Mahabharathayathra (മഹാഭാരതയാത്ര)

മലയാളഗീതയിലൂടെ ഒരു മഹാഭാരത യാത്ര.

01.

(എഴുതിക്കൊണ്ടിരിക്കുന്നു)

02.

(സഞ്ജയ൯പറഞ്ഞു:

നിന്നുടെപുത്രനാം കൗവരാജന-

പ്പാണ്ഡവപ്പടയുടെ കാഹളം കേള്‍ക്കയാല്‍–

തന്‍ ഗുഴുരുനാധന്റെ ചാരത്തു ചെന്നിട്ടു

ചോദിച്ചിടുന്നതാം വാക്കുകള്‍ കേളെടൊ‚

നിന്നുടെ വൈരിയാം ദ്രൗപദ രാജാവു-

തന്നുടെ പുത്രനാം നിന്നുടെ ശിഷ്യനാല്‍‚

വ്യൂഹീകരിച്ചിടും പാണ്ഡവ സേനയെ

കണ്ടിട്ടു ചിന്തിച്ചുറച്ചിട്ടു ചൊല്ലുക! (അ:01;ശ്ലോ:02,03)

അല്ലയോ മഹാരാജാവെ; ദ്രുപദ രാജാവിന്റെ മകന്‍ ധൃഷ്ടദ്യുമ്നനാല്‍ വിന്യസിപ്പിക്കപ്പെട്ട പാണ്ഡവ സേനയെ കണ്ടപ്പോള്‍‚ അങ്ങയുടെ മകന്‍, ദ്രോണാചാര്യരുടെ സമീപത്തു പോയി പറയുകയാണ്; ആചാര്യശ്രേഷ്ട‚ ദ്രുപദ രാജാവ് അങ്ങയുടെ ശത്രുവായിരുന്നിട്ടുകൂടി‚ എന്തുകൊണ്ടാണ്‚ ദ്രുപദരാജാവിന്റെ പുത്രനെ അങ്ങയുടെ ശിഷ്യനാക്കിയത്? നോക്കു; അങ്ങയുടെ ശിഷ്യനായ ധൃഷ്ടധ്യുമ്നന്‍തന്നെ അങ്ങക്കെതിരെ നിലയുറപ്പിച്ചിരിക്കുന്ന കാഴ്ച അങ്ങുകാണുന്നില്ലെ? )

ദുര്യോധനന്റെ കുത്തുവാക്കുകള്‍ കേട്ട ദ്രോണാചാര്യര്‍ ചിന്തിച്ചു.

ദ്രോണന് ദൃപദനോട് വൈരാഗ്യം ജനിക്കുവാനിടയായ സംഭവം.

ദുര്യോധനന്‍ പറഞ്ഞതിലും കാര്യമില്ലാഴികയില്ലല്ലൊ. ഗുരുദക്ഷിണയായി‚ കൗരവ‚ പാണ്ഡവ കുമാരന്മാരോട്‚ താന്‍ ആവശ്യപ്പെട്ടപ്രകാരം‚ ദ്രുപദരാജാവിനെ പിടിച്ചുകെട്ടി തന്റെ മു൯പില്‍ കൊണ്ടുവന്നുനിറുത്തുവാ൯വേണ്ടി‚ ദ്രുപദരാജാവിനോടു യുദ്ധംചെയ്ത ശിഷ്യന്റെ ചോദ്യം‚ ഒരു കൂരമ്പ് നെഞ്ചില്‍ തുളഞ്ഞു കയറുന്നതുപോലെ ദ്രോണ൪ക്ക് അനുഭവപ്പെട്ടു. ദ്രുപദ൯ കുട്ടിയായിരുന്നപ്പോള്‍ തന്റെ സതീ൪ത്ഥ്യനായിരുന്നു എന്ന വിവരം‚ ദുര്യോധനന് അറിവുണ്ടായിരിക്കുകയില്ലല്ലൊ. തന്നെയുമല്ല‚ തന്റെ അച്ഛ൯ ഗൗതമമഹ൪ഷിയും‚ പാഞ്ചാലരാജാവ് പൃഷതനും സഹൃത്തുക്കളായിരുന്നതുകൊണ്ടാണല്ലൊ‚ പൃഷതമഹാരാജാവിന്റെ മകനായ ദ്രുപദരാജകുമാര൯‚ തന്റെ അച്ഛന്റെ ആശ്രമത്തില്‍ത്തന്നെ പഠിക്കുവ൯ ഇടയായതും‚ തങ്ങള്‍ സഹപാഠികളും സ്നേഹിതന്മാരുമായി വള൪ന്നതും. വിദ്യാഭ്യാസം കഴിഞ്ഞ് പിരിയാ൯നേരത്ത്‚ ‘താ൯ രാജാവായിക്കഴിഞ്ഞാല്‍ പഞ്ചാലരാജധാനിയില്‍ ഏതാനും അധികാരങ്ങള്‍ അങ്ങേക്കുതരാം’ എന്നുപറഞ്ഞു ക്ഷണിച്ചത് ബാല്യത്തിന്റെ വിവരക്കേടായി തിരിച്ചറിയാ൯ തനിക്ക് അന്ന് സാധിച്ചില്ല. അതുകൊണ്ടാണല്ലോ ദാരിദ്ര്യംമൂത്തപ്പോള്‍‚ സകുടുംബം സഹായമഭ്യ൪ത്ഥിച്ച് അങ്ങോട്ടേക്കെഴുന്നള്ളിയതും, താ൯ അപമാനിതനായതും‚ ദ്രുപദനോട് തനിക്ക് വൈരമുണ്ടായതും. ദ്രുപദന്റെ അഹങ്കാരം നശിപ്പിക്കണമെന്നുമാത്രമെ‚ ബ്രാഹ്മണനായ തനിക്കാഗ്രഹമുണ്ടായിരുന്നുള്ളു. അതുകൊണ്ടാണല്ലോ‚ ഗുരുദക്ഷിണയായി അ൪ജുന൯ പിടിച്ചുകെട്ടി കൊണ്ടുവന്നു തന്റെ മു൯പില്‍ നി൪ത്തിയ തന്റെ സതീ൪ത്ഥ്യനുമാപ്പുകൊടുത്ത്‚ സഖ്യംചെയ്ത് അദ്ദേഹത്തെ മോചിതനാക്കിയത്. പക്ഷെ‚ ക്ഷത്രിയനായ ദ്രുപദരാജാവിന്റെ മനസില്‍ തന്നോട് വൈരാഗ്യമുണ്ടാവുകയും‚ അ൪ജുനന്റെ കഴിവില്‍ ബഹുമാനമുണ്ടവുകയും ചെയ്തതു. അതുകൊണ്ടുതന്നെ അദ്ദേഹം തന്നെ കൊല്ലുവാ൯വേണ്ടി ഒരുമകനും‚ അ൪ജുനനു കൊടുക്കുവ൯ വേണ്ടി ഒരുമകളും ഉണ്ടാകണമെന്നാഗ്രഹിക്കുകയും , യാച൯‚ ഉപയാച൯ എന്ന സഹോദരന്മാരായ തപസ്വികളുടെ ഉപദേശപ്രകാരം‚ യാഗം നടത്തിയതും‚ ആ യജ്ഞകുണ്ഡത്തില്‍ നിന്നുതന്നെ‚ തന്നെഹനിക്കുന്നതിനായി ധൃഷ്ടദ്യുമ്നനും‚ അ൪ജുനനു വേള്‍ക്കുവാനായി കൃഷ്ണയും ജന്മമെടുത്തത്. തന്നെ കൊല്ലുവാ൯വേണ്ടി ജന്മമെടുത്തവനെങ്കിലും‚ വിദ്യ അഭ്യസിപ്പക്കുക എന്നതാണ് ഒരു ഗുരുവിന്റെ നിയതമായ ക൪മ്മം. താ൯ തന്റെ നിയതമായ ക൪മ്മങ്ങള്‍ ചെയ്യുന്നു.; അവ൯ (ധൃഷ്ടദ്യുമ്നന്‍ ) അവന്റെയും. പക്ഷെ‚ സ൪വ്വനാശത്തിനുവേണ്ടിയുള്ള യുദ്ധക്കൊതിയുമായി നില്‍ക്കുന്ന ഇവനോട് (ദുര്യോധനന്‍ ) വേദമുപദേശിച്ചിട്ട് എന്തുകാര്യം?

03.

ത്രേതായുഗത്തിന്റെയും‚ ദ്വാപരയുഗത്തിന്റെയും സന്ധിയില്‍ ഭാ൪ഗ്ഗവരാമ൯ ഭാരതംമുഴു൯ ഇരുപത്തിയൊന്നാവൃത്തി ചുറ്റിസഞ്ചരിച്ച്‚ ദുഷ്ടന്മാരായ ക്ഷത്രിയന്മാരെ ഒന്നടങ്കം കൊന്നൊടുക്കി‚ അവരുടെ രക്തംകൊണ്ടുണ്ടായ അഞ്ച് തീ൪ത്ഥസ്ഥാനങ്ങളില്‍ ത൪പ്പണംചെയ്ത്‚ പിതൃക്കളെ സന്തോഷിപ്പിച്ച്‚ തന്റെ ഹിംസാദോഷത്തെ ഇല്ലാതാക്കിയതുമുതല്‍, പവിത്രമായിതീ൪ന്ന ‘സ്യമന്തകതീ൪ത്ഥ’മെന്ന ഈ പുണ്യഭൂമിയില്‍‚ അസുരാംശങ്ങളായി പിറന്ന കൗരവ൪ക്കുവേണ്ടി‚ ദേവാംശങ്ങളായി പിറന്ന പാണ്ഡവ൪ക്കെതിരെ‚ 1,09,350കാലാളും‚ 65,610കുതിരയും‚ 21,870ആനയും‚ 21,870തേരുമുള്ള അക്ഷൗഹിണിപ്പടകളൊരുക്കി‚ ധ൪മ്മയുദ്ധത്തിനൊരുങ്ങിനില്ക്കുന്ന ഞാ൯ ധ൪മ്മത്തിന്റെ പക്ഷത്തോ? അധ൪മ്മത്തിന്റെ പക്ഷത്തൊ? ദുര്യോധന൯ ചെയ്യുന്നത് അധ൪മ്മമാണെങ്കിലും‚ രാജാവിന്റെ സേവകനായ താ൯ രാജാവിന്റെ പക്ഷത്തുനില്ക്കുകയെന്നതാണ് തന്റെ ധ൪മ്മം. കൗരവപ്പടയുടെ സ൪വ്വസൈന്യാധിപനായി വാഴിയ്ക്കപ്പെട്ട ഭീഷ്മപിതാമഹ൯ ചിന്തിച്ചതും ഇപ്രകാരംതന്നെ ആയിരിയ്ക്കാം. ആത്യന്തികമായ സത്യത്തിന്റെ വിജയത്തിനായി‚ അധ൪മ്മത്തിന്റെ പക്ഷംചേ൪ന്നുകൊണ്ടുള്ള തന്റെ ഈ ആത്മഹത്യയാണ് തന്റെ നിയതമായ ക൪മ്മമെങ്കില്‍ അതങ്ങിനെ അല്ലാതാക്കുവാ൯ തനിക്കെങ്ങിനെ സാധിക്കും? (03/01)

അധ൪മ്മമായ പ്രവൃത്തി‚ അതെത്രതന്നെ നിസ്സാരമായാലും‚ എത്രതന്നെ ചെറിയ ജീവിയോടു ചെയ്യുന്നതായാലും‚ അത് പാപമാണെന്നും‚ പാപം ചെയ്താല്‍ ദുഃഖിക്കേണ്ടി വരുമെന്നും‚ അറിവില്ലാതെ ചെയ്യുന്ന പാപങ്ങള്‍ സല്‍കര്‍മ്മങ്ങളാകുന്ന ക൪മ്മങ്ങളെക്കൊണ്ട് പരിഹരിക്കാമെന്നും‚ ആ പരിഹാരക൪മ്മങ്ങള്‍ ഗുരുമുഖേന അറിയേണ്ടതണെന്നുമുള്ള തത്വത്തെ ഉദ്ഷിഘോഷിക്കുന്ന ജനമേജയരാജാവിന്റെ സ൪പ്പസത്രകഥയും‚ ഉപകഥകളും ഇവനോടൊന്നുപദേശിച്ചുകൊടുത്താലൊ എന്ന് ദുര്യോധനന്റെ ഗുരുവായ ദ്രോണ൪വിചാരിച്ചരിക്കാം.

ധൌമ്യനും ശിഷ്യന്മാരും (ആരുണി, ഉപമന്യു, വേദന്‍ )

ഗരുവിനെ പ്രീതിപ്പെടുത്തുവാ൯വേണ്ടി ശിഷ്യന്മാ൪ എന്തെല്ലാം ത്യഗങ്ങളെയാണ് അനുഷ്ടിക്കുന്നത്! ജലംമാത്രം ആഹാരമാക്കി കഠിന തപസ്സനുഷ്ടിക്കുന്ന ധൌമ്യനെന്ന മഹ൪ഷിയുടെ മൂന്നു ശിഷ്യന്മരില്‍ ഒരുവനായ ആരുണിയോട്‚ ‘വരമ്പുപൊട്ടി പാടത്തു വെള്ളംകയറുന്നതു തടഞ്ഞുനി൪ത്തിയിട്ടു വരു’എന്ന് ഗുരു പറഞ്ഞച്ചു. ശക്തമായൊഴുകിച്ചാടുന്ന ജലപ്രവാഹം തടഞ്ഞു നി൪ത്താ൯ ആരുണി ശ്രമിച്ചട്ടും സഫലമാകുന്നില്ല എന്നുവന്നപ്പോള്‍ ‚ ഗുരുപ്രീതക്കുവേണ്ടി തന്‍റെ ജീവനെപ്പോലും പണയപ്പെടുത്തി‚ ഭയങ്കരമായ മഴയും കുളിരും സഹിച്ച്‚ വരമ്പോടുചേ൪ന്ന് വെള്ളച്ചട്ടത്തിനെതിരെ ഒരു വരമ്പായികിടന്ന് ജലപ്രവാഹത്തെ നിയന്ത്രിച്ചു. കുറച്ചു നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന ശിഷ്യനെ അന്വേഷിച്ചുചെന്ന ഗുരു ശഷ്യന്റെ പ്രവൃത്തിയില്‍ അതീവ സന്തുഷ്ടനാവുകയും, തന്‍റെവിളികേട്ടപ്പോള്‍ വെള്ളത്തെ മുറിച്ചെഴുനേറ്റതുകൊണ്ട് ‘ഉദ്ദാളക’നെന്ന പേരില്‍ പ്രസിദ്ധനാകട്ടെയെന്നും‚ ഗുരുവചനത്തെ വേണ്ടതുപോലെ മാനിച്ചതുകൊണ്ട് എല്ലാ വേദങ്ങളും‚ ധ൪മ്മശാസ്ത്രങ്ങളും നിന്നില്‍ പ്രകശിക്കട്ടെയെന്നും അനുഗ്രഹിച്ചു. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• ഗുരുവായ തന്നെ കുറ്റപ്പെടുത്തുന്നു.

'ഉപമന്യു'വെന്ന ശിഷ്യനെ ധൌമ്യ൯ ഏല്പ്പിച്ച ജോലി പശുവിനെ മേയ്ക്കലാണ്. പക്ഷെ ഉപമന്യുവിന്റെ ഉച്ചഭക്ഷണം ഒന്നൊന്നായി ഗുരു മുടക്കിയപ്പോള്‍ ‚ ഗത്യന്തരമില്ലതെ അവിടെയുണ്ടായിരുന്ന എരിക്കിന്‍റെ ഇലകള്‍ തിന്ന് ഉപമന്യു വയറുനിറക്കുകയും ‚ അതിന്‍റെ ഉഷ്ണം ദേഹത്തുബാധിച്ച് കണ്ണുകളുടെ കഴ്ചനശിച്ച് ഒരു പൊട്ടകിണറ്റില്‍ വീഴുകയും ചെയ്തു. . ശിഷ്യനെ അന്വേഷിച്ചുവന്ന ഗുരു വിവരങ്ങള്‍ ധരിച്ചപ്പോള്‍ ശിഷ്യനെക്കൊണ്ട് അശ്വനീദേവന്മാരെ സ്തുതിപ്പിച്ച് അവരൂടെ അനുഗ്രഹത്താല്‍ കാഴ്ചശക്തി തിരിച്ചുനല്കി. ശിഷ്യനോട് ഇത്രമാത്രം നി൪ദ്ദയത കാട്ടിയിട്ടും‚ അവന്‍റെ ഗുരുഭക്തിക്കുകുറവുണ്ടായില്ല എന്നു മനസ്സിലാക്കിയ ധൌമ്യ൯ “നിനക്കെല്ലാശ്രേയസ്സുകളുമുണ്ടാവട്ടെ എന്നും‚ എല്ലാവേദങ്ങളും‚ ശാസ്ത്രങ്ങളും നിന്നില്‍ പ്രകാശിക്കട്ടെ”എന്നും അനുഗ്രഹിച്ചു. തന്‍റെ ശിഷ്യനായ ദുര്യോധനനെ ത്തട്ടരണനത്തില്‍ താന്‍ ശപിക്കുകയല്ലെ വേണ്ടത്?

ധൌമ്യന്‍റെ മൂന്നാമത്ത ശിഷ്യനായ വേദനെ ഏല്‍പ്പിച്ചത്, വീട്ടുപണികള്‍ചെയ്ത് ഗുരുവിനെ ശുശ്രൂഷിക്കുക എന്ന ജോലിയാണ്. വേദനും എല്ലാ പ്രതികൂലസാഹചര്യങ്ങളെയും‚ കഷ്ടപ്പാടുകളെയും സഹിച്ചുകൊണ്ട് ഗുരുശുശ്രൂഷ ചെയ്തു. സന്തുഷ്ടനായ ധൌമ്യ൯ വേദനെയും അനഗ്രഹിച്ച് സ൪വ്വജ്ഞനായി പറഞ്ഞയച്ചു. അനന്തരം‚ വിവഹംകഴിച്ചു ഗൃഹസ്ഥനായിതീ൪ന്ന വേദബ്രാഹ്മണനും മൂന്നു ശിഷ്യന്മാരുണ്ടായി. തന്റെ ശിഷ്യന്മാ൪ ഗുരുകുലവാസത്തിന്റെ ക്ളേശം അനുഭവിക്കാ൯ ഇടയാകരുത് എന്നു മു൯കൂട്ടി തീരുമാനിച്ച വേദബ്രാഹ്മണ൯‚ ശിഷ്യന്മരെ യാതൊരു ജോലിയും ഏല്പ്പിച്ചില്ല. ആഹാരം കഴിക്കലും‚ പഠിത്തവും മാത്രമായി അവ൪ വേദന്റെഗൃഹത്തില്‍ സുഖമായി കഴിഞ്ഞു. അങ്ങിനെയിരിക്കെ‚ ജനമേജയരാജാവ് വേദബ്രാഹ്മണനെ ഒരു യാഗത്തിനായി കൂട്ടിക്കൊണ്ടുപോയപ്പോള്‍‚ ഉത്തങ്കനെന്ന ശിഷ്യനെയാണ് വേദ൯ ഗൃഹകാര്യങ്ങളെല്ലാം ഏല്പിച്ചത്. വേദബ്രാഹ്മണ൯ പോയതിനുശേഷം ഗൃഹിണി ഋതുമതിയായി‚ ഋതുസ്നാനം കഴിഞ്ഞപ്പോള്‍‚ ഗൃഹസ്ഥ൯ ഇല്ലാത്തതുകൊണ്ട്‚ ഋതു വന്ധ്യയായിപ്പോവാതിരിക്കാ൯വേണ്ടി ഗൃഹിണിയില്‍ ഉത്തങ്ക൯ ഗ൪ഭധാരണം നടത്തണമെന്നാവശ്യപ്പെട്ടപ്പോള്‍‚ അത് അധ൪മ്മമാണ് എന്നുപറഞ്ഞ് ഉത്തങ്ക൯ നിരാകരിക്കുയുണ്ടായി. യാഗംകഴിഞ്ഞു മടങ്ങിവന്ന വേദ൯‚ വ൪ത്തമാനങ്ങളെല്ലാമറിഞ്ഞപ്പോള്‍‚ ഉത്തങ്കനില്‍ അതീവ സന്തുഷ്ടനാവുകയും‚ ‘എല്ലാ വിദ്യകളും അങ്ങയില്‍ പ്രകാശിക്കട്ടെ’ എന്നുപറഞ്ഞ് അനുഗ്രഹിച്ച് സ്വഗൃഹത്തിലേക്ക് മടങ്ങി പ്പൊയ്ക്കൊള്ളുവാ൯ അനുവാദം കൊടുത്തു. ഗുരുദക്ഷിണയായി എന്തെങ്കിലും സ്വീകരിക്കണമെന്നുപറഞ്ഞ ഉത്തങ്കനോട്‘ തനിക്കൊന്നും ആവശ്യമില്ലന്നും‚ നി൪ബന്ധമാണെങ്കില്‍ ഗൃഹണിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കൊടുത്തുകൊള്ളു’വാ൯ അനുവദിക്കുകയും ചെയ്തു. “പൌഷ്യനെന്ന രാജാവിന്റെ രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള്‍ തനിക്കുവേണമെന്നും‚ നാലുദിവസങ്ങള്‍ക്കുശേഷം നടക്കുന്ന ബ്രാഹ്മണഭോജനത്തിന് ആഹാരം വിളമ്പുമ്പോള്‍ ആ ആഭരണങ്ങള്‍ ധരിക്കുവാ൯ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഉത്തങ്ക൯ ഉടനെതന്നെ പൌഷ്യമഹാരാജാവിന്റെ അരമനയിലേക്കുയത്രയായി. വഴിക്കുവച്ച് കാളപ്പുറത്തിരുന്ന ഒരു വലിയമനുഷ്യന്റെ ആജ്ഞപ്രകാരം‚ ആ കാളയുട ചാണകവും‚ മൂത്രവും കുറച്ചാഹരിച്ചശേഷം വയ്കഴുകി ശുദ്ധിവരുത്തി അരമനയില്‍ ചെന്ന് രാജാവിനോട് ‘തനിക്കു ഗുരുദക്ഷിണയി കൊടുക്കുവാ൯വേണ്ടി രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള്‍ ദാനമായി ചോദിക്കുകയും‚ രാജ്ഞി സന്തോപൂ൪വ്വം അവ ഉത്തങ്കനു കൊടുക്കുകയും ചെയ്തു. ‘നാഗരാജാവായ തക്ഷകന് ഈ ആഭരണങ്ങളില്‍ ആഗ്രഹമുണ്ടെന്നും‚ അതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നതു നന്നായിരിക്കു’മെന്നുസൂചിപ്പിക്കുകയും ചെയ്തു.

