by മിഥുൻ മോഹൻ
കൊല്ലം : ഒറ്റ രാത്രി കൊണ്ട് കലാതിലകത്തെ ഇളക്കി പ്രതിഷ്ഠിച്ച് കേരളാ സർവ്വകലാശാല കലോത്സവത്തിൽ സംഘാടകരുടെ മാജിക്. അപ്പീലിലൂടെ വളഞ്ഞ വഴിക്ക് കലാതിലകപ്പട്ടം നേടാൻ ശ്രമിച്ച സിനിമ-സീരിയൽ താരം മഹാലക്ഷ്മിയെ എതിർപ്പുകളെത്തുടർന്ന് മാറ്റി. കലോത്സവത്തിൽ സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെത്തുടർന്നാണ് നടപടി.
കലോത്സവത്തിൽ കലാതിലകപട്ടത്തിലേക്ക് അപ്പീലിലൂടെ സ്വന്തക്കാരിയെ തിരുകികയറ്റാൻ നോക്കിയ സംഘാടകർ സംഗതി പ്രശ്നമാകും എന്ന് കണ്ടതോടെ പോയിന്റ് നില തന്നെ മാറ്റി മറിച്ചു ഒറ്റ രാത്രി കൊണ്ട് പുതു കലാതിലകത്തെ സൃഷ്ടിക്കുകയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.
84 ഇനങ്ങൾ പൂർത്തിയായപ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസിലെ എസ്.മഹാലക്ഷ്മി 22 പോയിന്റുമായി കലാതിലക പട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. 16 പോയിന്റുമായി അതേ കോളേജിലെ തന്നെ എം.രേഷ്മ രണ്ടാമതും. 56 അപ്പീൽ പോയതിൽ 5 എണ്ണം മാത്രം പരിഗണിക്കപ്പെട്ടപ്പോൾ മൂന്നെണ്ണത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മുൻവർഷത്തെ കലാതിലകം മഹാലക്ഷ്മിയാണ്.
ആദ്യം പ്രസിദ്ധീകരിച്ച ലിസ്റ്റ്
കൂടെ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞതനുസരിച്ച് മഹാലക്ഷ്മി 104 എന്ന ചെസ്റ്റ് നമ്പർ നേടിയെടുത്ത ശേഷം മാത്രമാണ് വേദിയിൽ പോലും കയറിയത്. മഹാലക്ഷ്മിയുടെ കോളേജായ മാർ ഇവാനിയോസിലെ തന്നെ രേഷ്മയെന്ന വിദ്യാർത്ഥിനി ലീഡിങ്ങിൽ നിന്നിടത്ത് നിന്നാണ് അഞ്ച് പോയിന്റിൽ നിന്ന് മഹാലക്ഷ്മി ഒറ്റ രാത്രി കൊണ്ട് കലാതിലക പട്ടം നേടിയെടുത്ത് ഇരുപത്തിരണ്ട് പോയിന്റിൽ എത്തിയത്. കുച്ചിപ്പുടി, നങ്ങ്യാർ കൂത്ത് കഥാപ്രസംഗം എന്നിവയ്ക്ക് മഹാലക്ഷ്മിക്ക് ഒന്നാം സ്ഥാനവും മിമിക്രിക്ക് രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിനും ഭരതനാട്യത്തിനും മൂന്നാം സ്ഥാനവുമാണ് കിട്ടിയത്.
എന്നാൽ അപ്പീലിൽ ചിലർക്ക് മാത്രം മുൻതൂക്കം കിട്ടിയെന്ന പരാതി വന്നതോടെ കലാതിലക പട്ടത്തിൽ മാറ്റം വന്നു, പോയിന്റിലും. 96 ഇനങ്ങൾ പൂർത്തിയായപ്പോൾ മഹാലക്ഷ്മിയുടെ പോയിന്റ് 15 ഉം രേഷ്മയുടേത് 16 ഉം ആക്കി മാറ്റി. തിലക പട്ടം രേഷ്മയ്ക്ക്. 185 പോയിന്റുമായി മാർ ഇവാനിയോസ് ഒന്നാമതും 78 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രണ്ടാമതും 74 പോയിന്റ് ഉള്ള തിരുവനന്തപുരം വിമൻസ് കോളേജ് മൂന്നാമതും ആണ്. ആൺകുട്ടികളിൽ 26 പോയിന്റുമായി ചേർത്തല സെയിന്റ് മൈക്കിൽസിലെ സരുൺ രവീന്ദ്രൻ ഒന്നാമതും പത്തു പോയിന്റ് വീതമുള്ള ഇവാനിയോസിലെ ആദിത്യ, തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അക്ഷയ്, പാങ്ങോട് ഡോ. പൽപ്പു കോളേജിലെ അർജുൻ, കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ മിഥുൻ എന്നിവരാണ് മുന്നിൽ. അഴിമതിയും ഗുണ്ടായിസവും വിളയാടുകയാണ് യുവജനോത്സവ വേദിയിൽ.
രണ്ടാമത് പ്രസിദ്ധീകരിച്ച ലിസ്റ്റ്
പ്രശ്നങ്ങളുമില്ലാതെ പുരോഗമിച്ച കേരളാ സർവ്വകലാശാല യുവജനോത്സവ വേദി സമാപന ദിവസം കലുഷിതമായിരിക്കുകയാണ്.അഴിമതിയും സംഘാടകരുടെ വക ഗുണ്ടായിസവും അരങ്ങ് തകർക്കുമ്പോൾ ഒറ്റ രാത്രി കൊണ്ട് ഒന്നാം സ്ഥാനം നഷ്ടമായ വിദ്യാർത്ഥികൾ അക്ഷരാർത്ഥത്തിൽ എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുകയാണ്. ഗുണ്ടായിസം അതിരുകടന്ന് പ്രതികരിച്ച പോലീസുദ്യോഗസ്ഥന്റെ നേരെ വരെ കൈയേറ്റമുണ്ടാടായിട്ടും നിഷ്ക്രിയമാണ് കൊല്ലത്തെ പോലീസ് സേന.