by മിഥുൻ മോഹൻ
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ ആദിവാസി മധുവിന്റെ കൊലപാതകത്തോട് നാട്ടിലെ വിദ്യാർത്ഥി സംഘടനകൾ മൗനം പുലർത്തുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലാതെ കൊല്ലത്തെ ഒരുപറ്റം വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവ് കീഴടക്കിയത് കൗതുകമായി. മധുവിന്റെ മരണത്തെ ആദ്യം നിസാരമായി ചിത്രീകരിക്കുകയും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ മാപ്പ് പറയുകയും ചെയ്ത മുഖ്യധാരാ മാധ്യമങ്ങളോടും പൊതുസമൂഹത്തിലെ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളോടും തങ്ങൾക്ക് പറയാനുള്ളത് വിളിച്ച് പറയുകയും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തപ്പോൾ വിദ്യാർത്ഥി കൂട്ടായ്മയുടെ ഊർജ്ജം പൊതുജനം അനുഭവിച്ചറിഞ്ഞു.
സവിശേഷവും വ്യത്യസ്തമായ രീതിയിലായിരുന്നു വിദ്യാർത്ഥികൾ ഈ പ്രതിഷേധം ചിട്ടപ്പെടുത്തിയത് നവമാധ്യമങ്ങളെ ഉപയോഗിച്ച് കൊല്ലം എസ് എൻ കോളേജിലെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് കൊല്ലത്തുള്ള വിദ്യാർത്ഥികളെല്ലാവരോടും സംഘടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഒരു ദിവസം കൊണ്ട് ചിട്ടപെടുത്തിയതാണ് ഈ വിദ്യാർത്ഥി പ്രതിഷേധം. കൊല്ലം കോളേജ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികൾ ചേർന്ന് ഒരു രാത്രികൊണ്ട് ചിട്ടപ്പെടുത്തിയ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തെരുവ് നാടകമായിരുന്നു പ്രതിഷേധത്തിലേക്ക് നാടിന്റെ ശ്രദ്ധ തിരിച്ചത്. കൊല്ലം കോളേജ് ജംഗ്ഷൻ മുതൽ ചിന്നക്കട വരെ പ്ലക്കാർഡുകളുമേന്തി വായമൂടികെട്ടിയുള്ള മൗനജാഥയും വിദ്യാർത്ഥികളിൽ നിന്നും തന്നെ ശേഖരിച്ച് അഞ്ഞൂറോളം പൊതിച്ചോറുകളുടെ വിതരണവും പ്രതിഷേധത്തിന്റെ വ്യത്യസ്തത വിളിച്ചറിയിച്ചു. ഊരാളി സംഗീത ബാൻഡിന്റെ പ്രതിഷേധഗാനങ്ങളും കടമ്മനിട്ടയുടെ കവിതകളും വിദ്യാർത്ഥി കലാകാരൻമാരുടെ വരകളും പ്രതിഷേധത്തെ സർഗ്ഗാത്മകമാക്കി.
ഹൈസ്കൂൾ മുതൽ കോളേജ് തലം വരെയുള്ള അഞ്ഞൂറോളം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ ഒത്തുചേർന്നപ്പോൾ കൊടിതോരണങ്ങൾ ഉണ്ടായില്ല. മുദ്രവാക്യങ്ങൾ മുഴങ്ങിയില്ല. രാഷ്ട്രീയത്തെ വ്യക്തമായി വിശകലനം ചെയ്യുകയും വിമർശനാത്മകമായി വിലയിരുത്തുകയും പ്രതിരോധത്തിന് സജ്ജരാവുകയും ചെയ്യുന്ന ഒരു പറ്റം വിദ്യാർത്ഥികളെയാണ് കൊല്ലം നഗരം കണ്ടത്.
ചില മാധ്യമങ്ങളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചതിനാൽ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും പ്രതിഷേധം റിപ്പോർട്ട് ചെയ്തില്ല. വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘നാം മധു’ എന്ന തെരുവ് നാടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് .