ഉത്തങ്കന് തക്ഷകനോട് വൈരാഗ്യം ജനിച്ചത്.

ഉത്തങ്ക൯ ഗുരുഗൃഹത്തിലേക്കു മടങ്ങുന്ന വഴിയില്‍ ‚ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുവന്ന നഗ്നനായ ഒരു കപടഭിക്ഷു (പാഖണ്ഡഭിക്ഷു)വിനെ കണ്ടതുകൊണ്ട്‚ ഒന്നു ശുദ്ധിവരുത്താമെന്നു കരുതി‚ കുണ്ഡലങ്ങള്‍ കരയ്ക്കുവച്ച് കുളത്തിലേക്കിറങ്ങി. ആ തക്കംനോക്കി 'പാഖണ്ഡ൯' ക൪ണ്ണാഭരണങ്ങള്‍ എടുത്ത് തക്ഷകനെ ഏല്പിയ്ക്കുകയും‚ തക്ഷക൯ ഒരു മാളത്തിലൂടെ നഗലോകത്തേയയ്ക്ക് പോവുകയും ചെയതു. ഉത്തങ്ക൯ ഒരു വടിയെടുത്ത് തക്ഷക൯ ഇഴഞ്ഞിറങ്ങിയ മാളത്തെ കുഴിക്കുവാ൯ തുടങ്ങിയപ്പോള്‍ ‚ ഇന്ദ്ര൯ തന്‍റെ വജ്രായുധത്തെ ഉത്തങ്കന്‍റെ സഹായത്തിനയച്ചുകൊടുക്കുകയും‚ ക്ഷണനേരംകൊണ്ട് ഉത്തങ്ക൯ നാഗലോകത്തില്‍ പ്രവേശിയ്ക്കുകയും ചെയ്തു. തക്ഷകനെ തിരഞ്ഞുനടന്ന ഉത്തങ്ക൯ കണ്ടത്‚ വെളുത്തതും‚ കറുത്തതുമായ നൂലുകള്‍ കൂട്ടിയോജിപ്പിച്ച് വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെ ആണ്. പന്ത്രണ്ടഴികളുള്ള ചക്രം ഘടിപ്പിച്ച ആ നെയ്ത്തെന്ത്രം ആറുപേരാണ് തിരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തുതന്നെ ഒരു പുരുഷനും‚ മനോഹരമായ ഒരു കുതിരയും നില്ക്കുന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും‚ ഉത്തങ്ക൯ അവരെ സ്തുതിച്ചു‚ തല്‍ക്ഷണം ആ പുരുഷ൯ ഉത്തങ്കന്‍റെ ആവശ്യം ആരായുകയും‚ ആ പുരുഷന്‍റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ ആകുതിരയുടെ ഗുദത്തില്‍ക്കൂടി ഊതിയപ്പോള്‍ ‚ കുതിരയുടെ സകലസ്രോതസ്സുകളില്‍ നിന്നും ധാരാളം പുകയോടുകൂടിയ അഗ്നിജ്വാലകള്‍ പുറപ്പെടുകയും‚ നാഗലോകം ദഹിക്ക൯തുടങ്ങുകയും ചെയ്ത. അപ്പോള്‍ ‚ തക്ഷക൯ ഭയപ്പെട്ട് വേഗത്തില്‍ കുണ്ഡലങ്ങള്‍ ഉത്തങ്കനെ തിരിച്ചേല്പിച്ചു. 'നാലാംദിവസമായി; ദൂരത്തുള്ള ഗുരുഗൃഹത്തില്‍ പെട്ടന്നെങ്ങിനെ എത്തിചേരു'മെന്നാലോചിച്ചു വിഷമിച്ചു നിന്നപ്പോള്‍ ‚ വീണ്ടും ആ പുരുഷന്‍റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ കുതിരപ്പുറത്തുകയറുകയും‚ ക്ഷണനേരംകൊണ്ട് ഗുരുഗൃഹത്തിലെത്തിച്ചേരുകയും‚ ഗുരുപത്നിക്ക് ഗുരുദക്ഷിണ സമ൪പ്പക്കുകയുംചെയ്തു. പിന്നീട് ഗുരുവിനോട് നടന്ന സംഭവങ്ങളെല്ലാം വ്യക്തമാക്കി‚ അതിന്‍റെയെല്ലാം തത്വമെന്താണെന്നുദ്ബോധിപ്പിക്കണമെന്നപേക്ഷിച്ചു. അപ്പോള്‍ വേദബ്രാഹ്മണ൯ പറഞ്ഞു; “വത്സാ‚ ഉത്തങ്ക‚ നീ ആദ്യം കണ്ട പുരുഷ൯ ഇന്ദ്രനും‚ കാള വേഷം മാറിവന്ന ഐരാവതവുമാണ്. നീ കഴിച്ച കാളച്ചാണകം അമൃതാണ്. ഇന്ദ്ര൯ എന്‍റെ ഇഷ്ടനായതുകൊണ്ട് നിന്നോട് ദയ കാണിച്ചതാണ്. നാഗലോകത്തുകണ്ട സ്ത്രീകള്‍ ധാതാവും‚ വിധാതാവുമാണ്. വെളുത്തതും കറുത്തതുമായ നൂലുകള്‍ പകലും‚ രാത്രിയുമാണ്. പന്ത്രണ്ടഴികളുള്ള ചക്രം സംവത്സരവും‚ അതുകറക്കുന്ന ആറുപേര്‍ ഋതുക്കളുമാണ്. അവിടെകണ്ട പുരുഷ൯ മഴയുടെ ദേവനാണ് (പ൪ജ്ജന്യ൯). കുതിര അഗ്നിയിണ്. ഈ ദേവന്മാരൊക്കെ അനുഗ്രഹിച്ചതുകൊണ്ടാണ് നിനക്ക് തക്ഷകനെ ജയിച്ച് ഈ മഹല്ക്കാര്യം സാധിക്കുവാ൯ കഴിഞ്ഞത്” എന്നുപറഞ്ഞ്‚ എല്ലാ ശ്രേയസ്സുകളുമുണ്ടാകട്ടെ എന്നനുഗ്രഹിച്ച് ഉത്തങ്കനെ സ്വഗൃഹത്തിലേക്കുയാത്രയാക്കി. ഗുരുവായ തന്നെക്കൊണ്ട് അധ൪മ്മംചെയ്യിക്കുന്ന ദുഷ്ടനായ ദുര്യോധനനെ ദേവന്മാ൪ അനുഗ്രഹിക്കുകയല്ല‚ ശപിക്കുകയായിരിക്കും ചെയ്യുക; ദ്രോണ൪ ചിന്തിച്ചു.

സര്‍പ്പസത്രത്തിന്‍റെ ഹേതു.

ഗുരുകാര്യത്തിനുവേണ്ടി പ്രവ൪ത്തിച്ച നിരപരാധിയായ തന്നെ‚ കാരണം കൂടാതെ ബുദ്ധിമുട്ടിച്ച തക്ഷകനെ ഒരു പാഠം പഠിപ്പിക്കണമെന്നു നിശ്ചയിച്ച ഉത്തങ്ക൯‚ തക്ഷകനാല്‍ കൊല്ലപ്പെട്ട പരീക്ഷിത്തുരാജാവിന്‍റെ മകനായ ജനമേജയരാജാവിനെ ചെന്നു കാണുകയും‚ “അങ്ങയുടെ അച്ഛനോട് മനപ്പൂ൪വ്വം അപരാധം ചെയ്ത തക്ഷകനോട്പ്രതികാരം ചെയ്യേണ്ടതാണ് ക്ഷത്രിയക൪മ്മം, അതങ്ങുചെയ്ട്ടില്ല” എന്നുപറഞ്ഞ് ജനമേജയന്‍റെ ധ൪മ്മലോപത്തെ ശക്തിയായി ആക്ഷേപിക്കുകയും‚ “അങ്ങനെ ചെയ്യാതിരിക്കുന്നത് അങ്ങയുടെ 'ക്ഷാത്ര'ത്തിനുകുറവാണ്, അതുകൊണ്ട് ‘സ൪പ്പയാഗം’ നടത്തി തക്ഷകനടക്കം സ൪വ്വനാഗങ്ങളെയും ഹോമാഗ്നിയില്‍ ആഹൂതിചെയ്യണം” എന്നുമൊക്കെ ഉത്തങ്ക൯ ഉപദേശിച്ചു. അത് ശരിയാണെന്നുതോന്നിയ ജനമേജയരാജാവും സഹോദരന്മാരും‚ തങ്ങളുടെ അച്ഛന്‍റെ മരണകാരണമായവരോടുള്ള പ്രതികാരമായിട്ടാണ് വളരെ കൊല്ലങ്ങളെക്കൊണ്ടവസാനിക്കുന്നതായ സ൪പ്പസത്രം നടത്തിയത്. തന്‍റെ ശിഷ്യനായ ദുര്യോധന൯ ഏതുധ൪മ്മപാലനത്തിനുവേണ്ടിയാണ് ഗുരുവായ തന്നെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്? ‘ബ്രാഹ്മണന്‍റെ ഹൃദയം വെണ്ണയും‚ വാക്ക് വജ്രവുമാണ്’; അതുകൊണ്ടുതന്നെയാണ് അധ൪മ്മമെന്നറിഞ്ഞിട്ടും താ൯ ഇവന്‍റെകൂടെ നില്‍ക്കുന്നത്. പക്ഷെ ‘ക്ഷത്രിയന്‍റെ വാക്കു വെണ്ണയും ഹൃദയം വജ്രവുമാണ്’. അതുകൊണ്ടാണല്ലോ സ൪വ്വനാശത്തിനായുള്ള ഈ യുദ്ധത്തിനുവേണ്ടി ഇവ൯ കോപ്പുകൂട്ടുന്നതും!

04.

'രുരു'വിന് സര്‍പ്പങ്ങളോട് വൈരാഗ്യം ജനിച്ചത്‌.

'ഖഗമ൯' എന്ന സുഹൃത്തന്‍റെന്റെ ശാപത്താല്‍ ‚ വിഷമില്ലാത്ത സ൪പ്പമായിതീ൪ന്ന (ചേര) ‘സഹസ്രവാത്തെ’ന്നു പേരായ ഒരു താപസ൯‚ ഭാ൪ഗ്ഗവ വംശത്തിലെ നാലാം തലമുറക്കാരനായ ‘രുരു’വിനെ കണ്ടുമുട്ടുകയും‚ തന്മൂലം ശാപമോചിതനായിത്തീരുകയും ചെയ്ത വേളയില്‍ സ൪പ്പമായിരുന്ന തന്നെ തല്ലിക്കൊല്ലുവാനൊരുമ്പെട്ട രുരുവിനോട് പറഞ്ഞ വാക്കുകള്‍ ദ്രോണാചാര്യ൪ ഓ൪ത്തുപോയി. “എല്ലാ ജീവികള്‍ക്കും‚ ബ്രാഹ്മണനു പ്രത്യേകിച്ചും‚ അഹിംസയാണ് എല്ലാറ്റലുംവച്ച് ശ്രേഷ്ഠമായ ധ൪മ്മം. അതിനാല്‍ ഒരു ജീവിയേയും ഹിംസിക്കരുത്. ജീവനെ രക്ഷിക്കലാണ്‚ ഹിംസിക്കല്ല ബ്രാഹ്മണന്‍റെ ധ൪മ്മം. ജനമേജയന്‍റെ സ൪പ്പയാഗത്തില്‍ ധ൪മ്മനിരതനും വേദജ്ഞനുമായ ആസ്തികബ്രഹ്മണനാണ് സ൪പ്പങ്ങളെയൊക്കെ രക്ഷിച്ചത്.” രുരുവിന് സ൪പ്പങ്ങളോട് വൈരാഗ്യമുണ്ടാകുവാ൯ തക്കതായ കാര്യങ്ങളും ഉണ്ടായിരുന്നു.. രുരുവുമായി വിവാഹംനടത്തുവാ൯ തീരുമാനിച്ചിരുന്ന‚ സ്ഥുലകേശനെന്ന ഋഷിയുടെ വള൪ത്തുമകളും‚ വിശ്വാവസുവെന്ന ഗന്ധ൪വ്വരാജാവിന് മേനകയില്‍ പിറന്നതുമായ പ്രമദ്വര എന്ന കന്യക സ൪പ്പവിഷമേറ്റു മരിച്ചപ്പോള്‍ അവളുടെ പുന൪ജന്മത്തിനായി തന്‍റെ ആയുസ്സിന്‍റെ ഒരംശമാണ് രുരു നഷ്ടമാക്കിയത്. അതുതന്നെയാണ് ഭ൪ഗ്ഗവവംശത്തിലെ‚ ബ്രാഹ്മണരുടെ മഹത്വവും. ബ്രഹ്മസങ്കല്പത്താല്‍ വരുണന്‍റെ യാഗശാലയിലെ അഗ്നികുണ്ഡത്തില്‍നിന്നു ജാതനായ ‘ഭൃഗുമഹ൪ഷി’യില്‍നിന്നാണ്‚ ഭാ൪ഗ്ഗവവംശത്തിന്‍റെ തുടക്കം. ‘സ൪വ്വവും ഭക്ഷിക്കുന്നവനായിത്തീരട്ടെ’ എന്ന് അഗ്നിയെപോലും ശപിക്കുവാ൯പോന്ന ശക്തിയുള്ള ഭൃഗുമഹ൪ഷിയില്‍നിന്നാരംഭിച്ച ഭാ൪ഗ്ഗവവംശജനായ 'രുരു'വിതാ••• കേവലം ഒരു ചേരയുടെ ധ൪മ്മോപദേശത്തെ കേള്‍ക്കുകയും‚ അനുസരിക്കുകയും ചെയ്യുന്നു.

ജരല്‍ക്കാരു ദമ്പതിമാരുടെ പുത്രന്‍ ആസ്തികന്‍ (പിതൃതര്‍പ്പണം എന്തിനുവേണ്ടി)

അതുപോലെതന്നെ‚ 'ജരല്‍കാരു' എന്ന ബ്രാഹ്മണന്‍റെ പുത്രനായ ‘ആസ്തികനാ’ണ്; സ്വന്തം അമ്മയായ കദ്രുവിന്‍റെ ശാപത്താല്‍ ജനമജയരാജാവിന്‍റെ സ൪പ്പയാഗാഗ്നിയില്‍ വീണുമരിച്ചുകൊണ്ടിരുന്ന നാഗങ്ങളെ രക്ഷിച്ചത്. കദ്രുവിന്‍റെ സപത്നികുടിയായ (കശ്യപമഹ൪ഷിയുടെ ഭാര്യമാരായിന്നു‚ ദക്ഷപുത്രിമാരായ കദ്രു‚ വിനത എന്ന സഹോദരിമാ൪) സഹോദരി വിനതയോട്‚ ഉച്ചൈശ്രവസെന്ന വെളുത്ത കുതിര (പാലാഴിമഥനംനടന്നപ്പോളുണ്ടായത്) യുടെ വാലുകറത്തതാണെന്ന നുണപറഞ്ഞ് വാതുവച്ച് തന്റെ അനുജത്തിയെ ദാസിയാക്കുവാ൯വേണ്ടിയുള്ള തന്ത്രം വിജയിപ്പിക്കുന്നതിനായി‚ മക്കളായ നാഗങ്ങളോട് ആ കുതിരയുടെ വാലില്‍ചുറ്റിക്കിടന്ന് വെളുത്തവാല്‍ കറുത്തതായി തോന്നിപ്പിക്കണം എന്നുപറഞ്ഞു. ആ അധ൪മ്മത്തിനു കൂട്ടുനില്‍ക്കാതിരുന്ന ധാ൪മ്മികളായ തന്‍റെ മക്കളായ ഏതാനും നാഗങ്ങളെ “ജനമേജയന്‍റെ യാഗാഗ്നിയില്‍ വീണുമരിക്കാനിടയകട്ടെ” എന്നുശപിച്ചു. ജരല്‍കാരു എന്നബ്രാഹ്മണന്‚ വാസുകിയുടെ മകളായ ജരല്‍കാരു എന്നുതന്നെ പേരായ ഭാര്യയില്‍ ജനിച്ച ആസ്തികബ്രാഹ്മണ൯ നി൪വ്വഹിച്ചത്‚ അധ൪മ്മത്തിനു കൂട്ടുനില്ക്കാത്തവരെ ആപത്തില്‍നിന്നും രക്ഷിക്കുക എന്ന സല്ക൪മ്മമാണല്ലോ. ചെറുപ്പത്തില്‍തന്നെ വിരക്തനും‚ മഹാതപസ്വിയുമായിരുന്ന ജരല്‍കാരുവിനോട് “വംശത്തിലെ സന്താനപരമ്പരയില്‍നിന്നുകിട്ടുന്ന തിലോദകംകൊണ്ടാണ് ഞങ്ങള്‍ ഉപജീവിക്കുന്നത്, അതുമുടക്കി ഞങ്ങളെ പൊട്ടക്കിണറ്റില്‍കിടന്നു നശിക്കാനിടയാക്കരുത്” എന്ന് തന്‍റെ പിതൃക്കള്‍ അഭ്യര്‍ദ്ധിച്ചപ്പോള്‍ ‚ പിതൃക്കളുടെ ഉപജീവനത്തിനുവേണ്ടിയുള്ള പിണ്ഡോദകസമ൪പ്പണം എന്ന സല്ക൪മ്മനി൪വ്വഹണത്തിനവേണ്ടി, ജരല്‍കാരു വാസുകിയുടെ മകളായ ജരല്‍കാരുവിനെ വാഹംകഴിക്കുകയും‚ ആസ്തികനെന്ന ബ്രാഹ്മണശ്രേഷ്ഠന് ജന്മംനല്‍കുകയും ചെയ്തു. . ബ്രാഹ്മണനെന്ന വാക്കിനുപോലും അപമാനംവരുത്തിക്കൊണ്ട്••• താനിപ്പോഴിതാ‚ ദുര്യോധനന്‍റെ അധ൪മ്മത്തിനു കൂട്ടുനില്‍ക്കുന്നു.

05.

വിഭാവസു‚ സുപ്രതീക൯ എന്ന സഹോദരന്മാരായ തപസ്വികള്‍ പരസ്പരം ശപിച്ച് ആമയും‚ ആനയുമായി ഗരുഡന്‍റെ ആഹാരമായിത്തീരുവാ൯ കാരണം‚ പിതൃസ്വത്തായ ധനം അനുജനായ സുപ്രതീകനു കൊടുക്കതെ ചേട്ട൯ കൈവശം വച്ചപ്പോഴുണ്ടായ വഴക്കുമൂലമാണ്? ഇവിടെ സംഭവിക്കുന്നതും ഏതാണ്ട് അങ്ങിനെതന്നെ.

ഗരുഡന്‍റെയും അരുന്‍റെയും ജനനവും, അരുണന്‍ ആദിത്യന്‍റെ തേരാളിയായതും.

അമ്മയായ വിനതയെ ദാസ്യത്തില്‍നിന്നു മോചിപ്പിക്കുവാ൯വേണ്ടി‚ അമ്മയുടെ ചേച്ചിയായ കദ്രുവിന്‍റെ ആവശ്യപ്രകാരം‚ അമൃത് കൊണ്ടുവരാനായി സ്വ൪ഗ്ഗത്തിലേക്കു പറന്ന ഗരുഡ൯ മാര്‍ഗമദ്ധ്യെ അച്ഛനായ കശ്യപമഹ൪ഷിയെ കണ്ടുമുട്ടിയപ്പോള്‍ ‚ അച്ഛന്‍ അമ്മയെ വിട്ടുപോന്നതിനുശേഷമുള്ള സംഭവങ്ങള്‍ എല്ലാം വിവരിച്ചുകൊടുത്തു. പാകമകുന്നതിനുമു൯പെതന്നെ അമ്മ തന്‍റെ രണ്ടുമുട്ടകളില്‍ ഒരുമുട്ട പൊട്ടിച്ചതുകൊണ്ട്‚ തന്‍റെ സഹോദരനായ അരുണ൯ കാലുകളില്ലാതെയാണ് പിറന്നത്. പാലാഴിമഥനത്തിനുശേഷം അസുരന്മാരില്‍നിന്നും വീണ്ടെടുത്ത അമൃത് ദേവന്മാ൪ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ ‚ ദേവവേഷത്തില്‍ വന്ന് അമൃതുഭക്ഷിച്ച ഒരസുരനെ ആദിത്യചന്ദ്രന്മാ൪ വിഷ്ണുവിനു കാട്ടിക്കൊടുത്തു. വിഷ്ണുഭഗവാ൯ തൃചക്രംകൊണ്ട് ആ അസുരന്‍റെ കണ്ഠത്തെ മുറിച്ചെങ്കിലും‚ അമൃതു ഭക്ഷിച്ചതുകൊണ്ട് മരിക്കാതെ ഉടലും തലയും രണ്ടു സത്വങ്ങളായിതീര്‍ന്നു. ആ വൈരാഗ്യം വച്ച് സന്ദ൪ഭം കിട്ടുമ്പോളൊക്കെ ആ സത്വങ്ങള്‍ ആദിത്യചന്ദ്രന്മാരെ ഉപദ്രവിച്ചുകൊണ്ടിരുന്നത് ദേവന്മാ൪ കണ്ടില്ലെന്നുനടിച്ചപ്പോള്‍ ‚ പല൪ക്കുംവേണ്ടി ചെയ്ത ഉപകാരം ഹേതുവായി തങ്ങള്‍ക്ക് ആപത്തു നേരിട്ടപ്പോള്‍ ആരും സഹായിക്കാ൯ വരാത്തതില്‍ പ്രതിഷേധിച്ച്‚ താ൯ ഇനി ആ൪ക്കും ഒരു ഉപകാരവും ചെയ്യുകയില്ല എന്നുതീരുമനിച്ച്‚ ആദിത്യന്‍ ഉദയാസ്തമനങ്ങളും‚ ശീതോഷ്ണസ്ഥിതിയും തെറ്റിച്ചു. ബ്രഹ്മാവ് ആദിത്യനോട്ഗതിക്കുമാറ്റംവരുത്തരുതെന്നാജ്ഞാപിക്കുകയും‚ ആയതിലേക്കായി ബ്രഹ്മാവ് അരുണനെ ആദിത്യന്‍റെ തേരാളിയായിനിയമിക്കുകയും ചെയ്തു. പേരമ്മയായ കദ്രു‚ ഉചൈസ്രവസ്സെന്ന വെളുത്തകുതിരയുടെ വാലില്‍ ‚ പേരമ്മയുടെ മക്കളായ നാഗങ്ങളെ ചുറ്റിക്കിടത്തി‚ വെളുത്ത വാലു കറുത്തതാണെന്നു സ്ഥാപിച്ച്‚ തന്‍റെ അമ്മയെ ദാസിയാക്കി. ഇപ്രകാമുള്ള കഥക ളെല്ലാം ഗരുഡന്‍ അച്ഛനായ കശ്യപമാഹര്‍ഷിയെ കേള്‍പ്പിച്ചശേഷം‚ ‘താന്‍ പുറപ്പെടുമ്പോള്‍ അമ്മ കാട്ടിത്തന്ന ദ്വീപിലെ രാക്ഷസരെയെല്ലാം ഭക്ഷിച്ചിട്ടും തന്‍റെ വിശപ്പു ശമിച്ചിട്ടില്ലെന്നും‚ വിശപ്പുമാറ്റാ൯ എന്തെങ്കിലും കാട്ടിത്തരണമെന്നും പിതാവായ കശ്യപനോടപേക്ഷിച്ചു. അപ്പോള്‍ ‘അടുത്തുള്ള കാട്ടുപൊയ്കയില്‍ കിടന്നു വഴക്കടിച്ചുകൊണ്ടിരിക്കുന്ന‚ ഭീമാകാരമായ‚ ആമയും‚ ആനയുമായി മാറിയ സഹോദരന്മാരെ ഭക്ഷിച്ചാല്‍ നിന്‍റെ വിശപ്പുതീരു’മെന്നുപറഞ്ഞനുഗ്രഹിച്ച് കശ്യപ൯ യാത്രയായി.

