by മിഥുൻ മോഹൻ. [24kerala.com]
ദശാബ്ദത്തിലെ ഏറ്റവും വലിയ ജലക്ഷാമത്തെ അഭിമുഖികരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിൽ ഇന്നുള്ള 91 ജലസഭരണികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 29% ശുദ്ധജലം മാത്രമാണ്. മഹാരാഷ്ട്രയിലെ ആയിരത്തിലധികം ഗ്രാമങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു. അവർക്ക് ഇന്നുള്ള ഏക ആശ്രയം ഗവണ്മെന്റും ചില സന്നദ്ധ സംഘടനകളും ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളം മാത്രമാണ്. തെക്കെ ഇന്ത്യയിലെ സ്ഥിതി മറ്റൊന്നല്ല. സംഭരണികളിലെ ജലനിരപ്പ് ഇരുപത് ശതമാനവും കടന്ന് താഴേക്ക് നീങ്ങുന്നു. ലോകം മുഴുവൻ സാക്ഷ്യം വഹിക്കുന്നത് ഈ സ്ഥിതിവിശേഷമാണ്. 2015 ൽ ബ്രസീലിന് അനുഭവിച്ചറിയേണ്ടിവന്നത് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ ജലദൗർലഭ്യമായിരുന്നു.
ചൈന, സിറിയ, പാകിസ്ഥാൻ, തുർക്കി, കാലിഫോർണിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഉള്ളവരുടെ സ്ഥിതിയും വേറിട്ടതായിരുന്നില്ല. സർവത്ര വെള്ളമെങ്കിലും തുള്ളി കുടിക്കാൻ ഇല്ല എന്ന ചൊല്ല് അന്വർത്ഥമായി കഴിഞ്ഞിരിക്കുന്നു. സുപരിചിതമായ ചില കണക്കുകളിലൂടെ ഒരു വട്ടം കൂടി കണ്ണോടിച്ച് നോക്കാം. ദ്രാവകരൂപത്തിൽ ഭൂമിയിൽ അവശേഷിക്കുന്ന ജലത്തിന്റെ 97.5 ശതമാനം കടലിലും തടാകങ്ങളിലുമായി സംഭരിക്കപ്പെട്ടിരിക്കുന്ന ഉപ്പുവെള്ളമാണ്. അവശേഷിക്കുന്ന വെറും 2.5 ശതമാനം ശുദ്ധജലത്തിൽ 70 ശതമാനാവും ഐസ് ആയി ഘനീഭവിക്കപ്പെട്ടിരിക്കുന്നു. ബാക്കി ഭൂമിയിൽ അവശേഷിക്കുന്ന 30 ശതമാനത്തിൽ മുക്കാൽ പങ്കും ഭൂഗർഭ ജലമാണ്. അതിനർത്ഥം, ഏകദേശം .007 ശതമാനം മാത്രമാണ് മനുഷ്യനും ഭൂമിയിലുള്ള സർവ്വചരാചരങ്ങൾക്കുമായി നീക്കിവെക്കപ്പെട്ടിരിക്കുന്ന കുടിവെള്ളം. ഏഴ് ലക്ഷം കോടി ജനങ്ങൾക്ക് വീതിക്കപ്പെട്ടിരിക്കുന്ന ജലത്തിന്റെ അളവാണ് .007 ശതമാനം. 1.1 ലക്ഷം കോടി ജനങ്ങൾക്ക് ശുദ്ധജല ലഭ്യതയില്ലെന്നതാണ് യാഥാർഥ്യം. അതായത്, ലോക ജനസംഖ്യയിൽ ആറിൽ ഒരാൾക്ക് ശുദ്ധജലം കുടിക്കാൻ കഴിയുന്നില്ല. എങ്ങനെ ഈ അവസ്ഥയിൽ എത്തിപ്പെട്ടു? മനുഷ്യജീവിതത്തിലെ മൗലികാവകാശമായ ജലം ലോകത്തിന്റെ ഭാവിയെ എങ്ങോട്ടാണ് നയിക്കുന്നത്.
