by മിഥുന് മോഹന്‍
കാലഹരണപെട്ട സിലബസ്, സ്ഥിര അധ്യാപകരുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് , അധികൃതരുടെ വരേണ്യ മനോഭാവം എന്നിവയ്ക്കെതിരെ തൃപ്പൂണിത്തുറ രാധാലക്ഷ്മി വിലാസം സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് (ആര് എല്‍ വി ) കോളേജിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം പതിനഞ്ചാം ദിവസത്തിലെത്തി നില്ക്കുന്നു. അനീതിയുടെ പെരുമ്പറ മുഴങ്ങുന്ന കോളേജില്‍ അവധിക്കാലമായിട്ട് പോലും കൊടും ചൂട് വകവെയ്ക്കാതെയുള്ള കോളേജ് കവാടത്തിലെ റിലേ നിരാഹാരം ഊര്‍ജസ്വലമായി മുന്നേറുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
സര്‍ഗാത്മക മാര്‍ഗ്ഗങ്ങളിലൂടെ പുരോഗമിക്കുന്ന സമരം അവധികാലം കഴിയുമ്പോഴും തുടരുകയാണെങ്കില്‍ ഭാവം മാറ്റാനാണ് വിദ്യാര്‍ഥികള്‍ ഉദ്ദേശിക്കുന്നത്.കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള ഏക ഫൈന്‍ ആര്‍ട്സ് കോളേജിനാണ് ഈ ദുര്‍വിധി. കോളേജിന്റെ ശോചനീയാവസ്ഥയ്ക്കും ഫൈന്‍ ആര്‍ട്സിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള അധികൃതരുടെ ശ്രമത്തിനുമെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നാണ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ ജാസ് അഭിപ്രായപ്പെടുന്നത്.
82 വര്‍ഷത്തോളം പഴക്കമുള്ള ആര് എല്‍ വി കോളേജില്‍ 13 കലകളാണ് അഭ്യസിപ്പിക്കുന്നത്. അനേകം കലാകാരന്മാരെ നാടിന് സംഭാവന ചെയ്യുന്ന കോളേജില്‍ സംഗീത വിഭാഗത്തിനാണ് മേല്‍കൈ. ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളെ വേണ്ട രീതിയില്‍ ഗൗനിക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ പഠിക്കേണ്ട ക്ലാസ്സ് മുറികള്‍ സഹിതം മറ്റുള്ള വിഭാഗങ്ങള്‍ക്ക് കൈമാറുകയാണ് അധികൃതര്‍.
ഫൈന്‍ ആര്‍ട്സിനെ സാങ്കേതിക വിഭാഗത്തിന്റെ കീഴിലാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.ഇങ്ങനെ സംഭവിച്ചാല്‍ ഫൈന്‍ ആര്‍ട്സ് ആര് എല്‍ വിയില്‍ നിന്ന് പുറത്താക്കപ്പെടുകയും പുതിയ കലാലയം കണ്ടെത്തേണ്ടി വരികയും ചെയ്യും.
സര്‍വ്വകലാശാലയും പ്രിന്‍സിപ്പലും ചേര്‍ന്ന് ഫൈന്‍ ആര്‍ട്സിനെ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ബ്രട്ടീഷുകാരുടെ കാലത്തെ സിലബസാണ് ഫൈന്‍ ആര്‍ട്സില്‍ ഇന്നും ഉള്ളത്.
2013ല്‍ സര്‍വകലാശാല സിലബസ് പരിഷ്കരിച്ച് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും കോളേജ് അത് നടപ്പില്‍ വരുത്തിയിട്ടില്ല. 26 പോസ്റ്റുള്ള കോളേജില്‍ 3 പോസ്റ്റില്‍ മാത്രമാണ് ഇതുവരെ നിയമനം നടന്നിട്ടുള്ളത്.1980ല്‍ നിലവില്‍ വന്ന ശില്പകലാ വിഭാഗത്തില്‍ ഇന്നേ വരെ നിയമനം നടന്നിട്ടില്ല.ഫൈന്‍ ആര്‍ട്സ് വിദ്യാഭ്യാസത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ആര്‍ട്ട് ഹിസ്റ്ററി, ഏസ്തെറ്റിക്സ് എന്നീ പോസ്റ്റുകള്‍ ഇന്നേ വരെ സൃഷ്ടിക്കപ്പെട്ടിട്ടുമില്ല.
അവധിക്കാലമായതിനാല്‍ മിക്ക വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ സജീവസാന്നിധ്യമായി സമരത്തിനൊപ്പമുണ്ട്. പ്രവീണ്‍,അമല്പൈലി, പ്രതീഷ് നിരിച്ചന്‍, റിതുന് വോള്‍ഗ, അമല്‍ജ്യോതി ,അനീഷ്,സച്ചിന്, ജെബിന്, വിദ്യ, വിഷ്ണു,ജെസീന്തര് തുടങ്ങിയവര്‍ സമരപന്തലിലെ സ്ഥിരം സാന്നിധ്യമാണ്.