പ൪വ്വതാകാരങ്ങളായ ആമയെയും‚ ആനയെയും രണ്ടുകാല്‍നഖങ്ങളിലയി കോ൪ത്തെടുത്ത്‚ അതിനെ ഭക്ഷിക്കുവാനായി ഭക്ഷീന്ദ്ര൯ ചെന്നിരുന്നപ്പോള്‍ പേരാലിന്റെ ആ ശാഖ ഒടിഞ്ഞുപോയി.‚ ആ വൃക്ഷശാഖയില്‍ തലകീഴോട്ടായി തൂങ്ങിക്കിടന്നു തപസ്സുചെയ്തിരുന്ന വാലഖില്യമഹ൪ഷിമാ൪ക്ക് അപകടം സംഭവിക്കാതിരിക്കുവാ൯ വേണ്ടി‚ ആ ശാഖ നിലത്തുവീഴുന്നതിനുമു൯പെതന്നെ ഗരുഡ൯ തന്റെ കൊക്കില്‍ ആ വൃക്ഷശാഖകൊത്തിയെടുത്ത് എന്തുചെയ്യണമെന്നറിയാതെ പറന്ന് ഹിമാലയത്തിനു വടക്കുഭാഗത്തുള്ള ഗന്ധമാദന പ൪വ്വതത്തിലെത്തിയപ്പോള്‍ വീണ്ടും അച്ഛനായ കശ്യപമഹര്‍ഷിയെ കണ്ടുമുട്ടി. മകന്റെ പരിതാപകരമായ അവസ്ഥ കണ്ട കശ്യപ൯ ഗരുഡനെ അടുത്തുവിളിച്ച് ശാഖാസ്ഥിതന്മാരായ വാലഖില്യന്മാരെ നല്ലവാക്കുപറഞ്ഞ് പ്രസാദിപ്പിച്ച് തന്റെ മകനെ ഈ സാഹസത്തില്‍നിന്നു രക്ഷിക്കണമെന്നപേക്ഷിച്ചു. സന്തുഷ്ടരായ വാലഖില്യന്മാ൪ വൈതനേയന്റെ വായിലുള്ള ആ വൃക്ഷശാഖവിട്ടിങ്ങി ഹിമാലയത്തിലേക്കു പോവുകയും‚ അനന്തരം ആ വൃക്ഷശിഖരത്തെ ജനവാസമില്ലാത്ത ഒരു കാട്ടിലേക്കെറിഞ്ഞശേഷം ഒരു പ൪വതശിഖരത്തിലിരുന്ന് ആനയെയും‚ ആമയെയും ആഹരിച്ചു വയറുനിറച്ചസന്തുഷ്ടനായി അമൃതാഹരണത്തിനായി പക്ഷീന്ദ്രന്‍ സ്വ൪ഗ്ഗത്തിലേക്കുപുറപ്പെട്ടു.

ഗരുഡന്‍ പക്ഷികളുടെ ഇന്ദ്രനാകുവാന്‍ ഇടയാക്കിയ സംഭവം. (വാലഖില്യര്‍ക്ക് ഇന്ദ്രനോടുണ്ടായ വൈരാഗ്യം)

ദേവലോകത്തെ ചക്രവ൪ത്തിയാണെങ്കിലും‚ അംഗുഷ്ഠമാത്രശരീരന്മാരായ വാലഖില്യമഹ൪ഷിമാരുടെ വലിപ്പക്കുറവിനെ ഇന്ദ്ര൯ പരിഹസിച്ചതുകൊണ്ടാണല്ലൊ‚ അവ൪ ‘ഇന്ദ്രനെ ജയിക്കത്തക്ക ശക്തിയും‚ വീര്യവുമുള്ള മറ്റൊരിന്ദ്ര’നുണ്ടകുന്നതിനുവേണ്ടി യാഗം നടത്തിയത്. മറ്റൊരിന്ദ്രനുണ്ടാവുക അസാദ്ധ്യമാണെന്നതുകൊണ്ട്‚ ആ യാഗം അവസാനിപ്പിക്കണമെന്നപേക്ഷിക്കുവാ൯ കശ്യപമഹ൪ഷിയെ ദേവന്മാ൪ നിയോഗിച്ചതും‚ വാലഖില്യന്മാരുടെ യാഗസങ്കല്പവും സഫലമാകണമെന്നുള്ളതുകൊണ്ട് ‘ഇന്ദ്രനേക്കാള്‍ശക്തിയും വീര്യവുമുള്ള ഇന്ദ്ര൯ പക്ഷികളുടെ ഇന്ദ്രനാകട്ടെ’ എന്ന തീരുമാനത്തിലെത്തിച്ചേരുകയും‚ അത്കശ്യപന്റെയും‚ വിനതയുടെയും മകനായി പിറക്കട്ടെ എന്നുമുള്ള ഉടമ്പടിപ്രകാരം‚ വാലഖില്യന്മാ൪ യാഗത്തെ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങിനെ ഇന്ദ്രനേക്കാള്‍ ശക്തിയും വീര്യവുമുള്ള പക്ഷീന്ദ്രനായ ഗരുഡ൯ അമൃതാപഹരണത്തിനായി ദേവലോകത്തേക്കടുത്തപ്പോള്‍‚ സ്വ൪ഗ്ഗലോകത്ത് മേഘമില്ലാത്ത ഇടിവട്ടലും‚ രക്തമഴയും എന്നുവേണ്ട എല്ലാ ആപത്തിനെയും സൂചിപ്പിക്കുന്ന ദു൪ലക്ഷണങ്ങളൊക്കെയുമുണ്ടായി. സാക്ഷാലിന്ദ്ര൯ പോലും ഭയംകൊണ്ടു വിറച്ചുപോയി. സ്വന്തം കഴിവില്‍ ഇന്ദ്ര൯ അഹങ്കരിച്ചതാണ്‚ ഇന്ദ്രനേക്കാള്‍ ശക്തിയും വീര്യവുമുള്ള പക്ഷികളുടെ ഇന്ദ്രന്റെ ഉല്‍പ്പത്തിക്ക് ഹേതുവായിത്തീ൪ന്നത്. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• രാജാവെന്ന അഹങ്കാരത്താല്‍ ഗുരുക്കളെയും‚ ഭീഷ്മപിതാമഹനെത്തന്നെയും‚ അധ൪മ്മത്തിന്റെ പക്ഷപാതിയാക്കുന്നു.

പക്ഷീന്ദ്രന്റെ അമൃതകുംഭാപഹരണവും, വിനതയുടെ ദാസ്യതില്‍നിന്നുള്ള വിടുതലും.

ദേവന്മാരെയും‚ ഇന്ദ്രനെയും ജയിച്ച് പക്ഷീന്ദ്ര൯ അമൃതകുംഭം സൂക്ഷിച്ചിരുന്ന സ്ഥലത്തുകടന്ന്‚ അതിനു ചുറ്റും കത്തിജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയെ വായില്‍ വെള്ളം നിറച്ചുവന്നുകെടുത്തി. അവിടെ കാവല്‍ നിന്നിരുന്ന നാഗങ്ങളുടെ കണ്ണ് പൊടിപറത്തി അടപ്പിച്ചു. നാലുപുറവും കറങ്ങിക്കൊണ്ടിരുന്ന യെന്ത്രങ്ങളെ പക്ഷാഹതികൊണ്ടുഭേദിച്ചു. അനന്തരം അമൃതകുംഭവുംകൊണ്ട് പുറത്തുകടക്കുനതുകണ്ട ഇന്ദ്ര൯ വജ്രായുധത്തെ പക്ഷീന്ദ്രനുനേരെ പ്രയോഗിച്ചു. അതിനെ തടയുവാനുള്ള ശക്തിയുണ്ടായിരുന്നിട്ടും ഗരുഡന്‍ തന്റെ കഴിവില്‍ അഹങ്കരിക്കാതെ‚ വജ്രായുധമുണ്ടാക്കുവാനുപയോഗിച്ച എല്ല് ഏതു മഹ൪ഷിയുടേതായിരുന്നുവോ; ആ മഹ൪ഷിയെയും‚ ഇന്ദ്രന്റെ ത്രൈലോക്യചക്രവ൪ത്തിയെന്ന സ്ഥാനത്തെയും മാനിച്ച്‚ തന്റെ ചിറകിന്റെ ചെറിയ ഒരംശം വജ്രായുധത്തിനായി സമ൪പ്പിച്ചു. ഇത്രയും വീര്യശാലിയായ ഒരാളോട് പിണങ്ങിയിരിക്കുന്നതു ബുദ്ധിയല്ലെന്നു തിരിച്ചറിഞ്ഞ ഇന്ദ്ര൯ ഗരുഡനോടു സഖ്യം ചെയ്തശേഷം ‘എന്തുവരമാണ് താങ്കള്‍ക്ക് വേണ്ടതെന്നു ചോദിച്ചപ്പോള്‍‚ “വരങ്ങളൊക്കെ ദു൪ബലന്മാ൪ക്കുള്ളതാണ്‚ എനിക്ക് എന്റെആവശ്യത്തിനുള്ള ബലമുണ്ടെങ്കിലും അങ്ങയെ ബഹുമാനിക്കുന്നതുകൊണ്ട് സ൪പ്പങ്ങള്‍ തനിക്കുഭോജ്യമായിത്തീരണം” എന്ന വരത്തെ വരിച്ചു. അനന്തരം അമൃതകുംഭംകൊണ്ടുപോകരുതേയെന്ന് ഇന്ദ്ര൯ യാചിച്ചപ്പോള്‍‚ തനിക്ക് അമൃതൊന്നും ആവശ്യമില്ലെന്നും‚ തന്റെ അമ്മയെ ദാസ്യത്തില്‍ നിന്നൊഴിവക്കാ൯വേണ്ടി പേരമ്മയെ ഒന്നു കബളിപ്പിക്ക൯ കൊണ്ടുപോവുകയാണെന്നും‚ താ൯ ഈ അമൃതകുംഭം വയ്ക്കുന്നിടത്തുനിന്ന് എടുത്തുകൊണ്ടപോകുന്നതില്‍ വിരോധമില്ലെന്നും ഗരുഡ൯ പറഞ്ഞപ്പോള്‍ ഇന്ദ്രനാശ്വാസമാവുകയും‚ ഗരുഡന്റെ മാ൪ഗ്ഗത്തെ ഇന്ദ്ര൯ പി൯തുടരുകയും ചെയ്തു. വഴിക്കുവച്ച് ഗരുഡ൯ വിഷ്ണുഭഗവാനെ കാണുകയും‚ വിഷ്ണുവിന്റെ ധ്വജാവാസത്തെ (കൊടി അടയാളം) വരിക്കുകയും ചെയ്തശേഷം‚ ‘ഭഗവാ൯ തന്ന വരം താ൯ വരിച്ചു‚ ഇനി തന്നില്‍ നിന്ന് ഭഗവാനും

എന്തെങ്കിലും വരം വാങ്ങണമെന്ന് ഗരുഡ൯ ശഠിക്കുകയും ചെയ്തു. അപ്പോള്‍ തന്റെ വാഹനമായിരിയ്ക്കുവ൯ ഗരുഡനോട് ഭഗവാ൯ ആവശ്യപ്പെട്ടതുപ്രകാരം‚ വൈനതേയ൯ വിഷ്ണുവിന്റെ വാഹനവുമായി.

പിന്നീട് നാഗമാതാവായ കദ്രുവും‚ നാഗങ്ങളുമിരിക്കുന്ന ദ്വീപിലേക്ക് ചെന്ന ഗരുഡ൯ അമൃതകുംഭത്തെ ദ൪ഭപ്പുല്ലില്‍ വച്ചശേഷം‚ ‘താ൯ ഇതാ അമൃതത്തെ കൊണ്ടുവന്നു തന്നിരിയ്ക്കുന്നു’വെന്നും‚ ‘അമ്മ വിനതയുടെ ദാസ്യം ഒഴിവായിരിക്കുന്നുവെന്നും‚ മംളസ്നാനംചെയ്ത് എല്ലാവരും അമൃതുകഴച്ചുകൊള്ളുക’ എന്നുംപറഞ്ഞ് അമ്മയേയുകൂട്ടി സ്വഗൃഹത്തിലക്കു പോയി. ആ തക്കംനോക്കി ഇന്ദ്ര൯ അമൃതകുംഭവും എടുത്ത് സ്വ൪ഗ്ഗത്തിലേക്കും പോയി. കുളികഴിഞ്ഞുവന്ന നാഗങ്ങള്‍ അമൃതകുംഭം കാണാതിരുന്നതുമൂലം‚ കുംഭം വച്ചിരുന്ന പുല്ലിന്മേല്‍ കുറച്ചെങ്കിലും അമൃതു വീണിട്ടുണ്ടാകുമന്നുകരുതി ദ൪ഭപ്പുല്ലില്‍ നക്കുകയും തന്മൂലം നാവുമുറിഞ്ഞു രണ്ടായിത്തീരുകയും‚ അമൃതസ്പ്പ൪ശ്ശഹേതുവായി ദ൪ഭ മേധ്യവസ്തുവായിത്തീരുകയും ചെയ്തു. കദ്രു‚ അനുജത്തിയെ വഞ്ചനയിലൂടെ ദാസിയാക്കിയതുകൊണ്ട് അതേ നാണയത്തില്‍ തന്നെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. തന്റെ ശിഷ്യനായ ദുര്യോധനന്റെ ദു൪ബുദ്ധിമൂലം തക്കതായ വിപരീതാനുഭവമായിരിക്കുമല്ലോ‚ ഇവനും ലഭിക്കുക: ദ്രോണ൪ ചിന്തിച്ചുപോയി.

06.

പട്ടി(സരമ) ജനമേജയനെ ശപിക്കുന്നത്.

എന്താണ് മഹാഭാരതത്തിന്റെ അടിസ്ഥാനതത്വം? എന്തിനുവേണ്ടിയാണ് വ്യാസമഹ൪ഷി ഭാരതത്തെ നി൪മ്മിച്ചത്? ഏറ്റവും മാഹാത്മ്യമേറിയ ആ മഹത് ഗ്രന്ഥം കേവലം ഒരു പട്ടി(സരമ), രാജാവായ ജനമേജയനെ ശപിക്കുന്ന കഥ പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. യുധിഷ്ഠിരരാജാവിന്റെ സ്വ൪ഗ്ഗാരോഹണത്തോടെ ഭാരതകഥ അവസാനിക്കുന്നിടത്തും ഒരു പട്ടിയെ കാണുന്നുണ്ട്. ആ പട്ടിയുടെ രൂപം മാറിയപ്പോഴാണ് ധ൪മ്മപുത്ര൪ക്ക് സ്വ൪ഗ്ഗത്തിലേക്കു പോകാ൯ കഴിഞ്ഞതെന്നാണല്ലോ അവസാനം പറഞ്ഞു നി൪ത്തുന്നത്. ആതിനാല്‍ പട്ടിയില്‍നിന്നാരംഭിച്ച്‚ പട്ടിയലവസാനിക്കുന്ന മഹാഭാരതകഥ മുഴുവ൯തന്നെയും പട്ടിയുടെ വിവിധങ്ങളായ ചരിത്രവിശേഷങ്ങളാണെന്നു വ്യഞ്ജിപ്പിക്കുകയല്ലെ വേദവ്യാസ൯ ചെയ്യുന്നത്? എന്താണീപട്ടി? ആദ്യംകാണുന്ന പട്ടിയ്ക്ക് നിഗ്രഹാനുഗ്രഹ ശക്തികളുണ്ടെന്നും‚ അവസാനം കാണുന്ന പട്ടിക്ക് രൂപം മാറുവാനുള്ള കഴിവുണ്ടെന്നുമാണല്ലൊ ആചാര്യ൯ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നത്? വാസ്തവത്തില്‍ ആദ്യത്തെയും‚ അവസാനത്തെയും പട്ടി രണ്ടല്ല‚ ഒന്നുതന്നെ. ശപിച്ചപട്ടിയുടെ ശാപമെല്ലാം അനുഭവിച്ചുകഴിഞ്ഞപ്പോള്‍ അതേപട്ടിതന്നെ രൂപംമാറി അനുഗ്രഹിച്ചപ്പോഴാണല്ലൊ‚ സ്വ൪ഗ്ഗസ്ഥിതിയുണ്ടായത്. അപ്പോള്‍ അതുവരെയുള്ള അനുഭവങ്ങളെല്ലാം പട്ടിയുടെ ശാപഫലങ്ങളായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്തായിരുന്നു ആ ശാപം?

പരീക്ഷില്പുത്രനായ ജനമേജയരാജാവ്; ശ്രുതസേന൯‚ ഉഗ്രസേന൯‚ ഭീമസേന൯‚ എന്നീ സഹോദരങ്ങളോടുകൂടി വ൪ഷങ്ങളെക്കൊണ്ടവസാനിക്കുന്നതായ സ൪പ്പസത്രം നടത്തിക്കൊണ്ടിരുന്നപ്പോള്‍‚ ദേവശുനിയായ ‘സരമ’യുടെ പുത്രനായ നായ യാഗശാലയിലെ കാഴ്ച്ചകള്‍ കണ്ട് നടന്നപ്പോള്‍‚ രാജസഹോദരന്മ൪ ആ നായയെ അടിച്ചോടിച്ചു. തല്ലുകൊണ്ട നായ അമ്മയുട അടുത്തുപോയി സങ്കടം പറഞ്ഞു‚ ‘താ൯ യാതൊരപരാധവും ചെയ്തിട്ടില്ല‚ വെറുതെ ആവഴിക്കൊന്നു പോയതെയുള്ളു. യജ്ഞത്തിനുവേണ്ടി ഒരുക്കിവച്ചിരുന്ന ഹവിസുമുതലായ പദാ൪ത്ഥങ്ങളെ അശുദ്ധമാക്കുകയൊ‚ കൊതിയോടെ നോക്കുകപോലുമൊ ചെയ്തിട്ടില്ല.’ അപ്പോള്‍ ആ അമ്മ മകനെയുംകൂട്ടി യജ്ഞശാലയില്‍ ചെന്ന് ചോദിച്ചു; “നിങ്ങള്‍ക്കാ൪ക്കും ഒരപരാധംപോലും ചെയ്യാത്ത‚ ഹവിസിനെ നോക്കുകപോലും ചെയ്യാത്ത‚ തന്റെ മകനെ എന്തിനാണുപദ്രവിച്ചത്?” എല്ലാവരും ആ ചോദ്യം കേട്ടിട്ടും മറുപടിയൊന്നും പറയാഞ്ഞതില്‍ ദേഷ്യപ്പെട്ട്‚ “നിരപരാധിയായ എന്റെ മകനെ അകാരണമായി അടിച്ചതുകൊണ്ട്‚ നിങ്ങള്‍ക്ക് തീ൪ച്ചയായും ഭയം വരാ൯പോകുന്നുണ്ട്” എന്നു ശപിച്ചു. യാഗംകഴിഞ്ഞ് ഹസ്തിനപുരിയിലേക്കുമടങ്ങിവന്ന ജനമേജയരാജാവ്‚ അകാരണമായി ഒരു നായയെതല്ലിയ പാപത്തിനു പ്രായച്ഛിത്തം ചെയ്യുവാനായി‚ ഒരു പുരോഹിതനെ അന്വേഷിക്കുവാ൯ തുടങ്ങി. താ൯ അപരാധമാണുചെയ്തതെന്നും‚ അതിനാല്‍ പട്ടിയുടെ ശാപം താ൯ അനുഭവിക്കണ്ടിവരുമെന്നും‚ അദ്ദേഹത്തിനു ബോദ്ധ്യമായതുകൊണ്ടാണ്‚ പരിഭ്രമിച്ചതും‚ പ്രായച്ഛിത്തത്തിനു പുരോഹിതനെ അന്വേഷിക്കാ൯ തുടങ്ങിയതും.

അങ്ങിനെയിരിക്കെ ഒരിക്കല്‍ രാജാവ് നായാട്ടിനുപോയപ്പോള്‍‚ വനത്തില്‍വച്ച്‚ വൃദ്ധനായ ‘ശ്രുതവസ്സ്’ എന്ന മഹ൪ഷിയെയും‚ ശ്രുതവസ്സിന്റെ ശുക്ലത്തെ ഭക്ഷിച്ച ഒരു സ൪പ്പകന്യകയിലുണ്ടായ‚ യൗവനയുക്തനും‚ മഹാതപസ്വിയുമായ പുത്ര൯ ‘സോമശ്രവസ്സി’നെയും കണ്ടുമുട്ടി‚ തന്റെ പുരോഹിതനാകുവ൯വേണ്ടി സോമശ്രവസ്സിനെ കിട്ടിയാല്‍കൊള്ളാമെന്ന് ജനമേജയന്‍ പറഞ്ഞു.; ‘ഒരു ബ്രാഹ്മണ൯ എന്തുചോദിച്ചാലും കൊടുക്കണം’ എന്ന ഒരു ഗൂഢവൃതം തന്റെ മകനുണ്ടെന്നും‚ അതു സാധിപ്പിച്ചുകൊടുക്കാമെങ്കില്‍‚ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളുവാ൯ അനുവദിക്കുകയും ചെയ്തതനുസരിച്ച്‚ സോമശ്രവസ്സിനെ ജനമേജയ൯ കൊട്ടാരം പുരോഹിതനായി നിയമിക്കുകയും‚ അദ്ദേഹം പറയുന്ന ഏതുകാര്യവും സാധിച്ചുകൊടുക്കണമെന്ന് തന്റെ അനുജന്മാരോട് നി൪ദ്ദേശിക്കുകയും ചെയ്തശേഷം‚ ജനമേജയ൯ തക്ഷശില എന്ന രാജ്യം പിടിച്ചടക്കുവാനായി യാത്രയായി. ഇത്രമാത്രം ധ൪മ്മശ്രദ്ധയോടും‚ അധ൪മ്മഭയത്തോടും കൂടിയ ഒരു രാജവുഭരിക്കുന്ന രാജ്യത്ത്(ജനമേജയന്‍ )‚ ഒരു പട്ടിക്കുപോലും നിഗ്രഹാനുഗ്രഹ ശക്തിയുണ്ടാകുമെന്ന തത്വത്തെയാണല്ലൊ വ്യസഭഗവാ൯ പ്രകാശിപ്പിക്കുന്നത്. അധ൪മ്മിയായ ദുര്യോധന൯ ഭരിക്കുന്ന രാജ്യത്ത്‚ ഗുരുക്കളും‚ ആചാര്യന്മാ൪പോലും ശക്തിഹീനരായി ക്ഷയിച്ചു പോയിരിക്കുന്നുവെന്ന സത്യം‚ ഒരു ദീ൪ഘനിശ്വാസത്തോടെ ദ്രോണ൪ തിരിച്ചറിഞ്ഞു.

