by മിഥുന് മോഹന്
ജീവിതത്തിന്റെ തോൽവികളെ അതിജീവിച്ച് ഉൾ കരുത്താർജ്ജിച്ചാലെ അതിജീവനം സാധ്യമാകു എന്നതാണ് കലയുടെ രാഷ്ട്രീയം.തോറ്റവരുടെ പ്രത്യാശാസ്ത്രവും തോറ്റവന്റെ ഗുരുവും പഠനവിഷയമാകാറില്ല.ജീവിതത്തിൽ നിരന്തരം തോറ്റാലും നാടകത്തിൽ ജയിച്ചെ മതിയാവു. ബിജു മഞ്ഞാടിയെന്ന നാടക പ്രതിഭയുടെ ജീവിതം വരച്ചിട്ടത് ഒരു കുഗ്രാമത്തിലെ ഇളം മനസ്സുകളിലാണ്. കഴിഞ്ഞ 25 വർഷങ്ങളായി ബിജു ഇവിടെ തന്നെയുണ്ട് തന്റെ ഗ്രാമമായ പാവുമ്പയിൽ.അനന്തമായ പ്രതിഭയുടെ സാദ്ധ്യതകൾ ഉണ്ടായിട്ടും സിനിമയുൾപ്പടെയുള്ള വലിയ അവസരങ്ങളെ ത്യജിച്ച് നാടകം മരിക്കാത്ത ഗ്രാമം എന്ന സ്വപ്നം നിറവേറ്റുകയാണ് ഈ കലാകാരൻ.
എന് എസ് എസ് നാടക ക്യാമ്പ്
എഴുത്തും വായനയും വശമില്ലാത്തവർക്ക് പോലും ആസ്വദിക്കാൻ തക്ക പാകത്തിലാണ് രംഗ ഭാഷ ചമയ്ക്കുന്നത്.നർമ്മരസ പ്രധാനമായ ഈ നാടകങ്ങൾ വ്യത്യസ്ഥ സങ്കേതങ്ങളിൽ പരീക്ഷിക്കുന്നത് കൊണ്ടാകാം ഈ പ്രതിഭയുടെ മാറ്റ് ഇന്നും നിലനിൽക്കുന്നത്.കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി നാടകാസ്വാദകർ വളരെ ഗൗരവത്തോടെയാണ് ബിജുവിന്റെ നാടകങ്ങൾ വീക്ഷിക്കുന്നത്.തൃശൂരിൽ നിന്നുള്ള ദിനേശ് സാർ ഒരിക്കൽ പറഞ്ഞു ” അവന്റെ മനസ്സ് മുഴുവൻ തിയേറ്ററാടാ ,അവന്റെ സാമീപ്യം പോലും നാടക പ്രതീതി ഉളവാക്കും.കോഴിക്കോട് നിന്നും ശശി നാരായണൻ ഉൾപ്പടെയുള്ള നാടക പ്രവർത്തകർ പാവുമ്പയിലേക്ക് വണ്ടി കയറുന്നത് ബിജുവിന്റെ നാടകം കാണാനാണ്.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് സ്വന്തമായി എഴുതി സിംബോളിക്ക് സങ്കേതരീതിയിൽ അവതരിപ്പിച്ച നിറകുടം എന്ന നാടകമാണ് ബിജുവിന്റെ ആദ്യ നാടകം. 1993ൽ പ്ലേഗ് സൂറത്തിൽ പടർന്ന് പിടിച്ചപ്പോൾ “ബൈക്കോളജിക്കൽ വാർ ” എന്ന ശ്രദ്ധേയമായ നാടകത്തിലൂടെ ഒരു സ്ഥിരം നാടക പ്രവർത്തകനായി ബിജു മാറുകയായിരുന്നു. പിന്നീടങ്ങോട്ട് സാമൂഹ്യ പ്രതിബദ്ധതയുള്ള സറ്റയറിക്കലായിട്ടുള്ള നിരവധി നാടകങ്ങൾ.”ഞമ്മളബ്ദുള്ളകുട്ടി ജന്മദിനം ആഹ്”,”കോയിക്കോടൻ ഹൽവ ” ,”കാഴ്ചയ്ക്കപ്പുറം”,ലിറ്റിൽ ബോയ് “,”സ്ട്രീറ്റ് ലൈറ്റ് ” ,”തന്തൂരി വുമൺ “,”കൊമ്പ്”,”ലോക്കൽ ഗാർഡിയൻ”,”അസൂയക്കാരന്റെ കണ്ണ്” തുടങ്ങിയ എണ്ണമറ്റ നാടകങ്ങളെല്ലാം ഈ കലാകാരന്റെ സാമൂഹ്യവീക്ഷണത്തിന്റെ പ്രതിഫലനങ്ങൾ കൂടിയായിരുന്നു രാമായണത്തിലെ രാമൻ എന്ന കഥാപാത്രത്തിന്റെ ദൗർബല്യങ്ങളും മനോനിലയും സമന്വയിപ്പിച്ച്കൊണ്ട് രാമായണത്തെ മനഃശാസ്ത്രപരമായി വിശകലനം ചെയ്ത ,”സ്ത്രൈണ രാമൻ ” എന്ന നാടകം വിവാദങ്ങൾ കാരണം അരങ്ങ് കാണാതെ പോയി.അതോടെ മുതിർന്നവരുടെ നാടകവേദികളിൽ നിന്ന് സ്വയം പിന്മാറുകയും പൂർണമായും കുട്ടികളുടെ
നാടകത്തിലേക്ക് ചുവട് മാറ്റുകയും ചെയ്തു .