വരാൻ പോകുന്ന വിപത്തിലേക്ക് നയിക്കുന്നതിൽ ചില പ്രധാന ഘടകങ്ങൾ ഇതിൽ ഉണ്ട്. ഇതിൽ പാരിസ്ഥിതിക ഘടകങ്ങളിൽ ഉൾപ്പെടുന്നവയാണ്് വെള്ളപ്പൊക്കം, ആഗോളതാപനം, വരൾച്ച എന്നിവ. പിന്നെയുള്ളത് നിലവിലുള്ള സംഭരണത്തേക്കാൾ ഉപയോഗം ഏറിവരുന്നത് മൂലമുള്ള മനുഷ്യനിർമ്മിത ഘടകങ്ങളാണ്. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. തെറ്റായ കൃഷിരീതികൾ, അനിയന്ത്രിത ഭൂഗർഭ ജലവിനിയോഗം എന്നിവയാണ് മറ്റുള്ള മനുഷ്യനിർമ്മിതഘടകങ്ങൾ.
ഇരുപതാം നൂറ്റാണ്ടിൽ ഒരു രാജ്യത്തിന്റെ സമ്പത്തിന്റെ അളവുകോലായി എണ്ണപ്പാടങ്ങളെയാണ് അടിസ്ഥാനമാക്കിയിരുന്നതെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അത് ശുദ്ധജലമാണ്. ഏതൊരു പ്രതിസന്ധി ഘട്ടമുണ്ടായാലും രണ്ട് തരത്തിലുള്ള ആളുകൾ ഉണ്ടാകും പ്രശ്നം പരിഹരിക്കാൻ വേണ്ടത് ചെയ്യുന്നവരും ആ പ്രശ്നം എങ്ങിനെയെല്ലാം മുതലെടുക്കാം എന്ന് ചിന്തിക്കുന്നവരും. ഇവിടേക്കാണ് സ്വകാര്യവത്കരണം കുടിവെള്ളത്തിന്റെ കാര്യത്തിൽ കടന്ന് വരവ് നടത്താൻ പോകുന്നത്.
അപ്പോൾ നമ്മളിൽ സ്വഭാവികമായി ഒരു ചോദ്യം ഉണ്ടാകും. മനുഷ്യാവകാശമായി കണക്കാക്കപ്പെടുന്ന കുടിവെള്ളത്തിനെ എങ്ങനെ സ്വകാര്യവത്കരിക്കാൻ കഴിയും ? അത് അസാധ്യമല്ലേ ? ഒരു മനുഷ്യന് ആഹാരമില്ലാതെ മാസങ്ങൾ തള്ളി നീക്കാം. വെള്ളമില്ലാതെ ഏറിയാൽ അഞ്ചോ ഏഴോ ദിവസം. 2010 ലാണ് ഐക്യരാഷ്ട്ര സംഘടന കുടിവെള്ളത്തെ മനുഷ്യാവകാശമാക്കി പ്രഖ്യാപിച്ചത്. എല്ലാ മനുഷ്യനും സുരക്ഷിതമായ കുടിവെള്ളം അവകാശമായി പ്രഖ്യാപിച്ച് കൊണ്ട് നിർമ്മിച്ച നിയമം ഇന്നെങ്ങനെ, ഇനിയെങ്ങനെ, എന്നതാണ് ചോദ്യം. ആവശ്യകത ഏറും തോറും ഭൂമിയിലെ ജലത്തിന്റെ ആന്തരികഘടന തകർന്ന് കൊണ്ടേയിരിക്കുന്നു. ലോകം ഇന്ന് ഓടിക്കൊണ്ടിരിക്കുന്നത് ഇന്ധനം തീരാറായ വണ്ടിയെ പോലെയാണ്. ഇത് പോലുള്ളൊരു പ്രതിസന്ധി ഉടലെടുക്കുമ്പോൾ ഗവണ്മെന്റുകൾക്ക് സഹായകമായ നിക്ഷേപങ്ങളുമായി