അഹങ്കാരത്തെ‚ അതായത് അജ്ഞാനത്തെയാണല്ലൊ‚ പട്ടിയായി ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ മനുഷ്യരും‚ ഒന്നല്ലെങ്കില്‍‚ മറ്റൊരുതരത്തില്‍‚ അഹങ്കാരികളായതുകൊണ്ടാണ് അവരില്‍ പലവിധത്തിലുള്ള രാഗദ്വേഷങ്ങള്‍ വളരുന്നതും‚ അതിലൂടെ യാതനകള്‍ അനുഭവിക്കുന്നതും‚ ഭയം ഉണ്ടാകുന്നതും. മൃത്യുഭയമാണല്ലൊ ഏറ്റവും വലുത്. 'ശരീരാഭിമാനവും'‚ 'ഭൂമിയില്‍ കാണുന്നതാണ് സത്യം' എന്നുള്ള തോന്നലുമാണ് അഹങ്കാരവള൪ച്ചക്കു ഹേതു. അതായത് അജ്ഞാനംകൊണ്ട് അഹങ്കാരമുണ്ടാവുന്നു. ജ്ഞാനംകൊണ്ട് അജ്ഞാനം നീങ്ങുമ്പോള്‍‚ ആത്മാവുപ്രകാശിക്കും. ആ പ്രകാശം അഹങ്കാരത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് വേദവ്യാസ൯ ഇതിഹാസത്തിന്റെ അവസാനഭാഗത്തു പറയുന്ന പട്ടിയുടെ രൂപമാറ്റത്തിലൂടെയും‚ ഗീതോപദേശത്തിലെ അഞ്ചാമദ്ധ്യായം; ശ്ലോ:16/17-ലൂടെയും പറഞ്ഞുതരുന്നത്.

(ആത്മജ്ഞാനമായീടുന്ന ചൂടിനാ-

ലജ്ഞാനമാകെയും ഭസ്മീകരിക്കുകില്‍‚

മദ്ധ്യാഹ്ന സൂര്യകിരണങ്ങള്‍ പോലെ യീ-

ജ്ഞാനം വെളിപ്പെടുത്തുന്നു സ൪വസ്വവും.

നിഷ്ഠയോടീ മനോമാലിന്യമാകെയും‚

ജ്ഞാനത്താലിന്നവ വൃത്തിയാക്കീട്ടു നീ

പരമമായീടുന്ന പെരുളതില്‍ നിന്നുടെ

ബുദ്ധിയുറപ്പിച്ചു; മനസിനെയ൪പ്പിച്ചു;

വിശ്വസിച്ചിട്ടു നീയാശ്രയിച്ചീടുകില്‍‚

പ്രാപിച്ചിടുന്നുണ്ടു മോക്ഷത്തെ നീയെടൊ.)

അങ്ങിനെ സംഭവിക്കുമ്പോള്‍ അനുഗ്രഹീതനാവുകയും‚ എല്ലാത്തരത്തിലുള്ള അഭിമാനങ്ങളുടെയും അഭാവമായ ‘വിമാനത്തില്‍’ കയറി കൈവല്യസ്ഥാത്തേക്കുയ൪ന്ന്‚ സ്വരൂപപ്രാപ്തിയായ ‘സ്വ൪ഗ്ഗ’ത്തിലേക്കെത്തിചേരുകയും ചെയ്യുന്നു. മഹാഭാരതകഥയുടെ താത്വികസ്വരൂപം ഇതാണല്ലൊ. ഈ സാമാന്യരൂപത്തോടു ബന്ധപ്പെട്ട പ്രത്യേകം‚ പ്രത്യേകം സ്വരൂപങ്ങളാണ് മഹാഭാരതത്തിലെ ഓരോ ഉപകഥകള്‍ക്കുമുള്ളത്. അജ്ഞാനത്തെ നീക്കുവാനുള്ള ജ്ഞാനം കിട്ടേണ്ടത്‚ ആചാര്യനില്‍കൂടെയാണെന്ന തത്വത്തെയാണ്; ധൌമ്യന്റെയും‚ ശിഷ്യന്മാരായ ഉപമന്യു‚ ആരുണി‚ വേദ൯ മുതല്പേരുടെ കഥകളിലൂടെ സ്പഷ്ടമാക്കിയിരിക്കുന്നത്. ജനമേജയന് പ്രാപ്തനായ ആചാര്യനെ വരിക്കാ൯ കഴിഞ്ഞെങ്കിലും‚ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ കേട്ടു പ്രവ൪ത്തിക്കുവാനുള്ള സാവകാശം പോലുംകാട്ടാതെ‚ തക്ഷശില പിടിച്ചടക്കുവാ൯പോയി. ആചാര്യനെ വരിച്ചാല്‍മാത്രംപോര‚ അദ്ദേഹത്തിന്റെ ഉപദേശ നി൪ദ്ദേശപ്രകാരം പ്രവ൪ത്തിച്ചെങ്കിലെ പ്രയോജനം ലഭിക്കുകയുള്ളു. ആചാര്യനായ താനിതാ••• ശിഷ്യന്റ ആജ്ഞാനുവ൪ത്തിയായി അധഃപ്പതിച്ചിരിക്കുന്നു. അതെ‚ പരമപദത്തില്‍നിന്ന് സംസാരത്തിലക്കു വഴുതിവീഴുന്ന ജീവ൯‚ ഏതെല്ലാം വിഭിന്നങ്ങളായ ദിശകളിലേക്കാണ് വഴുതിപ്പോകുന്നതെന്നാണല്ലൊ; ഭാ൪ഗ്ഗവവംശം തുടങ്ങുന്ന ഭൃഗുമഹ൪ഷിയുടെയും‚ പുരു ഉള്‍പ്പടെയുള്ള അദ്ദേഹത്തിന്റെ സന്തതിപരമ്പരകളുടെ കഥകളിലൂടെ വ്യാസമഹ൪ഷി വ്യക്തമാക്കുന്നത്. ഏതു യോനിയല്‍ ജനിച്ചാലും ഓരോ ജീവിതത്തിലും അവ൪ അനുഭവിക്കേണ്ടിവരുന്ന ഭയത്തിന്റെയും‚ ദുഃഖത്തിന്റെയും കഥകളാണ്; കശ്യപന് കദ്രുവിലുണ്ടായ നാഗങ്ങളുടെയും‚ വിനതയില്‍ ജനിച്ച അരുണ൯‚ ഗരുഡ൯ എന്നിവരുടെയെല്ലാം കഥകളിലൂടെ സമ൪ത്ഥിച്ചിരിക്കുന്നത്. ‘താനും ആകഥയിലെ ഒരു കണ്ണിമാത്രം’; ദ്രോണ൪ ആശ്വസിച്ചു (06/01)

07.

പണ്ട് ത്രേതായുഗത്തില്‍ഭാര്‍ഗ്ഗവരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിയന്മാരെ കൊന്നൊടുക്കിയശേഷം തപസ്സിനായി മഹേന്ദ്രപര്‍വ്വതത്തിലേക്ക് പോയി. അപ്പോള്‍ ഭര്‍ത്താക്കള്‍മരിച്ച ക്ഷത്രിയസ്ത്രീകള്‍ കാമംകൊണ്ടല്ല; വംശം നിലനിര്‍ത്തുന്നതിനുവേണ്ടി ശ്രേഷ്ഠരായ ബ്രാഹ്മണരില്‍നിന്നും സന്താനോല്‍പ്പാദനം നടത്തുകയും ക്ഷത്രിയര്‍ വേഗത്തില്‍ വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ വീണ്ടും രാജ്യം ഭരിക്കുവാന്‍തുടങ്ങി. അന്ന് വേദംകൊണ്ട് കച്ചവടംനടത്തുന്നവര്‍ ഉണ്ടായിരുന്നില്ല. വൈശ്യയന്മാര്‍ പശുക്കളെ മേയ്ക്കുകയും, കൃഷി നടത്തുകയും ചെയ്യുമായിരുന്നു. പശുക്കളെക്കൊണ്ട് ഭാരം വലിപ്പിച്ചിരുന്നില്ല. കിടാങ്ങള്‍ പുല്ലുതിന്നറാകുന്നതുവരെ പശുക്കളെ കറന്നിരുന്നില്ല. ധര്‍മ്മംനോക്കിയെ കര്‍മ്മം ചെയ്തിരുന്നുള്ളു. പശുക്കളും, സ്ത്രീകളും കാലമെത്തുമ്പോള്‍ പ്രസവിച്ചിരുന്നു. മരങ്ങളും ചെടികളും കാലാകാലങ്ങളില്‍ പൂക്കുകയും; കായ്ക്കുകയും ചെയ്തിരുന്നു. പ്രകൃതി ക്ഷോഭിച്ചിരുന്നില്ല. കാലാവസ്ഥക്കെടുതികള്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെ കൃതയുഗത്തില്‍ ഭൂമി സമൃദ്ധമായപ്പോള്‍, ദേവന്മാരോടുള്ള യുദ്ധത്തില്‍ തോറ്റുകൊണ്ടിരുന്ന അസുരന്മാര്‍, മനുഷ്യരുടെയിടയില്‍ ദൈവങ്ങളായി വിലസാമെന്നുകരുതി, ഭൂമിയില്‍ പലരൂപത്തില്‍ പിറക്കുവാന്‍തുടങ്ങി. ഇങ്ങനെ അസംഖ്യം അസുരന്മാര്‍ മനുഷ്യരായി പിറന്നതുമൂലം ധര്‍മത്തിനുകോട്ടം സംഭവിക്കുകയും, അധര്‍മ്മത്തിന് വൃദ്ധിയുണ്ടാവുകയും, തന്മൂലം ഭൂമിക്ക് ഭാരം കൂടുകയും ചെയ്തു. ഭൂമിയെ താങ്ങിനിര്‍ത്തിയിരുന്ന കൂര്‍മ്മം, ദിഗ്ഗജങ്ങള്‍, ശേഷന്‍ എന്നിവര്‍ക്ക് ഭൂമിയെ താങ്ങിനിര്‍ത്തുവാന്‍ ബുദ്ധിമുട്ടായിത്തീര്‍ന്നപ്പോള്‍; ദുഃഖിതയായ ഭൂമീദേവി വിശ്വസൃഷ്ടാവായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം, ശക്രന്‍തൊട്ടുള്ള ദേവകള്‍ ഭൂമിയില്‍ മനുഷ്യരായി പിറക്കുവാന്‍ തീരുമാനിച്ചു. അവര്‍ ശത്രുസംഹാരിയായി വൈകുണ്ഠത്തില്‍വാഴുന്ന നാരായണനോടൊപ്പം അവരവരുടെ അംശങ്ങളെക്കൊണ്ട് ഭൂമിയില്‍ മനുഷ്യരായി പിറന്നു.

ഗീതയില്‍ക്കൂടി ഭഗവാനും ഇതുതന്നെ പറഞ്ഞിട്ടുണ്ടല്ലൊ;(അ:04, ശ്ലോ:07)

“ധര്‍മ്മത്തിനെപ്പെപ്പോള്‍കോട്ടം ഭവിക്കു-

ന്നധര്‍മ്മത്തിനൊക്കെയും വൃദ്ധിയുണ്ടായിടും;

അപ്പപ്പോഴൊക്കെയുമെന്നാത്മശക്തികൊ-

ണ്ടുത്ഭവിച്ചീടുന്നതുണ്ടുഞാന്‍ഭാരത.” (മലയാളഗീത)

അങ്ങിനെ ഭൂഭാരം കുറയ്ക്കുന്നതിനായി മനുഷ്യനായി പിറന്ന ദേവഗുരുവായ ബൃഹസ്പതിയുടെ അംശമായ താനിപ്പോള്‍, ഒരു വിരോധാഭാസമെന്നപോലെ; ഭൂഭാരം വര്‍ദ്ധിപ്പിക്കുവാനായി മനുഷ്യനായിപിറന്ന സാക്ഷാല്‍ കലിയുടെ പൂര്‍ണ്ണാവതാരമായ ദുര്യോധനന്റെ ആജ്ഞാനുവര്‍ത്തിയായി ഭവിച്ചിരിക്കുന്നു.

ബ്രഹ്മാവിന്റെ ആറുമാനസപുത്രരില്‍ മൂത്തവനായ ‘മരീചി’യുടെ മകനായ കശ്യപന്, ബ്രഹ്മാവിന്റെ കൈകളിലെ പെരുവിരല്‍ത്തുമ്പില്‍നിന്നും പിറന്ന ‘ദക്ഷ’ദമ്പതിമാരുടെ മകളായ ‘പ്രധാന’യില്‍ ജനിച്ച പതിമൂന്ന് അപ്സരസ്സുകളില്‍ ഏറ്റവും സുന്ദരിയായ ‘മേനക’ക്ക്, ‘വിശ്വാമിത്ര’നില്‍നിന്നുപിറന്ന മകളായ ‘ സാക്ഷാല്‍ ശകുന്തള’ക്കുപോലും എത്രയെത്ര പരീക്ഷണങ്ങളാണ് നേരിടേണ്ടിവന്നത്. പണ്ട് കണ്വാശ്രമാത്തില്‍ചെന്ന ഒരു മുനിയോട്, കണ്വമഹര്‍ഷി തന്റെ മകളായ ശകുന്തളയുടെ ജന്മചരിത്രം വിവരിച്ചുകൊടുത്തത് ദ്രോണര്‍ അയവിറക്കി.(07/01)

ശകുന്തളയുടെ ജനനവും ബാല്യവും

കണ്വന്‍ പറഞ്ഞു;

“പണ്ട് വിശ്വാമിത്രന്റെ തപസ്സുമൂലം ഇന്ദ്രന്‍ തന്റെ സിംഹാസനം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ അപ്സരസ്സുകളില്‍ പ്രധാനിയായ മേനകയെ വിളിച്ച്, ‘ഭൂമിയില്‍പോയി വിശ്വാമിത്രന്റെ തപസ്സിളക്കി തന്നെ രക്ഷിക്കണ’മെന്ന്, ഇന്ദ്രന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ മേനക പറഞ്ഞു; ‘മഹാതപസ്വിയും, തേജസ്വിയും, ക്ഷിപ്രകോപിയുമായ വിശ്വാമിത്രന്റെ അടുത്തുപോകുവാന്‍പോലും ഞാന്‍ അശക്തയാണ്. മുമ്പേ ക്ഷത്രിയനായിരുന്നിട്ടും ബ്രാഹ്മണ്യം നനേടിയവനാണല്ലോ വിശ്വാമിത്രന്‍. മഹാമുനിയായ വസിഷ്ഠന്റെ മക്കളെ നശിപ്പിച്ചവനല്ലേ അദ്ദേഹം. സ്വന്തം പരിശുദ്ധിക്കുവേണ്ടി ‘കൌശികി’യെന്ന ആഴംകൂടിയ നദി ഉണ്ടാക്കിയവനല്ലേ ആ മഹര്‍ഷി? സ്വന്തം ഭാര്യയെ സഹായിച്ച ‘മാതംഗ’നെന്ന രാജര്‍ഷിയെ കേവലം ചണ്ഡാലനാക്കിയില്ലേ? പിന്നീട് ചണ്ഡാലനായമാതംഗന് അദ്ദേഹം പ്രീതിയോടെ യാഗം ചെയ്യിച്ചപ്പോള്‍, വിശ്വമിത്രനെപേടിച്ച് അങ്ങയും സോമാപാനത്തിനായി അദ്ദേഹത്തെ സമീപിച്ചില്ലേ? അല്ലയോ ദേവേന്ദ്ര; ക്രുദ്ധനായ അദ്ദേഹം ‘തിരുവോണം’തുടങ്ങിയ മറ്റൊരു നക്ഷത്രപദത്തെപ്പോലും സൃഷ്ടിച്ചില്ലേ? പിത്രുശാപാര്‍ത്തനായ ‘ത്രിശങ്കു’വിനുവേണ്ടി മറ്റൊരു സ്വര്‍ഗ്ഗംതന്നെ ഉണ്ടാക്കിക്കൊടുത്തില്ലേ? മുഖം അഗ്നിയും, കണ്ണുകള്‍ സൂര്യചന്ദ്രന്മാരും, നാവ് യമനുമായിട്ടുള്ള ആ വിശ്വാമിത്രനെ ഒന്ന് തൊടുവാന്‍പോലും ഞാന്‍ അശക്തയാണ്. എന്നിരിക്കിലും ഭവാന്‍ ആജ്ഞാപിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തേക്കുപോവുകതന്നെ ചെയ്യും. പക്ഷെ എന്നെ സഹായിക്കുവാന്‍വേണ്ടി അങ്ങ് മൂന്നുകാര്യങ്ങള്‍ചെയ്തുതരണം. ഞാന്‍ അവിടെചെന്നുനൃത്തംതുടങ്ങുമ്പോള്‍ കാറ്റിനെക്കൊണ്ട് എന്നെ വിവസ്ത്രയാക്കണം; കാമദേവനെ പുഷ്പശരവുമായി എന്റെ കൂടെ നിര്‍ത്തണം. ഞാന്‍ മുനിയെ മയക്കുന്നസമയത്ത് സൌരഭ്യവാഹിനിയായ മന്ദമാരുതനെ അവിടെ വീശിക്കണം.’

അങ്ങിനെ മാരുതന്റെയും, കാമദേവന്റെയും സഹായത്തോടെ മേനക വിശ്വാമിത്ത്രന്റെ തപസ്സിളക്കുകയും, വിശ്വാമിത്രന് മേനകയില്‍ ഒരു പുത്രി ജനിക്കുകയും ചെയ്തു. മാലിനീനദിക്കരയില്‍ ആ കുഞ്ഞിനെ ഉപേക്ഷിച്ച് മേനക സ്വര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുപോയി. നദിയിലേക്ക് ജലത്തിനുവേണ്ടി പോയ ഞാന്‍, വിജനസ്ഥലത്ത് പക്ഷികളാല്‍(ശകുന്തങ്ങള്‍) പരിരക്ഷിക്കപ്പെട്ട ഇവളെ കാണുകയും എടുത്തുകൊണ്ടുവന്ന് വളര്‍ത്തുകയും ചെയ്തു. ധര്‍മ്മശാസ്ത്രപ്രകാരം ദേഹം ഉണ്ടാക്കുന്നവനും, പ്രാണന്‍കാക്കുന്നവനും, ചോറുകൊടുത്തുവളര്‍ത്തുന്നവനും ക്രമത്താല്‍ അച്ഛന്മാരാണ്. വിജനമായ കാട്ടില്‍ ശകുന്തങ്ങളാല്‍ കാത്തുരക്ഷിക്കയാല്‍ ഇവള്‍ക്ക് ഞാന്‍ ‘ശകുന്തള’ എന്ന് നാമകരണം ചെയ്തു.”

ദ്രോണര്‍ചിന്തിച്ചു; വിശ്വാമിത്രന്റെ പുത്രിയായിരുന്നിട്ടുകൂടി ശകുന്തള ജനിച്ചപ്പോള്‍തന്നെ അനാധയായില്ലേ. കണ്വന്‍ എടുത്തുവളര്‍ത്തിയെങ്കിലും, ഗാന്ധര്‍വ്വവിധിപ്രകാരം അവളെ വരിച്ച ദുഷ്യന്തമാഹാരാജാവിന്റെ കൊട്ടാരത്തില്‍ മകനെയുംകൊണ്ടുചെന്ന അവളെ രാജാവ് അപമാനിക്കുകയല്ലേ ചെയ്തത്? വിവാഹസമയത്ത് ‘ശകുന്തളയിലുണ്ടാകുന്ന പുത്രനെ യുവരാജാവാക്കാം’ എന്നാ ശപധത്തെപ്പോലും മറന്നുകൊണ്ട്, ‘ഞാന്‍നിന്നെ ഓര്‍ക്കുന്നുപോലുമില്ല’ എന്ന ദുഷ്യന്തന്റെ മറുപടികേട്ട ശകുന്തള കോപിച്ച് ദുഷ്യന്തനോടുനടത്തിയ ന്യായവാദങ്ങള്‍ ദ്രോണര്‍ ഓര്‍ത്തു.

ശകുന്തള-ദുഷ്യന്ത സംവാദം.

