മിഥുൻ മോഹൻ
‘കേരളത്തിലെ ഗവൺമെന്റ് ജീവനക്കാരുടെ മനോഭാവത്തെക്കുറിച്ചുള്ള എന്റെ അവസാനത്തെ കത്താണിത്. ഭാവിയിൽ സംഭവിക്കാൻ പോകുന്നതിനെല്ലാം ഉത്തരവാദി കേരള ഗവൺമെന്റായിരിക്കും’- കൊല്ലത്തെ പേരയം പഞ്ചായത്തിലെ മുളവന നിർമലാ സദനത്തിൽ കെ.എൽ. ജോൺസൺ നവംമ്പർ 26 ന് രാഷ്ട്രപതിക്കയച്ച പരാതിയിലെ വാചകമാണിത്. പത്രങ്ങൾ പറയുന്നതനുസരിച്ചാണെങ്കിൽ പഞ്ചായത്ത് പ്രസിഡന്റു മുതൽ ഇന്ത്യൻ പ്രസിഡന്റുവരെയുള്ളവർക്ക് ജോൺസൺ 77 വയസിനകം എഴുതിയ ആയിരക്കണക്കിന് കത്തുകളിൽ അവസാനകാലത്തേതാണിത്. എല്ലാ കത്തുകളും മനുഷ്യൻ പലയിടങ്ങളിൽ അനുഭവിക്കുന്ന അനീതിയും അവഹേളനവും ദുരീകരിക്കാൻ അധികൃതരുടെ ഇടപെടലിനു വേണ്ടിയായിരുന്നു.
ജോൺസൺ
തൊണ്ണൂറുകളുടെ അവസാന കാലത്ത് ഇത്തരം കത്തുകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞ് നിന്ന ആ മനുഷ്യൻ, മാർച്ച് 30 ന് ഒരുവൻ വാർത്തയായി- അവസാനത്തെ വാർത്ത. കേരളഹൈക്കോടതിയുടെ എട്ടാംനിലയിൽ നിന്നും താഴേക്ക് ചാടിമരിച്ചത് ജോൺസൺ ആയിരുന്നു. ആദ്യമായാണ് ഒരാൾ പരമോന്നത നീതിപീഠം ജീവത്യാഗത്തിനുപയോഗിച്ചത്. ഈ വയോധികന്റെ മരണം കേരളത്തിൽ ഒരു കൗതുക വാർത്തപോലുമായില്ല.
ഭാവിയിൽ സംഭവിക്കാൻ പോകുന്നതിനെല്ലാം ഉത്തരവാദി കേരളാ ഗവൺമെന്റ് ആയിരിക്കും എന്ന്
എന്ന് രാഷ്ട്രപതിക്കെഴുതിയതനുസരിച്ചാണെങ്കിൽ ജോൺസണിന്റെ ആത്മഹത്യക്കുത്തരവാദി കേരള ഗവൺമെന്റാണ്. അത്തരമൊരു കാര്യം കൊണ്ടാണ് അയാൾ രാഷ്ട്രപതിക്ക് കത്തെഴുതിയത്.
ജോൺസണിന്റെ വീടിനടുത്തുകൂടെ ബ്ലോക്ക് പഞ്ചായത്ത് റോഡ് നിർമ്മിച്ചപ്പോൾ മണ്ണിടിഞ്ഞ് വീടിന് ഭീഷണിയായി. ഭിത്തി വിണ്ടുകീറി വീട് തകരുന്ന അവസ്ഥയിലായി. അതുകൊണ്ട് മതിൽ കെട്ടി മണ്ണിടിയാതെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനു പരാതികൊടുത്തു. അവർ അവഗണിച്ചു. തുടർന്ന് ജോൺസൺ കോടതിയെ സമീപിച്ചു. മതിൽ കെട്ടി മണ്ണ് ഇടിയുന്നത് തടയാൻ കൊല്ലം മുൻസിഫ് കോടതി പഞ്ചായത്തിന് നിർദ്ദേശം നൽകി. അതിനും ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വില കൽപ്പിച്ചില്ല. ഒടുവിൽ, വിധി നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ജോൺസൺ അത് പുറപ്പെടുവിച്ച കോടതിയെ സമീപിച്ചു. വിധി അനുസരിക്കാൻ വിസമ്മതിച്ച പഞ്ചായത്ത് വിധി നടപ്പാക്കണമെന്ന പരാതി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഉചിതമായ തീരുമാനം എടുക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി അത് കീഴ്ക്കോടതിക്ക് തിരിച്ചയച്ചു. വർഷം അഞ്ചാണ് കടന്നു പോയത്. ഇനിയും കാലമേറെ കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പ്. ഇക്കാലംകൊണ്ട് നൂറ്നൂറ് പരാതികൾ ജോൺസൺ പലതലങ്ങളിലേക്കും അയച്ചു. അതിൽ അവസാനത്തേതാണ്, രാഷ്ട്രപതിക്ക് നൽകിയ മുന്നറിയിപ്പ്. ഒരു മഴക്കാലം വന്നാൽ ജോൺസന്റെ വീട് തന്നെ മണ്ണിടിഞ്ഞ് തകരും. അതിന് മുമ്പ് ജോൺസൺ സ്വയം തകർക്കുകയായിരുന്നു.