കോർപ്പറേറ്റ് ഭീമന്മാർ തങ്ങളുടെ രാജ്യത്തേയും, ജനങ്ങളെയും രക്ഷിക്കുമെന്ന മിഥ്യാധാരണയാണ് പലരും വെച്ച് പുലർത്തുന്നത്. പക്ഷേ അത്തരത്തിൽ ഉള്ള കൂട്ട് കച്ചവടങ്ങൾക്ക് ജലലഭ്യതയിൽ മാറ്റം ഉണ്ടാക്കാൻ ആകുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ച് ശുദ്ധജലത്തിനെപറ്റി ചിന്തിക്കുവാൻ കൂടി കഴിയാത്ത പാവപ്പെട്ടവരിലേക്ക് എത്തുമെന്ന് കിനാവ് കൂടി കാണുവാൻ പറ്റില്ല. മറിച്ച് ഓഹരി വിപണികൾ തകർച്ച നേരിടുകയും കോർപ്പറേറ്റുകൾ മനുഷ്യന് ഏറ്റവും അത്യന്താപേക്ഷിതമായി അവശേഷിക്കുന്ന കുടിവെള്ള സ്രോതസ്സുകൾ അപഹരിക്കുവാൻ സജ്ജരാവുകയും ചെയ്യും.
വരാൻ പോകുന്ന ദുരവസ്ഥയെ പറ്റിചിന്തിക്കുന്നതിന് മുൻപ് ഇന്നത്തെ സ്ഥിതി നമ്മൾ മനസ്സിലാക്കണം. സൗജന്യമായി നമ്മളിൽ പലരും ഉപയോഗിക്കുന്ന കുടിവെള്ളത്തിന് ഇന്ത്യയിലെ ചേരികളിലെ ജനങ്ങൾ ഒരു ദിവസം ഒരു മണിക്കൂർ എന്ന തോതിൽ ആയിരം ലിറ്ററിന് നൽകേണ്ടി വരുന്ന വില 135 രൂപ വീതമാണ്. ജലമാഫിയ 9,500 ലിറ്റർ വെള്ളം വിൽക്കുന്നത് 3500 രൂപയ്ക്കാണ്. ഒരു ട്രിപ്പിൽ അവ ഉണ്ടാക്കുന്നത് പതിനായിരം രൂപയോളം ലാഭമാണ് . ഈ മാഫിയകൾ കുടിവെള്ളം ശേഖരിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷൻ പൈപ്പുകളിൽ നിന്നാണ്.
വിദേശത്തെ സ്ഥിതിവിഭിന്നമല്ല. മറ്റൊരു രീതിയിൽ ആണെന്ന് മാത്രം. കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ നമ്മൾ മുൻപ് ഉൾപ്പെടുത്തിയ കാലിഫോർണിയയിൽ ഇവിടെയുള്ള ജലമാഫിയക്ക് പകരമായി ഉള്ളത് വാട്ടർ ബാങ്കുകളാണ്. വാട്ടർ ബാങ്കുകൾ എന്നാൽ വമ്പൻ കമ്പനികൾ കുടിവെള്ളം വാങ്ങുകയും അത് സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്ന മാർക്കെറ്റുകളാണ്. ഇങ്ങനെ വാങ്ങുന്ന ജാലത്തിന്റെ വിളിപ്പേരാണ് “പേപ്പർ വാട്ടർ” എന്നത്. ഭാവിയിൽ കാലിഫോർണിയയാകും കുടിവെള്ളം മാർക്കെറ്റിങ്ങിലേക്ക് ആദ്യകാൽവെയ്പ്പ് നടത്താൻ പോകുന്നതെന്ന് ചുരുക്കം.