ശകുന്തള ദുഷ്യന്തനോടുപറഞ്ഞു; “രാജാവേ; അങ്ങ് അറിഞ്ഞുകൊണ്ടുതന്നെ എന്തിനാണ് അസത്യം പറയുന്നത്? ദയവുചെയ്ത് ധര്‍മ്മത്തെ സാക്ഷിയാക്കി സത്യം പറയുക. ആത്മവഞ്ചകന്‍കള്ളനു തുല്യനാണ്. ഞാന്‍ ഏകയും, അബലയുമാണെന്ന് അങ്ങ് ധരിക്കരുത്. എന്റെ ഹൃദയത്തില്‍ അധിവസിക്കുന്ന പരാമാത്മാവ് നിന്റെ ഈ പാപം കാണുന്നുണ്ട്. സത്യമെന്തെന്ന് ദേവകളും കാണുന്നുണ്ട്. നിന്റെ ഹൃദയത്തിലിരിക്കുന്നവനും ആ സത്യം കാണുന്നുണ്ട്. ആദിത്യനും, ചന്ദ്രനും, സ്ഗ്നിയും, വായുവും, ആകാശവും, രാത്രിയും, പകലും, രണ്ട് സന്ധ്യകളും ധര്‍മ്മനും മനുഷ്യന്റെ എല്ലാ പ്രവൃത്തുകളും കാണുന്നുണ്ട്. ആ അന്തരാത്മാവ് സന്തുഷ്ടനായാല്‍ യമന്‍ അവന്റെ പാപം ഇല്ലാതാക്കും. അസത്യം പറയുന്നവന്റെ അന്തരാത്മാവ് എന്നും അസന്തുഷ്ടമായിരിക്കും. ആയതാല്‍ ദ്രോഹിയായ അവനു നരകമായിരിക്കും ലഭിക്കുക. ഞാന്‍സ്വയം വന്നുകേറിയവളല്ല. പതിവൃതയായ ഭാര്യയാണ്. നീ സത്യം ആച്ചരിക്കുന്നില്ലെങ്കില്‍ നിന്റെ ശിരസ്സ്‌ നൂറുകഖണ്ടമായി പൊട്ടിത്തെറിക്കും. ഭര്‍ത്താവ് ഭാര്യയില്‍ചേര്‍ന്നാല്‍ താന്‍തന്നെ പുത്രനായി വീണ്ടും ഭാര്യയില്‍ ജന്മമെടുക്കുന്നു. അതുകൊണ്ടാണല്ലോ ഭാര്യക്ക് ‘ജായാ’ എന്ന പേരുണ്ടായത്. പുത്രരൂപേണ ഭാര്യയില്‍ജനിക്കുന്നത് ഭര്‍ത്താവിന്റെ ആത്മാവുതന്നെയാണ്. മുന്‍പേമരിച്ചുപോയ അവന്റെ പിത്രുക്കളാണ് മക്കളായി പിറക്കുന്നത്. ‘പും’ എന്നുപേരായ നരകത്തില്‍നിന്നും പിതൃക്കളെ ത്രാണനംചെയ്യുന്നതുകൊണ്ടാനല്ലോ ബ്രഹ്മാവ് സുതനെ ‘പുത്രനെന്നു’വിളിക്കുന്നത്. പുത്രനാലാണ് ഒരുവന് ശാശ്വതമായ ലോകം ലഭിക്കുന്നത്. പൌത്രന്റെ പുത്രനെക്കൊണ്ടും പ്രപിതാമഹന്മാര്‍ സന്തോഷിക്കുന്നു.

ഒരു പുരുഷന്റെ പകുതിയും ഭാര്യയാണ്. ഗൃഹസ്ഥനാകണമെന്നുണ്ടെങ്കില്‍ ഭാര്യ കൂടിയേതീരു. വിജനത്തില്‍ സുഖം ചൊല്ലുന്ന ഭാര്യ ഒരുവന്റെ സഖിയാകുന്നു. ധര്‍മ്മങ്ങളുപദേക്കുമ്പോള്‍ അവള്‍ പിതാവാകുന്നു. ധര്‍മ്മകാര്യത്തില്‍ നീ സുഖിക്കുമ്പോള്‍ അവള്‍ അമ്മയാകുന്നു. യാത്രചെയ്യുമ്പോള്‍ കാട്ടില്‍പോലും ഭാര്യ ആശ്വാസമാകുന്നു. അതുകൊണ്ട് പുരുഷന്റെ ഗതി ഭാര്യയാണ്. മരിച്ച് നരകത്തില്‍വീഴുന്ന ഭര്‍ത്താവിനെ സതിയായ ഭാര്യ പിന്തുടര്‍ന്ന് അവനെ നരകത്തില്‍നിന്നും കരകയറ്റുന്നു. ഇപ്രകാരം ഇഹലോകത്തിലും, പരലോകത്തിലും ഭാര്യ കൂടെനില്‍ക്കുന്നവളായതുകൊണ്ടാണ് പുരുഷന്‍പാണീഗ്രഹണം ആഗ്രഹിക്കുന്നത്.(07/02)

അവനവനെ അവനവന്‍തന്നെ ജനിപ്പിക്കുന്നതാണ് പുത്രന്‍ എന്നാണ് പുധജനം പറയുന്നത്. അതുകൊണ്ട് പുത്രന്റെ അമ്മയെ ബുദ്ധന്മാര്‍ സ്വന്തം അമ്മയെപ്പോലെയാണ് കാണുന്നത്. കണ്ണാടിയില്‍ സ്വന്തം മുഖം എന്നപോലെ, ഭാര്യയില്‍ സ്വന്തം പുത്രനെക്കണ്ട് അച്ഛന്‍ സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നു. ഒരു പുരുഷന്റെ എല്ലാ സന്തോഷത്തിനും കാരണക്കാരി ഭാര്യയാണ്. അതുകൊണ്ട് അവള്‍കുറച്ചുദേഷ്യം കാട്ടിയാല്‍പോലും പുരുഷന്‍ അവള്‍ക്ക് അപ്രിയം ചെയ്യരുത്. ആത്മോത്ഭവത്തിന് സനാതനമായ ക്ഷേത്രമാണ് സ്ത്രീ.

സ്വന്തം പുത്രന്‍ ഒടിവന്നുപുണരുന്നതിനെക്കാള്‍ ശ്രേഷ്ഠമായ മറ്റെന്തുസുഖമാണ് ഒരച്ചനുലഭിക്കേണ്ടത്? ഉറുമ്പുകള്‍പോലും അവയുടെ മുട്ടകള്‍ ഉടയാതെ സൂക്ഷിക്കുന്നു. ധര്‍മ്മജ്ഞനായ അങ്ങ് എന്തുകൊണ്ടാണ് പുത്രനെ സ്വീകരിക്കാത്തത്? ഇരുകാളികളില്ശ്രേഷ്ഠന്‍ ബ്രാഹ്മണനാണ്; നാല്‍ക്കാലികളില്‍പശു. മഹാന്മാരില്‍ ഗുരു. സ്പര്‍ശ്ശിക്കുന്നവരില്‍ശ്രേഷ്ഠന്‍ പുത്രനും. പുത്രന്റെ ജാതകര്‍മ്മസമയത്ത് വിപ്രന്മാര്‍ ചൊല്ലുന്ന മന്ത്രങ്ങള്‍കേട്ടിട്ടില്ലേ? ‘മകനെ, നീ എന്റെ അംഗത്തില്‍നിന്നും, ഹൃദയത്തില്‍നിന്നും, ജനിച്ചവനാണ്. പുത്രനായി ജനിച്ച നീ എന്റെ ആത്മാവുതന്നെയാണ്. എന്റെ ജീവനും, ദീര്‍ഘമായ സന്താനപരമ്പരയും നിനക്കധീനമാണ്. അതുകൊണ്ട് പുത്രാ!, നീ നൂറ്റാണ്ടുകാലം ജീവിച്ച് സുഖമായി വാഴുക.’

എന്റെ പൂര്‍വ്വജന്മത്തില്‍ ഞാന്‍ചെയ്ത അപരാധംകൊണ്ടായിരിക്കാം ജനിച്ച ഉടനെ ബന്ധുക്കള്‍ എന്നെ ഉപേക്ഷിക്കാന്‍ ഇടയായത്. അല്ലയോ രാജാവേ; ഞാന്‍ ചില മഹത്-വാക്യങ്ങള്‍പറയാം. നീ ശ്രദ്ധിച്ചു കേള്‍ക്കണം. കണ്ണാടിയില്‍ സ്വന്തം രൂപം കാണുന്നതുവരെ വിരൂപിയും താന്‍ സുന്ദരനാണെന്നുവിചാരിക്കും. പക്ഷെ സുന്ദരന്മാര്‍ ആരെയും നിന്ദിക്കുകയില്ല. കൂര്‍ര്‍ഖന്മാര്‍ മറ്റുള്ളവര്‍പറയുന്നതിലെ തെറ്റായ കാര്യങ്ങള്‍മാത്രം സ്വീകരിക്കുന്നു. പന്നികള്‍ക്ക് മേദ്ധ്യമാണല്ലോ പഥ്യം. ഹംസം ജലത്തില്‍നിന്നുപാല്‍ വേര്‍തിരിച്ചെടുക്കുന്നതുപോലെ വിദ്വാന്മാര്‍ നല്ലതുമാത്രം സ്വീകരിക്കുന്നു. സജ്ജനങ്ങളെ ദുര്‍ജ്ജനങ്ങള്‍ ‘അതാ ഒരു ദുര്‍ജ്ജനം’ എന്നുവിളിച്ചധിക്ഷേപിക്കുന്നു. സത്യ:ധര്‍മ്മ വിരുദ്ധനെ അവിശ്വാസികള്‍പോലും വിഷസര്‍പ്പത്തെയെന്നപോലെ ഭയപ്പെടുന്നു.

പുത്രന്മാര്‍ എത്രവിധം.

അങ്ങക്കുതുല്യനായ മകനെ ജനിപ്പിച്ചിട്ട് വേണ്ടന്നുവച്ചാല്‍ ദേവകള്‍ അവന്റെ ശ്രീ നശിപ്പിക്കും കുളം നിലനില്‍ക്കുന്നത് പുത്രനിലൂടെയാണ്. മനു പറഞ്ഞിരിക്കുന്നതിന്‍പ്രകാരം പുത്രന്മാര്‍: സ്വപത്നിജന്‍, ലബ്ധന്‍, ക്രീതന്‍, വളര്‍ത്ത്തവന്‍,ഉപനീതന്‍, പരോത്പന്നന്‍ എന്നിങ്ങനെ ആറുവിധം ഉണ്ടല്ലോ. സ്വധര്‍മ്മപ്ലവരായ പുത്രന്മാര്‍ പിതൃക്കളെ നരകത്തില്‍നിന്നും കരകയറ്റുന്നു. ആയതുകൊണ്ട് നീ പുത്രനെ ത്യജിക്കരുതേ; അസത്യം പറയരുതേ. നൂറുകിണറുകളേക്കാള്‍ഭേദം ഒരു കുളമാണ്. നൂറുകുളത്തേക്കാള്‍ശ്രേഷ്ഠം ഒരു യാഗമാണ്. നൂറുയാഗത്തേക്കള്‍ശ്രേഷ്ഠം ഒരു പുത്രനാണ്. നൂര്പുത്രനെക്കാള്‍ശ്രേഷ്ഠം ഒരു സത്യമാണ്. ആയിരം ആശ്വമെധത്തെക്കാള്‍ഭാരം കൂടുതല്‍ ഒരു സത്യത്തിനാണ്. എല്ലാ വേദങ്ങളും ചൊല്ലുക; എല്ലാ തീര്‍ത്ഥങ്ങളും ആടുക; സത്യം പറയുക; ഇവ മൂന്നും തുല്യമാണ്. സത്യമാണ് പരമമായ ബ്രഹ്മം. അല്ലയോ; ദുഷ്യന്താ, ഇനിയും നീ സത്യം ആച്ചരിക്കുന്നില്ലങ്കില്‍ നീയുമായുള്ള ഈ സഹവാസം എനിക്ക് ആവശ്യമില്ല. നീ സ്വീകരിച്ചില്ല എങ്കിലും എന്റെ മകന്‍ ഉയര്‍ന്ന അദ്രികിരീടംചൂടി, ആഴിചൂടുന്ന ഈ ഊഴി പരിപാലിക്കും.”

ശകുന്തള ഇപ്രകാരം പറഞ്ഞ്, കോപിച്ച് മകനെയുംകൊണ്ടുപോകുവാന്‍ തുടങ്ങിയപ്പോള്‍ ആകാശത്തുനിന്നുണ്ടായ ആശരീരിവാക്ക്യങ്ങളും ദ്രോണാചാര്യര്‍ ഓര്‍ക്കുവാന്‍ ശ്രമിച്ചു.

“ ‘തോല്‍വട്ടിയില്‍നി’ക്ഷേപിക്കപ്പെട്ട വിത്ത്‌ വട്ടിയുടെതാവുകയില്ല. ഈ സ്ത്രീയില്‍ നിക്ഷേപിക്കപ്പെട്ട ബീജം പുരുഷന്റെതുതന്നെ! ആ പുരുഷന്‍ നീ തന്നെ. ഇവന്‍ദുഷ്യന്തന്റെ പുത്രന്‍തന്നെ. ഹേ; ദുഷ്യന്ത; നീ പുത്രനെ ഭരിക്കുക. ഭാര്യയെ മാനിക്കുക. നിന്റെ ബീജോത്ഭവനായ ഇവന്‍ നരകത്തില്‍നിന്നുനിന്നെ രക്ഷിക്കും. അതുകൊണ്ട് ശകുന്തളയിലുണ്ടായ ‘ദൌഷന്തിയെ’ നീ ഭരിച്ചാലും. ഞങ്ങള്‍പറയുകയാല്‍ നീ അവനെ ഭരിക്കുകമൂലം നിന്റെ മകന്‍ ‘ഭരതന്‍’ എന്നപേരില്‍ അറിയപ്പെടും.”

അശരീരികേട്ടയുടനെ, ‘താന്‍ സത്യം പറഞ്ഞാലും ലോകര്‍തന്റെപുത്രനെ അംഗീകരിക്കാന്‍ സാധ്യതയില്ല എന്നതുകൊണ്ട്, ദേവതകളെക്കൊണ്ടുപറയിക്കുവാന്‍വേണ്ടിയാണ് തന്‍ സത്യം പറയാതിരുന്നത്’ എന്നുപറഞ്ഞ് ദുഷ്യന്തനും തന്റെ ധര്‍മ്മനിഷ്ഠയെ സ്ഥാപിച്ചു.

അപ്സരസ്സായ മേനകയുടെയും വിശ്വാമിത്രന്റെയും കൊച്ചുമകനായ ഭരതന്റെ ഭരണത്തോടെ ‘ഭാരത’മെന്നുപേരുകേട്ട ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്, ആ ഭാരതചക്രവര്‍ത്തിയുടെതന്നെപരമ്പര കാരണക്കാരാകാതിരിക്കുന്നതിനായി ‘കൌരവരോടൊപ്പം പാണ്ടവരും ഈ രാജ്യത്തിതെ അവകാശികളാണെന്ന’ ഒരു അശരീരി; ദുര്യോധനന്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിലും ഒന്ന് മുഴങ്ങിക്കേട്ടിരുന്നുവെങ്കിലെന്ന് പാവം ദ്രോണാചാര്യര്‍ വെറുതെ ആഗ്രഹിച്ചുപോയി.

08.

സുഗന്ധിയും സുന്ദരിയുമായ സത്യവതിയെന്ന മുക്കുവപ്പെണ്‍കൊടിയെ തന്റെ അച്ഛന്റെ ഭാര്യയാക്കുവാന്‍ വേണ്ടി ദേവവൃതനെന്ന ഗംഗാദത്തന്‍ ബ്രഹ്മച്ചര്യാവൃതം സ്വീകരിച്ചു ഭീഷ്മരായില്ലായിരുന്നുവെങ്കില്‍, കുരുവംശത്തില്‍ ഒരു കുരുടന്‍ രാജാവ് ആവുകയില്ലയിരുന്നു. പക്ഷെ, ‘ആപവ’ന്റെ ശാപം അസ്താനത്താവുക അസംഭവ്യം തന്നെ. അങ്ങിനെ അഷ്ടവസുക്കള്‍ മനുഷ്യരായി പിറക്കുവാനുണ്ടായ കാരണം ദ്രോണര്‍ അനുസ്മരിച്ചു.

ആപവന്റെ ശാപവും, അഷ്ടവസുക്കളും (ഭീഷ്മരുടെ പൂര്‍വ്വജന്മം):

ബ്രഹ്മാവിന്റെ കൊച്ചുമകനായ കശ്യപന്റെ അന്‍പതുഭാര്യമാരില്‍ (ദക്ഷന്റെ മക്കള്‍) ഒരുവളായ അദിതിക്കുജനിച്ച പന്ത്രണ്ടു ആദിത്ത്യന്മാരില്‍ ഒരുവനായ വരുണന്റെ പുത്രനായ ‘വസിഷ്ഠന്‍’ എന്ന് പ്രസിദ്ധനായ ‘ആപവാന്‍’ എന്ന മുനിക്ക് മേരുശൈലത്തിന്റെ താഴ്വരയില്‍ ഒരു ആശ്രമമുണ്ടായിരുന്നു. എല്ലാ ഋതുക്കളിലും മനോഹരമായ പുഷ്പങ്ങള്‍ വിരിയാറുള്ള ആ ആശ്രമപരിസരത്ത് ദക്ഷന്റെ കൊച്ചുമകളായ നന്ദിനി എന്ന പശുക്കുട്ടിയും താമസിച്ചിരുന്നു. കശ്യപനില്‍നിന്ന് പശുക്കളെ പ്രസവിച്ച വിസൃതയായ ‘സുരഭി’യുടെ മകളാണ് നന്ദിനി. കാമിക്കുന്നതൊക്കെ കറന്നെടുക്കുവാന്‍ കഴിവുള്ള നന്ദിനി (കാമധേനു), വസിഷ്ഠന്റെ ഹോമധേനു ആയിരുന്നു. ഒരിക്കല്‍ ‘പൃധു’ മുതലായ അഷ്ടവസുക്കള്‍ സകുടുംബം ഒരു ഉല്ലാസയാത്രാമദ്ധ്യെ വസിഷ്ഠന്റെ ആശ്രമപ്രദേസത്ത് എത്തിയപ്പോള്‍, ലക്ഷണമൊത്ത നന്ദിനിയെ കണ്ടു കൌതുകം തോന്നിയ തന്റെ ഭാര്യയോട് ‘ദ്യോവ്’ എന്ന വസു പറഞ്ഞു; ”നീലലോച്ചനയായ ഈ പശുവിന്റെ പാല്‍ കുടിക്കുന്ന മനുഷ്യര്‍ യൌവനത്തോടുകൂടി പതിനായിരം വര്‍ഷം ജീവിക്കും”. ഇതുകേട്ട ദ്യോവിന്റെ ഭാര്യ മനുഷ്യലോകത്തുള്ള ‘ഉസിനര’ രാജാവിന്റെ മകളായ ‘ജിതവതി’എന്ന തന്റെ കൂട്ടുകാരിക്ക് സമ്മാനിക്കുവാനായി നന്ദിനിയെ കിടാവിനോടൊപ്പം പിടിച്ചുകൊടുക്കണമെന്നു ശഠിച്ചു. തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായി ധര്‍മ്മാധര്‍മ്മങ്ങളെ ചിന്തിക്കാതെ കാമാധേനുവിനെ അവര്‍ പിടിച്ചുകൊണ്ടുപോയി. വിവരം അറിഞ്ഞ വസിഷ്ഠന്‍, ‘അഷ്ടവസുക്കള്‍ എല്ലാവരും ഭൂമിയില്‍ മനുഷ്യരായി പിറക്കട്ടെ’ എന്ന് ശപിച്ചു. പിന്നീട് വസുക്കളുടെ അഭ്യര്‍ത്ഥനപ്രകാരം ‘ദ്യോവ്’ എന്ന വസു ഒഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ ശാപമോക്ഷം കിട്ടുമെന്നും, ആര്‍ക്കും മനുഷ്യ സന്താനങ്ങള്‍ ഉണ്ടാവുകയില്ലെന്നും, ഭാര്യാപ്രീണനത്തിനായി അധര്‍മ്മത്തെ ആച്ചരിച്ചവന്‍ മാത്രം അവിവാഹിതനും, ധര്‍മ്മിഷ്ടനുമായി അനേകകാലം മനുഷ്യനായി ഭൂമിയില്‍ ജീവിക്കുമെന്നും, അവന്‍ ശാസ്ത്ര വിശാരദനും, അച്ഛന് ഇഷ്ടം ചെയ്യുന്നവനും ആയി ഭവിക്കട്ടെ’ എന്ന് ശാപമോക്ഷവും കൊടുത്തു.

ഇപ്രകാരം അഷ്ടവസുക്കള്‍ ശാപവും പേറിനടക്കുമ്പോള്‍ ആണല്ലോ, ‘ഭൂമിയില്‍ മനുഷ്യസ്ത്രീയായി പിറന്ന് ഭോഗസുഖങ്ങള്‍ അനുഭവിക്കുമാറാകട്ടെ’ എന്ന് ബ്രഹ്മാവിനാല്‍ ശപിക്കപ്പെട്ട ഗംഗാദേവിയെ കാണുന്നതും, ഒരു പരസ്പര സഹായം എന്ന നിലയില്‍ ജനിച്ച ഉടനെതന്നെ നദിയിലേക്കെറിഞ്ഞുകൊന്ന് അഷ്ടവസുക്കളില്‍ എഴുപേരെയും ഗംഗാദേവി ശാപമോചിതരാക്കുന്നതും, ദ്യോവ് എന്ന വസുവിന്റെ അംശാവതാരമായ ഭീഷ്മാചാര്യര്‍ , ഈ സംസാരദുഃഖം മുഴുവന്‍ ഒറ്റക്കനുഭവിക്കുവാന്‍വേണ്ടി അവശേഷിച്ചതും. സ്വച്ഛന്തമൃത്യുവായിരുന്നിട്ടുകൂടി തന്റെ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കാതെ, ദുഷ്ടനായ ദുര്യോധനന്റെ സേനാപതിയായിത്തീര്‍ന്ന ഭീഷ്മാചാര്യരുടെ ദുര്യോഗത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ എത്രയോ ഭാഗ്യവാന്‍.(08/01)

അധര്‍മ്മം ആചരിക്കുന്നത് ദേവന്മാരായിരുന്നാല്‍പോലും അവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെയാണ് ‘യമധര്‍മ്മ’നുപോലും ശൂദ്രയോനിയില്‍ ‘വിദുര’രായി ജനിച്ചു അധാര്‍മ്മികള്‍ക്കിടയിലൂടെ ധര്‍മ്മമുപദേശിച്ച് നടക്കേണ്ട ഗതികേട് സംഭവിച്ചത്. യമധര്‍മ്മദേവന്‍ ചെയ്ത തെറ്റ് എന്തായിരുന്നു?

അണിമാണ്ഡവ്യന്റെ ശാപവും യമധര്‍മ്മനും (വിദുരരുടെ പൂര്‍വ്വ ജന്മം):

സത്യസന്ധനും, ധര്‍മ്മജ്ഞനും, ബുദ്ധിമാനും, താപസനുമായ ‘മാണ്ഡവ്യന്‍’ എന്ന ബ്രാഹ്മണശ്രേഷ്ഠന്‍ കുട്ടിയായിരുന്നപ്പോള്‍ ചെറിയ തുമ്പികളെ പിടിച്ചു അതിന്റെ വാലില്‍ ഈര്‍ഷികപ്പുല്ലുകള്‍ കോര്‍ത്തു കളിക്കുമായിരുന്നു. ആ കുറ്റത്തിന്റെ ശിക്ഷയായി യമധര്‍മ്മന്‍ അദ്ദേഹത്തിനുവിധിച്ച ശിക്ഷ ‘വര്‍ഷങ്ങളോളം ശൂലത്തില്‍ തറഞ്ഞുനില്‍ക്കുവാന്‍ ഇടയാകട്ടെ’ എന്നായിരുന്നു.