ജോൺസനെക്കുറിച്ച് ദേശാഭിമാനി
ജോൺസണെക്കുറിച്ച് ആരും അന്വേഷിച്ചില്ല. ആ വീടിന്റെ മണ്ണിടിയാതിരിക്കാൻ ഏറിയാൽ 20,000 രൂപക്ക് ഒരു മതിൽ കെട്ടാം. പക്ഷെ, അതിലേറെ മുടക്കി ഒരു പാവം മനുഷ്യനെതിരെ നിയമയുദ്ധം നടത്താനാണ് പഞ്ചായത്ത് പോയത്. ബലിയാടാക്കപ്പെടുന്ന പൗരന്റെ പ്രതിനിധിയാണ് ജോൺസൺ. നീതിക്ക് വേണ്ടി പോരാടിയ അയാളുടെ കഥ അത് വ്യക്തമാക്കുന്നു.
കയ്പേറിയ ജീവിതാനുഭവങ്ങളാണ് ജോൺസൺ എന്ന വ്യക്തിത്വത്തെ സൃഷ്ടിച്ചത്. യൗവ്വനത്തിൽ തന്നെ നാടുവിട്ട് പലസ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞ ജോൺസൺ ഒടുവിൽ ബീഹാറിലെത്തി. അവിടെയൊരു റെസ്റ്റോറന്റ് ആരംഭിച്ചു. അത് വിജയകരമായി നടത്തിവരുമ്പോൾ ഒരു ദിവസം ഹെൽത്ത് ഇൻസ്പെക്ടർ പരിശോധനക്കെത്തി.
വെള്ളം ചേർത്ത 35 ലിറ്റർ പാൽ റെസ്റ്റോറന്റിൽ നിന്ന് പിടിച്ചെടുത്തതായി കാണിച്ച് അയാൾ ജോൺസണിനെതിരെ നിയമനടപടി സ്വീകരിച്ചു. നിരപരാധിയായ ജോൺസണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഈ സംഭവമാണ് അനീതിക്കെതിരെ പോരാടാൻ അയാളെ പ്രേരിപ്പിച്ചത്. നിയമപോരാട്ടത്തിലൂടെ അയാൾക്ക് നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞു.
ഒടുവിൽ ധൻബാദ് ജില്ലാ കളക്ടർ നേരിട്ടനേ്വഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ജോൺസണിനെ കൊണ്ട് കോടതിയിൽ അപ്പീൽ കൊടുപ്പിച്ചു. കേസിൽ വിജയിച്ചു. അനേ്വഷണത്തിലൂടെ കേസ് എടുത്ത ഉദേ്യാഗസ്ഥനെ സസ്പെന്റ് ചെയ്യിപ്പിക്കാൻ ജോൺസണിന് കഴിഞ്ഞു. ബീഹാറിലെ ബൊക്കേറൊയിലെ ഹോങ്കോങ് ഗ്രിൽസ് റെസ്റ്റോറന്റ് എന്ന അദ്ദേഹത്തിന്റെ ഭക്ഷണശാല, ചില രാഷ്ട്രീയ നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ അക്രമികൾ അടിച്ചു തകർത്തപ്പോഴും പ്രതികാരം ഒന്നുമില്ലാതെ കത്തെഴുതി പ്രതികരിക്കാനേ ജോൺസണിന് കഴിഞ്ഞുള്ളൂ.