നോക്കുക, ഇങ്ങ് ഇന്ത്യയിൽ നമ്മളുടെ വൈദ്യൂതിയെ സ്വകാര്യവത്കരിച്ച് കഴിഞ്ഞിരിക്കുന്നു. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അത് നമ്മളെ എവിടെയാണ് എത്തിച്ചിരിക്കുന്നതെന്ന് . റിലയൻസും ടാറ്റായും തേർവാഴ്ച്ച നടത്തുന്ന ഒരിടമായി ഇന്ത്യയിലെ വൈദ്യൂതി വിതരണ ശൃംഖലമാറികഴിഞ്ഞു. റിലയൻസിൽ നിന്ന് ടാറ്റാ പവറിലേക്ക് ഒരു കസ്റ്റമർ മാറിയാൽ വീലിംഗ്ചാർജ് എന്ന പേരിൽ നിങ്ങളുടെ ബില്ലിന്റെ 25% ത്തോളം റിലയൻസിന് നൽകേണ്ടിവരുന്നു. കുടിവെള്ളം കൂടി സ്വകാര്യവത്കരിക്കപ്പെട്ടാൽ എത്ര വലിയ കൊലക്കയറായി അതുമറിയേക്കാമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഗവണ്മെന്റ് അവകാശപ്പെടുന്നത് ജനങ്ങൾക്ക് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ 45% ത്തോളം നഷ്ടമാകുന്നത് ചോർച്ച മൂലമാണെന്നാണ് പഴകിയ ഡ്രെയിനേജ് സംവിധാനങ്ങളും കുടിവെള്ള വിതരണ ശൃംഖലയുമാണ് ചോർച്ചക്ക് കാരണമായി ഉന്നയിക്കപ്പെടുന്നത്. പാഴാക്കിയത് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മാറ്റിസ്ഥാപിക്കുവാൻ സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതോ അല്ലെങ്കിൽ അതിനു ആഗ്രഹം ഇല്ലാത്തതോ കൊണ്ടാണെന്ന് തന്നെ. അപ്പോൾ എന്ത്കൊണ്ട് കുറച്ച് സമ്പന്നരായ ഹൃദയാലുക്കളെകൊണ്ട് പണം മുടക്കിപ്പിച്ച്കൂടാ ? നഷ്ടമോ തടസ്സമോ മറ്റ് ഒരു വിധ ശങ്കകളോ കൂടാതെ സുഖമായി എല്ലാവീടുകളിലും കുടിവെള്ളം അവർ എത്തിച്ച്തരില്ലേ ? അവർ അത് ഏറ്റെടുത്ത് കഴിഞ്ഞാൽ സമ്പന്നർക്ക് തീർച്ചയായും വെള്ളം കിട്ടും. പാവപെട്ടവർക്കോ… ?
മനുഷ്യശരീരത്തിന് ദിവസം അഞ്ച് ലിറ്ററോളം വെള്ളം ആവശ്യമാണെങ്കിൽ ശരീരശുചിത്വം പാലിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാനും ഒക്കെ കൂടി വേണ്ടിവരുന്നത് ഏറ്റവും ചുരുങ്ങിയത് ഇരുപത്തഞ്ചു ലിറ്റർ ജലമാണെന്ന് ഓർക്കുക. ഇന്ത്യയിലെ ഓരോ പൗരനും ഉപയോഗിക്കുന്ന കുടിവെള്ളത്തിന് വില നിശ്ചയിച്ച് മുപ്പത് ലിറ്റർ വെച്ച് കണക്കാക്കി നോക്കൂ ചിന്തിക്കാൻ കഴിയുമോ ? ലോകത്തിന്റെ പല കോണുകളിലുമുള്ള ഗ്രാമങ്ങൾ നിരന്തരമായി കൊക്കോകോള നെസലെ മുതലായ കമ്പനികളോട് കലഹിച്ച് കൊണ്ടിരിക്കുകയാണ്. അതും അളമുട്ടിയിട്ട്. രക്തമൂറ്റിക്കുടിച്ച് ചീർക്കുന്ന കൊതുകുകളെ പോലെ ചെറിയ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് കമ്പനികൾ ഭൂഗർഭജലം ഊറ്റിയെടുത്ത് കച്ചവട ചരക്കാക്കുകയാണ്.