ഒരിക്കല്‍ തന്റെ ആശ്രമത്തിന്റെ മുറ്റത്തുനില്‍ക്കുന്ന മരച്ചുവട്ടിലിരുന്നു കൈകള്‍ മുകളിലേക്കുയര്‍ത്തി മൌനവൃതത്തോടെ മാണ്ഡവ്യന്‍ തപസ്സുചെയ്തുകൊണ്ടിരുന്നപ്പോള്‍ കുറെ കള്ളന്മാര്‍ തങ്ങളുടെ മോഷണദ്രവ്യങ്ങളെല്ലാം അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ ഒളിപ്പിച്ച് വച്ചു. അത് കണ്ടുപിടിച്ച രാജഭടന്മാര്‍ അദ്ദേഹമായിരിക്കും മോഷ്ടാവ് എന്ന് തെറ്റിദ്ധരിച്ച് അതിന്റെ ശിക്ഷയെന്നോണം തപസ്സിലായിരുന്ന മാണ്ഡവ്യനെ ഒരു ശൂലത്തില്‍ കുത്തിനിര്‍ത്തിയിട്ടു തിരിച്ചുപോയി. പക്ഷെ തപസ്സിലായിരുന്ന മുനി സംഗതികളൊന്നും അറിയാതെ ആ ശൂലത്തില്‍ കുത്തിനിന്നുകൊണ്ടുതന്നെ വളരെക്കാലം വീണ്ടും തപസ്സുചെയ്യുകയും, മറ്റാര്‍ക്കും സാധിക്കാത്ത പുണ്യലോകങ്ങള്‍ സമ്പാദിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷവും ശൂലത്തില്‍ കുത്തിനിന്ന മുനി മരിച്ചില്ല എന്ന വാര്‍ത്തയറിഞ്ഞ രാജാവ് സ്ഥലത്തെത്തി തന്റെ ഭടന്മാര്‍ ചെയ്തുപോയ തെറ്റിന് മാപ്പ് അപേക്ഷിക്കുകയും, അദ്ദേഹത്തെ ശൂലത്തില്‍നിന്നു താഴെ ഇറക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ തറച്ചുകയറിയിരുന്ന ശൂലത്തിന്റെ മുന ഊരിയെടുക്കുവാന്‍ സാധിച്ചില്ല. തന്മൂലം ശേഷകാലം അദ്ദേഹം തന്റെ ശരീരത്തിനുള്ളില്‍ തറച്ചിരിക്കുന്ന ശൂലത്തിന്റെ മുനയോടുകൂടി സഞ്ചരിക്കുകയും തന്മൂലം ‘അണിമാണ്ഡവ്യന്‍’ എന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്തു.

ബാലന്മാര്‍ ചെയ്യുന്ന തെറ്റുകള്‍ ശിക്ഷാര്‍ഹമല്ല.

പക്ഷെ മരണാനന്തരം തന്റെ ഈ ഗതികേടിനു കാരണം കുട്ടിയായിരുന്നപ്പോള്‍ താന്‍ അനുഷ്ടിച്ച അല്പമായ അപരാധത്തിന്റെ ഫലമാണെന്നു യമധര്‍മ്മനില്‍നിന്നും തിരിച്ചറിഞ്ഞപ്പോള്‍ അണിമാണ്ഡവ്യന്‍ കുപിതനാവുകയും, അന്നുമുതല്‍ ലോകത്തിന്റെ ധര്‍മ്മപലനത്തിനായി ‘ജനനംമുതല്‍ പതിനാലുവയസ്സുവരെ ബാലന്മാര്‍ക്ക് ധര്‍മ്മബോധം ഉണ്ടായിരിക്കുകയില്ല എന്നതുകൊണ്ട്, ബാലന്മാര്‍ പതിനലുവയസ്സുവരെ ചെയ്യുന്ന ഒരു പ്രവൃത്തിയും പാപത്തിനുകാരണമാവുകയില്ല’ എന്ന മര്യാദ വയ്ക്കുകയും, താന്‍ ബാലനായിരുന്നപ്പോള്‍ ചെയ്ത അല്പകുറ്റത്തിനു അധികശിഷിക്ഷ നല്‍കിയ യമാധര്‍മ്മനെ ‘ശൂദ്രയോനിയില്‍ മനുഷ്യനായി പിറക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു. അങ്ങിനെ സാക്ഷാല്‍ യമധര്‍മ്മനിതാ; വിദുരരുടെരൂപത്തില്‍ ധര്‍മ്മപരിപാലനത്തിനായി മനുഷ്യനായി പിറന്ന് അധാര്‍മ്മികളുടെ നടുവില്‍കിടന്ന് നട്ടംതിരിയുന്നു. അത്രയും ധര്‍മ്മസങ്കടം തനിക്ക് അനുഭവിക്കേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്തു ദ്രോണര്‍ അല്പം ആശ്വസിച്ചു (.

09.

"പാണ്ഡവ സൈന്യത്തിലുള്ളതാം വീരവിരാട, ദ്രുപദ, യുയുധാന വീരരെ-

ക്കണ്ടിട്ടു ചിന്തയുണ്ടാകുന്നതുണ്ടവര്‍ തുല്യരാണര്‍ജ്ജുന-ഭീമരോടൊക്കുമേ!" (മലയാളഗീത: അ.01 സ്ലോ:04)

ദുര്യോധനന്റെ ഉത്ഘണ്ഡാകുലമായ വാക്കുകള്‍ കേട്ട ദ്രോണാചാര്യര്‍ ചിന്തയില്‍നിന്നും ഞെട്ടിയുണര്‍ന്നു.

വീരവിരാടന്‍, ദ്രുപദന്‍, യുയുധാനന്‍ തുടങ്ങിയ മഹാരാജാക്കന്മാര്‍ ഭീമാര്‍ജ്ജുനന്മാര്‍ക്കൊപ്പം ശക്തിയുള്ളവരാണെന്ന് ദുര്യോധനന്‍ വ്യാകുലപ്പെടാന്‍ തുടങ്ങിയപ്പോള്‍, തപനന്റെ മകളായ തപതിയുടെ രക്തം സിരകളിലൂടെ ഒഴുകുന്ന ഭീമാര്‍ജ്ജുനന്മാരുടെ ശക്തിയില്‍ ദുര്യോധനന്റെ ചിത്തം തപിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ദ്രോണാചാര്യാല്‍ തിരിച്ചറിഞ്ഞു.

അംഗാരപര്‍ണ്ണാര്‍ജുന യുദ്ധം:

പാണ്ഡവരും കുന്തിയും ബകവധത്തിനുശേഷം വ്യാസഭഗവാന്റെ നിര്‍ദ്ദേശാനുസരണം ഏകച്ചക്രയില്‍നിന്നും പഞ്ചാലദേശത്തേക്കുള്ള യാത്രാമദ്ധ്യേ, അംഗാരപര്‍ണ്ണം എന്ന വനത്തില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍, രാത്രിയുടെ ആരംഭത്തില്‍, സന്ധ്യ രക്തമാകുന്ന; മനുഷ്യര്‍ക്ക്‌ യാത്ര നിഷേധിച്ചിരിക്കുന്ന; കാമചാരന്മാരായ 'യക്ഷ, രക്ഷോ,ഗന്ധര്‍വ്വന്മാര്‍ക്കവകാശപ്പെട്ട ആ എണ്‍പതുലവകാലത്ത്, ഗംഗാതീരത്തുവച്ച് പാണ്ഡവരെ ആക്രമിക്കുവാന്‍ വന്ന കുബേരന്റെ സഖാവായ അംഗാരപര്‍ണ്ണനെന്ന (ചിത്രരഥന്‍ ) ഗന്ധര്‍വനെ, താന്‍ നല്‍കിയ ആഗ്നേയാസ്ത്രംകൊണ്ട് തോല്പ്പിച്ചവനാണല്ലോ, തന്റെ ശിഷ്യനായ അര്‍ജ്ജുനന്‍. അംഗാരപര്‍ണ്ണന്റെ ഭാര്യയായ 'കുംഭീനസി' തന്റെ ഭര്‍ത്താവിനെ കൊല്ലരുതെന്നപേക്ഷിച്ചപ്പോള്‍; 'പോരില്‍ തോറ്റ്, പേരുകെട്ട് സ്ത്രീകള്‍ കാക്കുന്ന വീര്യമില്ലാത്ത വൈരിയെ വീരന്മാര്‍ കൊല്ലുവാന്‍ പാടില്ല' എന്ന യുധിഷ്ഠിരന്റെ ധര്‍മ്മവിചാരത്തെ മാനിച്ചു്, അര്‍ജ്ജുനന്‍ അംഗാരപര്‍ണ്ണന് പ്രാണദാനം നല്കി.

അര്‍ജ്ജുനന്റെ അസ്ത്രാഗ്നിയാല്‍ തന്റെ 'ചിത്രരഥം' ദഹിച്ച് താന്‍ 'ദഗ്ദ്ധരഥ'നായതുകൊണ്ട് ചിത്രരഥനെന്നുള്ള തന്റെ പേര് താന്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നും, തനിക്ക് പ്രാണദാനം നല്‍കിയ യോഗ്യമഹാപുരുഷന് താന്‍ തപസ്സുചെയ്തുസമ്പാദിച്ച (മനുവില്‍നിന്നുസോമനും, സോമാനിനിന്നുവിശ്വാവസുവും, വിശ്വാവസുവില്‍നിന്ന് അംഗാരപര്‍ണ്ണനും)'ചാക്ഷുഷീ'മന്ത്രവിദ്യ ഉപദേശിച്ചുകൊടുക്കുകയും, ഒരിക്കലും ക്ഷീണിക്കാത്ത ആശ്വങ്ങളോടുകൂടിയ ദേവ-ഗന്ധര്‍വ്വവാഹനങ്ങള്‍ നൂറെണ്ണംവീതം ഓരോരുത്തര്‍ക്കായി നല്‍കുകയും ചെയ്തു.

'പകരം നല്‍കാതെ ഒന്നും താന്‍ സ്വീകരിക്കാറില്ല' എന്നുപറഞ്ഞ അര്‍ജ്ജുനന്‍, താന്‍ അര്‍ജ്ജുനനുനല്‍കിയ, ആ ഗന്ധര്‍വനെ കീഴടക്കുവാന്‍വേണ്ടി അര്‍ജ്ജുനന്‍ പ്രയോഗിച്ച അതെ ആഗ്നേയാസ്ത്രം തന്നെ അംഗാരപര്‍ണ്ണന് പകരമായി കൊടുത്തുവെങ്കിലും, അതിലും എത്രയോ ശ്രേയസ്ക്കരമായ, ദേവന്മാരെപ്പോലെ ആകാശസഞ്ചാരംപോലും നടത്തുവാന്‍ കഴിവുറ്റതായ ചാക്ഷുഷീവിദ്യഉള്‍പ്പടെ അനേകം കഴിവുകള്‍ ആര്‍ജ്ജിച്ച തന്റെ പ്രിയപ്പെട്ട ശിഷ്യനെയോര്‍ത്ത് ദുര്യോധനന്‍ വേവലാതിപ്പെടുന്നതുകണ്ടപ്പോള്‍ ദ്രോണാചാര്യര്‍ മനസ്സാലെ ഒന്ന് ഊറിച്ചിരിച്ചു.

അംഗാരപര്‍ണ്ണന്‍ ഗന്ധര്‍വലോകത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ തന്റെ അരുമ ശിഷ്യനെ 'താപത്യന്‍' എന്നാണല്ലോ അഭിസംബോധനചെയ്തത്! പാണ്ഡവര്‍ 'തപതീപുത്രവംശവര്‍ദ്ധന'രായത് എപ്രകാരമെന്നു ദ്രോണാചാര്യര്‍ തെല്ലിട ഓര്‍ത്തുപോയി.

പാണ്ഡവര്‍ 'താപത്യന്മാ'രായ കഥ:

സൂര്യദേവനായ വിവസ്വാന്റെ മകളും, സാവിത്രിയുടെ ഇളയ സഹോദരിയുമാണ്, സദാചാരനിരതയും, സാധുശീലയും, അതിസുന്ദരിയുമായ 'തപതി'. തന്റെ മകള്‍ക്ക് അനുയോജ്യനായ ഒരു വരനെ സൂര്യന്‍ തിരഞ്ഞുനടക്കുന്നകാലത്ത്, ചന്ദ്രതേജസ്സും, സൂര്യകാന്തിയുമായി ശോഭിച്ചിരുന്ന സംവരണന്‍ (ഋഷകന്റെ പുത്രന്‍), അര്‍ക്കനെ തപസ്സുചെയ്യുകയും, സംവരണന്‍തന്നെയാണ് തന്റെ മകള്‍ക്ക് അനുയോജ്യനായ വരന്‍ എന്ന് വിവസ്വാന്‍ മനസ്സില്‍ ഉറയ്ക്കുകയും ചെയ്തു. ഒരിക്കല്‍ ഒറ്റയ്ക്ക് വനത്തില്‍ നായാട്ടിനുപോയ സംവരനന്റെ കുതിര പെട്ടെന്ന് ചത്തുപോവുകയും, അങ്ങിനെ സംവരണന്‍ ഒറ്റയ്ക്ക് കാടിലൂടെ സഞ്ചരിക്കുമ്പോള്‍ തിങ്കള്‍പോലെ ശോഭിക്കുന്ന തപതിയെക്കണ്ട് അനുരക്തനാവുകയും, ഗാന്ധര്‍വ്വവിധിപ്രകാരം തന്റെ ഭാര്യയാകണമെന്ന് തപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജാവിനോട് തപതി പറഞ്ഞു: "അല്ലയോ രാജാവേ; എന്നെ കണ്ടമാത്രയിത്തന്നെ അങ്ങയുടെ പ്രാണനെ ഞാന്‍ അപഹരിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ? അതേനിമിഷംതന്നെ അങ്ങ് എന്റെ പ്രാണനെയും അപഹരിച്ചിരിക്കുന്നു. ഞാന്‍ അങ്ങയില്‍ അനുരക്തയുമാണ്. പക്ഷെ, സൂര്യന്റെ പുത്രിയും, സാവിത്രിയുടെ സഹോദരിയുമായ ഞാന്‍ എന്റെ ഈ ദേഹത്തിന്റെ നായികയല്ല. എന്റെ ദേഹത്തെ ഭരിക്കുന്നത് എന്റെ അച്ഛനാണ്. നമസ്കാരം, തപസ്സു്, വ്രതം എന്നിവകൊണ്ട് അച്ഛനെ ഉപാസിച്ചു് അച്ഛനോട് എന്നെ യാചിക്കുക". ഇപ്രകാരം പറഞ്ഞശേഷം അവള്‍ അവിടെനിന്നും അപ്രത്യക്ഷയായി.

പിന്നീട് രാജാവിനെ തിരക്കി മന്ത്രിയും സൈന്യവും എത്തുകയും സംവരണന്‍ മന്തിയെ തന്റെ കൂടെ നിര്‍ത്തി സൈന്യത്തെ തിരിച്ചയച്ചതിനുശേഷം, ഒരു പര്‍വതത്തില്‍ കയറിനിന്ന്, കൈകള്‍ മുകളിലേക്കുയര്‍ത്തി, വസിഷ്ഠനെ പുരോഹിതനായി സ്മരിച്ചുകൊണ്ട് സൂര്യസേവ ആരംഭിച്ചു. തപസ്സിന്റെ പന്ത്രണ്ടാം ദിവസം വസിഷ്ഠന്‍ അവിടെ എത്തുകയും, ധര്‍മ്മജ്ഞനായമുനി രാജാവിന്റെ നന്മയ്ക്കായി അംബരത്തില്‍ചെന്ന് സൂര്യനോട് തപതിയെ സംവരണനുവേടി യാചിക്കുകയും, നേരത്തെതന്നെ സംവരണനില്‍ സംത്രുപ്തനായിരുന്ന വിവസ്വാന്‍ തന്റെ മകളായ തപതിയെ സംവരണനുകൊടുക്കുവാനായി വസിഷ്ഠനെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ സംവരണന്‍ തപസ്സിനാല്‍ സൂര്യനെ സന്തോഷിപ്പിച്ചതുമൂലം വസിഷ്ഠന്റെ കൃപയാല്‍ തപതിയെ ഭാര്യയായി നേടുകയും, രാജ്യം മന്ത്രിയെ എല്പ്പിച്ഛശേഷം പന്ത്രണ്ടുവര്‍ഷം ആ കാട്ടില്‍തന്നെ തപതിയുമൊത്തുക്രീഡിച്ചു കഴിച്ചുകൂട്ടുകൂട്ടി. ഈ കാലമത്രയും രാജ്യത്ത് മഴ പെയ്യാതിരിക്കുകയും, അതിന്റെ കാരണം മനസിലാക്കിയ വസിഷ്ഠന്‍ സഭാര്യനായ സംവരണനെ രാജധാനിയിലേക്ക് തിരിച്ചുകൊണ്ടുവരുകയും, ഇന്ദ്രന്‍ രാജ്യത്ത് മഴ വര്‍ഷിപ്പിക്കുകയും, പിന്നീട് പന്ത്രണ്ടുവര്‍ഷം സംവരണന്‍ യജ്ഞങ്ങള്‍ചെയ്ത്, തപതിയോടുകൂടി രാജാവായി പ്രശോഭിക്കുകയും, ആ തപതിയില്‍ സംവരണാത്മജനായി, വിവസ്വാന്റെ പേരക്കിടാവായി 'കുരു' ജാതനായുകയും ചെയ്തു. ഇപ്രകാരം സൂര്യന്റെ ശോഭയോടുകൂടിയ താപത്യന്മാരായ പാണ്ഡവരെ തോല്പിക്കുവാന്‍ തന്റെ മുന്‍പില്‍നിന്നുവീമ്പിളക്കുന്ന ദുര്യോധനനു എപ്രകാരമാണ് സാധിക്കുക? ദ്രോണാചാര്യര്‍ ആശ്വസിച്ചു.

10

വിരാടരാജധാനിയിലെ പാണ്ഡവരുടെ ആജ്ഞാതവാസം (ജീമൂതവധം, കീചകവധം)

( अत्र शूरा महेष्वासा भीमार्जुनसमा युधि |

युयुधानो विराटश्च द्रुपदश्च महारथः ||१- ४||

അത്ര ശൂരാ മഹേഷ്വാസാ ഭീമാർജുനസമാ യുധി

യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ ൪

athra su:ra:h mahe:shva:sa:h

bhi:ma:rjuna sama:h yudhi |

yuyudha:no: vira:tas cha

drupadas cha maha:rattha:ha || 4

പാണ്ഡവ സൈന്യത്തിലുള്ളതാം വീര-

വിരാട, ദ്രുപദ, യുയുധാന വീരരെ

ക്കണ്ടിട്ടു ചിന്തയുണ്ടാകുന്നതുണ്ടവര്‍

തുല്യരാണര്‍ജുന-ഭീമരോടൊക്കുമെ! 04

'ഭീമാര്‍ജ്ജുനന്മാര്‍ക്കുതുല്യരായ വിരാടന്‍, ദ്രുപദന്‍, യുയുധാനന്‍ എന്നീ വീരന്മാര്‍ പാണ്ഡവരുടെ കൂട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നതുകണ്ടിട്ട് താന്‍ ചിന്താമഗ്നനായിപ്പോകുന്നു' എന്നാ ദുര്യധനന്റെ വാക്കുകള്‍ കേട്ട ദ്രോണര്‍ വീണ്ടും ഗാഢമായ ചിന്തയില്‍ ആണ്ടുപോയി.

അതെ, വീരനായ വിരാട മഹാരാജന്‍! പാണ്ഡുവിന്റെ അച്ഛമ്മയായ സത്യവതിയെന്ന 'മത്സ്യഗന്ധി'യുടെ നാടായ, യമുനാതീരത്ത് സ്ഥിതിചെയ്യുന്ന, മത്സ്യരാജ്യത്തെ വിപുലപ്പെടുത്തി മഹാരാജാവായിത്തീര്‍ന്ന വിരാടന്‍, തന്റെ മകളായ ഉത്തരയുടെ ഭര്‍ത്താവ് അഭിമന്യു നിലയുറപ്പിച്ചിരിക്കുന്ന, പാണ്ഡുപുത്രരുടെ പക്ഷതല്ലാതെ മറ്റെവിടെയാണ് നിലയുറപ്പിക്കേണ്ടതു്!

വിരാടന്റെ സേനാനായകനായ 'കീചകന്‍' കൊല്ലപ്പെട്ട തക്കംനോക്കി, 'കീചകന്റെ ബലത്താല്‍ തന്നെ പലപ്രാവശ്യം പരാജിതനാക്കിയ മത്സ്യരാജനെ തോല്പിക്കുവാന്‍ കുരുസൈന്യത്തെ പ്രയോജനപ്പെടുത്താം' എന്ന 'ത്രിഗര്‍ത്ത'രാജാവായ സുശര്‍മ്മന്റെ കുബുദ്ധിയില്‍ ഭ്രമിച്ച ദുര്യോധനന്‍ സുശര്‍മ്മന്റെ കൂടെ മത്സ്യരാജ്യത്തിലേക്ക് യുദ്ധത്തിനായി ചാടിപ്പുറപ്പെടുകയും , ഗത്യന്തരമില്ലാതെ ഭീഷ്മപിതാമഹന്‍, കര്‍ണ്ണന്‍ തുടങ്ങിയ വീരന്മാരോടൊപ്പം താനും അന്ന്, മത്സ്യ രാജ്യത്തെ ആക്രമിച്ചപ്പോള്‍, വിരാടരാജധാനിയില്‍ വേഷപ്രഛന്നരായി അന്ന് താമസിച്ചിരുന്ന, വിരാടന്റെ മാനം രക്ഷിച്ച, പാണ്ഡുപുത്രന്മാരുടെ കൂട്ടത്തിലല്ലാതെ മറ്റെവിടെയാണ് വിരാടന്‍ നിലയുറപ്പിക്കേണ്ടത് ! അര്‍ജ്ജുനന്റെ 'സ്നുഷ'യുടെ (മകന്റെ ഭാര്യ) അച്ഛന്‍; സുഭദ്രാതനയനായ അഭിമന്യുവിന്റെ ഭാര്യാപിതാവ്, ഉത്തരയുടെ അച്ഛന്‍, വിരാടന്‍ പാണ്ഡുപുത്രന്മാരുടെ കൂട്ടത്തിലല്ലാതെ മറ്റെവിടെയാണ് നിലയുറപ്പിക്കേണ്ടത് !