ഉത്തരേന്ത്യയിൽ മലയാളി നഴ്സുമാരെ പീഡിപ്പിക്കുന്നതിനെതിരെ ജോൺസൺ നടത്തിയ സമരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മലയാളി നഴ്സിനെ ഉത്തർപ്രദേശിലെ ഒരു ഗ്രാമമുഖ്യൻ പീഡിപ്പിച്ചു കൊന്നു. ഈ കേസ് തേച്ചുമായ്ച്ചുകളയാൻ അധികൃതർ ശ്രമിച്ചു. ഇതിനെതിരെ പ്രതിഷേധ കത്തുകൾഎഴുതി ജോൺസൺ ഒരു സമരമുഖം തുറന്നു. ആ സമരം ഫലം കാണാതെ വന്നപ്പോൾ മുള്ളുകമ്പി കൊണ്ട് ശരീരം വരിഞ്ഞുകെട്ടി രാഷ്ട്രപതിഭവനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. ഗ്രാമമുഖ്യന് ജയിൽശിക്ഷ വാങ്ങിക്കൊടുത്തതിനുശേഷമാണ് ജോൺസൺ സമരത്തിൽ നിന്നു പിന്മാറിയത്.
1977 മുതലാണ് സാമൂഹികപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ജോൺസൺ കത്തുകൾ എഴുതിത്തുടങ്ങിയത്. ജോൺസൺ പറഞ്ഞിരുന്നത് അഴിമതി രഹിതരെന്ന് ആണയിടുന്നവർക്കുള്ള താക്കീതുകളാണ് തന്റെ കത്തുകളെന്നാണെന്ന് ബന്ധുക്കൾ ഓർക്കുന്നു.
റോഡ് നിർമ്മിച്ചതിനെത്തുടർന്ന് മണ്ണിടിഞ്ഞ് തകർച്ച നേരിടുന്ന ജോൺസന്റെ വീട്
ബിസ്ക്കറ്റ് രാജാവ് രാജൻപിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് ജോൺസൺ എഴുതിയ 15 ൽ പരം കത്തുകളാണ്. 1995 ആഗസ്റ്റ് 4 ന് രാഷ്ട്രപതിക്കെഴുതിയ കത്തിന്റെ ആദ്യവാചകം ശ്രദ്ധേയമായിരുന്നു. ആഫ്രിക്കൻ ജയിലിൽ ഒരാളെ 28 വർഷം സൂക്ഷിക്കാനാവുമെങ്കിൽ ഇന്ത്യൻ ജയിലിന് ഒരു രാജൻപിള്ളയെ ചുരുക്കം നാളുകൾ സൂക്ഷിക്കാനാകാത്തത് എന്തേ ? പ്രസിഡന്റിന്റെ മറുപടിക്കത്ത് വന്നു – നിങ്ങളെഴുതിയത് പരിശോധിക്കാം”.
പെരുമൺ ദുരന്തമുണ്ടായപ്പോൾ ഒരു സ്മാരകം നിർമിക്കാനായി പെരുമണിലെ ഒരു പഞ്ചായത്തംഗത്തിന്റെ പേരിൽ അജ്ഞാതനായ ഒരാൾ ബീഹാറിൽ നിന്നും പണം മണിയോർഡറായി അയച്ചു തുടങ്ങി. പഞ്ചായത്തംഗത്തിന്റെ പേരിൽ പണം വരാൻ തുടങ്ങിയത് രാഷ്ട്രീയ രംഗത്ത് ഏറെ വിവാദത്തിനിടവരുത്തി. ഈ അജ്ഞാതനായ മലയാളി ജോൺസൺ ആണെന്ന് വൈകാതെ രാഷ്ട്രീയ ലോകം തിരിച്ചറിഞ്ഞു.
പഞ്ചായത്തംഗത്തെ രാഷ്ട്രീയ ലോകം ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ അയാൾ ആകെ അസ്വസ്ഥനായി. വടക്കേ ഇന്ത്യയിൽ നിന്നും പഞ്ചായത്തംഗത്തിന് പണം ഒഴുകുന്നതായി പത്രങ്ങളിൽ തലങ്ങും വിലങ്ങും വാർത്ത വന്നിരുന്നു. പഞ്ചായത്തംഗം വിദേശപണം പിരിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ അയാൾ ജോൺസന്റെ പേരിൽ പണം തിരിച്ചയച്ചു. ജോൺസണിന്റെ സ്മാരക സങ്കല്പത്തിന് അതോടെ തിരശ്ശീല വീണു.