കോഴിക്കോടന് ഹല്വയില് നിന്ന്
നാടക പാരമ്പര്യത്തെ കുറിച്ചുള്ള അന്വേഷണത്തിന് അദ്ദേഹത്തിൽ നിന്നും ലഭിച്ച ഉത്തരം കൗതുകകരമായിരുന്നു. തോപ്പിൽ ഭാസിയുടെ വീടിന്റെ മുറ്റത്തും പരിസരത്തും ഓടി കളിച്ച ഒരു ബാല്യം തനിക്കുണ്ടായിരുന്നത്രെ. ആ കാലത്ത് ഉള്ളിൽ മുളച്ചതാകാം നാടകം . ചൂണ്ടി കാണിക്കാൻ ഒരു ഗുരുവില്ലെങ്കിലും ഈ മഹാപ്രപഞ്ച്ചമാകുന്ന നടന വിസ്മയത്തെ ഗുരുവായി ദർശിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
സാംസ്കാരിക വേദി
ലോകത്ത് തന്നെ ഇന്ററാക്ടിംഗ് ഡ്രാമാകൾ ചെയ്യുന്നവർ വളരെ കുറവാണ്.ഒരു തുണ്ട് കടലാസോ പേനയോ എടുക്കാതെ നാടകം ചിട്ടപ്പെടുത്തുന്നത് ശ്രമകരമാണ് . ഒരു കഥ കുട്ടികളോട് പറയുകയും ആ കഥയ്ക്ക് അനുഗുണമായ കഥാപാത്രങ്ങളെ കുട്ടികളിൽ നിന്ന് കണ്ടെടുത്ത് ചില കളികളും പാട്ടുകളുമൊക്കെയായി നാടകങ്ങളായി പരിണമിക്കുന്നത് പാവുമ്പയിലെ സ്ഥിരം കാഴ്ച്ചയാണ്.നാടകഗാനങ്ങളും , കവിതകളുമൊക്കെ വായ്താരികളായി രൂപപ്പെടുത്തിയെടുക്കുന്ന രസതന്ത്രമാകാം ഈ കലാകാരന്റെ ലഹരിയും . ഹൈസ്കൂൾ , യു പി തലങ്ങളിൽ റവന്യു ,ജില്ലാ , സംസ്ഥാന കലോത്സവ വേദികളിലായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് . കേരള സർവ്വകലാശാല കലോത്സവത്തിൽ മികച്ച നടനുൾപ്പടെ നേടിയെടുത്ത ധന്യതയാണ് ഈ കലാകാരന്റെ മൂലധനം . എന്നാൽ ബിജു മഞ്ഞാടിയുടെ അഭിപ്രായത്തിൽ നല്ല നാടക നടൻമാരെ സൃഷ്ടിച്ചെടുക്കുക എന്നുള്ളതല്ല , മറിച്ച് നാടകത്തിലൂടെ സാമൂഹ്യ പ്രതിബദ്ധതയും പ്രതികരണ ശേഷിയുമുള്ള നൂതന വ്യക്തിത്വങ്ങളെ വാർത്തെടുക്കുക എന്നതാണ് . കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി വിദ്യാർത്ഥി സതീഷ് ഉൾപ്പടെ ഉന്നത ഉദ്യോഗ ശ്രേണിയിലുള്ള നൂറ് കണക്കിന് ശിഷ്യ സമ്പത്തിന് ഉടമ കൂടിയാണ് ബിജു മഞ്ഞാടി .