കേരളത്തിലെ പ്ലാച്ചിമടയും പാകിസ്താനിലെ ഭാട്ടിയും നമ്മൾക്ക് സുപരിചിതമല്ലേ. കൊക്കോകോളയെന്ന ആഗോള ഭീമന് ആദ്യമായി ജനകീയ പ്രക്ഷോഭത്തിന്റെ ചൂടറിയുന്നത് ഇങ്ങ് കേരളത്തിലാണ് എന്നതാണ് ചരിത്രം . ഈ കോർപ്പറേറ്റുകൾ തന്നെയാണ് പല കുടിവെള്ളസംരക്ഷണ ക്യാമ്പയ്നുകൾ കണ്ണിൽ പൊടിയിടലായി നടത്തുന്നതെന്നും തിരിച്ചറിയണം. അവരുടെ ഉത്പന്നങ്ങൾ വിറ്റഴിയാൻ വേണ്ടി മാത്രമല്ല ഇത്. കുടിവെള്ളമാണ് അവരുടെ അസംസ്കൃത വസ്തുവെന്ന ബോധവും അത് തങ്ങളുടെ സ്വാർത്ഥലാഭത്തിന് വേണ്ടിയെങ്കിലും സംരക്ഷിക്കപ്പെടണം എന്ന ചിന്തയുമാണ് ഈ ക്യാമ്പയ്നുകളുടെ പിന്നിൽ. എന്ത് തന്നെയായാലും മുൻപ് പറഞ്ഞ പോലെ ഒരു പ്രതിസന്ധി രൂപപെടുമ്പോൾ, ആ പ്രതിസന്ധിയെ ദുരുപയോഗം ചെയ്യുന്നവരുടെ കൂട്ടത്തിൽ മാത്രമേ കോർപറേറ്റുകൾക്ക് നിൽക്കാൻ കഴിയു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അമേരിക്കയിലെ ഗ്രാമങ്ങളിൽ ഒന്നായ സിറ്റി ഓഫ് സക്രീമിന്റോയിൽ 2016 മാർച്ച് 16ല് ജനങ്ങൾ നെസ്ലെ കമ്പനിക്ക് താഴിടീച്ചത്. ലോകത്തിലെ വലിയ കമ്പനികളെല്ലാം ഇപ്പോൾ ഭൂഗർഭ ജല സ്രോതസ്സുകൾ വാങ്ങികൂട്ടുകയാണ്. നിങ്ങൾ ഇന്നിരിക്കുന്നത് ഒരു ശുദ്ധജല സ്രോതസിന്റെ മുകളിലാണെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ ഇരിക്കുന്നത് നാളത്തെ സ്വർണ്ണഖനിയുടെ മുകളിലാണെന്നാണ്.