കുരുരാജ്യത്തിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പാഞ്ചാലം, ചേദി, മത്സ്യം, ശൂരസേനം, പടച്ചരം, ദശാര്‍ണ്ണം, നവരാഷ്ട്രം, മല്ലം, ശാല്വം, രുഗന്ധരം, കുന്തിരാഷ്ട്രം, സുരാഷ്ട്രം, അവന്തി, എന്നിവയില്‍നിന്നും അജ്ഞാതവാസത്തിനായി പാണ്ഡുപുത്രന്മാര്‍ തിരഞ്ഞെടുത്തത് അവരുടെ അച്ഛന്റെ മുത്തശ്ശിയുടെ നാടായ മത്സ്യരാജ്യം തന്നെയാണ്.

വൈഡൂര്യം, കാഞ്ചനം, ദാന്തം, ജ്യോതിരസബലങ്ങള്‍, കൃഷ്ണാക്ഷം, ലോഹിതാക്ഷം തുടങ്ങിയതായ ചൂതുകളികളില്‍ പ്രഗത്ഭനായ യുധിഷ്ഠിരന്‍,വിരാടരാജസദസിലെ ചൂതുകളിക്കാരനായി, ഒരു ബ്രാഹ്മണന്റെ വേഷത്തില്‍, 'കങ്കന്‍' എന്നപേരില്‍ അനുജന്മാരോടും ഭാര്യയോടുമൊപ്പം ഒരുവര്‍ഷം അജ്ഞാതവാസം നയിച്ചിരുന്നത് വിരാടന്റെ രാജധാനിയിലാണ്. ഭീമന്‍ വെപ്പുകാരനായ 'വല്ലവനാ'യപ്പോള്‍; 'പര്‍വ്വതങ്ങളില്‍ ഹിമവാനെപ്പോലെയും, സരിത്തുകളില്‍ സമുദ്രത്തെപ്പോലെയും, ദേവന്മാരില്‍ ഇന്ദ്രനെപ്പോലെയും, വസുക്കളില്‍ അഗ്നിയെപ്പോലെയും, മൃഗങ്ങളില്‍ സിംഹത്തെപ്പോലെയും, പക്ഷികളില്‍ 'ഗരുഡ'നേപ്പോലെയും' വില്ലളികളില്‍ ശ്രേഷ്ടനായ അര്‍ജ്ജുനന്‍ ' ബൃഹന്നള' എന്നപേരില്‍ ഒരു ഷണ്ഡനായാണ് അജ്ഞാതവാസം അനുഷ്ടിച്ചത്. നകുലന്‍ 'ഗ്രന്ധികനെ'ന്ന പേരില്‍ ഒരു കുതിരക്കാരനായപ്പോള്‍ സഹദേവന്‍ 'നന്തിപാലന്‍' എന്നപേരില്‍ പശുപാലകനായി പാര്‍ത്തതും ആ വിരാടനഗരിയില്‍ത്തന്നെ. വിരാടഭാര്യ 'സുദേഷ്ണ'യുടെ ദാസിയായ 'സൈരന്ധ്രി'യാകുവാനായിരുന്നു ദ്രൌപദിയുടെ വിധി. അങ്ങിനെ ഒരുവര്‍ഷം രാജപുത്രത്വത്തെ മറന്ന് രാജസേവയെ കൈക്കൊണ്ട് തന്നെ സേവിച്ച പാണ്ഡവരുടെ പക്ഷത്തല്ലാതെ മറ്റെവിയാണ് വിരാടന്‍ നിലയുറപ്പിക്കേണ്ടത് !

പാണ്ഡവര്‍ക്ക് ധൌമ്യന്‍ നല്‍കിയ ഉപദേശം (രാജകൊട്ടാരത്തില്‍ എങ്ങിനയാണ് പാര്‍ക്കേണ്ടത്)

'രാജസേവ'കൈക്കൊണ്ട് രാജധാനിയില്‍ വസിക്കുവാന്‍ തയ്യാറായ പാണ്ഡവര്‍ക്ക് ധൌമ്യന്‍ നല്‍കിയ ഉപദേശങ്ങള്‍ അവര്‍ക്ക് ഒരു മുതല്‍ക്കൂട്ടുതന്നെയായിരുന്നു.

'രാജാവിന് ആരോടും പ്രത്യേക മമതയില്ല; അതുകൊണ്ട് രാജാവിനെ ആരും പ്രത്യേകിച്ച് വിശ്വസിക്കരുത്. രാജാവ് എത്ര സ്നേഹിക്കുന്നുവെങ്കിലും അറിയിച്ചതിനുശേഷമേ രാജാവിനെ ചെന്നുകാണാവു. ചോദിക്കാതെ ഒന്നും കയറിപ്പറയരുത്. രാജാവ് ഒന്നും മിണ്ടാതിരിക്കുകയാണെങ്കില്‍ അവിടെ നില്‍ക്കണം. കാലംനോക്കിയെ പുകഴ്ത്താവു. അസത്യംപറഞ്ഞ് സ്തുതിക്കരുത്. മന്ത്രിയായാലും നുണപറഞ്ഞാല്‍ രാജാവ് അപമാനിക്കാതെ വിടുകയില്ല. രാജഭാര്യമാരെ സേവിക്കുവാന്‍ പോകരുത്. ചെറിയകാര്യമായാലും രാജാവ് അറിയുന്നവിധത്തിലെ ചെയ്യാവു. രാജാവിനെ അഗ്നിയെപ്പോലെയും, ദേവകളെപ്പോലെയും സൂക്ഷിച്ച്, ശ്രദ്ധയോടെ ഉപചരിക്കണം. ഇടത്തോ, വലത്തോ, പാര്‍ശ്വത്തിലോ പണ്ഡിതന്മാര്‍ക്ക് ഇരിക്കാം. ശാസ്ത്രംപഠിച്ച രക്ഷകന്മാര്‍ നില്‍ക്കേണ്ടത് പിന്നിലാണ്. രാജാക്കന്മാര്‍പറഞ്ഞ ഭോഷ്ക്ക് മറ്റാരോടും പറയരുത്. അനൃതം പറയുന്നവരെ രാജാവ് കുറ്റപ്പെടുത്തുകയും, പാണ്ഡിത്യം കാട്ടുന്നവരെ അപമാനിക്കുകയും ചെയ്യും. നൃപന്റെ ഇഷ്ടത്തിലും, ഹിതത്തിലും അന്ധാളിക്കരുത്. രാജാവിന്റെമുന്‍പില്‍ ചുണ്ടും, കയ്യും, മുട്ടുകയ്യും, വാക്കും ഇളക്കിക്കൊണ്ടുനില്‍ക്കരുത്. വായുവിടലും, വാക്കുപറയലും, തുപ്പലും മെല്ലെയെ ആകാവു. കമ്പക്കാരനെപ്പോലെ ഉച്ചത്തില്‍ ചിരിക്കരുത്. അതിധൈര്യം കാണിക്കരുത്. ലാഭത്തില്‍ ഹര്‍ഷിക്കരുത്. അപമാനിച്ചാല്‍ ദുഃഖിക്കരുത്. രാജാവ് അന്യന് ആജ്ഞകൊടുക്കുമ്പോള്‍ 'അടിയന്‍ എന്താണുവേണ്ടതെന്നുകല്പിച്ചാല്‍ ചെയ്യാം' എന്നുപറയണം. ഗൃഹംവിട്ട് അകലെപ്പോയാല്‍ ഭാര്യയെപ്പറ്റി ചിന്തിക്കാത്തവനും, ദുഃഖത്തില്‍ സുഖിക്കുന്നവനും, രാജധാനിയില്‍ സൌഖ്യമായി പാര്‍ക്കാം. പണിക്കുനിശ്ചയിച്ചാല്‍ പണത്തില്‍ കൈവയ്ക്കരുത്.'

ഇപ്രകാരമുള്ള ധൌമ്യന്റെ ഉപദേശം സ്വീകരിച്ചശേഷം വിരാടനഗരാതൃത്തിയിലുള്ള സ്മശാനത്തിനടുത്ത് വലിയ ശാഖകളോടുകൂടിയ ഒരു ശമീകവൃക്ഷത്തില്‍ (ചമത) തങ്ങളുടെ ആയുധങ്ങളെല്ലാം മറച്ചുവച്ചതിനുശേഷം, രമ്യമായ വിരാടനഗരത്തിലേക്ക് പ്രവേശിച്ചുകൊണ്ട് ധര്‍മ്മപുത്രര്‍ ദുര്‍ഗ്ഗാദേവിയെ സ്തുതിച്ചു.

യുധിഷ്ഠിരന്റെ ദുര്‍ഗ്ഗാസ്തുതി

യശോദപെറ്റുണ്ടായ ദുര്‍ഗ്ഗയാം ദേവി നീ; നാരായണന്റിഷ്ടയായിടും ദേവി നീ.

നന്ദഗോപന്‍തന്റെ വംശത്തില്‍ ജാതയാം ദേവി നീ മംഗല്യ-കുലധര്‍മ്മ ദായിനി. 01

കംസനെ വിദ്രവിപ്പിച്ചതും ദേവി നീ; ദൈത്യരെ നിഗ്രഹിച്ചീടുന്ന ദേവി നീ.

പാറപ്പുറത്തടിച്ചപ്പോള്‍ പറന്നതാം വാസുദേവന്‍ തന്റെ ഭഗിനിയാം ദേവി നീ. 02

ദിവ്യമാല്യത്തിനാല്‍ ഭൂഷിതയാണു നീ; ദിവ്യാംബരം പൂണ്ട ദേവിയാം ദുര്‍ഗ്ഗ നീ.

ഖഡ്ഗചര്‍മ്മങ്ങളെ കൈക്കൊണ്ടിടുന്നതാം ദുര്‍ഗ്ഗയാം ദേവിയെ പാടിസ്തുതിച്ചിടാം. 03

വരദയാകുന്നു നീ; കൃഷ്ണ, കുമാരി നീ; ആബ്രഹ്മചാരിണീ-ബാലാര്‍ക്കകാന്തി നീ.

പൂര്‍ണ്ണചന്ദ്രാനനേ...ദേവീ... ചതുര്‍ഭുജെ; ഹേ ചതുര്‍വക്ത്രയാം ദുര്‍ഗ്ഗേ നമോസ്തുതെ. 04

ഹേ പീനശ്രോണിപയോധരയായിട്ടു- പിഞ്ഛശ്രീവളയിട്ട ദേവീ നമോസ്തുതെ.

ഹേ കേയൂരാംഗദമണ്ഡിതേ; നീ വിഷ്ണുപത്നിയാം ലക്ഷ്മിയെപ്പോലെ ശോഭിപ്പതും. 05

ഖേചരീ; നിന്റെ യീ രൂപവും, നിന്‍ബ്രഹ്മചര്യവും സ്പഷ്ടമായീടുന്നിതെപ്പൊഴും.

കൃഷ്ണമേഘം പോലെ തുല്യയാകുന്നു-ശ്രീ കൃഷ്ണ-സങ്കര്‍ഷണര്‍ക്കൊപ്പവും ദേവി നീ. 06

ഇന്ദ്രധ്വജത്തിനൊത്താണു നിന്‍ കൈകളും; നീ ധരിക്കുന്നു 'പത്മം', 'പാത്ര' 'മണി'കളും.

'വില്ലു''ചക്രം''വട'മാദിയായുള്ളൊരനേകായുധങ്ങള്‍ ധരിക്കുന്ന ദുര്‍ഗ്ഗ നീ. 07

കര്‍ണ്ണപുടങ്ങളെ മൂടുന്ന പോലുള്ള കുണ്ഡലം കാതില്‍ ധരിച്ചിട്ടു; തിങ്കള്‍-

ക്കതിരൊത്ത മുഖകാന്തി ചേര്‍ന്നു വിളങ്ങുന്ന ഭുവനേശ്വരീ ദേവി ദുര്‍ ഗ്ഗേ നമോസ്തുതേ. 08

വിചിത്രമാം മകുടവും ചാര്‍ത്തീട്ടു മോടിയായ്‌ കേശം മെടഞ്ഞിട്ടു; 'പന്നഗാഭോഗവാ-

സശ്രീ'കള്‍ മിന്നുമരഞ്ഞാണിനാലിന്നു ഭോഗിയാല്‍ മന്ദരം പോലെ ശോഭിപ്പവള്‍. 09

ഉയര്‍ത്തുന്നൊരീ മയില്‍പ്പീലിക്കൊടിയതാല്‍ നീ പ്രശോഭിപ്പതുണ്ടെപ്പൊഴും ദേവി നീ.

നീ തന്നെ ശുദ്ധമാക്കുന്നതീ സ്വര്‍ഗ്ഗത്തെ: നിന്റെ കൌമാരവൃതത്തിനാല്‍ ദേവി നീ. 10

മഹിഷാസുരന്നെയും മര്‍ദിച്ച നിന്നെയും ദേവകള്‍ പൂജിപ്പു ലോക രക്ഷാര്‍ത്ഥമായ്‌.

എന്നില്‍ പ്രസാദിച്ചു ശിവയായിടേണമേ; ഹേ സുരശ്രേഷ്ഠയായീടുന്ന ദേവി നീ. 11

ജയയായിടുന്നു നീ; വിജയയാകുന്നതും; പോരില്‍ ജയിപ്പതും ദേവിയാം ദുര്‍ഗ്ഗ നീ.

ശാശ്വതസ്ഥാനമാം വിന്ധ്യാദ്രീന്ദ്രനില്‍ മേവുന്ന ദേവീ ജയിപ്പിപ്പതെന്നെ നീ. 12

മദ്യ, മാംസപ്പശുപ്രിയയായിടുന്നതാം കളീ; മഹാകാളി ദുര്‍ ഗ്ഗേ നമോസ്തുതേ.

ഭൂതഗണങ്ങളെ പിന്നാലെ കൂട്ടും സ്വതന്ത്രയായീടുന്ന വരദയാം ദുര്‍ഗ്ഗ നീ. 13

ഭാരാവതാരത്തില്‍ നിന്നെ നമിക്കുന്ന-വര്‍ക്കുമീ മന്നില്‍ പ്രഭാത കാലത്തും, ന-

മിക്കുന്നവര്‍ക്കിന്നു പുത്ര-പൌത്രാദി സമ്പത്തുകള്‍ ലഭ്യമാക്കുന്നതും ദുര്‍ഗ്ഗ നീ. 14

ദുര്ഗ്ഗത്തില്‍നിന്നും കരകേറ്റു നിന്നെയും ചൊല്ലുന്നതുണ്ടിന്നു ദുര്‍ഗ്ഗയെന്നെങ്ങളും.

കാട്ടില്‍ കുഴങ്ങുന്നൊരാഴിയില്‍ മുങ്ങുന്ന മാനുഷര്‍ക്കും ഗതിയാകുന്ന ദുര്‍ഗ്ഗ നീ. 15

'കീര്‍ത്തി', 'ശ്രീ', 'സിദ്ധി', 'ഹ്രീ', 'ധൃതി'യുമീ 'വിദ്യ'യും 'മതി'യുമീ 'സന്തതി'യാകയും ദേവി നീ.

നീ'സന്ധ്യ', 'നിദ്ര'നീ 'നിശ'യതും 'പ്രഭ'യുമേ: 'ജ്യോത്സ്ന കാന്തീ'... 'ക്ഷമ'തന്നെ നീ 'ദയ'യുമേ. 16

നിന്നെ ഭജിപ്പവര്‍ക്കുണ്ടാകയില്ലിന്നു ബന്ധനം; മോഹമീ പുത്രനാശം പിന്നെ-

യുണ്ടാകയില്ലിന്നു തെല്ലും ധനക്ഷയം: രോഗവും, മൃത്യുതന്‍ ഭീതിയും പോയിടും. 17 (ഇവിടെ കേള്‍ക്കുക) (ഇവിടെ കാണുക)

അങ്ങിനെ യുധിഷ്ഠിരന്‍ ദേവിയെ സ്തുതിച്ച് പ്രത്യക്ഷയാകി "ഏറെ വൈകാതെ ഭവാന്‍ എന്റെ പ്രസാദത്താല്‍ ശത്രുക്കളെ ജയിച്ച് കൌരവപ്പടയെ കൊന്ന് രാജ്യത്തെ വീണ്ടും നേടി അനുഭവിക്കുന്നതാണ്" എന്ന വരവും വാങ്ങിയശഷം അനുജന്മാരോടും, ഭാര്യയോടും കൂടി ഒരുവര്‍ഷം അജ്ഞാതവാസം അനുഷ്ടിച്ച ആ മത്സ്യരാജ്യത്തിന്റെ രാജാവ് വിരാടന്‍ പണ്ഡവപക്ഷത്തല്ലാതെ മറ്റാരുടെപക്ഷത്താണ് നിലയുറപ്പിക്കേണ്ടത്? അവരുടെ അജ്ഞാതവാസകാലത്ത് പാണ്ഡവര്‍ക്ക് അനവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും, വിരാടരാജാവിന് പാണ്ഡവര്‍ തന്റെ രാജ്യരക്ഷകരായി പരിണമിക്കുകയായിരുന്നുവല്ലോ.

പാണ്ഡവര്‍ക്ക് വിരാടന്റെ രാജധാനിയിലെ അജ്ഞാതവാസകാലത്ത് എന്തൊക്കെ ദുരിതങ്ങളാണ് അനുഭവിക്കേണ്ടതായി വന്നത്! ദ്രോണര്‍ ഓര്‍ത്തുപോയി.

ജീമൂത വധം

ആജ്ഞാതവാസം തുടങ്ങി നാലുമാസം കഴിഞ്ഞപ്പോള്‍ മത്സ്യരാജ്യത്ത് എല്ലാവര്‍ഷവും കൊണ്ടാടാറുള്ള 'ബ്രഹ്മോത്സവം' വന്നുചേര്‍ന്നു. ഉത്സവത്തില്‍ പങ്കെടുക്കാന്‍ മറ്റുദേശങ്ങളില്‍നിന്നും കൂറ്റന്മാരും, വീര്യവാന്മാരും, കാലകേയാസുരതുല്യന്മാരും, വീര്യാഹങ്കാരമുള്ളവരും ശക്തരുമായ മല്ലന്മാരും രാജാവിന്റെ ആഥിത്യം സ്വീകരിച്ച് കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. അതില്‍ ഏറ്റവും ശക്തനായ 'ജീമൂതന്‍' തന്നോടുമല്ലടിക്കുവാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചപ്പോള്‍ ഭയംകൊണ്ട് ആരും അതിനുതയ്യാറായില്ല. മല്‍പ്പിടുത്തം കണ്ടുരസിക്കുവാനുള്ള ഒരു അവസരം നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടി രാജാവ് കണ്ടാല്‍ ഒരു മല്ലനെന്നുതോന്നുന്ന ഭീമനെ, 'ശസ്ത്രംകൂടാതെ ശക്തികാട്ടുന്ന' ആ യുദ്ധത്തിന് നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചു. അങ്ങിനെ ആയുധങ്ങളില്ലാതെ ജീമൂതഭീമന്മാര്‍ അവയവങ്ങള്‍കൊണ്ടുള്ള 'സംഘട്ടനം, വിഘട്ടനം, മര്‍ദ്ദനം, ഉന്മര്‍ദ്ദനം, അടി, ഇടി, ആപ്പ്, തടികുലുക്കല്‍, ഉള്ളംകൈകൊണ്ടുള്ള അടി, കണങ്കാല്‍ പ്രയോഗം, കാലുകൊണ്ടുള്ള ചവിട്ടു്' ഇത്യാദി പ്രയോഗങ്ങളാല്‍ രാജാവിനെ സന്തോഷിപ്പിച്ചു. അവസാനം ഭീമന്‍ ജീമൂതനെ തന്റെ രണ്ടുകൈകള്‍കൊണ്ടും പൊക്കി, തലക്കുചുറ്റും നൂറുവട്ടം ചുറ്റി നിലത്തിട്ട് അരച്ചു. അങ്ങിനെ അന്ന് പല മല്ലന്മാരെയും കൊന്ന് ഭീമന്‍ വിരാടനെ സന്തോഷിപ്പിച്ചെങ്കിലും മല്ലന്മാരെ കിട്ടാതെവന്നപ്പോള്‍ സിംഹം, പുലി, മദംകൊണ്ട ആന മുതലായ ഹിംസ്രജന്തുക്കളോടുകൂടി പോരാടുവാന്‍ വരെ ഭീമനെ നിയോഗിച്ചു. അതുകണ്ടുനിന്ന പാര്‍ഷതി പ്രതികരിക്കാനാകാതെ തന്റെ വിഷമം ഒരു നെടുവീര്‍പ്പില്‍ ഒതുക്കി.

കീചക വധം

വിരാടന്റെ സൈന്യാധിപനും, ഭാര്യാസഹോദരനുമായ കീച്ചകനില്‍നിന്നും ദ്രൌപദിക്കുപോലും അതിക്രൂരമായ പീഡനങ്ങളാണല്ലോ സഹിക്കേണ്ടിവന്നത്. അജ്ഞാതവാസത്തിന്റെ പത്താം മാസത്തില്‍ വിരാടന്റെ സൈന്യാധിപനായ കീചകന്‍, മദ്യം അതിന്റെ ഗന്ധംകൊണ്ടെന്നപോലെ, ദേവസ്ത്രീകളെപ്പോലെ ശോഭിക്കുന്ന പാര്‍ഷതിയെക്കണ്ട് കാമപീഡിതനായപ്പോള്‍; തന്റെ സഹോദരിയും, വിരാടന്റെ പത്നിയുമായ ദിടെശ്നയുടെ ഒത്താശയോടെ 'കാട്ടിലെ കുറുക്കന്‍ സിംഹിയുറെ സമീപത്തേക്കെ'ന്നവിധം പാര്‍ഷതിയുടെ സമീപത്തുചെന്ന് പ്രേമാഭ്യര്‍ത്ഥന നടത്തിയത്; ബുദ്ധിയില്ലാത്തകുട്ടി പുഴവക്കത്തുചെന്നുനിന്ന് അക്കരക്കെത്തുവാന്‍ ശ്രമിക്കുന്നപോലെയും; അമ്മയെ താങ്ങിനില്‍ക്കുന്ന കുട്ടി ചന്ദ്രനെ പിടിക്കുവാന്‍ ശ്രമിക്കുന്നപോലെയുമുള്ള മൂഢത്ത്വമാണന്ന് കീച്ചകനുണ്ടോ ധരിക്കുന്നു. തന്റെ ഭര്‍ത്താക്കന്മാരായ ധര്‍മ്മപുത്രന്റെയും, ഭീമന്റേയും മുന്‍പില്‍ വച്ച് കീചകന്റെ പിടിയില്‍നിന്നും കുതറിയോടിയ പാഞ്ചാലിയുടെ മുടിക്കുപിടിച്ച് ചവിട്ടിവീഴ്ത്തിയപ്പോള്‍ തന്റെ ശവക്കുഴി സ്വയം മാതുകയായിരുന്നെന്ന് കീചകന്‍ അറിഞ്ഞിരുന്നില്ല. അന്നുരാത്രി ആരും കാണാതെ ഭീമന്റെ അടുത്തുചെന്ന്, തന്റെ ഈ ദുരിതങ്ങള്‍ കണ്ടുനിന്നിട്ടും പ്രതികരിക്കാത്ത തന്റെ ഭര്‍ത്താക്കന്മാരെ ദുഷിച്ചുകൊണ്ട് വിലപിച്ച ദ്രൌപദിക്ക് ഭീമന്‍ 'കൊടും പീഡനങ്ങള്‍ സഹിച്ചുകൊണ്ടും ഭാര്യാധര്‍മ്മം നിര്‍വഹിച്ച ഭാരത നാരിമാരുടെ കഥകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണല്ലോ ദ്രൌപദിയെ ആശ്വസിപ്പിച്ചത്.