കലോത്സവ വേദി
കുട്ടികൾക്ക് വേണ്ടി നാടകം രചിച്ചാൽ അതിലെ സാഹിത്യഭാഷ കുട്ടികൾക്ക് വഴങ്ങണമെന്നില്ല അവതരണ സമയത്തുണ്ടാകുന്ന തെറ്റുകൾ നാടകങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും . ഇത് തരണം ചെയ്യാൻ കുട്ടികളുടെ ഭാഷാശൈലി അവലംഭിച്ചാണ് നാടകങ്ങൾ അദ്ദേഹം രൂപകൽപ്പന ചെയ്യുന്നത് .നാടകാവതരണ വേദിയിലെ പിഴവുകളെ മുൻകൂട്ടികണ്ട് അവയെ മറികടക്കാനുള്ള ഇശ്ചാശക്തികൂടി പരിപോഷിപ്പിച്ചാണ് ഒരോ നാടകവും അരങ്ങുകളിലെത്തുന്നത്. ഇത് കുട്ടികളിലെ സർഗാത്മക ശേഷികൾക്ക് ബലമേകുന്നു. ഒരു നാടകത്തിൽ നാഡി ജോത്സ്യൻ മകളോട് ഓലയുമായി വരാൻ ആവശ്യപെട്ടു . എന്നാൽ കുട്ടിക്ക് താളിയോല കണ്ടെത്താനാകാതെ വന്നപ്പോൾ രംഗത്തിന്റെ താളം തെറ്റുകയായിരുന്നു. അപ്രതീക്ഷിതമായി ഉടലെടുത്ത ഈ സാഹചര്യം മറികടക്കാൻ ജ്യോത്സ്യനായി അഭിനയിച്ച കുട്ടി അവലംഭിച്ച മാർഗ്ഗം നാടക പരിശീലകരെ അന്ധാളിപ്പിച്ചു. ഈ സമയം ജോത്സ്യൻ “ഇപ്പഴത്തെ കുട്ടിയോൾക്ക് തീരെ അനുസരണയില്ല എത്ര നേരായി ഓലയെടുക്കാൻ പോയിട്ട് , സാരമില്യ നിങ്ങളുടെ മുഖത്ത് നോക്കി നാം ഫലം പറയാം ” . ഈ സമയം ഓല ലഭിച്ച കുട്ടി അപ്രതീക്ഷിതമായി വീണ്ടും രംഗത്തെത്തി . ഒട്ടും അടിപതറാതെ അപ്പോൾ തന്നെ ജോത്സ്യൻ കുട്ടിയുടെ കൈ പൊശത്ത് അഞ്ഞൊരടി കൊടുത്തിട്ടു പറഞ്ഞു ” എന്തെങ്കിലും എടുക്കാൻ വിട്ടാൽ നേരത്തിന് വരില്യ അഹങ്കാരി ” പാതിയിൽ നിന്നു പോകേണ്ടിയിരുന്ന ആ നാടകം അങ്ങനെ ശുഭപര്യവസായിയായി.ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ അവതരണ വേളയിൽ ഉണ്ടായിട്ടുള്ളതായി ബിജു ഓർമ്മിക്കുന്നു.
സാംസ്കാരിക വേദി
20 വർഷങ്ങൾക്ക് മുൻപ് 150 രൂപ ചിലവിൽ രൂപപ്പെടുത്തിയ “അസൂയക്കാരന്റെ കണ്ണ് ” എന്ന നാടകം ഇന്നും മത്സരവേദികളിൽ ഒരു അത്ഭുതമായി നിലകൊള്ളുന്നു .അബദുള്ള കുട്ടി എന്ന അര മണിക്കൂർ നാടകത്തിൽ അഞ്ച് വ്യത്യസ്ഥ വേഷങ്ങൾ ചെയ്ത് മികച്ച നടനുള്ള പുരസ്കാരം വാങ്ങിയ സുധി ഗണേശിനെ ഇന്ത്യൻ നാടകവേദിയിലെ കമൽഹസനെന്നാണ് വിധികർത്താക്കൾ വിശേഷിപ്പിച്ചത്.സുധി ഗണേശിനെ പോലെ ഒട്ടനവധി മികച്ച നടീനടൻമാരെ യു പി വിഭാഗം കോല്ലം റവന്യൂ ജില്ലാ കലോത്സവങ്ങളിൽ നേടിയെടുക്കാൻ മഞ്ഞാടി നയിക്കുന്ന നാടക കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകാവതരണ വേദിയിൽ ഇന്ന് ലക്ഷങ്ങളാണ് ചിലവാക്കപ്പെടുന്നത് താരതമ്യേന ചിലവ് കുറഞ്ഞ നാടകങ്ങൾ രൂപകൽപന ചെയ്ത് കുട്ടികളുടെ അഭിനയ സാധ്യതയും സർഗാത്മകതയും പൂർണ്ണമായി സമരസപ്പെടുത്തി കൊണ്ട് സമൂഹത്തിനോടുള്ള പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുകയാണ് ഈ കലാകാരൻ. നാളിത് വരെ യാതൊരു പ്രതിഭലേശ്ചയുമില്ലാതെ തന്റെ കീശയിൽ നിന്ന് കൂടി പണം കണ്ടെത്തി കുട്ടികൾക്കായി നാടകം പരിപോഷിപ്പിക്കുന്ന ഈ കലാകാരൻ നാടക ലോകത്തിന്റെ വേറിട്ട വ്യക്തി പ്രഭാവമാണ്.