ഇന്ന് പുകവലിയെ കുറിച്ച് പേഴ്സണൽ എക്സ്പീരിയൻസ് എഴുതാൻ ഇരിക്കുമ്പോൾ ഞാൻ ഒരുപാട് സന്തോഷവതിയാണ്. വേറൊന്നും കൊണ്ടല്ല ഞാൻ മൂലം കുറച്ചു ചെറുപ്പക്കാർ പുകവലി നിർത്തിയെന്നറിഞ്ഞു. അതറിഞ്ഞ സമയം തൊട്ട് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ഇനി എങ്ങനെയാണ് ഞാൻ മൂലം സിഗരറ്റ് വലിക്കുന്നത് നിർത്തിയതെന്ന് പറയട്ടെ?
നമ്മുടെ കോളേജിൽ പുകവലി വിരുദ്ധദിനത്തോട് അനുബന്ധിച്ചു e-മാഗസിൻ തയാറാക്കുന്നതിന്റെ ഭാഗമായി ഒരു കുട്ടി തയ്യാറാക്കിയ "തേർഡ് ഹാൻഡ് സ്മോക്കിങ്ങും കുട്ടികളിൽ അതിന്റെ ഫലങ്ങളും " എന്ന രചന ഞാൻ വായിക്കുവാൻ ഇടയായി. പുകവലിക്കുമ്പോൾ കുട്ടികളെ ബാധിക്കും എന്നറിയാമായിരുന്നെങ്കിലും തേർഡ് ഹാൻഡ് സ്മോക്കിങ് എനിക്കൊരു പുതിയ അറിവായിരുന്നു. അതു വായിച്ചപ്പോൾ മുതൽ ഒരു അമ്മയെന്ന നിലയിൽ എനിക്കൊരുപാട് സങ്കടം വന്നു. കാരണം എന്റെ അച്ഛൻ ഒരുപാട് വലിക്കുന്ന ആളാണ്. എത്ര പറഞ്ഞിട്ടും പുകവലി എന്ന ദുശീലം നിർത്താൻ അച്ഛന് സാധിക്കാറില്ല. അതുകൊണ്ട് തന്നെ തേർഡ് ഹാൻഡ് സ്മോക്കിങ് എന്താണെന്നും എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത് എന്നും വായിച്ചപ്പോൾ അത് അച്ഛനെ അറിയിക്കണം എന്ന് തോന്നി. എന്റെ മകനെ ഓർത്തെങ്കിലും അച്ഛന്റെ ആ ദുഃശീലം മാറിയാലോ.. അതിനുവേണ്ടി ഞാൻ വായിച്ച രചന ഞാൻ എന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു. അമ്മ അച്ഛനെ വായിച്ചു കേൾപ്പിക്കും എന്നറിയാമെന്നുള്ളത് കൊണ്ടാണ് അമ്മയ്ക്ക് അയച്ചത്. കൂടാതെ എനിക്ക് കിട്ടിയ അറിവ് മറ്റുള്ളവർക്ക് കൂടി നൽകാം എന്ന ഉദ്ദേശത്തോടെ ഒരുപാട് പേർക്ക് ഞാനത് അയച്ചു നൽകി. കൂട്ടത്തിൽ എന്റെ ഭർത്താവിനും അയച്ചു. ഭർത്താവിന്റെ കുറച്ചു സുഹൃത്തുക്കൾ പുകവലിക്കുന്നവരുണ്ടായിരുന്നു അതുകൊണ്ടാണ് അയച്ചത്. ഞാൻ അത് അയക്കുന്നസമയത്ത് ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. സുഹൃത്തുകളുടെ കൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഭർത്താവ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ വായിച്ചു കേൾപ്പിച്ചു. സുഹൃത്തുകളിൽ കുഞ്ഞുകുട്ടികളുള്ളവരും സിഗരറ്റ് വലിക്കുന്നവരും ഉണ്ടായിരുന്നു. "തേർഡ് ഹാൻഡ് സ്മോക്കിങ് " എന്താണെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അറിഞ്ഞപ്പോൾ എല്ലാവരും സ്വന്തം മക്കളെ കുറിച്ച് ചിന്തിച്ചു. അതുകൊണ്ടുതന്നെ സിഗരറ്റ് വലിക്കുന്നത് നിർത്തിയിട്ടാണ് ഭർത്താവിന്റെ സുഹൃത്തുക്കൾ അവിടെ നിന്ന് വീട്ടിലേക്കു പോയത്. ഭർത്താവ് വീട്ടിൽ വന്നു ആ കാര്യം പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരു അമ്മയെന്ന നിലയിൽ ഞാൻ എന്റെ മകനെ കുറിച്ചോർത്തു ആ ലേഖനം മറ്റുള്ളവർക്ക് അയച്ചപ്പോൾ അത് വായിക്കാനിടയായ ഒരു കൂട്ടം ചെറുപ്പക്കാർ ഒരു അച്ഛനെന്ന നിലയിൽ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം എടുത്തു. ആ ഒരു തീരുമാനം ഒരിക്കലും അവർ മാറ്റത്തിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രമാണ് ഇപ്പോളെനിക്കുള്ളത്.