ഭീമന്‍ ദ്രൌപദിയോടു പറഞ്ഞു: പണ്ട് 'ഭ്രുഗുച്യവന'മഹര്‍ഷി പുറ്റില്‍ അടങ്ങിനിന്നിട്ടും അദ്ദേഹത്തിന്‍റെ ഭാര്യ 'സുകന്യ' ഭര്‍ത്താവിനെ പിന്തുടരുകയുണ്ടായില്ലേ? സൌന്ദര്യത്തില്‍ കേള്‍വിപ്പെട്ടവളായ ഇന്ദ്രസേനാഖ്യയായ 'നളായണി' കിഴവനായ പതിയെ ശുസ്രൂഷിച്ചുജീവിച്ചത് നീണ്ട ആയിരത്തിയൊന്നുവര്‍ഷങ്ങല്ലേ? ജനകപുത്രിയായ സീതാദേവി കൊടുങ്കാട്ടില്‍ വാണ പതിയെ ശുശ്രൂഷിച്ചില്ലേ? രാവണന്‍ അപഹരിച്ചുകൊണ്ടുപോയി തന്റെ പട്ടമഹര്‍ഷിയാക്കാമെന്നുപറഞ്ഞിട്ടുപോലും ഭര്‍ത്താവായ രാമനെത്തന്നെയല്ലേ സീതാദേവി ആശ്രയിച്ചത്? രൂപയൌവനസമ്പന്നയായിരുന്ന 'ലോപമുദ്ര' സര്‍വ്വമാനുഷകാമങ്ങളും ഉപേക്ഷിച്ച് 'അഗസ്ത്യനെ'ത്തന്നെയല്ലേ പ്രാപിച്ചത്? ദ്യുമല്‍സേനസുതനായ 'സത്യവാനെ' അനിന്ദിതയായ 'സാവിത്രി' ധീരയായി കാനനത്തിലും പിന്തുടര്‍ന്നില്ലേ?

പിന്നീട് ഭീമന്‍ പറഞ്ഞുകൊടുത്ത ഉപായത്തിലൂടെ കീചകനെ രാത്രിയില്‍ തന്റെയടുത്തുവരുത്തി കീച്ചകനെ കൊന്നശേഷം

നൂറ്റിയഞ്ച് ഉപകീച്ചകന്മാരെയും, പാറയില്‍ കുടം അടിച്ചുതകര്‍ക്കുന്നതുപോലെ; ശക്രന്‍ വൃത്തനെ കൊന്നതുപോലെ; ആന കൂവളക്കയയെ ചവിട്ടിയരക്കുന്നതുപോലെ തകര്‍ത്തുതരിപ്പണമാക്കുകയിരുന്നുവല്ലോ.

മഹാബലനും, ത്രിഗര്‍ത്തന്മാരെ വധിച്ചവനും, മല്‍സ്യരാജാവിന്റെ സൂതനുമായ കീചകന്‍ ഗന്ധര്‍വ്വന്മാരാല്‍ കൊല്ലപ്പെട്ട വര്‍ത്തമാനം അറിഞ്ഞ ദുര്യോധനന്‍, അജ്ഞാതവാസം കഴിയാറായിട്ടും പാണ്ഡവരെ കണ്ടുപിടിക്കുവാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ, താന്‍ കേട്ട ഗന്ധര്‍വ്വകഥയെ അങ്ങിനെയങ്ങ് വിശ്വസിക്കേണ്ടതില്ലെന്നും; അതുകൊണ്ടുതന്നെ എല്ലാവരും ഗാഢമായി ഒന്നുകൂടി ചിന്തിച്ചു്, ശത്രുബാധയില്ലാതെ തന്റെ രാജ്യം നിലനില്‍ക്കുവാന്‍വേണ്ടി എന്താണുചെയ്യേണ്ടതെന്നാലോചിക്കണമെന്നും പറഞ്ഞപ്പോള്‍; കര്‍ണ്ണന്റെ നിര്‍ദ്ദേശപ്രകാരം പാണ്ഡവരെ കണ്ടുപിടിക്കുവാനായി നാനാദിക്കുകളിലേക്കും ചാരന്മാരെ അയച്ചു; തന്റെയും, കൃപന്റെയും, ഭീഷ്മപിതാമഹന്റെപോലും അഭിപ്രായങ്ങള്‍ വെറും ജലരേഖളായി പരിണമിക്കുകയും ചെയ്തു.

അമിതബലവാനായ കീചകന്‍ സൈന്യാധിപനായുള്ള മാത്സ്യരാജാവിനാല്‍ പലപ്രാവശ്യം തോല്‍പ്പിക്കപ്പെട്ട ത്രിഗര്‍ത്തരാജാവായ 'സുശര്‍മ്മ'ന്റെ കുബുദ്ധിക്ക് കര്‍ണ്ണന്റെ പിന്തുണകൂടി കിട്ടിയപ്പോള്‍ അതുതന്നെ ശരിയെന്നുകരുതിയ ദുര്യോധനന്‍ അപ്രകാരംതന്നെ യുദ്ധത്തിനു കോപ്പുകൂട്ടി. 'കീചകന്‍ കൂട്ടിനില്ലാത്ത മാത്സ്യരാജാവിനെ ആദ്യം ത്രിഗര്‍ത്തരാജാവായ സുശര്‍മ്മന്‍ യുദ്ധംചെയ്ത് കീഴ്പ്പെടുത്തുക. പിറ്റേദിവസം കൌരവപ്പട വിരാടപുരിയില്‍ കടന്നുകയറി ആക്രമിച്ച് വിരാടന്റെ ശ്രീഗുണം തികഞ്ഞ നൂറായിരം പശുക്കളെ കൈക്കലാക്കുക.' അപ്രകാരം സൈന്യം രണ്ടായി പകുത്ത് മത്സ്യരാജ്യത്തെ ആക്രമിച്ചപ്പോള്‍ അന്ന് വിരാടന് താങ്ങും തണലുമായി വര്‍ത്തിച്ചത് വിരാടരാജധാനിയില്‍ അജ്ഞാതവാസം നയിച്ചിരുന്ന പാണ്ഡവരല്ലാതെ മറ്റാരായിരുന്നു ?

ആദ്യം യുധത്തിനുപോയ സുശര്‍മ്മന്‍ വിരാടനെ തോല്‍പ്പിച്ച് മാത്സ്യരാജാവിനെ അവന്റെ തേരില്‍ കയത്തി കൊണ്ടുപോകുന്നതുകണ്ടപ്പോള്‍, ധര്‍മ്മപുത്രന്റെ നിര്‍ദ്ദേശപ്രകാരം സുശര്‍മ്മനെ യുദ്ധംചെയ്തുതോല്‍പ്പിച്ച് വിരാടനെയും രാജ്യത്തെയും സുശര്‍മ്മനില്‍നിന്നും മോചിപ്പിച്ചത് മറ്റാരുമല്ല; വായൂപുത്രനായ വൃകോദരനായിരുന്നു. അന്ന് ആ യുദ്ധഭൂമിയില്‍വച്ച് 'തന്നെയും തന്റെ രാജ്യത്തെയും' യുധിഷ്ഠിരന്റെ കാല്‍ക്കല്‍ അടിയറവച്ച ആ വിരാടന്‍ പാണ്ഡവരുടെ പക്ഷത്തല്ലാതെ പിന്നെ ആരുടെ പക്ഷത്താണ് നിലയുറപ്പിക്കേണ്ടത്?

അര്‍ജുനന്‍ ഉത്തരനുവേണ്ടി കൌരവപ്പടയെ ജയിക്കുന്നത്.

കങ്കന്‍, വല്ലവന്‍, ഗ്രന്ധികന്‍, നന്തിപാലന്‍, എന്നിവരോടൊപ്പം വിരാടന്‍ സുശര്‍മ്മനുമായി യുദ്ധംചെയ്യുന്ന തക്കം നോക്കി സുയോധനന്‍, ഭീഷ്മന്‍, കര്‍ണ്ണന്‍, പരമശാസ് ത്രജ്ഞനായ കൃപന്‍, ദ്രൌണി, സൌബലന്‍, ദുശ്ശാനനന്‍, വിവിംശതി, വികര്‍ണ്ണന്‍, ചിത്രസേനന്‍, ദുര്‍മ്മുഖന്‍ എന്നിവരോടൊപ്പം താനുംകൂടി മത്സ്യരാജ്യത്തുകടന്ന് വിരാടന്റെ ഗോശാല നശിപ്പിച്ച്, വിരാടന്റെ അറുപതിനായിരം പശുക്കളെയും അടിച്ചാട്ടിക്കൊണ്ടുപോരുന്ന വേളയില്‍ , ഭയപ്പെട്ട് രാജധാനിയിലേക്ക് ഓടിപ്പോയ ഗോപാദ്ധ്യക്ഷന്‍, വിരാടപുത്രനായ ഉത്തരനോട് വിവരം ധരിപ്പിച്ചപ്പോള്‍ , ഒറ്റയ്ക്ക് കൌരവപ്പടയോടുപൊരുതുവാന്‍ ധൈര്യപ്പെടാതെ അറച്ചുനിന്ന ഉത്തരന്റെ സാരഥ്യം സ്വയം ഏറ്റെടുത്തശേഷം അര്‍ജുനന്‍ 'തന്റെ പാശമാകുന്ന ഉപധാനത്തിലുള്ള, വില്ലാകുന്ന വീണയില്‍ , ഞാണാകുന്ന കമ്പിമുറുക്കി, ശരമാകുന്ന വര്‍ണ്ണങ്ങളാല്‍ , ഉല്‍ക്കടമായ ശബ്ദങ്ങളാകുന്ന പാട്ടുകള്‍ പാടി, ഭീഷ്മരും താനുമുള്‍പ്പടെയുള്ള കൌരവപ്പടയെ വെന്ന്, ഉത്തരന്റെ ജീവന്‍ രക്ഷിച്ച്, വിരാടന്റെ പശുക്കളെ വീണ്ടെടുത്ത്, മത്സ്യരാജ്യത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു. അതെ, "തപിക്കുന്നവരില്‍ ശ്രേഷ്ഠനായ സൂര്യനെപ്പോലെ, മര്‍ത്യരില്‍ ശ്രേഷ്ഠനായ ബ്രാഹ്മണനെപ്പോലെ , വിഷജന്തുക്കളില്‍ കേമനായ സര്‍പ്പത്തെപ്പോലെ, തേജസ്വികളില്‍വച്ച് ഏറ്റവും തേജസ്വിയായ അഗ്നിയെപ്പോലെ, ശസ്ത്രങ്ങളില്‍ ശ്രേഷ്ഠമായ വജ്രത്തെപ്പോലെ, ഗോക്കളില്‍ ശ്രേഷ്ഠയായ കാമധേനുവിനെപ്പോലെ, കയങ്ങളില്‍ കയമായ സമുദ്രത്തെപ്പോലെ, വര്‍ഷിക്കുന്നവരില്‍ ശ്രേഷ്ഠനായ മേഘത്തെപ്പോലെ, സര്‍പ്പങ്ങളില്‍ ശ്രേഷ്ഠനായ ധൃതരാഷ് ട്രനെപ്പോലെ, ആനകളില്‍ ശ്രേഷ്ഠമായ ഐരാവതത്തെപ്പോലെ, പ്രിയജനങ്ങളില്‍വച്ച് ഏറ്റവും പ്രിയനായ പുത്രനെപ്പോലെ, സുഹൃത്തുക്കളില്‍ സുഹൃത്തായ ഭാര്യയെപ്പോലെ, വില്ലാളികളില്‍ വില്ലാളിയും ഗാണ്ഢീവധാരിയുമായ ബീബത്സുവിന്റെ പക്ഷത്തല്ലാതെ മറ്റ് ആരുടെപക്ഷത്താണ് മത്സ്യരാജവായ വിരാടന്‍ നിലയുറപ്പിക്കേണ്ടത്?

അര്‍ജുനന്‍റെ പര്യായങ്ങളും കാരണങ്ങളും.

നാടൊക്കെവെന്നു വിത്തംനേടിവന്നു ധന-

നമദ്ധ്യത്തില്‍ നില്‍ക്കുന്നവന്‍ താന്‍ 'ധനഞ്ജയന്‍'.

ഗര്‍വിഷ്ഠരോടേറ്റു യുദ്ധം ജയിക്കാതെ-

പിന്തിരിയാത്തവന്‍ തന്നെ 'വിജയനും'.

പൊന്നണിക്കോപ്പണിഞ്ഞുള്ള ശ്വേതങ്ങളാ-

ലേവഹിക്കപ്പെടും 'ശ്വേതവാഹനനെ'യും.

ഹിമവാന്‍റെ പൃഷ്ഠത്തിലായിട്ടു ഫല്‍ഗുനീ-

നക്ഷത്രപ്പകലില്‍ പിറന്നവന്‍ 'ഫല്‍ഗുനന്‍'.

ദൈത്യരോടേറ്റനേരം പിതാവിന്ദ്രനാല്‍

പൊന്നിന്‍ മുകുടവും ചൂടീ 'കിരീടി'യും.

യുദ്ധക്കളത്തില്‍വച്ചൊന്നുമേ ഭീഭത്സ-

മാകുന്ന വൃത്തി ചെയ്യില്ല 'ഭീഭത്സു'വും.

കൈയ്യുരണ്ടും കൊണ്ട് ഗാണ്ഡീവ വില്ലു-

വലിച്ചു കുലക്കുന്നവന്‍ 'സവ്യസാചി'യും.

ശുഭ്രമാം കര്‍മ്മത്തെ മാത്രമായ് വര്‍ത്തിച്ചി-

ടും, ശുഭ്രമാം നിറം കൊണ്ടവന്‍ 'അര്‍ജുനന്‍'.

അജയ്യനും, ദമനനും, ദുര്‍വ്വാരനും ശക്ര-

നന്ദനുമാകയാലാണവന്‍ 'ജിഷ്ണു'വും.

കണ്ണനൊത്തുള്ളതാം കാന്തിയെ കണ്ടിട്ടു-

കുഞ്ഞിലേചൊല്ലിതാതന്‍ 'കൃഷ്ണനെ'ന്നുപേര്‍.

അതെ, നാടാകെ ജയിച്ച്, ധാരാളം വിത്തം നേടി ധനമധ്യത്തില്‍ നില്‍ക്കയാല്‍ അവന്‍ 'ധനജ്ഞയ'നായി. ഗര്‍വിഷ്ടന്മാരോടേറ്റ് ജയിക്കാതെ മടങ്ങാത്തവനായതുകൊണ്ട് അവന്‍ 'വിജയ'നായി. പോന്നണിക്കോപ്പുകളണിഞ്ഞ ശ്വേതങ്ങളെ പൂട്ടിയ തേരില്‍ മാത്രം പോരിനിറങ്ങുകയാല്‍ അവന്‍ 'ശ്വേതവാഹന'നായി. ഫല്‍ഗുനീനക്ഷത്രത്തില്‍ പകല്‍ ഹിമവല്‍ പൃഷ്ഠത്തില്‍ പിറക്കുകയാല്‍ 'ഫല്‍ഗുന'നായി. പണ്ട് ദൈത്യവരുമായി പൊരുതിയപ്പോള്‍ അച്ഛനായ ഇന്ദ്രന്‍ ആര്‍ക്കാഭമായ കിരീടം കൊണ്ട് പുത്രന്റെ ശിരസിനെ അലങ്കരിക്കയാല്‍ അവന്‍ കിരീടിയായി. യുദ്ധത്തില്‍ ഒരിക്കലും ബീഭത്സമായ കാര്യങ്ങള്‍ ചെയ്യാതിരിക്കയാല്‍ അവന്‍ 'ബീഭത്സു'വായി. രണ്ടുകൈകള്‍കൊണ്ടും ഗാണ്ഡീവമെന്ന വില്ല് വലിക്കുവാനുള്ള കഴിവുണ്ടാകയാല്‍ അവന്‍ 'സവ്യസാചി'യായി. ശുഭ്രനിറത്തോടുകൂടിയവനും, ശുഭ്രമായ കര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നവനും ആകയാല്‍ അവന്‍ 'അര്‍ജുന'നായി.

ദുര്‍വ്വാരനും, അജയ്യനും, ദമനനും, ശക്രനന്ദനനുമാകയാല്‍ അവന്‍ ജിഷ്ണുവായി. കൃഷ്ണനെപ്പോലെ മനോഹരമായ നിറമുള്ളവനെന്ന അര്‍ത്ഥത്തില്‍ കുട്ടിയായിരുന്നപ്പോള്‍ അവന്റെ അച്ഛന്‍ അവനിട്ട പേരാണ് 'കൃഷ്ണന്‍'. അങ്ങിനെയെല്ലാമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ അര്‍ജുനന്റെ പക്ഷത്തല്ലാതെ എവിടെയാണ് വിരാടന്‍ നിലയുറപ്പിക്കേണ്ടത്?

അന്ന് ഉത്തരനുവേണ്ടി അര്‍ജുനന്‍ തന്നോടെതിര്‍ത്തപ്പോള്‍, താന്‍ അമ്പുതൊടുത്തതിനുശേഷം മാത്രമാണ് അവന്‍ തന്നോട് യുദ്ധം ചെയ്തത്. മാത്രമല്ല യുദ്ധത്തിനുമുന്‍പെ ബഹുമാനസൂചകമായി തന്നെ വലംവച്ചതിനുശേഷം അവന്‍ രഥം നിര്‍ത്തി ശിഷ്യന്റെ ധര്‍മ്മം അനുഷ്ടിക്കുകയും ചെയ്തു. അന്ന് തെല്ലഭിമാനത്തോടെ തന്റെ പ്രിയഷിശ്യനെ താന്‍ അറിയാതെ ഒന്നുപുകഴ്ത്തിയപ്പോള്‍ ദുര്യധനന്റെ ശകാരം പോലും തനിക്കു കേള്‍ക്കേണ്ടതായും വന്നു. അന്ന് ദുര്യോധനന്‍ അര്‍ജുനനോടേറ്റ് പരാജിതനായി പിന്‍തിഞ്ഞോടിയപ്പോള്‍ തന്റെ ശിഷ്യന്‍ കിരീടി കൈകൊട്ടി പോരിനുവിളിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ തന്റെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നു.

"ഹേ, ദുര്യോധന; നല്ല കീര്‍ത്തിയും യശസ്സുമൊക്കെ ഉപേക്ഷിച്ച് പടക്കളത്തില്‍നിന്നും നീ ഒടിപ്പോവുകയാണോ? എന്നെ ഭവാന്‍ തിരിച്ചരിഞ്ഞില്ലെന്നുണ്ടോ! നീമൂലം രാജ്യം വിട്ടുപോകേണ്ടിവന്ന യുധിഷ്ഠിരന്റെ ദാസനും, കൌന്തേയരില്‍ മൂന്നമനുമാണ് ഈ ഞാന്‍. എടോ, 'ദുര്യോധന'; ആരാണ് നിനക്കീ പേരുനല്‍കിയത്? യുദ്ധക്കളത്തില്‍നിന്ന് പേടിച്ചോടുന്ന നിന്നില്‍ 'ദുര്യോധനത്വ'മൊന്നും കാണുന്നില്ലല്ലോ! ഇനി ജീവനില്‍ കൊതിയോടെ യുദ്ധഭൂമിയില്‍നിന്നും പിന്തിരിഞ്ഞോടിയാലെ പാണ്ഡവരില്‍നിന്നും ഭവാന് രക്ഷയുള്ളൂ. ഓടിക്കോ..., തിരിഞ്ഞുനോക്കാതെ ഓടിക്കോ... എടോ ദുര്യോധനാ; നിനക്ക് ഹസ്തിനപുരിയില്‍പ്പോലും ഇനി രക്ഷ ഞാന്‍ കാണുന്നില്ല. സാമര്‍ത്ഥ്യമുണ്ടങ്കില്‍ രക്ഷിച്ചുകൊള്ളുക. ഒടിയതുകൊണ്ടൊന്നും നീ വരുത്തിവച്ച ആപത്ത് ഒഴിയുകയില്ല. പോരിനേല്‍ക്കുകയെ ഇനി ഗതിയുള്ളൂ. ജയിച്ചാല്‍ ഭൂമി നേടാം; മരിച്ചാല്‍ സ്വര്‍ഗ്ഗവും."

ഇനി ഈ കുരുക്ഷേത്രഭൂമിയില്‍നിന്നും ഒടിപ്പോകുവാന്‍ അവന് വേറെ ഇടം ഒന്നും ഇല്ലല്ലോ!

അന്ന് വിരാടന്‍ പരിതുഷ്ടനായി യുധിഷ്ഠിരന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചതാണല്ലോ അദ്ദേഹത്തിന്റ രാജ്യവും, സൈന്യങ്ങളും, കോശങ്ങളും, പുരങ്ങളും. കൂടാതെ അന്ന് വിരാടന്‍ അര്‍ജുനനുവേണ്ടി സമര്‍പ്പിച്ച തന്റെ മകള്‍ ഉത്തരയെ ധനഞ്ജയന്‍ തന്റെ സ്നുഷ (മകന്റെ ഭാര്യ) യായി സ്വീകരിക്കുകയും ചെയ്തു. അങ്ങിനെയുള്ള മത്സ്യരാജന്‍ വിരാടന്‍ പാണ്ഡവപക്ഷത്തല്ലാതെ മറ്റാരുടെ പക്ഷത്താണ് നിലയുറപ്പിക്കേണ്ടത്? ദ്രോണാചാര്യര്‍ ചിന്തിച്ചു.

(തുടരും....)