാകുന്ന ദുര്‍ഗ്ഗ നീ. 15

'കീര്‍ത്തി', 'ശ്രീ', 'സിദ്ധി', 'ഹ്രീ', 'ധൃതി'യുമീ 'വിദ്യ'യും

'മതി'യുമീ 'സന്തതി'യാകയും ദേവി നീ.

നീ'സന്ധ്യ', 'നിദ്ര'നീ 'നിശ'യതും 'പ്രഭ'യുമേ:

'ജ്യോത്സ്ന കാന്തീ'... 'ക്ഷമ'തന്നെ നീ 'ദയ'യുമേ. 16

നിന്നെ ഭജിപ്പവര്‍ക്കുണ്ടാകയില്ലിന്നു

ബന്ധനം; മോഹമീ പുത്രനാശം പിന്നെ-

യുണ്ടാകയില്ലിന്നു തെല്ലും ധനക്ഷയം:

രോഗവും, മൃത്യുതന്‍ ഭീതിയും പോയിടും. 17

x x x