വലിയ കമ്പനികൾക്ക് പ്രകൃതിയെ പറ്റിചിന്തിക്കേണ്ട കാര്യമില്ല മനുഷ്യാവകാശങ്ങൾ കാര്യമാക്കേണ്ട, അവരുടെ കണ്ണുകൾ ലാഭത്തിന് പുറകെ മാത്രമാണ് പാഞ്ഞുകൊണ്ടിരിക്കുന്നത്. സിറ്റി ഓഫ് സക്രിമെന്റോയ്ക്ക് ഏറ്റ തിരിച്ചടിയ്ക്ക് മറുപടിയായി നെസ്ലെയുടെ സി.ഇ.ഓ പറഞ്ഞത് ഇങ്ങനെയാണ്- ”കുടിവെള്ളം മനുഷ്യാവകാശം അല്ല അത് സ്വകാര്യവത്കരിക്കേണ്ടത് അത്യാവശ്യമാണ് ‘ ഇന്ന് നമ്മൾ വെളിയിലിറങ്ങുമ്പോൾ വാങ്ങി കുടിക്കുന്ന കുപ്പി വെള്ളത്തിന്റെ പേരുകൾ ഒന്നോർത്തു നോക്കു. അക്വാഫീന പെപ്സിയുടെത്; കിർലെ കൊക്കോകോളയുടേത്; പലതും പല വിദേശ കമ്പനികളുടേതാണ്. നമ്മൾ പന്ത്രണ്ട് മുതൽ ഇരുപത് രൂപ വരെ ഒരു ലിറ്റർ വെള്ളത്തിന് നൽകാൻ മടി കാണിക്കാറില്ല. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ട് ഈ അമേരിക്കൻ കമ്പനികൾ നമ്മളുടെ മണ്ണിൽ വന്ന് നമ്മളുടെ വെള്ളം ഉരുട്ടി ഫിൽറ്റർ ചെയ്ത് നമ്മൾക്ക് തന്നെ കാശിനു തരുന്നതിനെ പറ്റി? ഇത് അടിമത്വമാണ്. ബ്രട്ടീഷ്കാർ ഇന്ത്യയിൽ ചെയ്തതും ഇത് തന്നെയാണ്. അവരുടെ കുപ്പികളിലെ ലേബൽ ശ്രദ്ധിച്ച് വായിച്ച് നോക്കു അതിപ്പോൾ പറയുന്നത് മിനറൽ വാട്ടറെന്നല്ല, പാക്കേജ്ഡ് ഡ്രിങ്കിങ്വാട്ടർ എന്നാണ്.
മൺസൂൺ കേരളത്തിനെ ആശ്ലേഷിക്കാൻ എത്താറാകുന്നു 5 വർഷത്തിൽ ഇടയ്ക്ക്വെച്ച് നമ്മൾക്ക് കിട്ടിയതിൽ വെച്ചേറ്റവും വലിയ മഴ ഇത്തവണ നമ്മൾക്ക് കിട്ടിയേക്കും ഇന്ത്യയിൽ പലയിടത്തും മഴ മൂലം വെള്ളപ്പൊക്കങ്ങളും പേമാരികളും ഉണ്ടായേക്കാം പക്ഷേ ഇതൊന്നും ഭൂഗർഭ ജലത്തിന്റെ അളവിനെ കൂട്ടാൻ സഹായിക്കില്ലെന്നത് അറിയുക, ഒരു നല്ല മൺസൂണിന് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഈ പ്രതിസന്ധി നിലനിൽക്കും നിലനിന്നാൽ ലോകം രണ്ടായി വിഭജിക്കപ്പെടും. കുടിവെള്ളം കയ്യിൽ ഉള്ളവരെന്നും കുടിവെള്ളക്ഷാമം നേരിടുന്നവരെന്നും. ക്യാനഡ, അലാസ്ക, അമേരിക്ക എന്നിവർ വെള്ളമുള്ളവരുടെ പക്ഷത്തും എതിർപക്ഷത്ത് നമ്മൾ ഉൾപ്പെടുന്ന ഇന്ത്യ, ചൈന, തുർക്കി, സിറിയ എന്നീ രാജ്യങ്ങളും അണിനിരക്കും, ഈ രണ്ടു പക്ഷങ്ങളും കുടിവെള്ളം വിലക്ക് വാങ്ങുവാനുള്ള സമ്പത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി ഭാഗിക്കപ്പെടുകയും അവസാനം അടുത്ത ലോകമഹായുദ്ധത്തിന്റെ കാഹളം മുഴങ്ങുകയും ചെയ്യും.