സർക്കാരുദേ്യാഗസ്ഥരേയും അഴിമതിക്കാരെയും പുലിവാൽ പിടിപ്പിച്ച ഒട്ടനവധി കഥകൾ ജോൺസണിന്റെ ജീവിതത്തിൽ വേറെയുമുണ്ട്. ഒരിക്കൽ കൊല്ലത്തുനിന്നു ജോൺസൺ വാങ്ങിയ രാജ്ദൂത് മോട്ടൊർ സൈക്കിളുകൾ ഇന്ത്യൻ റെയിൽവേ എവിടെയോ കൊണ്ടിട്ടു. സതേൺ റെയിൽവേയുടെ ചീഫ് ക്ലെയിംസ് ഓഫിസർക്ക് ജോൺസൺ എഴുതി ആയിരക്കണക്കിനു രൂപയുടെ നഷ്ടം എനിക്കുവരുത്തി വച്ചു. എന്നെങ്കിലും ഞാൻ ഓപ്പൺ ഡെലിവറി വാങ്ങുമ്പോൾ റിസർവ്വ് ബാങ്കിന്റെ ചെക്കുമായി നിങ്ങൾ വരും. അന്നു ഞാൻ ചോദിക്കും. കത്ത് ബന്ധപ്പെട്ടവർക്ക് കിട്ടേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, പ്രശ്നത്തിനു പരിഹാരമുണ്ടാവാൻ. ചാരായ നിരോധനം വന്നപ്പോൾ എ.കെ ആന്റണിക്ക് ജോൺസൺ എഴുതി കേരളത്തിന്റെ മതിലുകളിൽ സിനിമാ പോസ്റ്ററുകളേക്കാൾ കൂടുതലാണ് ദല്ലാളന്മാരുടെ പോസ്റ്ററുകൾ. കാളച്ചന്തയിൽ ദല്ലാളന്മാർ അധികമായാൽ പശു വരുമോ ? എ.കെ ആന്റണിയുടെ മറുപടിയും വന്നു – പരിശോധിക്കാം”.
ഇങ്ങനെ ഓരോ രാഷ്ട്രീയ നീക്കങ്ങളേയും സസൂക്ഷ്മം നിരീക്ഷിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്ന ജോൺസണിന്റെ നിനച്ചിരിക്കാതെയുള്ള വിയോഗം അടുത്തറിയുന്നവരെയെല്ലാം സ്തബ്ധരാക്കിയിരിക്കുകയാണ്. ഉറ്റവരും നാട്ടുകാരുമെല്ലാം പറയുന്നത് ഒന്നുതന്നെ, അച്ചായൻ ആത്മഹത്യ ചെയ്തെന്ന് വി്വസിക്കാൻ കഴിയുന്നില്ല. അത്രയ്ക്ക് മനക്കരുത്തും തന്റേടവും അദ്ദേഹത്തിനുണ്ടായിരുന്നു.
വടക്കേ ഇന്ത്യയിൽ ജോൺസൺ ഭരണപ്രതിപക്ഷ അംഗങ്ങളുടെ ചങ്ങാതിയായിരുന്നു. ജോൺസന്റെ പരാതിക്കത്തുകൾക്ക് അവർ വിലകല്പിച്ചിരുന്നു. അതിൽ സ്വാർത്ഥതയുടെ അംശം ഒട്ടും ഇല്ലെന്നറിയാമായിരുന്ന അവർ പെട്ടന്ന് തന്നെ നടപടികളെടുത്തിരുന്നുവത്രെ. എന്നാൽ, കേരളത്തിലെ ഭരണാധികാരികൾ പരാതി അയച്ചാൽ യാതൊരു നടപടിയും ഉണ്ടാകുകയില്ലെന്ന് ഒരു അഭിമുഖസംഭാഷണത്തിൽ ജോൺസൺ പരാതിപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദികൾ ആരെന്ന ചോദ്യത്തിന് കേരളത്തിലെ ധാർഷ്ഠ്യവും ധിക്കാരവും നിറഞ്ഞ ഉദേ്യാഗസ്ഥ വൃന്ദത്തിലേക്കാവും വിരൽചൂണ്ടപ്പെടുക.
കേരള ഹൈക്കോടതി കെട്ടിടത്തിൽനിന്ന് ചാടിയ ജോൺസൺ താഴേക്ക് പതിക്കുന്ന ദൃശ്യം. ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച ചിത്രം